ചെന്നൈ: ഗർഭസ്ഥശിശുവിനെ വളർത്തണോ ഗർഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ഗർഭിണിക്കാണെന്നും ആ വിവേചനാധികാരത്തെ സംരക്ഷിക്കുകയാണ് കോടതികളുടെ ചുമതലയെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്ത്രീ അമ്മയാവേണ്ടതുണ്ടെന്ന് നിയമം നിഷ്‌കർഷിക്കുന്നില്ല, പ്രായപൂർത്തിയായ സ്ത്രീക്ക്‌ ഗർഭത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം നിഷേധിക്കുന്നുമില്ല. -ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി വ്യക്തമാക്കി.

To advertise here,

പ്രണയബന്ധത്തിനിടെ ഗർഭിണിയായ ഇരുപത്തിമൂന്നുകാരി ബന്ധം തകർന്നതിനെത്തുടർന്ന് ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടിക്കൊണ്ടു നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് കോടതിവിധി. പഴയ പ്രണയിനിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമ്മർദം ചെലുത്തുന്നുവെന്ന്‌ ആരോപിച്ചു യുവാവ് നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് ഗർഭച്ഛിദ്രത്തിന്റെ വിഷയം കോടതിയുടെ പരിഗണനയ്ക്കു വന്നത്.

യുവതിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഉപദ്രവിക്കുന്നത് തടയണമെന്ന അപേക്ഷയുമായാണ് തിരുനെൽവേലി സ്വദേശി യുവാവ് കോടതിയിൽ എത്തിയത്. വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന കാര്യം പരിഗണിക്കണമെന്ന കോടതിയുടെ നിർദേശം യുവാവ് തള്ളിക്കളയുകയും ചെയ്തു.

പ്രണയബന്ധത്തിൽ ആയിരുന്നപ്പോൾ താൻ ഗർഭം ധരിച്ചിരുന്നെന്നും യുവാവ് കൈയൊഴിഞ്ഞ സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് യുവതി അപേക്ഷ നൽകി. യുവതി 15 ആഴ്ച ഗർഭിണിയാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ ഗർഭച്ഛിദ്രം സുരക്ഷിതമല്ലെന്നും ആദ്യം അറിയിച്ച തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആരോഗ്യനില മെച്ചപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു. യുവതിയുടെ ആവശ്യപ്രകാരം ഗർഭച്ഛിദ്രം നടത്താനും കേസിന്റെ ആവശ്യത്തിലേക്കായി ഡി.എൻ.എ. സാംപിൾ സൂക്ഷിക്കാനും കോടതി നിർദേശിച്ചു.

പരാജയപ്പെട്ട പ്രണയബന്ധത്തിൽ ഉണ്ടായ താത്‌പര്യമില്ലാത്ത ഗർഭം തുടരാനും അമ്മയാകാനും യുവതിയെ നിർബന്ധിക്കാൻ കോടതിക്ക് പറ്റില്ലെന്ന് ജസ്റ്റിസ് വിക്ടോറിയ ഗൗരി വ്യക്തമാക്കി. ഗർഭം ധരിക്കണോ അമ്മയാകണോ എന്ന് തീരുമാനിക്കാൻ പ്രായപൂർത്തിയായ സ്ത്രീക്ക് ഭരണഘടന അധികാരം നൽകുന്നുണ്ട്. ആ അധികാരം സംരക്ഷിക്കുകയാണ് കോടതികളുടെ ചുമതല. -ഹൈക്കോടതി പറഞ്ഞു.