തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ (ടി.ജി.) വ്യക്തികൾക്ക് സർക്കാർജോലികളിൽ സംവരണത്തിന് ശുപാർശ. അർഹരായവർക്ക് ഒരുശതമാനം സംവരണംചെയ്യാനാണ് സാമൂഹികനീതിവകുപ്പിന്റെ ശുപാർശ. മന്ത്രിസഭായോഗത്തിൽ ശുപാർശ ചർച്ചയ്ക്കുവന്നെങ്കിലും സംവരണവ്യവസ്ഥ തയ്യാറാക്കുന്നതിൽ മന്ത്രിസഭ വിശദറിപ്പോർട്ട് തേടി.

To advertise here,

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സംവരണത്തിനു പകരം, അധികമായി രണ്ടുസീറ്റുകൾ ടി.ജി. വിഭാഗക്കാർക്ക് അനുവദിക്കാനായിരുന്നു സർക്കാർതീരുമാനം. ഇതു നടപ്പായിട്ട് രണ്ടുവർഷമായി. ഈയിടെ, പി.എസ്.സി. റാങ്കിലുള്ള മൂന്നു ടി.ജി. വ്യക്തികൾക്ക് തൊഴിൽനൽകാൻ സാമൂഹികനീതിവകുപ്പ് അധികതസ്തിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന്‌ ഇങ്ങനെ നിയമിക്കുന്നതിൽ പ്രായോഗികപ്രശ്നങ്ങൾ ഉയർന്നുവന്നു. തുടർന്നാണ്, വിശദമായ റിപ്പോർട്ടിനുശേഷം ശുപാർശ പരിഗണിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മാനുഷികപരിഗണനകൂടി കണക്കിലെടുത്താണ് തൊഴിലവസരം ഉറപ്പാക്കാനുള്ള ശുപാർശയെന്ന് മന്ത്രി ആർ. ബിന്ദു ‘മാതൃഭൂമി’യോടു പ്രതികരിച്ചു.

പി.എസ്.സി. വ്യവസ്ഥ നിശ്ചയിക്കേണ്ടിവരും

സംവരണത്തിന് നിശ്ചിതശതമാനം സുപ്രീംകോടതി നിർണയിച്ചിട്ടുള്ളതിനാൽ ആ പരിധി മറികടക്കാനാവില്ലെന്നതാണ് സർക്കാരിനു മുന്നിലെ വെല്ലുവിളി. അതിനാൽ, എസ്.സി., എസ്.ടി., ഒ.ബി.സി., ജനറൽ വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽനിന്ന്‌ ഒരു ശതമാനം സീറ്റ് കണ്ടെത്തേണ്ടി വരും. ഭിന്നശേഷിക്കാർക്ക് നിലവിൽ നാലുശതമാനം സംവരണമുണ്ട്. ഇവരിൽ

ഏതു വിഭാഗത്തിൽനിന്നും ടി.ജി. സംവരണം ഉറപ്പാക്കാനാവുമെന്നതാണ് പ്രശ്നം. ഇതിനായി പി.എസ്.സി. പ്രത്യേക വ്യവസ്ഥ നിശ്ചയിക്കേണ്ടിവരും.

സംസ്ഥാനത്ത് 7500-ലേറെ ടി.ജി. വ്യക്തികളുണ്ടെന്നാണ് കണക്ക്. ഇതിൽ 1500 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ടി.ജി. വ്യക്തികൾക്ക് വിദ്യാഭ്യാസ-തൊഴിൽ അവസരം ഉറപ്പാക്കണമെന്ന് 2014-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സംവരണം നൽകാൻ 2024-ൽ കേരള ഹൈക്കോടതിയും വിധിച്ചു.