ബെംഗളൂരു: സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് കർണാടക നിയമസഭ അംഗീകാരം നൽകി. കർണാടക പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾ ഫ്രം സോഷ്യൽ ബോയ്‌കോട്ട്(പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസ്സൽ) ബില്ലിനാണ് വ്യാഴാഴ്ച നിയമസഭ ഏകകണ്ഠമായി അംഗീകാരം നൽകിയത്. ജാതിപരമായും സാമുദായികപരമായുമുള്ള വിവേചനം അവസാനിപ്പിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്.

To advertise here,

ജാതിയിലോ സമുദായത്തിലോ വിവേചനം കാണിച്ച് അംഗങ്ങളെ ബഹിഷ്കരിച്ച് ഒറ്റപ്പെടുത്തുന്നത് ഇതു പ്രകാരം കുറ്റകൃത്യമാകും. അത് ചെയ്യുന്നവർക്ക് മൂന്നു വർഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കും. 19 തരത്തിലുള്ള സാമൂഹിക ബഹിഷ്കരണം ബില്ലിൽ കുറ്റകരമാക്കിയിട്ടുണ്ട്. ബിസിനസ് നടത്താൻ അനുവദിക്കാതിരിക്കുക, അവസരങ്ങൾ നിഷേധിക്കുക, പരിപാടികളിൽ പങ്കെടുക്കുന്നത് തടയുക, ജീവിത സൗകര്യങ്ങൾ ഉപയോഗിക്കുന്നത് തടയുക, ബന്ധങ്ങൾ വിച്ഛേദിക്കുക തുടങ്ങിയവ സാമൂഹിക ബഹിഷ്കരണത്തിന്റെ പരിധിയിൽ വരും. ഇവ തടയാൻ സോഷ്യൽ ബോയ്‌കോട്ട് പ്രൊഹിബിഷൻ ഓഫീസറെ നിയമിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. പരാതികളിൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരും നടപടി നേരിടും. സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയാണ് ബിൽ അവതരിപ്പിച്ചത്.