കോട്ടയം: സംസ്ഥാനത്ത് വയോജനങ്ങൾക്കെതിരായ ആക്രമണങ്ങളിൽ 70 ശതമാനം കേസുകളിലും പ്രതിസ്ഥാനത്ത് മക്കളും മരുമക്കളുമെന്ന് നിയമസഭാ സമിതി. വീടുകളിൽ ഏറ്റവും അരക്ഷിതർ വയോജനങ്ങളാണെന്നും അവരുടെ ഏകാന്തത ഇല്ലാതാക്കാൻ മലപ്പുറം നഗരസഭ ആവിഷ്കരിച്ച ‘ബഡായി ബസാർ’ എന്ന മാതൃകാ പകൽവീടുകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വേണമെന്നും ശുപാർശചെയ്തിട്ടുമുണ്ട്.

To advertise here,

ഒറ്റപ്പെടലിന്റെ വിരസത അകറ്റാൻ ആവിഷ്കരിച്ച ‘പകൽ വീട്’ പദ്ധതി പകുതി തദ്ദേശസ്ഥാപനങ്ങളിൽപ്പോലുമില്ലെന്നും പ്രവർത്തനം കടലാസിൽ മാത്രമാണെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായ മുതിർന്നവരുടെ ക്ഷേമം സംബന്ധിച്ച സമിതി കണ്ടെത്തി. സാമൂഹികനീതി, തദ്ദേശ വകുപ്പുകളിലെ റിപ്പോർട്ടുകളെക്കൂടി അടിസ്ഥാനമാക്കിയാണ് സമിതിയുടെ കണ്ടെത്തൽ.

പല കുടുംബങ്ങളിലും മാതാപിതാക്കളെ അവഗണിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നു. പങ്കാളിയുടെ വേർപാടുണ്ടാക്കുന്ന ഏകാന്തത, മനസ്സാന്നിധ്യമില്ലായ്മ, ബന്ധങ്ങളുടെ കുറവ് എന്നിവ ഏറിവരുന്നു. നഗരങ്ങളിലാണ് പ്രശ്നം കൂടുതൽ.

ഒറ്റപ്പെടുന്ന ചില വയോജനങ്ങൾക്ക് ലൈംഗികപീഡനങ്ങളും നേരിടേണ്ടിവരുന്നു. കിടപ്പുരോഗികളായി പലരും ആരുമറിയാതെ മരിക്കുന്നു.

സംസ്ഥാനത്ത് 941 പഞ്ചായത്തിൽ 420 ഇടത്ത് മാത്രമാണ് പകൽവീടുള്ളത്. ചിലത് അടച്ചിട്ടിരിക്കുന്നു. ഇവ അടിയന്തരമായി തുറക്കാൻ സമിതി നിർദേശിച്ചു.

മറ്റു പ്രധാന ശുപാർശകൾ

• വയോജനങ്ങൾക്ക് വർത്തമാനം പറഞ്ഞിരിക്കാൻ മലപ്പുറം നഗരസഭ നിർമിച്ച ‘ബഡായി ബസാർ’ മാതൃക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉണ്ടാകണം. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളും വില്ലകളും ഇത്തരം കേന്ദ്രങ്ങളാക്കുന്നത് പരിശോധിക്കണം

• പകൽവീടുകളിൽ തൊഴിൽ പരിശീലനം

• മുതിർന്ന പൗരന്മാരെ ഡിജിറ്റൽ സാക്ഷരരാക്കാനും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാനും പരിശീലനം നൽകണം. സോഷ്യൽ വർക്ക് വിദ്യാർഥികൾ, എൻ.എസ്.എസ്. വൊളന്റിയർമാർ എന്നിവരെ ഉൾപ്പെടുത്തി ഫോൺ സുഹൃത്തുക്കളുടെ സേവനം ലഭ്യമാക്കണം

• വയോക്ലബ്ബുകൾ ഒരോ തദ്ദേശസ്ഥാപനത്തിലും തുടങ്ങണം. ആരോഗ്യപരിശോധന, കൗൺസലിങ്, ലൈബ്രറി എന്നിവ ഇത്തരം കേന്ദ്രങ്ങളിലുണ്ടാകണം

• പകൽവീട്ടിലെ അംഗങ്ങളെ ആറുമാസത്തിലൊരിക്കൽ പിക്നിക്, സിനിമ എന്നിവയ്ക്ക് കൊണ്ടുപോകണം. അടുത്തുള്ള അനാഥാലയങ്ങൾ കാണാനും അന്തേവാസികളുമായി ഇടപഴകാനും അവസരം നൽകണം

• ഓരോ ജില്ലയിലും ഒരു മാതൃകാ പകൽവീടെങ്കിലും വേണം. മെഡിക്കൽ കോളേജുകളുടെയും സോഷ്യൽ വർക്ക് കോളേജുകളുടെയും സഹകരണം ഉറപ്പാക്കണം