ന്യൂഡൽഹി: പുരുഷനുമായി രാത്രി വൈകി ഫോണിൽ സംസാരിച്ചെന്ന കാരണത്താൽ സ്ത്രീയുടെ സ്വഭാവം ചോദ്യംചെയ്യാനോ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കാനോ സാധിക്കില്ലെന്ന് ഡൽഹി കോടതി. പുരുഷനുമായി സ്ത്രീ സംസാരിക്കുന്നത് നിഷിദ്ധമായിക്കാണുന്ന പ്രാകൃതസമൂഹമായി ഇന്ത്യൻ സമൂഹത്തിന് ഇനി നിൽക്കാനാവില്ലെന്നും കോടതി പറഞ്ഞു.

To advertise here,

ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിൽ ഭാര്യയുടെ ഫോൺ കോൾ റെക്കോഡ് സംരക്ഷിക്കണമെന്ന ഭർത്താവിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. പുരുഷനെ രാത്രി ഫോണിൽ വിളിച്ചു എന്നതുകൊണ്ടുമാത്രം സ്ത്രീയുടെ സ്വഭാവത്തെ സംശയിക്കാനാവില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ഷോനാലി ഗുപ്ത പറഞ്ഞു. ആ പുരുഷനുമായി സ്ത്രീക്ക് നിയമവിരുദ്ധമോ അവിഹിതമോ ആയ ബന്ധമില്ലാത്തപക്ഷം സ്വഭാവം ചോദ്യംചെയ്യാനാവില്ല.

ഭാര്യ രാത്രി വൈകിയും പല പുരുഷന്മാരുമായും ഫോണിൽ സംസാരിക്കുന്നുണ്ടെന്നതിന് തെളിവിനായാണ് കോൾ വിവരങ്ങൾ സംരക്ഷിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടത്. സമയം വൈകിയാൽ ടെലികോം സേവനദാതാക്കൾ കോൾ വിവരങ്ങൾ മായ്ച്ചുകളഞ്ഞേക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സ്വകാര്യതയ്ക്കുള്ള അവകാശം പരിപൂർണമല്ലെങ്കിലും മറ്റൊരാളുടെ ഫോൺവിവരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ യുക്തമായ കാരണങ്ങൾ വേണമെന്ന് കോടതി പറഞ്ഞു.