കൊൽക്കത്ത: ആധുനികബംഗാളിൽ കേട്ടുകേൾവിയില്ലാത്ത ജാതിവിലക്കിനെതിരേ പ്രത്യക്ഷസമരത്തിനൊരുങ്ങി ഒരു ദളിത് വിഭാഗം. പൂർബബർധമാൻ ജില്ലയിലെ ഗീധഗ്രാം ഗ്രാമത്തിലുള്ള ദാസ് വിഭാഗത്തിലെ 130 കുടുംബങ്ങളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. മൂന്നുനൂറ്റാണ്ട്‌ നീണ്ട ക്ഷേത്രപ്രവേശനവിലക്ക് നീക്കാനായാണ് സമരം.

To advertise here,

ഗ്രാമത്തിലെ ഗിധേശ്വർ ശിവക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് ദാസ് വിഭാഗക്കാർ പ്രാദേശികഭരണകർത്താക്കൾക്ക് കത്ത്‌ നൽകിയിരുന്നു. ശിവരാത്രിദിനമായ ഫെബ്രുവരി 26-ന് തങ്ങളെയും പൂജചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും നടന്നില്ല.

ഫെബ്രുവരി 28-ന് ക്ഷേത്രക്കമ്മിറ്റിയും പ്രാദേശികഭരണകൂടവും രണ്ട് എം.എൽ.എ.മാരും പങ്കെടുത്ത യോഗത്തിലെ ധാരണപ്രകാരം ഒരുവിഭാഗത്തെയും ആരാധനയിൽനിന്ന് തടയാൻപാടില്ലെന്ന പ്രമേയം പാസാക്കിയിരുന്നു. എന്നാൽ മാർച്ച് ഏഴിന് ക്ഷേത്രത്തിൽ അധികാരികളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ പ്രവേശിക്കാൻചെന്നപ്പോഴും ചെറുത്തുനിൽപ്പുണ്ടായി. ക്ഷേത്രത്തിന്റെ കവാടങ്ങൾ അടച്ചിട്ടതിനെത്തുടർന്ന് ആരാധന നടത്താതെ തിരിച്ചുപോരാൻ ദാസ് വിഭാഗക്കാർ നിർബന്ധിതരായി. ഇതേത്തുടർന്നാണ് പരസ്യപ്രക്ഷോഭത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. ഭരണകൂടം നിഷ്‌ക്രിയത്വം തുടർന്നാൽ നിയമപരമായ പോംവഴികളും തേടുമെന്ന്‌ അവർ പറഞ്ഞു.

പരമ്പരാഗതമായി ചെരിപ്പുകുത്തികളും നെയ്ത്തുകാരുമായ ദാസ് വിഭാഗക്കാർ ഇപ്പോൾ തോട്ടംതൊഴിലിലും പശുവളർത്തലിലും ഏർപ്പെടുന്നുണ്ട്. ക്ഷേത്രപ്രവേശനമെന്ന ആവശ്യം ഉന്നയിച്ചതുമുതൽ, തങ്ങളിൽനിന്ന് പാൽ വാങ്ങരുതെന്ന് സംഘടിതമായി തീരുമാനം നടപ്പാക്കിയിരിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. 300 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ തുടക്കകാലംമുതൽതന്നെ കീഴ്‌വഴക്കമെന്നനിലയിൽ ദാസ് വിഭാഗക്കാർ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ലെന്നും ഇത് ലംഘിച്ചാൽ സംഘർഷമുണ്ടാകുമെന്നുമാണ് ക്ഷേത്രഭരണസമിതിയുടെ നിലപാട്.

പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെമാത്രമേ പരിഹാരംകാണാൻ കഴിയൂ എന്ന് മംഗൽകോട്ട് എം.എൽ.എ. അപൂർബ ചൗധരി പറഞ്ഞു. അതേസമയം ഫെബ്രുവരി 28-ലെ യോഗത്തിൽ അംഗീകരിച്ച തീരുമാനം നടപ്പാക്കുമെന്ന് കട്വ എസ്.ഡി.ഒ. അനീഷ ജെയ്ൻ പ്രതികരിച്ചു.