ടി.എന്‍. ശേഷന്‍ ജീവിച്ച കാലഘട്ടത്തിലല്ല ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍, അദ്ദേഹം ജീവിച്ച കാലത്തെക്കാള്‍ അദ്ദേഹത്തിന്റെ നടപടികള്‍ക്കും സമീപനത്തിനും പ്രസക്തിയേറിയ കാലംകൂടിയാണ് നമ്മുടേത്. അതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റിയുള്ള ഒരു അനുസ്മരണലേഖനം ഇന്നത്തെ തിരഞ്ഞെടുപ്പുപരിസ്ഥിതിയുടെ അവലോകനമായി മാറുന്നത്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വെണ്‍നക്ഷത്രങ്ങളില്‍ ഒന്നുമായ ടി.എന്‍. ശേഷന്‍ അന്തരിച്ചിട്ട് ഇന്ന് ആറുവര്‍ഷം തികയുന്നു. ഈ പശ്ചാത്തലത്തില്‍, രാജ്യത്തെ ഇന്നത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെക്കുറിച്ച് ഒരു പര്യാലോചന.

To advertise here,

വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍

ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ (1990-'96) എന്ന നിലയ്ക്ക് ശേഷന്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ കണിശവും വിപ്ലവകരവുമായിരുന്നു. വോട്ടര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് ആവിഷ്‌കരിച്ചതും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ചതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നടപ്പാക്കിയതും മാത്രമല്ല ശേഷന്റെ നേട്ടങ്ങള്‍. തിരഞ്ഞെടുപ്പതിക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരേ അദ്ദേഹം സ്വീകരിച്ച കര്‍ശനനടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്തേകി. സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് കമ്മിഷനല്ല, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് താനെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു; ആ പ്രഖ്യാപനത്തെ സ്വന്തം പ്രവൃത്തിയിലൂടെ സാധൂകരിക്കുകയും ചെയ്തു.

കാഞ്ചി ശങ്കരാചാര്യരുടെ, അങ്ങനെ അദ്വൈത-ഹിന്ദു ദര്‍ശനങ്ങളുടെ അനുയായിയായിരുന്നു അദ്ദേഹം. പക്ഷേ, മതത്തെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമവ്യവസ്ഥയ്ക്ക് അര്‍ഥവും സാഫല്യവും നേടിക്കൊടുത്തത് അദ്ദേഹമാണ്. മതവിശ്വാസങ്ങള്‍ ഭരണഘടനാപരമായ ധര്‍മത്തെ അട്ടിമറിക്കരുതെന്ന ഈ ശാഠ്യം കേവലം ഒരു വൈയക്തിക ഗുണവിശേഷം മാത്രമല്ല; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചാലകശക്തികൂടിയാണ് ഈ വ്യവച്ഛേദം.

അഴിമതിയും ക്രമക്കേടും നടത്തിയവര്‍ക്ക് അയോഗ്യത കല്‍പിച്ചുകൊണ്ടും വ്യാപക ക്രമക്കേടുകളുടെ പേരില്‍ ഒരിക്കല്‍ പഞ്ചാബിലെയും ബിഹാറിലെയും തിരഞ്ഞെടുപ്പുകള്‍തന്നെ റദ്ദാക്കിയും ശേഷന്‍ ചരിത്രം സൃഷ്ടിച്ചു. അമ്പലം പണിയുന്നതിന്റെ പേരില്‍ വോട്ടുചോദിക്കുന്നതോ അതിനെ എതിര്‍ക്കുന്നവരെന്ന് ലേബലൊട്ടിച്ച് എതിര്‍വിഭാഗത്തെ ജനങ്ങളില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നതോ ശേഷന്റെ കാലത്ത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വോട്ടര്‍മാരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന പരസ്യമായ പെരുമാറ്റച്ചട്ടലംഘനം ടി.എന്‍. ശേഷന്‍ നോക്കിനില്‍ക്കുമായിരുന്നില്ല.

പ്രധാനമന്ത്രിയുടെ സമിതി

കേവലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വ്യക്തിത്വത്തെമാത്രം ആശ്രയിച്ച് ഒരു രാജ്യത്തിനോ അവിടത്തെ ജനാധിപത്യക്രമത്തിനോ മുന്നോട്ടുപോകാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരഞ്ഞെടുപ്പ് എങ്ങനെ വേണം എന്ന മര്‍മപ്രധാനമായ ചോദ്യമാണ് അനൂപ് ബാരന്‍വാളിന്റെ കേസില്‍ (2023) സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുന്‍പാകെ ഉന്നയിക്കപ്പെട്ടത്. അന്നും ശേഷന്റെ സംഭാവനകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍, ഭരണഘടനയുടെ 324-ാം അനുച്ഛേദത്തെ വ്യാഖ്യാനിച്ചുകൊണ്ട്, സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണ്ടാകണമെങ്കില്‍ അതിനെ തിരഞ്ഞെടുക്കാനായി ഒരു സ്വതന്ത്രസംവിധാനവും ഉണ്ടാകണമെന്ന് സുപ്രീംകോടതി പറഞ്ഞു.

ആ നിലയ്ക്കുള്ള നിയമനിര്‍മാണം നടക്കുന്നതുവരെ കമ്മിഷനെ നിശ്ചയിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ചീഫ് ജസ്റ്റിസുകൂടി ഉള്‍പ്പെടണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ വിധിയുടെ അന്തസ്സത്തയെത്തന്നെ അട്ടിമറിച്ചുകൊണ്ടാണ് 2023-ല്‍ കേന്ദ്രം തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച പുതിയനിയമം കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസുകൂടി ഉള്‍പ്പെട്ട സമിതിയെന്ന സുപ്രീംകോടതി നിര്‍ദേശിച്ച സംവിധാനത്തെ കേന്ദ്രം തിരസ്‌കരിച്ചു.

പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും പേരിന് പ്രതിപക്ഷനേതാവും അടങ്ങിയ സമിതി മതി തിരഞ്ഞെടുപ്പുകമ്മിഷനെ നിയമിക്കാന്‍ എന്ന നിലവന്നു. ഫലത്തില്‍, അത് പ്രധാനമന്ത്രിയുടെതന്നെ സമിതിയായിത്തീര്‍ന്നു. അതുവഴി ഗ്യാനേഷ്‌കുമാര്‍ പിന്നീട് മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണറായി. പിന്നീട് എന്തുസംഭവിച്ചുവെന്നത് പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനങ്ങളിലൂടെ വ്യക്തമാക്കി.

പഴങ്കഥയാകുന്ന തുല്യത

തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് തിരഞ്ഞെടുപ്പുകളോളംതന്നെ പഴക്കമുണ്ട്. പുതിയകാലത്ത് അവയ്ക്ക് ഒരുതരം ആഗോള സ്വഭാവവുമുണ്ട്. എന്നുവെച്ച് അവയുടെ ഗൗരവസ്വഭാവം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ച് ഫാബ്രിസ് ലേഹോക്ക് ആഗോളസര്‍വേയുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം (2003) തിരഞ്ഞെടുപ്പ് അട്ടിമറികളുടെ ചരിത്രം വരച്ചുകാട്ടുന്നുണ്ട്. അമേരിക്കയില്‍ ആഫ്രിക്കന്‍വംശജര്‍ക്ക് വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമങ്ങള്‍ക്ക് അന്ത്യംകുറിക്കാന്‍ വേണ്ടി കൂടിയായിരുന്നു, 1965-ല്‍ വോട്ടവകാശനിയമം കൊണ്ടുവന്നത്.

വോട്ടവകാശത്തിന് വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചുകൊണ്ടും കിട്ടാത്ത രേഖകളുടെ സമര്‍പ്പണം നിര്‍ബന്ധമാക്കിക്കൊണ്ടും വോട്ടിങ് നടക്കുന്നിടത്തെ താമസം വോട്ടവകാശത്തിനുള്ള ഉപാധിയാക്കിക്കൊണ്ടും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തിക്കൊണ്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് വോട്ടവകാശം നിഷേധിച്ചുകൊണ്ടും കാരണംകൂടാതെയും നോട്ടീസ് നല്‍കാതെയും ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കംചെയ്തുകൊണ്ടും ജനസമ്മതി നഷ്ടപ്പെട്ട ഭരണകൂടങ്ങള്‍ അധികാരത്തില്‍ തുടരാനായി പുതിയ സങ്കേതങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി.

കേവലം കുറച്ചുമിനിറ്റുകള്‍ക്കുള്ളില്‍ ഫലം മാറ്റിമറിക്കുന്ന വിധത്തില്‍ ലക്ഷക്കണക്കിന് 'വോട്ടുകള്‍' പോള്‍ ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതകൂടിയാണ് തകര്‍ന്നത്. ജീവിച്ചിരിക്കുന്നവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്നതും 'മരിച്ചവര്‍' വോട്ടുചെയ്യുന്നതും വാര്‍ത്തകള്‍പോലുമല്ലാതായി. ന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളും തിരഞ്ഞെടുപ്പുകള്‍ക്ക് പുറത്താകുന്ന അവസ്ഥയുണ്ടായി. തിരഞ്ഞെടുപ്പിന് സമയം നിശ്ചയിക്കല്‍മുതല്‍ നിേയാജകമണ്ഡലങ്ങളുടെ രൂപകല്പനവരെയുള്ള പഴയകാല അഴിമതികള്‍ സമ്പൂര്‍ണവും നേരിട്ടുള്ളതുമായ അട്ടിമറികള്‍ക്ക് വഴിമാറി. 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന ഡോ. അംബേദ്കറിന്റെ രാഷ്ട്രീയതുല്യതാ സങ്കല്പം പഴങ്കഥയായി.

ദൃശ്യമാകാത്ത ജുഡീഷ്യല്‍ ആക്ടിവിസം

ഇന്ത്യയിലെ വോട്ടുകവര്‍ച്ച ഒരു യാഥാര്‍ഥ്യമാണ്. പ്രതിപക്ഷനേതാവ് ഉന്നയിച്ച കാര്യങ്ങള്‍ വാസ്തവത്തില്‍ പ്രതിപക്ഷത്തിന്റെമാത്രം വിഷയമല്ല; മറിച്ച് ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും വിഷയമാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണിത്. കേന്ദ്രത്തിലെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരിലെ സത്യസന്ധരും രാജ്യസ്‌നേഹികളുമായ ആളുകള്‍ അടക്കം വോട്ടുകവര്‍ച്ചയെ എതിര്‍ക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും വേണം.

കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ചരിത്രത്താല്‍ വിചാരണചെയ്യപ്പെടുന്ന സവിശേഷഘട്ടംകൂടിയാണിത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അട്ടിമറികളില്‍ എന്തെങ്കിലും വിധത്തിലുള്ള 'ജുഡീഷ്യല്‍ ആക്ടിവിസം' നാളിതുവരെയും ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്.

ഇന്ത്യയിലെ വോട്ടുകവര്‍ച്ചയെ സംബന്ധിച്ച ഗൗരവപ്പെട്ടതും വിശ്വാസയോഗ്യവുമായ ആരോപണങ്ങളെ വസ്തുനിഷ്ഠമായി ഖണ്ഡിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോ കേന്ദ്രഭരണകൂടത്തിനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. വ്യാജമായും കൃത്രിമമായും നേടിയ അധികാരം ഉപയോഗിച്ച് നല്‍കുന്ന സൗജന്യങ്ങളിലൂടെയും ഭീഷണികളിലൂടെയും ഒരു ജനതയെ എന്നേക്കുമായി കീഴ്പ്പെടുത്താമെന്നു ചിന്തിക്കുന്നത് മൗഢ്യമാണെന്നും ചരിത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികനിയമങ്ങളെപ്പോലും പിന്‍വലിപ്പിച്ച കര്‍ഷക-ജനമുന്നേറ്റം നടന്നത് സമീപകാലത്തുതന്നെ ആയിരുന്നുവെന്നത് മറക്കാതിരിക്കുക.

വേണം ഘടനാപരമായ മാറ്റം

നമ്മുടെ തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത തിരിച്ചുപിടിക്കണമെങ്കില്‍ ഘടനാപരമായ മാറ്റം ആവശ്യമാണ്. ഇനിയുമൊരു 'ശേഷാവതാര'ത്തിലൂടെ കാര്യങ്ങള്‍ നേരേയായിക്കൊള്ളുമെന്ന് കരുതി വെറുതേയിരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സംവിധാനത്തെ, ആ സംവിധാനത്തെ നിശ്ചയിക്കുന്ന സമിതിയെ ജനാധിപത്യപരമായ രീതിയില്‍ പുനരാവിഷ്‌കരിക്കണം. 2023-ലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം സംബന്ധിച്ച കേന്ദ്രനിയമത്തിന്റെ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അവ അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാണം.

നേരത്തേ പറഞ്ഞ അനൂപ് ബാരന്‍വാളിന്റെ കേസിലെ ഭരണഘടനാ ബെഞ്ച് വിധിയുടെ സാരാംശം ഉള്‍ക്കൊള്ളാന്‍ സുപ്രീംകോടതിക്കെങ്കിലും കഴിയണം. പത്രസമ്മേളനങ്ങളിലൂടെയും യുക്തിരഹിതമായ മറുപടികളിലൂടെയും സ്വയം അപഹാസ്യരാകുന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോടതിക്കുമാത്രമേ കഴിയൂ; അവരുടെ നിയമനം അടക്കം കേസുകളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍.

വോട്ടര്‍പട്ടിക മുതല്‍ വോട്ടിങ്ങിന്റെ വിശദാംശങ്ങള്‍ വരെ സകലതും സുതാര്യമാകണം. ഇന്ത്യയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെല്ലാം ഓഡിറ്റ് ചെയ്യപ്പെടണം. അതിനായി സ്വതന്ത്രസംഘടനകളും അന്താരാഷ്ട്ര-ദേശീയ ഏജന്‍സികളും തയ്യാറാകണം. അതിനുമുന്‍പായി രാജ്യവ്യാപകമായി നടക്കുന്ന തീവ്രവോട്ടര്‍പട്ടികാ പരിഷ്‌കരണത്തിലൂടെ അര്‍ഹതപ്പെട്ട ഒരാളുടെയും വോട്ട് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതൊന്നും എളുപ്പമായിരിക്കില്ല. എന്നാല്‍, അര്‍ഥവത്തായ ജനകീയ ജാഗ്രതയിലൂടെയും സമാധാനപരമായ ജനമുന്നേറ്റങ്ങളിലൂടെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ശരിയായ ഇടപെടലുകള്‍ വഴിയും അന്യംവന്നുപോകുന്ന തിരഞ്ഞെടുപ്പുജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയേണ്ടതാണ്.

ലേഖകന്‍ സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ നിയമനം സംബന്ധിച്ച അനൂപ് ബാരന്‍വാള്‍ കേസില്‍ ഹാജരായ അഭിഭാഷകനാണ്.