
അഴിമതിവിമുക്തമായ ഭരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനെന്ന പേരില്‍ കഴിഞ്ഞദിവസം ലോക്സഭയില്‍ അവതരിപ്പിച്ച 130-ാം ഭരണഘടനാ ഭേദഗതിബില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് മാറ്റംവരുത്തുന്നതാണ്.
അതിഗൗരവമുള്ളതും രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ ഘടനാപരമായ മാറ്റം ഉള്‍ക്കൊള്ളുന്നതുമായ ഒരു ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം അവസാനിക്കുന്നതിന് തലേദിവസം ലോക്സഭയില്‍ അവതരിപ്പിച്ച് ഒരുവിധ ചര്‍ച്ചയ്ക്കും അവസരംനല്‍കാതെ അതിവേഗത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയില്‍ വിടാനുള്ള നിലവിലെ സാഹചര്യം എന്താണ് ?
പിന്നില്‍ ഗൂഢലക്ഷ്യം
ഒരു മന്ത്രി, നിലവില്‍ പ്രാബല്യത്തിലുള്ള ഒരു നിയമവ്യവസ്ഥപ്രകാരം അഞ്ച് വര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷ വിധിക്കാന്‍കഴിയുന്ന ഒരു കുറ്റകൃത്യത്തിന് കേസ് രജിസ്റ്റര്‍ചെയ്ത് അറസ്റ്റിലായി ജയിലില്‍ അടയ്ക്കപ്പെട്ടാല്‍ 31 ദിവസത്തിനകം രാജി സമര്‍പ്പിക്കുകയോ സംസ്ഥാനമന്ത്രിയാണെങ്കില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യുകയോ, കേന്ദ്ര മന്ത്രി ആണെങ്കില്‍ 31 ദിവസത്തിനകം രാജിവെക്കുകയോ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് നീക്കംചെയ്യുകയോ ചെയ്യേണ്ടതാണ്. 31 ദിവസത്തിനകം മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്തില്ലെങ്കില്‍ അടുത്തദിവസംമുതല്‍ മന്ത്രി അല്ലാതായിത്തീരുമെന്നുള്ളതാണ് ഭേദഗതി വ്യവസ്ഥ. മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഇതേ വ്യവസ്ഥ ബാധകമാണ്. 30 ദിവസം തുടര്‍ച്ചയായി ജയില്‍വാസം അനുഭവിച്ചാല്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ അടുത്തദിവസംമുതല്‍ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലാതായിത്തീരും.
ഭരണനിര്‍വഹണം നടത്തുന്നവരുടെപേരില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതിനും രാഷ്ട്രീയധാര്‍മികത ഉറപ്പാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് നിയമം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വ്യാഖ്യാനം. എന്നാല്‍, ബില്ലിലെ വ്യവസ്ഥകള്‍ പറഞ്ഞുപ്രചരിപ്പിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. 31-ാം ദിവസം മന്ത്രി അല്ലാതാകുന്ന വ്യക്തിക്കും മുഖ്യമന്ത്രി അല്ലാതാകുന്ന വ്യക്തിക്കും പ്രധാനമന്ത്രി അല്ലാതാകുന്ന വ്യക്തിക്കും ജയില്‍മോചിതനായാല്‍ കേസിന്റെ അന്തിമവിധിവരെ കാത്തിരിക്കാതെത്തന്നെ നിലവിലെ നിയമവ്യവസ്ഥപ്രകാരം മന്ത്രിയായോ മുഖ്യമന്ത്രിയായോ പ്രധാനമന്ത്രിയായോ നിയമിക്കപ്പെടാന്‍ ഒരു അയോഗ്യതയുമില്ല.
രാഷ്ട്രീയധാര്‍മികതയും നിയമപരമായ പ്രതിബദ്ധതയും ജനങ്ങളുടെ വിശ്വാസവും ഭരണപരമായ സുതാര്യതയും 31 ദിവസത്തെ ചെറിയ കാലഘട്ടത്തേക്ക് മാത്രമുള്ളതാണോ ?. പ്രസക്തമായ ഈ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിനോ ബില്‍ അവതരിപ്പിച്ച മന്ത്രിക്കോ ഒരുവിധ മറുപടിയുമില്ല. കേന്ദ്രസര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് വഴങ്ങാത്ത, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള ഗൂഢമായ ലക്ഷ്യമാണ് ബില്ലില്‍ ഒളിഞ്ഞിരിക്കുന്നത്.
ദുര്‍വിനിയോഗത്തിനു സാധ്യത
130-ാം ഭരണഘടനാ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ഇഡി ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളെ ഉപയോഗിച്ച് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമെതിരേ അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ കാലയളവ് ശിക്ഷകിട്ടാവുന്ന ഒരു കുറ്റകൃത്യം ചാര്‍ത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് ജയിലില്‍ ആക്കാനും വലിയ ബുദ്ധിമുട്ട് ഇല്ലെന്നുള്ളതും കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യം നേരിട്ടുകണ്ട് മനസ്സിലാക്കിയതാണ്. കുറ്റകൃത്യങ്ങള്‍ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തുകഴിഞ്ഞാല്‍ ജാമ്യവേളയില്‍ കേസിന്റെ തെളിവ് പരിശോധിക്കാന്‍ കോടതികള്‍ക്ക് കഴിയില്ല.
അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സിക്ക് കസ്റ്റഡി ആവശ്യപ്പെടാനും ജാമ്യം നിഷേധിക്കണമെന്ന കര്‍ശനനിലപാട് സ്വീകരിക്കാനും കഴിയും. അന്വേഷണ ഏജന്‍സിയെ വിശ്വാസത്തിലെടുക്കുന്ന കോടതി കേസ് രജിസ്റ്റര്‍ചെയ്യപ്പെട്ട വ്യക്തി മന്ത്രിയോ മുഖ്യമന്ത്രിയോ ആയിരിക്കുന്നുവെന്നുള്ള ഒറ്റ കാരണത്താല്‍ത്തന്നെ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന അന്വേഷണ ഏജന്‍സിയുടെ വാദം മുഖവിലയ്‌ക്കെടുത്ത് ജാമ്യം നിഷേധിച്ച് ജയിലിലേക്ക് അയക്കാന്‍ സാധ്യത കൂടുതലാണ്.
ഫെഡറലിസത്തെ ഇല്ലാതാക്കും
രാജ്യത്ത് നിലവിലുള്ള ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഒരു പാര്‍ലമെന്റ് അംഗവും നിയമസഭാംഗവും രണ്ടുവര്‍ഷത്തില്‍ക്കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് അയോഗ്യരാകുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ രജിസ്റ്റര്‍ചെയ്യുന്ന ഒരു കേസിന്റെപേരില്‍ 30 ദിവസം ജയില്‍വാസം അനുഭവിച്ചാല്‍ അയോഗ്യരാകുമെന്നത് നീതിയുക്തമായ നടപടിയല്ല. ഒരു വ്യക്തിയുടെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ചെയ്തതുകൊണ്ട് കുറ്റാരോപിതനാകുന്നു എന്നുള്ളതല്ലാതെ കുറ്റക്കാരനാകുന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ചെയ്ത് വിചാരണ പൂര്‍ത്തിയാക്കി കോടതിയുടെ അന്തിമ വിധിപ്രഖ്യാപനം ഉണ്ടായിട്ടുള്ള വിധിന്യായങ്ങളാണ്. നിലവിലെ കണക്കനുസരിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചാര്‍ജ് ചെയ്തിട്ടുള്ള കേസുകളിലെ ശിക്ഷാനിരക്ക് 0.01 ശതമാനമാണ്.
ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളെ ശിഥിലപ്പെടുത്തി ഫെഡറലിസത്തിന്റെ തായ്വേരുകള്‍ മുറിച്ചുമാറ്റി അധികാരകേന്ദ്രീകരണം നടത്തുകയെന്ന ദുരുദ്ദേശ്യവും താത്കാലികമായി ബിജെപി ഇതര മന്ത്രിസഭകളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി എതിര്‍ശബ്ദങ്ങളെ നിഷ്പ്രഭമാക്കുക എന്ന രാഷ്ട്രീയതന്ത്രവുമാണ് 130-ാം ഭരണഘടനാ ഭേദഗതിബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യവെക്കുന്നത്.
Content Highlights: the constitution 130th amendment bill 2025 and its problems
Published: 23 Aug 2025, 05:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented