ഇക്കഴിഞ്ഞ ഒക്‌ടോബർ 12 ന് വിവരാവകാശ നിയമത്തിന് 20 വയസ്സ് തികഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച നിയമം ഏതെന്ന് ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും ഉത്തരം പറയാൻ ഒരു നിമിഷം പോലും താമസമുണ്ടാവില്ല. പത്ത് രൂപ കൊടുത്ത് അപേക്ഷിച്ചാൽ ഭരണകൂടത്തിന്റെ കൈയ്യിലുള്ള ഒരു വിധം വിവരമൊക്കെ പൗരസമൂഹത്തിന് ലഭ്യമാക്കിയിരുന്ന ഈ നിയമം പോലെ മൻമോഹൻ സിങ് സർക്കാരിന്റെ യശസ്സ് വർദ്ധിപ്പിച്ച മറ്റൊരു നിയമമുണ്ടെങ്കിൽ അത് തൊഴിലുറപ്പ് നിയമമായിരിക്കും. മനുഷ്യാവകാശ പ്രവർത്തകയായ അരുണ റോയിയെപ്പോലുള്ളവർ പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടങ്ങളുടെ ഫലമായിരുന്നു വിവരാവകാശ നിയമം. വിവരങ്ങളുടെ കുത്തക കൈയ്യാളിയിരുന്ന അധികാര കേന്ദ്രങ്ങൾ അതോടെ സാധാരണ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കാൻ തുടങ്ങി. പക്ഷേ, 2025 നവംബർ 14ന് ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ നിയമത്തിന്റെ ഭാഗമായുള്ള ഭേദഗതി വിജ്ഞാപനം ചെയ്യപ്പെട്ടതോടെ വിവരാവകാശ നിയമത്തിന് മുകളിൽ ഇപ്പോൾ മുഴങ്ങുന്നത് മരണമണിയാണ്.
സുതാര്യതയും ഉത്തരവാദിത്വവുമാണ് വിവരാവകാശ നിയമം ഉറപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിന്റേതായാലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ യാത്രകളുടേതായാലും കണക്കുകൾ വെളിപ്പെടുത്താൻ ഭരണകൂടം ബാദ്ധ്യസ്ഥമായി. സർക്കാർ നിയമനങ്ങളുടെയും ഉദ്യോഗക്കയറ്റങ്ങളുടെയുമൊക്കെ വിശദ വിവരങ്ങൾ ജനം ചോദിച്ചാൽ കൊടുക്കേണ്ടി വന്നു. റോഡ് പണിക്കും കുടിവെള്ള പദ്ധതികൾക്കും കാർഷിക മേഖലയിലെ വികസനത്തിനും മാത്രമല്ല ക്ഷേമ പെൻഷനും തൊഴിലുറപ്പ് പദ്ധതിക്കുമൊക്കെ എത്ര പണം ചെലവാക്കി എന്ന് രേഖാ മൂലം മറുപടി നൽകാതെ സർക്കാരിന് മറ്റ് വഴിയില്ലാതായി.
കുടത്തിലെ ഭൂതം
ജനത്തിന്റെ വിവരങ്ങൾ ചോർത്തുക എന്ന പണിയിലാണ് അതുവരെ ഭരണകൂടങ്ങൾ അഭിരമിച്ചിരുന്നത്. ഏത് മനുഷ്യരുടെ കത്തും ദേശ സുരക്ഷയുടെ മറവിൽ പൊട്ടിച്ചു വായിക്കുന്നവർ പക്ഷേ, സ്വന്തം കൈയ്യിലുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറായിരുന്നില്ല. വിവരങ്ങളുടെ കുത്തകയാണ് ഭരണകൂടത്തിനെ ഭരണകൂടമാക്കുന്നതെന്ന നിഗമനമായിരുന്നു ഇതിന് പിന്നിൽ. ഈ കുത്തകയാണ് വിവരാവകാശം തകർത്തത്. 40 ലക്ഷത്തോളം പേർ ഒരു വർഷം വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അഞ്ച് കൊല്ലത്തിലൊരിക്കൽ മാത്രം ഭരണകൂടത്തിനെ ചോദ്യം ചെയ്യാൻ അവസരമുണ്ടായിരുന്ന വോട്ടർമാർ നിത്യേനയെന്നോണം ചോദ്യങ്ങളുയർത്താൻ തുടങ്ങിയതോടെ നിയമം കൊണ്ടുവന്ന യുപിഎ സർക്കാർ തന്നെ വെള്ളം കുടിച്ചു. 2 ജി കുംഭകോണമുൾപ്പെടെയുള്ള പല അഴിമതികളും പുറത്തുവന്നതിന് പിന്നിൽ വിവരാവകാശ നിയമത്തിന്റെ ഇടപെടലുണ്ടായിരുന്നു.
കുടത്തിലിരുന്ന ഭൂതത്തിനെയാണോ തുറന്നുവിട്ടതെന്ന സന്ദേഹം ഇടക്കാലത്ത് മൻമോഹൻ സിങ്ങിനുണ്ടായിരുന്നുവെന്ന് രാജ്യത്തെ ആദ്യ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വജാത്ത് ഹബീബുള്ള ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. വിവരാവകാശ നിയമം ദുർബ്ബലമാക്കുന്നതിനുള്ള ചില നീക്കങ്ങൾ യുപിഎ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിന് ശരിക്കും ഫലപ്രാപ്തിയുണ്ടായത് 2014 ന് ശേഷമാണ്. സുതാര്യമായ ഭരണമായിരുന്നു നരേന്ദ്ര മോദിയുടെ എക്കാലത്തേയും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന്. സുതാര്യത കൂടിയതുകൊണ്ട് വിവരാവകാശ നിയമത്തിന് കീഴിലുള്ള അപേക്ഷകൾ കുറയുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇടയ്ക്ക് 'പ്രത്യാശ' പ്രകടിപ്പിക്കുകയും ചെയ്തു.
പൊതുതാൽപര്യം പുറത്ത്
പക്ഷേ, ബിജെപി സർക്കാരിന്റെ തനി നിറം പുറത്തുവരാൻ അധിക നാൾ വേണ്ടി വന്നില്ല. മുഖ്യമായും രണ്ട് സംഭവവികാസങ്ങളാണ് പ്രശ്‌നമായതെന്ന് വിവരാവകാശ നിയമ സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശമായിരുന്നു ആദ്യ കാരണം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു രണ്ടാമത്തേത്. നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് ഡെൽഹി സർവ്വകലാശാലയോട് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ ആചാര്യലു നിർദ്ദേശിച്ചത് വലിയ കോളിളക്കമുണ്ടാക്കി. ഡെൽഹി സർവ്വകലാശാല ഇതിനെതിരെ കോടതിയിൽ പോയി. ഒടുവിൽ ഈ വർഷം ഓഗസ്റ്റിലാണ് ഡെൽഹി ഹൈക്കോടതി സ്വകാര്യതയുടെ ലംഘനമായതിനാൽ ഈ വിവരം നൽകേണ്ടതില്ലെന്ന് ഉത്തരവിട്ടത്. മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാർക്കുകളുടെ വിവരവും പുറത്തുവിടേണ്ടതില്ലെന്ന് ഇതോടൊപ്പം കോടതി വ്യക്തമാക്കി.
രണ്ട് കൊല്ലം മുമ്പ് കേന്ദ്ര സർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് സച്ചിൻ ദത്തയുടെ ഉത്തരവ്. വിജ്ഞാപനം ചെയ്യും മുമ്പേ ഭേദഗതി കോടതി വിധിക്ക് അടിസ്ഥാനമായി എന്നത് ശ്രദ്ധേയമായി. ഡിജിറ്റൽ പേഴ്‌സനൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം ( ഡിപിഡിപി ) എന്ന് പേരിട്ടിട്ടുള്ള ഈ ഭേദഗതിയുടെ 44 ( 3 ) പട്ടികയിൽ കേന്ദ്ര സർക്കാർ അതി വിദഗ്ദമായി പുതിയ ഒരു വ്യവസ്ഥ കൊണ്ടുവന്നു. അസ്സൽ നിയമത്തിന്റെ 8.1 ( j ) വകുപ്പ് പ്രകാരം പൊതു താൽപര്യാർത്ഥം വ്യക്തിപരമായ വിവരവും പുറത്തുവിടാം എന്നുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ വ്യക്തിതാൽപര്യത്തിന് മുൻ തൂക്കം നൽകുകയും പൊതു താൽപര്യം എന്നുള്ളത് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ വ്യക്തിപരമായതാണെങ്കിൽ ഏതു വിവരവും ഭരണകൂടത്തിന് വെളിപ്പെടുത്താതിരിക്കാം എന്ന അവസ്ഥയായി. വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ 250 കോടി രൂപ വരെ പിഴ ഈടാക്കാം എന്ന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇന്ത്യൻ വിവര സംരക്ഷണ ബോർഡ് ആണ് ഇതിൽ തീരുമാനമെടുക്കുക. ഭരണകൂടമാണ് ബോർഡിനെ നിയമിക്കുന്നത് എന്നതിനാൽ ഇഡി അടക്കമുള്ള സ്ഥാപനങ്ങൾ പോലെ രാഷ്ട്രീയ എതിരാളികൾക്ക് നേരെയാവും ഈ നിയമവും പ്രയോഗിക്കപ്പെടുക എന്ന ഭീതി അസ്ഥാനത്തല്ല.
ഇരുട്ടിലാവുന്ന ജനത
വിവരാവകാശ നിയമത്തിന്റെ കടയ്ക്കലാണ് പുതിയ ഭേദഗതി കത്തിവെയ്ക്കുന്നത്. വ്യക്തിപരമാണെന്ന് ചൂണ്ടിക്കാട്ടി ഏതു വിവരവും ഇനിയങ്ങോട്ട് നിഷേധിക്കാൻ ഭരണകൂടത്തിനാവും. മുഖ്യമന്ത്രി പിണറായി വിജയന് സൗദി അറേബ്യയിൽ പോകുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ അടുത്തിടെ നിഷേധിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ നടപടിയെന്ന് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചാൽ അത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവരം പുറത്തുവിടാതിരിക്കാൻ സർക്കാരിനാവും. തന്നെ മർദ്ധിച്ച പോലിസ് ഇൻസ്‌പെക്ടർ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടയാളായിരുന്നുവെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചതോർക്കുക. ഇത് ശരിയാണോ എന്നറിയാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചാൽ സ്വകാര്യതയുടെ ലംഘനമെന്ന ഒഴികഴിവിന് പിന്നിൽ അഭയം തേടാൻ സർക്കാരിന് എളുപ്പമാണ്.
2016 ലെ നോട്ട് നിരോധനത്തിനെ റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ അനുകൂലിച്ചിരുന്നില്ലെന്ന് വിവരാവകാശ നിയമം വഴി പുറത്തു വന്നത് മോദി സർക്കാരിന് തിരിച്ചടിയായിരുന്നു. വിവരാവകാശ നിയമം ദുർബ്ബലപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമായതിന് പിന്നിൽ ഇതും കാരണമായെന്നാണ് ആരോപണം. വിവരാവകാശ കമ്മീഷണർമാരുടെ സേവന വേതന വ്യവസ്ഥകൾ മാറ്റിയെഴുതിയ ഭേദഗതി 2019 ലാണ് മോദി സർക്കാർ കൊണ്ടുവന്നത്. വിരാവകാശ കമ്മീഷണർമാരെ ഭരണകൂടത്തിന് വിധേയരാക്കുകയാണ് ഇതിലൂടെ ചെയ്തതെന്നാണ് വിമർശമുയർന്നത്.
ഇക്കഴിഞ്ഞ 11 കൊല്ലങ്ങളിൽ ഒരു പത്രസമ്മേളനം പോലും പ്രധാനമന്ത്രി മോദി ഇന്ത്യയിൽ നടത്തിയിട്ടില്ല. ചോദ്യങ്ങൾ ചോദിക്കാതെ ജനാധിപത്യത്തിന് മുന്നോട്ടു പോകാനാവില്ല. മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിൽ ഇത്രയും പ്രയാസകരമായ മറ്റൊരു കാലമുണ്ടായിട്ടില്ല. ഡെൽഹിയിലായാലും തിരുവനന്തപുരത്തായാലും അധികാര കേന്ദ്രങ്ങളുടെ വാതിലുകൾ ഇപ്പോൾ ഏറിയ കൂറും മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ അടഞ്ഞു കിടക്കുകയാണ്. ഒരു പ്രധാന ഉദ്യോസ്ഥനെയും ഫോണിൽ കിട്ടുക എളുപ്പമല്ല. വ്യക്തമായ വിവരങ്ങളുടെ അഭാവത്തിൽ ജനങ്ങൾക്ക് സുപ്രധാന തീരുമാനങ്ങൾ ശരിയായി എടുക്കാനാവില്ല. ഇവിടെയാണ് വിവരാവകാശ നിയമം വിപ്ലവകരമായത്. വിവരങ്ങൾ നൽകാൻ മടിച്ചിരുന്ന ഭരണകൂടങ്ങളെ അത് മുൾമുനയിൽ നിർത്തി. എന്നാൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വിവരാവകാശ നിയമം ഭരണകൂടങ്ങൾ തന്നെ ദുർബ്ബലപ്പെടുത്തുകയാണ്. വിവരം നൽകുന്നതിന് പകരം വിവരം നിഷേധിക്കുന്ന നിയമമായി പരിണമിക്കുമ്പോൾ ഒരു ജനസമൂഹം ഒന്നാകെ ഇരുട്ടിലാവുന്നു.
Content Highlights: India`s RTI Act, a landmark law for transparency, faces a major challenge. Learn how the Digital Personal Data Protection Act might be weakening its power and what it means for citizens` right to information.
Published: 24 Nov 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented