ഇരുപത് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് ദേശീയ പരീക്ഷയിൽ, ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത 718, 719 എന്നീ മാർക്കുകൾ ചില വിദ്യാർഥികൾക്ക് ലഭിക്കുന്നു. ഇതെങ്ങനെ? വിവരാവകാശ പ്രവർത്തകനായ പാലക്കാട് സ്വദേശി ഡോ. പ്രണവ് ജീവൻ ചോദിച്ച ചോദ്യങ്ങൾക്ക് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ ഏജൻസിയായ എൻടിഎ (നാഷണൽ ടെസ്റ്റിങ് ഏജൻസി) കഴിഞ്ഞ 778 ദിവസങ്ങളായി വ്യക്തമായ മറുപടി നൽകിയിട്ടില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഐഐടി ബോംബെയിൽ ഗവേഷകനായിരുന്ന പ്രണവ് രണ്ട് വർഷം മുൻപ് ആരംഭിച്ച നിയമപോരാട്ടം, ദേശീയ പരീക്ഷാ ഏജൻസികളുടെ അക്കൗണ്ടബിലിറ്റിയും സുതാര്യതയും സംബന്ധിച്ച ചർച്ചകളുടെ ആഴം വ്യക്തമാക്കുന്നു.
2026-ൽ നീറ്റ് പരീക്ഷ വീണ്ടും വൻവിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രണവിന്റെ നിയമപോരാട്ടം പ്രസക്തമാകുന്നത്.
തുടക്കം: 2024 ജൂൺ 4-ലെ അപ്രതീക്ഷിത ഫലം
2024 ജൂൺ 14-ന് പ്രഖ്യാപിക്കേണ്ട നീറ്റ് ഫലം, പത്തുദിവസം മുൻപേ രാജ്യം മുഴുവൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ മുഴുകിയിരുന്ന ജൂൺ 4-ാം തീയതി വൈകുന്നേരം എൻടിഎ പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ പരീക്ഷാ ക്രമക്കേടുകൾ മുങ്ങിപ്പോകാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് പ്രണവ് സംശയിച്ചു.
720-ൽ 720 മാർക്ക് ലഭിച്ച 67 ടോപ്പർമാരും ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത 718, 719 എന്നീ മാർക്കുകളും കണ്ടപ്പോഴാണ് ക്രമക്കേടിന്റെ ആദ്യ സംശയം തോന്നുന്നതെന്ന് പ്രണവ് പറയുന്നു. നീറ്റിന്റെ മാർക്കിങ് രീതി പ്രകാരം ശരിയായ ഉത്തരത്തിന് നാല് മാർക്കും (+4) തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറവുമാണ് (1) വരുന്നത്. ഇതനുസരിച്ച് 720 മാർക്കിന് ശേഷം ലഭിക്കാവുന്ന തൊട്ടടുത്ത മാർക്കുകൾ 716 (ഒരു ചോദ്യം ഒഴിവാക്കിയാൽ) അല്ലെങ്കിൽ 715 (ഒരു ചോദ്യം തെറ്റിയാൽ) മാത്രമാണ്.
അശാസ്ത്രീയമായ ഫോർമുലയും എൻടിഎയുടെ ഒളിച്ചുകളിയും
സമയം നഷ്ടപ്പെട്ട 1,563 കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകിയതാണ് അസാധാരണ മാർക്കുകൾക്ക് എൻടിഎ നൽകിയ വിശദീകരണം. ഇതിനായി അവലംബിച്ചത് 2018-ലെ നിയമപരീക്ഷയായ ക്ലാറ്റ് (സെൻട്രൽ ലോ അഡ്മിഷൻ ടെസ്റ്റ്) കേസിലെ ഫോർമുലയാണ്. വിദ്യാർഥിയുടെ 'അൻസറിങ് എഫിഷ്യൻസി' കണക്കാക്കി, നഷ്ടപ്പെട്ട സമയത്തിനുള്ളിൽ അവർക്ക് എത്ര ചോദ്യങ്ങൾ അധികമായി ശരിയായോ തെറ്റായോ ചെയ്യാമായിരുന്നു എന്ന് ഈ ഫോർമുലയിലൂടെ കണ്ടെത്തി സ്കോർ പുതുക്കുകയായിരുന്നു അന്ന്. എങ്കിലും, ഇത്തരത്തിൽ പുതുതായി ലഭിക്കുന്ന ഉത്തരങ്ങളുടെ എണ്ണത്തിന് സാധാരണ പരീക്ഷാ സ്കീം ബാധകമാക്കിയാൽ പോലും 718, 719 സ്കോർ ലഭിക്കില്ലെന്നും ഈ ഫോർമുലയുടെ പ്രയോഗത്തിൽ എൻടിഎ വരുത്തിയ സാങ്കേതികമായ മാറ്റങ്ങളാണ് ഇത്തരം മാർക്കുകളിലേക്ക് നയിച്ചതെന്നുമാണ് പ്രണവ് ജീവൻ രേഖകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
'ഓൺലൈൻ പരീക്ഷയായ ക്ലാറ്റിൽ കുട്ടികളുടെ ലോഗ്-ഇൻ, ലോഗ്-ഔട്ട് സമയം സർവറിൽ കൃത്യമായി രേഖപ്പെടുത്തപ്പെടും. എന്നാൽ, ഓഫ് ലൈൻ ഒഎംആർ പരീക്ഷയായ നീറ്റിൽ സമയനഷ്ടം കണക്കാക്കാൻ സിസിടിവി ദൃശ്യങ്ങളെ ആശ്രയിക്കുന്നത് അശാസ്ത്രീയമാണ്. ക്ലാറ്റ് ഫോർമുല മാർക്കിനെയല്ല, മറിച്ച് ചോദ്യങ്ങൾ നേരിടാൻ ലഭിച്ച സമയത്തെയാണ് അനുമാനിക്കുന്നത്. എങ്ങനെ നോക്കിയാലും നീറ്റിൽ 718, 719 മാർക്കുകൾ വരില്ല.'- പ്രണവ് വ്യക്തമാക്കുന്നു.
എട്ടേ എട്ട് ചോദ്യങ്ങൾ
പ്രണവ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പ്രധാനമായും എട്ട് ചോദ്യങ്ങളാണ് എൻടിഎയ്ക്ക് മുൻപാകെ ഉന്നയിച്ചിരുന്നത്. ഗ്രേസ് മാർക്ക് നൽകാൻ ശുപാർശ ചെയ്ത 'ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി'യെക്കുറിച്ചും ആ തീരുമാനം പിന്നീട് റദ്ദാക്കിയ 'ഹൈ പവേർഡ് കമ്മിറ്റി'യെക്കുറിച്ചുമുള്ള വിവരങ്ങൾ അദ്ദേഹം ഇതിലൂടെ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റികളിലെ അംഗങ്ങൾ, യോഗങ്ങളുടെ മിനിറ്റ്‌സ്, നൽകിയ ശുപാർശകൾ എന്തൊക്കെയാണ് തുടങ്ങിയവയായിരുന്നു പ്രധാന ചോദ്യങ്ങൾ. എന്നാൽ, ചോദ്യങ്ങൾക്കെല്ലാം എൻടിഎ നൽകിയ മറുപടി നിരുത്തരവാദപരമായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ചോദ്യങ്ങൾക്ക്, ഉദ്യോഗസ്ഥരുടെയും വിദ്യാർഥികളുടെയും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ അവ വെളിപ്പെടുത്താൻ കഴിയില്ലെന്നുമുള്ള സ്ഥിരം മറുപടിയാണ് എൻടിഎ നൽകിയത്.
പരീക്ഷാ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ ആവശ്യമായ കമ്മിറ്റികളുടെ ഔദ്യോഗിക മിനിറ്റ്‌സുകളും ശുപാർശകളും പോലും രഹസ്യസ്വഭാവമുള്ളതാണെന്ന് പറഞ്ഞ് തടഞ്ഞുവെച്ച എൻടിഎയുടെ നടപടി, വിവരാവകാശ നിയമത്തോടുള്ള അനാദരവാണെന്ന് പ്രണവ് ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ അപേക്ഷകൻ ആവശ്യപ്പെടാത്ത വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ പോലും ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് എൻടിഎ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 ദുരുപയോഗം ചെയ്തത്.
വിവരാവകാശ പോരാട്ടവും കാലതാമസവും
നിയമപ്രകാരം 30 ദിവസത്തിനുള്ളിൽ നൽകേണ്ട ആദ്യ മറുപടി എൻടിഎ വൈകിച്ചതോടെ 2024 ഓഗസ്റ്റ് 6-ന് (54ാം ദിവസം) പ്രണവ് ഒന്നാം അപ്പീൽ നൽകി. സെപ്റ്റംബർ 7-ന് അപ്പീൽ തള്ളിയ എൻടിഎ, വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട്ചൂണ്ടിക്കാട്ടി വിവരങ്ങൾ നിഷേധിച്ചു. തുടർന്ന് സെപ്റ്റംബർ 19-ന് പ്രണവ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനിൽ (സി.ഐ.സി.) രണ്ടാം അപ്പീൽ ഫയൽ ചെയ്തു. അപേക്ഷ നൽകി 168 ദിവസങ്ങൾക്ക് ശേഷമാണ് എൻടിഎയുടെ ആദ്യ മറുപടി ലഭിക്കുന്നത്.
2025 ജൂലൈ 22-ന് നടന്ന സിഐസി ഹിയറിങ്ങിന് ശേഷം, ജൂലൈ 31-ന് കമ്മീഷണർ ആനന്ദി രാമലിംഗം നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. എൻടിഎയുടെ മറുപടികൾ വിവരാവകാശം പൂർണമായി ബാധകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ, വ്യക്തിപരമായ വിവരങ്ങൾ ഒഴിവാക്കി കമ്മിറ്റി മിനിറ്റ്‌സ് 15 ദിവസത്തിനകം പ്രണവിന് നൽകാൻ ഉത്തരവിട്ടു. ഈ ഉത്തരവ് ഇറങ്ങി കൃത്യം ഒരു വർഷം കഴിയുന്നു.
നിലവിലെ സ്ഥിതി
കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് വന്ന് ഒരു വർഷം തികയുന്ന ഈ സാഹചര്യത്തിലും ഗ്രേസ് മാർക്ക് നിശ്ചയിച്ച കമ്മിറ്റികളുടെ മിനിറ്റ്‌സോ ശുപാർശകളോ നൽകാൻ എൻടിഎ തയ്യാറായിട്ടില്ല. കമ്മീഷന്റെ ഉത്തരവ് തള്ളിക്കളഞ്ഞ എൻടിഎയുടെ നടപടിക്കെതിരെ നിലവിൽ നോൺ-കംപ്ലയൻസ് ഹർജിയുമായി പ്രണവ് നിയമപോരാട്ടം തുടരുകയാണ്.
'അധികൃതർ പലപ്പോഴും അപേക്ഷകരുടെ ക്ഷമ പരിശോധിക്കുകയാണ് ചെയ്യുന്നത്. ഭൂരിഭാഗം പേരും ഒന്നാം അപ്പീലിന് ശേഷം പിൻവാങ്ങും. എന്നാൽ, എൻടിഎ കൃത്യമായ രേഖകൾ പുറത്തുവിടുന്നത് വരെ ഈ പോരാട്ടം തുടരും,' പ്രണവ് തറപ്പിച്ചുപറയുന്നു.
എൻടിഎ ഒരു പാർലമെന്ററി സ്റ്റാറ്റിയൂട്ടറി ബോഡി അല്ലാത്തതും ഗവൺമെന്റ് ഓഡിറ്റിന് കീഴിൽ കൃത്യമായി വരാത്തതും ഇത്തരം ഏജൻസികളുടെ ഉത്തരവാദിത്തമില്ലായ്മ വർദ്ധിപ്പിക്കുന്നുവെന്ന് പ്രണവ് ചൂണ്ടിക്കാട്ടുന്നു. 2026-ലെ നീറ്റ് വിവാദങ്ങളുടെയും പരീക്ഷാ റദ്ദാക്കലുകളുടെയും പശ്ചാത്തലത്തിൽ, കേന്ദ്രീകൃത പരീക്ഷാ ഏജൻസികളുടെ സുതാര്യത ഉറപ്പാക്കാനും പരീക്ഷകൾ ഘട്ടങ്ങളായി സംസ്ഥാന തലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനും ഭരണകൂടം തയ്യാറാകണമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ നിയമപോരാട്ടം.
Content Highlights: Dr. Pranav Jeevan, an IIT Bombay researcher from Palakkad, continues his 778-day legal battle against the National Testing Agency (NTA) for failing to disclose details regarding impossible NEET scores (718 and 719) and grace mark formulas, despite explicit orders from the Central Information Commission.
Published: 30 Jul 2026, 06:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented