ര്‍ഷങ്ങളുടെ മുന്നൊരുക്കത്തോടെ തയ്യാറാക്കി പല കമ്മിറ്റികള്‍ പരിശോധിച്ച് ചര്‍ച്ചനടത്തി പരിഷ്‌കരിച്ച് ഒടുക്കം കേരളനിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ഒരു നിയമംകൂടി പാഴായിപ്പോയിരിക്കുന്നു.

To advertise here,

2015 ഡിസംബര്‍ 17-ന് കേരളനിയമസഭ പാസാക്കിയ മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്ലാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതുകൊണ്ട് ചവറ്റുകുട്ടയിലായിപ്പോയത്. ആരാണ് ഉത്തരവാദി?

ബില്ലിന്റെ ഉള്ളടക്കം

എന്തായിരുന്നു ഉള്ളടക്കമെന്നും എന്തിനായിരുന്നു ആ ബില്ലെന്നുമാണ് ആദ്യം പരിശോധിക്കേണ്ടത്. ഭരണഘടനയ്ക്കു വിധേയമായി കേരളസംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയായി മലയാളത്തെ സ്വീകരിക്കുന്നതിനും എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കുന്നതിനും കേരളത്തിന്റെ സമസ്തമേഖലകളിലും മലയാളഭാഷയുടെ ഉപയോഗം വ്യവസ്ഥചെയ്യുന്നതിനും മലയാള ഭാഷയുടെ വളര്‍ച്ചയും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങള്‍ക്കുംവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ബില്ലായിരുന്നു ഇത്. ആറ് അധ്യായങ്ങള്‍. പ്രാരംഭവും നിര്‍വചനങ്ങളുമടങ്ങുന്ന ആദ്യ അധ്യായം കഴിഞ്ഞ് രണ്ടാമധ്യായത്തില്‍ പുതുതായി രൂപവത്കരിക്കേണ്ട മലയാളഭാഷാവികസനവകുപ്പിനെപ്പറ്റി പറയുന്നു. ഈ ബില്ലിലെ വ്യവസ്ഥകള്‍ സംസ്ഥാനമൊട്ടാകെ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്നതിനായാണ് ഈ വകുപ്പ് എന്ന് എടുത്തുപറയുന്നു.

മൂന്നാം അധ്യായത്തില്‍ ഔദ്യോഗികഭാഷയുടെ ഉപയോഗത്തെ പരാമര്‍ശിക്കുന്നു. സംസ്ഥാനത്തെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ബില്ലുകളിലും ആക്ടുകളിലും ഓര്‍ഡിനന്‍സുകളിലും ഉത്തരവുകളിലും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കണമെന്ന് ഇവിടെ അനുശാസിക്കുന്നു. മലയാളം ഉപയോഗിക്കുമ്പോള്‍ അവയുടെ ഇംഗ്ലീഷ് പരിഭാഷകൂടി പ്രസിദ്ധീകരിക്കണം.

മൂന്നാം അധ്യായത്തിലെ അഞ്ചാം അനുച്ഛേദമാണ് ഈ ബില്ലിന്റെ കാമ്പും കഴമ്പും. ഇന്ത്യന്‍ ഭരണഘടനയുടെ 346, 347 എന്നീ അനുച്ഛേദങ്ങള്‍ക്കു വിധേയമായി കേരള സംസ്ഥാനത്തെ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമാകണം എന്ന് ഇവിടെ അനുശാസിക്കുന്നു.

കേരള പിഎസ്സിയും മറ്റ് അര്‍ധസര്‍ക്കാര്‍/സ്വയംഭരണ / പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളും നടത്തുന്ന തൊഴില്‍ പരീക്ഷകളിലെ ചോദ്യങ്ങള്‍ മലയാളത്തിലുംകൂടി തയ്യാറാക്കേണ്ടതാണ് എന്നും ബില്ലില്‍ അനുശാസിച്ചിട്ടുണ്ട്. അധ്യായം നാലില്‍ കോടതിഭാഷയെപ്പറ്റി പറയുന്നു. ഹൈക്കോടതി തീരുമാനിക്കുന്ന പ്രകാരമുള്ള കീഴ്ക്കോടതികളിലെയും കേസുകളിലെയും വിധിന്യായങ്ങള്‍ മലയാളത്തില്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ ഹൈക്കോടതി സ്വീകരിക്കേണ്ടതാണെന്നും അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹൈക്കോടതിക്ക് സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും അനുശാസിക്കുന്നു.

പൊതുവായ ഭാഷാവ്യാപനനടപടികളെക്കുറിച്ച് അഞ്ചാംഅധ്യായം പറയുന്നു. പേര്‍പ്പലകകളും വഴിപ്പലകകളും മലയാളത്തില്‍ (ആദ്യപകുതി) ആയിരിക്കണമെന്ന് ഇവിടെ നിഷ്‌കര്‍ഷിക്കുന്നു. വിവരസാങ്കേതികമേഖലയില്‍ മലയാളത്തിന്റെ ഉപയോഗത്തെപ്പറ്റിയുള്ള അനുശാസനങ്ങളാണ് അവസാനത്തെ ആറാംഅധ്യായത്തിലുള്ളത്.

പിഴച്ചതാര്‍ക്ക്

ഈ ബില്ലിനെയാണ് പത്തുവര്‍ഷം തട്ടിക്കളിച്ചിട്ട് പുറത്തേക്കടിച്ചുകളയുന്നത്. പത്രവാര്‍ത്തകളിലൊന്നും കാരണം വ്യക്തമാക്കിയിട്ടില്ല. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന വകുപ്പുകള്‍ ഉണ്ടായിരുന്നുവെന്നും ഈ ബില്‍ ഉണ്ടാക്കിയ നിയമവകുപ്പിനുതന്നെ സംശയമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് രാഷ്ട്രപതിക്കയക്കണമെന്ന ശുപാര്‍ശയോടെ ഗവര്‍ണര്‍ക്കയച്ചു കൊടുത്തതെന്നും ചില വാര്‍ത്തകളുണ്ട്.

ഭരണഘടനയുടെ ഏതെങ്കിലും അനുച്ഛേദവുമായോ കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ഉത്തരവുമായോ എന്തെങ്കിലും തരത്തില്‍ വിച്ഛേദമുള്ളതായിരുന്നില്ല 2015-ലെ മലയാളഭാഷാ വ്യാപനവും പരിപോഷണവും എന്ന ബില്‍. തയ്യാറാക്കിയ നിയമവകുപ്പുതന്നെ രാഷ്ട്രപതിക്കയക്കണമെന്നു പറഞ്ഞാല്‍ ഗവര്‍ണറെന്തു ചെയ്യും? സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ സംസ്ഥാനത്തിന്റെ കാര്യമാണ്. അതില്‍ രാഷ്ട്രപതി ഇടപെടാനേ പോകുന്നില്ല. പക്ഷേ, കേരളീയരുടെ കണ്ണില്‍പൊടിയിടാനായി ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതാണ്. രാഷ്ട്രപതിയുടെ ഓഫീസ് ഒരു ട്രാന്‍സിറ്റ് തപാലാപ്പീസ് മാത്രമാണ്. ഗവര്‍ണര്‍ അയച്ചുകൊടുക്കുന്ന സംസ്ഥാനത്തിന്റെ ഇത്തരം കടലാസുകള്‍ വായിച്ചുപോലും നോക്കാതെ ബന്ധപ്പെട്ട വകുപ്പിന് (ഇവിടെ അത് കേന്ദ്ര ആഭ്യന്തരവകുപ്പിനുകീഴിലുള്ള ഔദ്യോഗികഭാഷാവകുപ്പ്) അയച്ചു കൊടുക്കുകയാണ് പണി. പിന്നെ കൈയാങ്കളി ആ വകുപ്പും സ്റ്റേറ്റും തമ്മിലാകും.

ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഈ ബില്‍ സംരക്ഷിക്കുന്നില്ല എന്ന് അന്നത്തെ ഭരണകക്ഷിയില്‍ത്തന്നെ അഭിപ്രായമുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതുകൊണ്ടാണ് പരിശോധിക്കാനായി രാഷ്ട്രപതിക്കയച്ചതും ഇപ്പോള്‍ തള്ളിയതുമത്രേ. ബില്ലിന്റെ മൂന്നാം അധ്യായം ഔദ്യോഗികഭാഷയുടെ ഉപയോഗം എന്ന ശീര്‍ഷകത്തിനുകീഴിലാണ്. ആ അധ്യായത്തിലെ 5 (2) (ബി) എന്ന അനുച്ഛേദത്തിലാണ് ഇപ്രകാരം പറയുന്നത്. 'സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ സെക്രട്ടേറിയറ്റുമായും വകുപ്പധ്യക്ഷന്മാരുമായും മറ്റു സര്‍ക്കാര്‍ ഓഫീസുകളുമായും ഉള്ള അവരുടെ കത്തിടപാടുകളില്‍ അവരുടെ ഭാഷകളോ ഇംഗ്ലീഷോ ഉപയോഗിക്കാവുന്നതും അങ്ങനെയുള്ള സംഗതികളില്‍ അയയ്ക്കുന്ന മറുപടികള്‍ അതത് ന്യൂനപക്ഷഭാഷകളിലോ ഇംഗ്ലീഷിലോ ആയിരിക്കേണ്ടതുമാണ്' എന്നാണ് പറഞ്ഞിട്ടുള്ളത്. ഈ ഒരു ഘട്ടത്തിലേ ഭാഷാന്യൂനപക്ഷപരാമര്‍ശമുള്ളൂ. ഇതിലെവിടെയാണ് അവരുടെ അവകാശങ്ങളെ ഹനിക്കുന്നത?

വല്ലാത്ത ദുര്‍ഗതി

ഇക്കഴിഞ്ഞ ഒരു ദശകക്കാലം ബില്‍ ഡല്‍ഹിയില്‍ കിടന്നു. എന്തൊക്കെയോ ചോദ്യങ്ങള്‍ അവിടെനിന്നു ചോദിച്ചു. എന്തൊക്കെയോ മറുപടി തട്ടിക്കൂട്ടി നിയമവകുപ്പ് കൊടുത്തു. അതിന്റെയൊക്കെ ഫലമാണ് ഈ തള്ളല്‍. മറ്റേതെങ്കിലും സംസ്ഥാനത്തെ മാതൃഭാഷയ്ക്ക് ഈ ദുര്‍ഗതിയുണ്ടാകുമോ? ഒരിക്കലുമില്ല. നിര്‍മലാസീതാരാമനും സ്റ്റാലിനും കനിമൊഴിയുമെല്ലാം രാഷ്ട്രീയമായി ഭിന്നചേരിയിലാണെങ്കിലും മാതൃഭാഷയായ തമിഴിനുവേണ്ടി ഒരുമിച്ചുനില്‍ക്കും. മലയാളം ആര്‍ക്കാണ് വേണ്ടത്? മലയാളമില്ലെങ്കില്‍ മലയാളിയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്തത് മലയാളിമാത്രമാണ്.

ബില്ലിന്റെ യഥാര്‍ഥ അപാകം അത് കാര്യം നേരേചൊവ്വേ വ്യക്തമായി പറഞ്ഞില്ല എന്നതാണ്. 1969-ലെ സ്വാഭിമാനമില്ലാത്ത ഔദ്യോഗികഭാഷാ ആക്ടിലും (മലയാളവും ഇംഗ്ലീഷും) 1973-ലെ അതിന്റെ ഭേദഗതിയിലും (മലയാളമോ ഇംഗ്ലീഷോ) പറഞ്ഞതുപോലെ കൃത്യമായി സംസ്ഥാന ഔദ്യോഗികഭാഷ മലയാളമായിരിക്കും എന്ന് നിര്‍വചിച്ചില്ല. അതുപോലെത്തന്നെ മലയാളം ഈ കേരളസംസ്ഥാനത്ത് ഒന്നാംഭാഷയായിരിക്കും എന്ന അസന്ദിഗ്ധമായ പ്രഖ്യാപനം ഈ ബില്ലില്‍ ഉണ്ടായില്ല. ഇതുരണ്ടും മലയാളത്തിന്റെ വ്യാപനത്തിനും പരിപോഷണത്തിനും അത്യന്താപേക്ഷിതമാണ്.

റേഷന്‍ കൊടുക്കുന്നതുപോലെ, റോഡ് ഉണ്ടാക്കുന്നതുപോലെ പ്രധാനമാണ് മാതൃഭാഷാസംരക്ഷണവും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇച്ഛാശക്തി കാട്ടുമെന്ന് പ്രത്യാശിക്കുന്നു. കാര്യങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും പറഞ്ഞ് നിര്‍വചിച്ച് പുതിയ നിയമം അടുത്ത നിയമസഭാസമ്മേളനത്തില്‍ കൊണ്ടുവരണം. മലയാളഭാഷാവികസനവകുപ്പിനോടൊപ്പം ഒരു മലയാളഭാഷാഡയക്ടറേറ്റുകൂടി ആവിഷ്‌കരിക്കണം.

(സംസ്ഥാന കണ്‍വീനര്‍, ഐക്യമലയാളപ്രസ്ഥാനം)