ഗള്‍ഫിലെ ജോലിയൊക്കെ മതിയാക്കി നാട്ടിലെത്തി കണ്ണൂര്‍ ഏഴാം മൈലിലെ വീടിനടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി ജീവിക്കുമ്പോഴാണ് ഫഹദ് മുഹമ്മദ് മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്.  ഏഴാം മൈലില്‍ നിന്ന്  അടുത്ത പ്രദേശമായ കമ്പിലിലുള്ള ഭാര്യവീട്ടിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ ഉമ്മ ഫഹദിനെ ഒരു പ്ളാസ്റ്റിക് കവര്‍ ഏ‍ല്‍പ്പിക്കും. വഴിയില്‍ വലിച്ചെറിയാനുള്ളതാണ്. 

To advertise here,

“ഒരു കള്ളനെപ്പോലെയാണ് ഞാന്‍ അതുമായി പുറത്തേക്കിറങ്ങുന്നത്. ചെയ്യുന്നത് തെറ്റാണെന്നറിയാം. വീടിരിക്കുന്നത് ഏഴ് സെന്‍റ് സ്ഥലത്താണ്. വീടിരിക്കുന്ന സ്ഥലമൊഴികെയുള്ള ഭാഗമെല്ലാം ഇന്‍റര്‍ലോക്ക് ചെയ്തിരിക്കുന്നു. മാലിന്യം എന്തു ചെയ്യും എന്നാണ് ഉമ്മയുടെ ചോദ്യം,”  ഫഹദ് പറഞ്ഞു.   തളിപ്പറമ്പ്  നഗരസഭയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഫഹദ് വിഷയം വാര്‍ഡ് കൗൺസിലറുടെ ശ്രദ്ധയില്‍ പെടുത്തി. കൗൺസിലര്‍ ഫഹദിന്‍റെ ഒരു ബന്ധു കൂടിയാണ്. 

placeholder
ഫഹദ് മുഹമ്മദ് 

സംഭവം ഗൗരവമുള്ളതാണ്. പക്ഷേ, നിലവില്‍ നഗരസഭയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. കൗൺസിലര്‍ നിസ്സഹായത പ്രകടിപ്പിച്ചു. മാലിന്യം എടുത്തുകൊണ്ടു പോവാന്‍ ആളുകള്‍ പൈസ തന്നാലോ?  ഫഹദ് ചോദിച്ചു. “ ഞാന്‍ നിനക്ക് പൈസ തരാം. നിനക്ക് എടുത്തുകൊണ്ടു പോവാമോ? ,”  കൗൺസിലര്‍ തിരിച്ചു ചോദിച്ചു. 

പ്രശ്നത്തിന്‍റെ ഗൗരവം ഫഹദിനു മനസ്സിലായി.  പ്രശ്നമുണ്ടെങ്കില്‍ അതിനു പരിഹാരം കണ്ടെത്തേണ്ടതല്ലേ എന്ന ചോദ്യമാണ് ആദ്യം മനസ്സില്‍ ഉയര്‍ന്നത്. സംരംഭകരുടെ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂണ്‍ കണ്ണൂരില്‍ രൂപവല്‍കരിക്കുന്നത് ഈ സമയത്താണ്. ഫഹദിന്‍റെ സുഹൃത്തായ നിജിന്‍ നാരായണന്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങാനായി ശ്രമിക്കുന്നതും ഏതാണ്ട് ഇതേ സമയത്താണ്. പോസിറ്റീവ് കമ്യൂണിന്‍റെ പ്രതിമാസ ചര്‍ച്ചയിലാണ് ഇവര്‍ മാലിന്യ നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. 

“നെല്ലിക്ക” പിറവിയെടുക്കുന്നത് അവിടെ നിന്നായിരുന്നു. ഏഴാംമൈല്‍ സ്വദേശിയായ ഫഹദ് മുഹമ്മദും (39) ഇരിണാവുകാരന്‍ നിജിന്‍ നാരായണനും 2002ല്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. അന്നു മുതലുള്ള സൗഹൃദമാണ്.  “സത്യത്തില്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഒരു ഡോര്‍ ടു ഡോര്‍ സര്‍വീസ് തുടങ്ങാന്‍ ആയിരുന്നു. വീടുകളിലേക്ക് ഒരു പ്രവേശനം എന്ന നിലയിലാണ് മാലിന്യ നിര്‍മാര്‍ജനരംഗത്തേക്കിറങ്ങിയത്,” ഫഹദ് പറഞ്ഞു.  

മാലിന്യ നിര്‍മാര്‍ജനത്തിനും അത്  കൃത്യമായി നിരീക്ഷിക്കുന്നതിനുമായി ഫഹദും നിജിനും ചേര്‍ന്ന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭമായ “നെല്ലിക്ക” ഇന്ന് ദേശീയതലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഈ യുവാക്കളുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടുകൂടിയാണ്.   

“ആദ്യമായി പണിക്കിറങ്ങുമ്പോള്‍ എന്തു ചെയ്യണം എന്ന് ഒരു ധാരണയുമില്ലായിരുന്നു. മുന്‍പ് ഈ രംഗത്തുണ്ടായിരുന്നവരോട് സംസാരിച്ചപ്പോള്‍ എല്ലാവരും നിരുല്‍സാഹപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടായിരുന്നു ഞങ്ങള്‍ക്ക്,” ഫഹദ് പറഞ്ഞു.  ഒരു പദ്ധതി ആസൂത്രണം ചെയ്ത് തളിപ്പറമ്പ് നഗരസഭാധ്യക്ഷനായിരുന്ന മഹമൂദ് അള്ളാംകുളത്തെ കണ്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം വളരെ അനുകൂലമായിരുന്നു. 

“പക്ഷേ, ഒരു ധാരണയുമില്ലാതെ രംഗത്തിറങ്ങിയതിനാല്‍ ആദ്യത്തെ മാസം തന്നെ വലിയ നഷ്ടം സംഭവിച്ചു. ആളുകള്‍ മാലിന്യം എല്ലാം കൂടി ഒരുമിച്ചു കൂട്ടിയിട്ടു തന്നതിനാല്‍ അത് വേര്‍തിരിച്ചു വില്‍ക്കാന്‍ കഴിഞ്ഞില്ല. അതു വാങ്ങാന്‍ വന്നവരാവട്ടെ, ഞങ്ങളുടെ പരിചയക്കുറവ് മുതലെടുക്കുകയും ചെയ്തു, ” ഫഹദ് പറയുന്നു. തൊട്ടടുത്ത മാസം വീണ്ടും തിരിച്ചടി നേരിട്ടു. മാലിന്യം സംഭരിക്കാന്‍ ജോലിക്കാര്‍ ചെന്നപ്പോള്‍ ആളുകള്‍ നിസ്സഹകരിച്ചു.  

“ഏറ്റെടുത്ത ജോലി എളുപ്പമല്ലെന്നു മനസ്സിലായി. പക്ഷേ, പ്രശ്നങ്ങള്‍ ഓരോന്നായി പരിഹരിക്കാനുള്ള ശ്രമങ്ങളായി പിന്നെ. സംസ്ഥാന തലത്തില്‍ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ഞങ്ങള്‍ മാലിന്യ സംഭരണത്തിന് ഒരു ക്രമം കൊണ്ടു വന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്കു പുറമെ ഏതെങ്കിലും ഒരു തരത്തിലുള്ള മാലിന്യം മാത്രം ഓരോ മാസവും എടുക്കും എന്ന നിലയായി. നഗരസഭയും ഇതിനോട് സഹകരിച്ചു, ” ഫഹദ് പറഞ്ഞു. 

മാലിന്യ നീക്കം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയിത്തുടങ്ങിയപ്പോഴാണ് അതിലെ പഴുതുകള്‍ അടയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനായി ഒരു മൊബൈല്‍ ആപ്ളിക്കേഷന് രൂപം കൊടുത്തത്.  “പോസിറ്റീവ് കമ്യൂണില്‍ തന്നെ മുന്‍പ് മറ്റാരോ ഒരു സംരംഭത്തിനു വേണ്ടി ഉണ്ടാക്കിയ നെല്ലിക്ക എന്ന പേര് അനാഥമായി കിടപ്പുണ്ട്. ആ പേര് ഞങ്ങളെടുത്തു,” ഫഹദ് പറഞ്ഞു. 

അന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന മിര്‍ മുഹമ്മദിനെ നേരില്‍ കണ്ട് മാലിന്യ നിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ ആപ്പ് കൊണ്ടുവരുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമെല്ലാം ഫഹദും നിജിനും സംസാരിച്ചു. സ്വകാര്യ സംരംഭകര്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മാലിന്യ നീക്കത്തിന്‍റെ ചുമതല നല്‍കാന്‍ കലക്ടര്‍ മടിച്ചു. പക്ഷേ, മാലിന്യ നീക്കം തുടര്‍ച്ചയായി, തടസ്സമില്ലാതെ നടക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതോടെ ഇന്ത്യയില്‍ ആദ്യമായി ഒരു നഗരസഭയില്‍ മാലിന്യ നീക്കത്തിനായി ഒരു മൊബൈല്‍ ആപ്പ് നിലവില്‍ വന്നു. 

placeholder
നിജിന്‍ നാരായണന്‍ 

“ഇപ്പോള്‍ നെല്ലിക്കയെ കൂടാതെ കേരള സര്‍ക്കാരിന്‍റെ തന്നെ സ്വന്തം സംരംഭമായ ഹരിതമിത്രവും മാലിന്യ നിര്‍മാര്‍ജന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു,” ഫഹദ് പറഞ്ഞു.  

ഹരിത കര്‍മ സേനാംഗങ്ങള്‍, നഗരസഭയിലെ താമസക്കാര്‍, ഉദ്യോഗസ്ഥര്‍, ഭരണസമിതി അംഗങ്ങള്‍, നെല്ലിക്കയിലെ ജീവനക്കാര്‍ എന്നിവരെല്ലാം നെല്ലിക്കയെന്ന കുടക്കീഴില്‍ ഒരുമിച്ചെത്തിയപ്പോള്‍, പിഴവുകളില്ലാത്ത മാലിന്യ നീക്കം എന്നത് തളിപ്പറമ്പ് നഗരസഭയില്‍ ആറു മാസത്തിനുള്ളില്‍ നടപ്പിലായി. “ഇത് നടക്കുന്നത് 2018 ല്‍ ആണ്. ആറു മാസത്തിനുള്ളില്‍ തളിപ്പറമ്പ് നഗരസഭയില്‍ മാലിന്യ നീക്കം ഉറപ്പു വരുത്താന്‍ നെല്ലിക്കയിലൂടെ കഴിഞ്ഞു. ഡിജിറ്റല്‍ സേവനം ആയതിനാല്‍ ഒരു വീട് പോലും പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു ,  ” ഫഹദ് പറയുന്നു. “പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം  പ്രാദേശിക ഭരണസംവിധാനങ്ങളുടെ പിന്തുണയാണ്. തളിപ്പറമ്പ് നഗരസഭ ഇക്കാര്യത്തില്‍ ഒരു മാതൃകയായിരുന്നു. ” 

നെല്ലിക്കയുടെ വിജയം ശ്രദ്ധയാകര്‍ഷിച്ചതോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഫഹദിനെയും നിജിനിനെയും തേടിയെത്തി. ഇപ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷനെക്കൂടാതെ  പാനൂര്‍, തലശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ് എന്നീ നഗരസഭകളിലും മാലിന്യ നിര്‍മാര്‍ജനത്തിനായി നെല്ലിക്ക ആപ്പ് ഉപയോഗിക്കുന്നുണ്ട്. 

“ഏറ്റവും എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  എല്ലാ ദിവസവും അപ്ഡേഷന്‍ വരുന്നുണ്ട്. അതെല്ലാം ഒട്ടും താമസം കൂടാതെ നടപ്പിലാക്കുന്നുമുണ്ട്,” നിജിന്‍ പറഞ്ഞു. 

ആദ്യത്തെ മാസങ്ങളില്‍ കൂട്ടിയിട്ട മാലിന്യം എന്തു ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരുന്ന ഫഹദിനെയും നിജിനെയും തേടി ഇപ്പോള്‍ ധാരാളം കമ്പനികള്‍ വരുന്നുണ്ട്. “ഈ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഞങ്ങള്‍ മനസ്സിലാക്കിയത്, ഉപയോഗമില്ലാത്തതായി ഒന്നുമില്ല എന്നാണ്. നമ്മള്‍ വലിച്ചെറിയുന്ന പലതും പണം കൊടുത്തു വാങ്ങാന്‍ തയാറുള്ള ആളുകളുണ്ട്,” നിജിന്‍ പറഞ്ഞു.  

മാലിന്യം എടുത്തു കഴിഞ്ഞാല്‍ തീരുമെന്നു കരുതി തുടങ്ങിയ ജോലിയാണ്.  ആദ്യത്തെ മാസം എടുത്തിരുന്നതിന്‍റെ ഇരട്ടിയാണ് ഇപ്പോള്‍ നെല്ലിക്ക വഴി നീക്കം ചെയ്യപ്പെടുന്നത്. രണ്ടു വാഹനങ്ങളുമായി മാലിന്യം നീക്കം ചെയ്യാനെത്തിയ നെല്ലിക്ക സംഘത്തിന് ഇപ്പോള്‍ സ്വന്തമായി 18 വാഹനങ്ങളുണ്ട്.  “2018ല്‍ നെല്ലിക്ക തുടങ്ങുമ്പോള്‍ ഉള്ളതിനെക്കാള്‍ നമ്മുടെ സമൂഹം വളര്‍ന്നിട്ടുണ്ട്. ആളുകളുടെ കാഴ്ചപ്പാടിലും സമീപനത്തിലും ഒക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ് , ” നിജിന്‍ പറഞ്ഞു.

മാലിന്യം വഴിയരികില്‍ തള്ളുന്നതിലുള്ള കുറ്റബോധത്തില്‍ നിന്നു പിറവിയെടുത്ത ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം ഇന്ന് ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. 2022ല്‍ ദേശീയതലത്തില്‍ ഏറ്റവും മികച്ച 30 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നെല്ലിക്കയും ഉള്‍പ്പെട്ടിരുന്നു.  ഇപ്പോള്‍ ഗോവയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെല്ലിക്ക ഉപയോഗിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുന്നുണ്ട്. 

പ്രശ്നമുണ്ടെങ്കില്‍ പരിഹാരവുമുണ്ട് എന്ന് ഉറച്ചു വിശ്വസിച്ച രണ്ടു ചെറുപ്പക്കാര്‍.  മാലിന്യ നിര്‍മാര്‍ജനം ഗൗരവമുള്ള വിഷയമാണെന്നും പരിഹരിക്കാന്‍ കഴിയുമെന്നും ഉള്ള അവരുടെ ആത്മവിശ്വാസത്തിന്‍റെയും സാമൂഹിക പ്രതിബദ്ധതയുടെയും തെളിവാണ് നെല്ലിക്കയുടെ വിജയം.  “പ്രശ്നങ്ങള്‍ തീരെ ഇല്ലെന്നല്ല. അതൊക്കെ ധാരാളമായി വരുന്നുണ്ട്. പല തരത്തിലുള്ള ആളുകളുമായി ഇടപെടുന്നതല്ലേ.  എങ്കിലും വല്ലാത്ത സംതൃപ്തിയുണ്ട്. ഞങ്ങളുടെ തൊഴിലും ഉപജീവനവും ഒക്കെയാണെങ്കിലും അത് സമൂഹത്തിനു വലിയ തോതില്‍ പ്രയോജനം ചെയ്യുന്നുമുണ്ടല്ലോ.”