
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വിപ്ലവങ്ങള്‍ക്കിടയിലൊന്നും 1905 ജൂലായ് 17 എന്ന തീയതി ആരെങ്കിലും ഓര്‍മിക്കാനിടയില്ല. ഒരു പിഎസ്‌സി പരീക്ഷക്കും ആ തീയതി ചോദിക്കുകയുമില്ല. കാരണം ചരിത്രം എപ്പോഴും പുരുഷന്റേതാണ്, അവനുണ്ടാക്കുന്നതും അവന്‍ രചിക്കുന്നതുമാണ്. എന്നിട്ടും ആ ചരിത്രത്തിന്റെ പനയോലക്കെട്ടുകളില്‍നിന്ന് കുതറിച്ചാടി ആണ്‍പോരിമക്കുമേല്‍ മുടിയാട്ടം നടത്തിയ ഒരു 'ഒരുമ്പെട്ടവള്‍' ഇന്നും സ്മരിക്കപ്പെടുന്നു. അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ആണ്‍പിറന്നോര്‍ക്ക് ഒരു ഉള്‍ക്കിടിലമുണ്ട്. അഭിനവ സദാചാരവിചാരണകളുടെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുമ്പോള്‍ സദാചാരിക്കള്‍ക്കെതിരേ സ്വന്തം ശരീരംകൊണ്ട് കലാപമുണ്ടാക്കിയ ആ വനിതാപോരാളിയെ ഓര്‍മിക്കേണ്ടത് ചരിത്രത്തോടുള്ള നീതിയാണ്. അതെ കുറിയേടത്ത് താത്രിയെ ഭ്രഷ്ടയാക്കാന്‍ സ്വരൂപം ചെയ്തിട്ട് 120 വര്‍ഷം തികയുന്നു.
പേരുകേള്‍പ്പിച്ച 'പാപജന്‍മം'
1882-ലെ ഒരു സന്ധ്യാസമയത്ത് കുളിക്കടവിലേക്കിറങ്ങുമ്പോള്‍ കറുത്തേടത്ത് നമ്പൂതിരിയോട് ഒരു വഴിപോക്കന്‍ ചോദിച്ചു, 'അറിഞ്ഞില്ല്യേ... കല്‍പകശ്ശേരിയുടെ അന്തര്‍ജ്ജനം പെറ്റു, പെണ്ണ്'. ജ്യോതിഷപണ്ഡിതനായ കറുത്തേടത്ത് നമ്പൂതിരി കണ്ണടച്ച് നാളും സമയവും നക്ഷത്രവും കണക്കുകൂട്ടി, എന്നിട്ടുപറഞ്ഞു 'പെണ്ണ് ചീത്തപ്പേര് കേള്‍പ്പിക്കും, വംശം മുടിക്കും'. അത് രചിക്കാന്‍ പോകുന്ന ചരിത്രത്തിനാവശ്യമുള്ള ഒരു മുന്‍കൂര്‍ ജാമ്യമായിരുന്നു. കുറിയേടത്ത് താത്രിയെന്ന സാവിത്രിയുടെ ജനനം തന്നെ വംശം മുടിക്കാനാണെന്ന മുന്‍വിധിയെ പാപഗ്രഹങ്ങള്‍കൊണ്ടുറപ്പിക്കുന്ന പ്രവചനം. ഇനി എല്ലാം എളുപ്പമായി. ജനനം കൊണ്ടുതന്നെ കുറ്റക്കാരിയായ താത്രി തൊടുന്നതെല്ലാം കുറ്റമാവാതെ പറ്റുമോ? താത്രിയെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കഥയും കവിതയുമെല്ലാം പിറന്നു. 'എന്തക്രമം, തലതെറിച്ചിതു ധര്‍മവൃക്ഷം' എന്നെല്ലാം സദാചാരക്കവികള്‍ തലതല്ലിക്കരഞ്ഞു. അങ്ങനെ മിത്തും സത്യവും ഭാവനകളും ചേര്‍ന്ന കഥകളില്‍ അവള്‍ വൈശികതന്ത്രം പഠിച്ചുപയറ്റിയ വേശ്യയായി. ഒരു പെണ്ണിനെ വിചാരണചെയ്യാന്‍ ഇനിയെന്തുവേണം ?
താത്രി എന്ന തീപ്പന്തം
ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ കല്‍പകശ്ശേരി ഇല്ലത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയുടെ മകളായി ജനിച്ച സാവിത്രി എന്ന താത്രി പിന്നീട് തൃശ്ശൂര്‍ ചെമ്മന്തിട്ട കുറിയേടത്ത് മനയിലേക്ക് വേളികഴിച്ചു പോയതിനു ശേഷമാണ് കുറിയേടത്ത് താത്രിയായത്. ലഭ്യമായ രേഖകള്‍ പ്രകാരം ഒമ്പതുവയസ്സും പത്തുമാസവും പ്രായമുള്ളപ്പോള്‍ അവള്‍ ആദ്യമായി ശാരീരികമായി ഉപയോഗിക്കപ്പെട്ടു. പാട്ടു പഠിക്കാന്‍ കുറിയേടത്ത് മനയില്‍ പോയപ്പോള്‍ അവിടത്തെ മൂസാമ്പൂരിയാണ് ആദ്യമായി ഉപദ്രവിച്ചത്. ആ പീഡനം പന്ത്രണ്ട് ദിവസം തുടര്‍ന്നത്രെ. പത്തുവയസ്സുപോലുമാവാത്ത ഒരു പെണ്‍കുഞ്ഞിനെയാണ് ആ മനുഷ്യന്‍ ഇത്രയും ദിവസം ഉപദ്രവിച്ചത്. ഈ സംഭവത്തെക്കുറിച്ച് പിന്നീട് വിചാരണാവേളയില്‍ താത്രി സ്മാര്‍ത്തനോട് പറയുന്നത്, 'ഈ പ്രായത്തിലും ഉള്ളില്‍ എനിക്ക് മൂസാമ്പൂരിയെ പേടിയാണ്' എന്നാണ്. 27-ാം വയസ്സിലും ആ ഓര്‍മ അവളെ നീറ്റുന്നുണ്ടായിരുന്നെങ്കില്‍ എത്ര ആഴത്തിലായിരിക്കും അയാളുണ്ടാക്കിയ നഖപ്പാട് ആ കുഞ്ഞുമനസ്സിലാണ്ടിട്ടുണ്ടാവുക. ഈ ബന്ധം കണ്ടവരും അറിഞ്ഞവരുമെല്ലാം പിന്നീട് അവളെ ഭീഷണിപ്പെടുത്തി ഉപയോഗിച്ചു. പാട്ടുപഠിപ്പിക്കാന്‍ വന്ന നമ്പൂതിരി മുതല്‍ പാഠംപറഞ്ഞുകൊടുത്ത ഗുരുനാഥന്‍മാര്‍ വരെ. പക്ഷേ അതൊന്നുമല്ല അവളെ തളര്‍ത്തിയത്. തന്റെ ശരീരത്തെ ഒരു 'സാധന'മായി മാത്രം കണ്ടവരുടെ കൂട്ടത്തില്‍ സ്വന്തം പിതാവും സഹോദരനും അമ്മാവനും സഹോദരീ ഭര്‍ത്താവുമടങ്ങുന്ന വലിയൊരു 'വേണ്ടപ്പെട്ടവ'രുടെ നിരയുണ്ടെന്ന അറിവ് അവളെ പ്രതികാരദുര്‍ഗ്ഗയാക്കി.
പിന്നെ താത്രി ഒരു തീപ്പന്തമാവുകയായിരുന്നു. തന്റെ പ്രതികാരത്തീയിലേക്ക് ഓരോരുത്തരെയായി അവള്‍ ആനയിച്ചു. ഏതെങ്കിലും വ്യക്തിയോടായിരുന്നില്ല, പുരുഷകുലത്തോട് മുഴുവനായിരുന്നു അവളുടെ പക. എന്താണോ തന്നില്‍ നിന്ന് ഈ വര്‍ഗ്ഗം ബലമായി കവര്‍ന്നത് അതുതന്നെ ചൂണ്ടയാക്കി അതില്‍ അവരെ കൊരുത്തു. അതിനൊത്ത ജ്വലിക്കുന്ന സൗന്ദര്യം അവള്‍ക്കുണ്ടായിരുന്നു. 'ഭ്രഷ്ട്' എന്ന നോവലില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ ആ സൗന്ദര്യത്തെക്കുറിച്ച് പറയുന്നുണ്ട്. 'പാപതിക്കുട്ടിയുടെ വിടര്‍ന്ന നീള്‍മിഴിയില്‍ മദജലം പൊടിഞ്ഞു. ഇമകള്‍ കൂട്ടിത്തല്ലിയപ്പോള്‍ ഇല്ലങ്ങളുടെ തറക്കല്ലുകള്‍ കൂടിയിളകി. കാലം ദശാപരിണാമത്തിന് അവളെ മാറ്റിപ്പണിതു'. ഓരോരുത്തരും തന്നെ പ്രാപിച്ചതിന്റെ എന്തെങ്കിലും തെളിവ് അവള്‍ കരുതിവെച്ചു. അത് മോതിരമോ ഉത്തരീയമോ രഹസ്യഭാഗങ്ങളിലെ മറുകുകളോ പാടുകളോ ഒക്കെ ആയിരുന്നു. വരാനിരിക്കുന്ന വലിയ സ്‌ഫോടനത്തിനുവേണ്ട വെടിമരുന്നുകളായിരുന്നു എല്ലാം. ആദ്യകാലത്തൊക്കെ തന്നെത്തേടിയെത്തുന്നവരോട് അവള്‍ ആവശ്യപ്പെട്ടിരുന്നത് ആട്ടക്കഥകളായിരുന്നത്രെ. വൈകാതെ അടുക്കളദോഷം പുറത്തറിഞ്ഞു. അവള്‍ തന്നെ പുറത്തറിയിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.
സ്മാര്‍ത്തവിചാരം എന്ന ദുരാചാരം
1904 ലാണ് താത്രിയുടെ ആദ്യത്തെ സ്മാര്‍ത്തവിചാരം നടന്നത്. അതിനെക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ വീണ്ടും വിചാരത്തിന് രാജാവ് ഉത്തരവായി. ആധാരം 'ശാങ്കരസ്മൃതി' തന്നെ. അങ്ങനെ 1905 ജനുവരി രണ്ടിന് രണ്ടാം സ്മാര്‍ത്തവിചാരം തുടങ്ങി. പട്ടച്ചോമയാരത്ത് ജാതവേദന്‍ നമ്പൂതിരിയായിരുന്നു സ്മാര്‍ത്തന്‍. വിചാരണയുടെ വിവിധ ഘട്ടങ്ങള്‍ ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ വിശദമായി പറയുന്നുണ്ട്. വിചാരണ പ്രഖ്യാപിച്ചതോടെ താത്രി 'സാധന'മായി, അവളുടെ താമസസ്ഥലം അഞ്ചാംപുരയായി. ആദ്യം ദാസീവിചാരം. ദാസിയോട് ചോദ്യങ്ങള്‍. കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന്‍ നേരിട്ട് ചോദ്യം ചെയ്യും. നേരിട്ടുള്ള വിചാരണയില്‍ താന്‍ പ്രാപിച്ച 64 പേരെക്കുറിച്ച് അവള്‍ പറഞ്ഞു. അവര്‍ ചെയ്തതെല്ലാം ഒരു ലജ്ജയുമില്ലാതെ വള്ളിപുള്ളിവിടാതെ വിശദീകരിച്ചു. ഭൂരിഭാഗം പേരും കുറ്റം നിഷേധിച്ചു. പക്ഷേ, താത്രി ഹാജരാക്കിയ തെളിവുകളുടെ മുന്നില്‍ അവര്‍ വീണു. 65-മത്തെ പേരുവെളിപ്പെടുത്തുന്നതിന് മുന്‍പ് രാജാവ് ഇടപെട്ട് വിചാരം നിര്‍ത്തിവെപ്പിച്ചു. താത്രി പറയാനിരുന്ന പേര് രാജാവിന്റേയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റേയോ ആണെന്നാണ് കേള്‍വി.
എന്നാല്‍ താത്രിയുടെ അവസാനത്തെ പുരുഷനൊന്നുമായിരുന്നില്ല ആ 65-മന്‍. അങ്ങനെ 1905 മിഥുനം 31 ന് താത്രിയുടെ വിധിന്യായം വായിക്കല്‍ എന്ന സ്വരൂപം ചൊല്ലല്‍ നടന്നു. വൈകാതെ ഉദകവിച്ഛേദവും കൈകൊട്ടിപ്പുറത്താക്കലും. അപ്പോഴെല്ലാം അവള്‍ ഉള്ളില്‍ ഊറിച്ചിരിക്കുകയായിരുന്നു. തന്റെ മാംസം രുചിച്ച 64 പുരുഷകേസരികളെയാണ് അഭിമാനത്തിന്റെ കണ്ണാടിക്കൂട് തകര്‍ത്ത് ഭ്രഷ്ടിന്റെ പതിതലോകത്തേക്ക് അവള്‍ ആനയിച്ചത്. അവരുടെയൊക്കെ ജാതിതിരിച്ചുള്ള വിവരങ്ങള്‍ ഇന്ന് ചരിത്രരേഖകളിലുണ്ട്. പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന കാവുങ്ങല്‍ ശങ്കരപ്പണിക്കരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഭ്രഷ്ട് നീക്കി തിരിച്ചുവന്ന ഏക വ്യക്തിയും ഇദ്ദേഹം തന്നെ. തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരായ പുരുഷന്‍മാര്‍ക്ക് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയുണ്ടാക്കിക്കൊടുത്താണ് താത്രി പെരിയാര്‍തീരത്തെ ചാവുനിലത്തേക്ക് ഇറങ്ങിപ്പോയത്.
സ്മാര്‍ത്തവിചാരം നടത്തുന്നത് ഇങ്ങനെ..
മലബാര്‍ മാന്വലില്‍ ലോഗന്‍ സ്മാര്‍ത്തവിചാരത്തിന്റെ രീതികള്‍ വിശദമായി പറയുന്നുണ്ട്. പ്രതി താമസിക്കുന്നിടത്തിന് സമീപത്തെ ക്ഷേത്രസവിധത്തില്‍ ഒരു സഭ ചേരും. വിചാരണയില്‍ സ്മാര്‍ത്തന്‍മാരും വിചാരണക്കാരും പിന്നെ ഒരു 'അകക്കോയ്മ'യുമുണ്ടാവും. നാടുവാഴിയുടെ വാറണ്ട് വായിച്ചു കേള്‍പ്പിക്കലാണ് ആദ്യപടി. അതുകഴിഞ്ഞ് സ്മാര്‍ത്തനും അകക്കോയ്മയും വീടിനകത്തേക്ക് കയറും. വാതിക്കലുള്ള ദാസി അവരെ തടയും. എന്തിനാണ് തടയുന്നതെന്ന ചോദ്യത്തിന് അകത്ത് ഒരാള്‍ ഉള്ളതുകൊണ്ടാണെന്ന് ഉത്തരം. ഇങ്ങനെ ഒരു നാടകംപോലെ നടപടിക്രമങ്ങള്‍ വികസിക്കുന്നു. പിന്നെ പ്രതി മുഖവും കണ്ണും മുണ്ടിട്ടു മൂടി വാതിലിന് പിന്നില്‍ മറഞ്ഞു നില്‍ക്കണം. സ്മാര്‍ത്തന്‍ ചോദിക്കുന്ന ചോദ്യത്തിന് ദാസിവഴി ഉത്തരവും പറയണം. തനിക്കെതിരേ ഇത്തരമൊരു അപവാദമുണ്ടെന്ന് പ്രതിപറയണം. അത് സമ്മതിച്ചില്ലെങ്കില്‍ വിചാരണ വഴിമുട്ടും.
ഓരോ ഘട്ടവും കഴിയുമ്പോള്‍ സ്മാര്‍ത്തനും അകക്കോയ്മയും അത് ഗ്രാമസഭയില്‍ചെന്ന് വിശദീകരിക്കണം. ഈ വിശദീകരണത്തില്‍ ഒരു കാര്യവും വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തലാണ് അകക്കോയ്മയുടെ പണി. എന്തെങ്കിലും മറന്നാലോ അബദ്ധം പറ്റിയാലോ ഇയാള്‍ തിരുത്തും. ഓരോ ദിവസത്തെ വിചാരണകഴിയുമ്പോഴും വിഭവസമൃദ്ധമായ സദ്യ സ്മാര്‍ത്തനും സംഘത്തിനും ഒരുക്കേണ്ടത് പ്രതിയുടെ കുടുംബത്തിന്റെ ചുമതലയാണ്. ചുരുക്കം പറഞ്ഞാല്‍ വിചാരണ നീളുന്നതിനനുസരിച്ച് സദ്യയും നീളും. പ്രതി കുറ്റം സമ്മതിക്കുന്നതുവരെ ഇത് നീളും. പലപ്പോഴും മാസങ്ങള്‍ നീളാനിടയുണ്ട്. ഇക്കാരണം കൊണ്ടുമാത്രം സാമ്പത്തികമായി മുടിഞ്ഞുപോയ ഇല്ലങ്ങളുണ്ടത്രെ. കുറിയേടത്ത് താത്രിയുടെ വിചാരണ 40 ദിവസം നീണ്ടുവെന്നാണ് പറയുന്നത്.
ഏറ്റവും വലിയ രസമെന്തെന്നാല്‍ താനുമായി ബന്ധമുണ്ടെന്ന് പ്രതി കുറ്റമാരോപിച്ചയാള്‍ക്ക് കുറ്റം നിഷേധിക്കുവാന്‍ അനുവാദമില്ലത്രെ. അവര്‍ക്ക് വേണമെങ്കില്‍ ശുചീന്ദ്രത്തുപോയി തിളച്ച എണ്ണയില്‍ കൈമുക്കി കുറ്റക്കാരനല്ലെന്ന് തെളിയിക്കാം. കൈ പൊള്ളിയാല്‍ കുറ്റക്കാരന്‍, അല്ലെങ്കില്‍ നിരപരാധി ! അതിനും സ്മാര്‍ത്തന്റെ അനുമതി വേണമെന്ന് മാത്രം. സ്മാര്‍ത്തവിചാരം നേരിടുന്ന പ്രതി കുറ്റം സമ്മതിച്ചാല്‍ പിന്നെ അവള്‍ക്ക് വാതിലിന്റെ മറയില്‍ നിന്ന് പുറത്തുവരാം. സ്മാര്‍ത്തന്റേയും വിചാരണക്കോടതിയുടേയും മുന്നില്‍ വന്നിരിക്കാം. രാത്രിയോടെയാണ് വിധിപ്രസ്താവം. സ്ത്രീയുടെ മറക്കുട എടുത്തുനീക്കി, കൈകൊട്ടി സമുദായത്തില്‍ നിന്ന് ഭ്രഷ്ടാക്കും. പിന്നെ ഇഷ്ടമുള്ളിടത്തേക്ക് പോകാം. ചിലരെ നേരത്തേ ബന്ധമുണ്ടായിരുന്നവര്‍ കൊണ്ടുപോകും. ചിലര്‍ ഇതുതന്നെ തൊഴിലാക്കും. ചിലരെ അന്യമതക്കാര്‍ സ്വന്തമാക്കും. താത്രി ഏതോ ക്രിസ്ത്യാനിയെ കല്യാണം കഴിച്ച് പാണ്ടിനാട്ടിലേക്ക് പോയി എന്നാണ് പറയുന്നത്. അയാള്‍ പോത്തന്നൂരില്‍ റെയില്‍വേ ഉദ്യാഗസ്ഥനായിരുന്നുവെന്നും ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ടായെന്നും ചിലരേഖകളില്‍ കാണുന്നു. അതിലെ ഒരു പെണ്‍കുട്ടിയുടെ മകൾ പിന്നീട് മലയാളത്തിൽ വലിയ നടിയായെന്നുമുണ്ട് കഥ.
1927 ല്‍ മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് അവസാനത്തെ സ്മാര്‍ത്തവിചാരം നടന്നത്. ഏഴുകൊല്ലത്തിന് ശേഷം 1934 ല്‍ ആ സ്ത്രീയെ ഭ്രഷ്ടയാക്കി. അതിന് ശേഷം ഇത്തരം വിചാരണകള്‍ സ്മാര്‍ത്തന്‍മാര്‍ ചെയ്യരുതെന്നും സിവില്‍ കോടതികള്‍ക്കേ അതിന് അവകാശമുള്ളൂ എന്നും റീജന്റ് മഹാറാണി സേതുപാര്‍വതി ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ പിന്നീടും രഹസ്യമായി പല ഇല്ലങ്ങളിലും സ്മാര്‍ത്തവിചാരം ഉണ്ടായിരുന്നതായി പലരും പറഞ്ഞിട്ടുണ്ട്. 1962-ല്‍ ഒരു സ്മാര്‍ത്തവിചാരം താന്‍ കണ്ടതായി പട്ടച്ചോമയാരത്ത് കൃഷ്ണന്‍ നമ്പൂതിരി ഒരിക്കല്‍ എഴുതി.
താത്രി ഒരു മുന്നറിയിപ്പ്...
താത്രിക്ക് മുന്‍പും പിന്‍പും സ്മാര്‍ത്തവിചാരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആണഹന്തയ്ക്ക് ഇത്രമേല്‍ ആഘാതമുണ്ടാക്കിയ ഒരു വിചാരണ ചരിത്രത്തിലില്ല. അതുതന്നെയാണ് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന്റെ പ്രസക്തി. ആ വിധത്തില്‍ നോക്കുമ്പോള്‍ താത്രിയുടേത് പെണ്‍ശരീരത്തിനു വേണ്ടി ആ ശരീരംതന്നെ ഉപയോഗിച്ചുള്ള ആദ്യത്തെ സ്ത്രീലഹളയാണ്. സ്വന്തം ശരീരത്തിന്റെ അവകാശത്തിന് വേണ്ടി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പെണ്ണിന് പൊരുതേണ്ടിവരുമ്പോള്‍ താത്രിയുടെ ജീവിതം വീണ്ടും കനലുപോലെ തിളങ്ങുന്നു. സ്വന്തം സ്വപ്‌നങ്ങളുടേയും പ്രതീക്ഷകളുടേയും ചിതയൊരുക്കിയവര്‍ക്ക് മേല്‍ അവള്‍നേടിയ മധുരപ്രതികാരം ചരിത്രത്തിലെ ആദ്യത്തെ 'മീ ടൂ' ആയി രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. പെണ്ണിന് വിലപറയുന്ന കാലത്തിന് താത്രി ഒരു മുന്നറിയിപ്പാണ്.
Content Highlights: Kuriyedath Thathri Smartha Vicharam
Published: 17 Jul 2025, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented