
കേരളീയസാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഐതിഹ്യകഥ പോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്ത് താത്രിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആലങ്കോട് ലീലാകൃഷ്ണന്റെ 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം'. പുസ്തകത്തിലെ താത്രീകലാപത്തിന്റെ ശേഷിപ്പുകള്‍ എന്ന ഭാഗത്തില്‍നിന്ന്;
താത്രീകലാപത്തിന്റെ സുപ്രധാനമായ ശേഷിപ്പ്, നമ്പൂതിരിയോഗക്ഷേമസഭയ്ക്കുള്ളില്‍ നിന്ന് രൂപപ്പെട്ട കേരളത്തിന്റെ നവോത്ഥാനകാല സ്ത്രീവിമോചന ചരിത്രമാണ്. 1905-ലെ സ്മാര്‍ത്ത വിചാരം കഴിഞ്ഞതിനു പിന്നാലെ 1907-ല്‍ യോഗക്ഷേമസഭ സ്ഥാപിതമായതിനു പിന്നില്‍ താത്രീ കലാപത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് വി.ടി. ഭട്ടതിരിപ്പാട് ഒരിക്കല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
'കൊ.വ. 1080-ല്‍ കൊച്ചി മഹാരാജാവില്‍നിന്നുണ്ടായ വിളംബരം കേരളീയരെ സാമാന്യമായും നമ്പൂതിരിമാരെ പ്രത്യേകിച്ചും ഞെട്ടിപ്പിച്ചുകളഞ്ഞു. ഒരുപക്ഷേ യോഗക്ഷേമസഭാപ്രസ്ഥാനം ഉടലെടുക്കാന്‍ അതും ഒരു പ്രധാന കാരണമായേയ്ക്കാം.'
'പ്രത്യക്ഷത്തില്‍ അനുഭവമില്ലെങ്കിലും കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരമായിരുന്നു അക്കാലത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തന്നെ സഹായിച്ച ആശയപരവും ആദര്‍ശപരവുമായ പ്രധാനപ്രേരണകളിലൊന്ന് എന്നും വി.ടി.ഒരു അഭിമുഖസംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.' 'താത്രിക്കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കാഴ്ചയില്‍ സുന്ദരിയും വിദുഷിയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തനിയ്ക്കഭിമതനായ ഒരു വരനെ തക്ക സമയത്ത് സ്വീകരിക്കാന്‍ സമുദായാചാരം അനുവദിച്ചെങ്കില്‍ ഈ സ്മാര്‍ത്തവിചാരത്തിന്റെ പ്രശ്നമേ ഉണ്ടാകുമായിരുന്നില്ലെന്നാണ് എന്റെ നിഗമനം.'
താത്രിക്കുട്ടിയ്ക്ക് മുമ്പും അന്തര്‍ജ്ജനങ്ങള്‍ക്കിടയില്‍ ലൈംഗികമായ അരാജകത്വത്തിന്റെ അരങ്ങേറ്റം അവിടവിടെ സംഭവിച്ചു കഴിഞ്ഞിരുന്നുതായി വി.ടി.തന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 'പുലാമന്തോള്‍ പ്രദേശത്ത് കാമ്പ്രത്ത് മനയ്ക്കല്‍നിന്ന് ഒരു നാള്‍ ഋതുമതിയായ മൂന്നു പെണ്‍കിടാങ്ങള്‍ വീടുവിട്ടിറങ്ങിപ്പോയതും ട്രാവലേഴ്സ് ബംഗ്ലാവിലെത്തിച്ചേര്‍ന്ന പ്രശസ്ത വ്യക്തികളുമായി ലൈംഗികബന്ധം പുലര്‍ത്തിക്കൊണ്ട് കാലം കഴിച്ചു പോന്നതും എനിക്കറിയാം. അവരില്‍ രണ്ടുപേരെ പുലാമന്തോള്‍ പുഴയില്‍വെച്ച് നേരില്‍ കാണുകയും ചെയ്തിട്ടുണ്ട് ഞാന്‍.
ചളവറയിലെ അഷ്ടത്ത് എന്ന ഇല്ലത്തെ ഒരന്തര്‍ജ്ജനം ഭര്‍ത്താവ് ജീവിച്ചിരിക്കെ മനയ്ക്കലെ ഇലമുറി വാലിയക്കാരന്റെ വെപ്പാട്ടിയായി കാമചാപല്യം കാട്ടിപ്പോരുകയും ഒടുക്കം ആ കാമുകന്റെ മര്‍ദ്ദനത്താല്‍ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിനുശേഷം ഇത്തരം വൈകൃതങ്ങള്‍ക്ക് തെല്ലെങ്കിലും ശമനമാണുണ്ടായിട്ടുള്ളത്.' ഇതിലൂടെ വി.ടി. തരുന്ന സൂചന വ്യക്തമാണ്.
കേവലമായ ലൈംഗികാര്‍ത്തിയോ രതിവൈകൃതമോ കാമപൂര്‍ത്തീകരണമോ ആയിരുന്നില്ല താത്രീ കലാപത്തിന്റെ പ്രേരണകള്‍. പുരുഷ കേന്ദ്രിതമായ സവര്‍ണസമൂഹം സ്ത്രീയ്ക്കുമേല്‍ നിലനിര്‍ത്തിപ്പോന്ന ലൈംഗികാധിപത്യത്തിന്റെ നിയമവ്യവസ്ഥകളെ അതേ ആയുധംകൊണ്ട് നേരിടാനുള്ള സാമൂഹിക കലാപവാസന തന്നെയാണ് താത്രിക്കുട്ടിയെ ഇതിനൊക്കെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ സ്ത്രീയുടെ കേവലമായ ലൈംഗികസ്വാതന്ത്ര്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരരാജകകലാപമല്ല, മറിച്ച് സ്ത്രീസത്തയെ സമഗ്രമായി വിമോചിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന സാമൂഹികവിപ്ലവം തന്നെയാണ് താത്രിക്കുട്ടി തുടങ്ങിവെച്ചത് എന്ന് ചരിത്രപരമായി വായിക്കാം.
സ്ത്രീയുടെ ലൈംഗികതയ്ക്കുമേല്‍ പ്രത്യക്ഷനിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട്, പുരുഷന് ഏതു സമയത്തും കടന്നാക്രമിച്ച് കീഴ്പ്പെടുത്താവുന്ന ഒരു സുഖോപകരണം മാത്രമായി നൂറ്റാണ്ടുകളോളം സ്ത്രീയെ നിര്‍വചിച്ചു നിലനിര്‍ത്തിപ്പോന്ന പുരുഷപ്രത്യയശാസ്ത്രത്തെയാണ് താത്രിക്കുട്ടി ചോദ്യം ചെയ്തത്. സ്ത്രീധനം, ബഹുഭാര്യാത്വം, മറക്കുട, ഘോഷ, ശൈശവവിവാഹം, വിദ്യാഭ്യാസനിഷേധം എന്നിങ്ങനെയുള്ള മര്‍ദ്ദനസംവിധാനങ്ങളിലൂടെ സവര്‍ണപുരുഷവര്‍ഗം ഉടമസ്ഥാവകാശം സ്ഥാപിച്ചിരുന്ന ബ്രഹ്‌മസ്വം മുതലുകള്‍ മാത്രമായിരുന്നു താത്രിക്കുട്ടിയ്ക്കു മുമ്പ് അന്തര്‍ജ്ജനങ്ങള്‍. സ്ത്രീകളുടെ ഈ ആജന്മ അടിമത്തം എന്നെന്നേയ്ക്കുമായി നിലനിര്‍ത്താന്‍ പാകത്തിലുള്ള സ്മൃതിസിദ്ധാന്തങ്ങളും ദായക്രമങ്ങളും കുടുംബഘടനയും സ്വത്തവകാശ നിയമങ്ങളുമാണ് സവര്‍ണ സമൂഹവ്യവസ്ഥ കാലങ്ങളായി നിലനിര്‍ത്തിപ്പോന്നത്.
പിതാവിന്നും മൂത്തപുത്രനും മാത്രം കേന്ദ്രീകൃതാധികാരമുള്ള നമ്പൂതിമാരുടെ അന്നത്തെ പിതൃദായക്രമം അതിന്റെ ഉദാഹരണമാണ്. സ്വന്തം സമുദായത്തിലേയും കീഴ്സമുദായങ്ങളിലേയും സ്ത്രീകള്‍ക്കുമേല്‍ തന്റെ ഇഷ്ടത്തിനും തീരുമാനത്തിനുമനുസരിച്ച് ഏതു സമയത്തും ലൈംഗികാധിനിവേശം നടത്താനുള്ള അവകാശമാണ് മൂസ്സാമ്പൂരി എന്ന സവര്‍ണ പുരുഷന് ഈ ദായക്രമവ്യവസ്ഥകള്‍ സ്ഥാപിച്ചുനല്‍കിയിരുന്നത്.
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരത്തോടെ ഈ വ്യവസ്ഥകളെല്ലാം ഒറ്റയടിയ്ക്ക് ചോദ്യം ചെയ്യപ്പെട്ടു. ഒരു സ്ത്രീയോടൊപ്പം അറുപത്തിനാലു പുരുഷന്മാര്‍ പ്രതികളായ കേവലമായ ഒരു ലൈംഗികാപവാദകഥയായി ചുരുങ്ങിപ്പോവാതെ കേരളത്തിലെ സ്ത്രീചരിത്രത്തെ അകംപുറം മറിച്ചിട്ട ഒരു വിപ്ലവശക്തിയായി ഈ സ്മാര്‍ത്ത വിചാരം മാറ്റപ്പെട്ടത് അതുകൊണ്ടാണ്.
പില്‍ക്കാലത്ത് കേരളത്തിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളെയെല്ലാം പിന്തുണയ്ക്കാന്‍ പോന്ന സ്ഫോടക ശക്തി താത്രീസംഭവത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് തനിയ്ക്ക് സ്ത്രീപക്ഷത്തുനിന്നുകൊണ്ട് സമുദായത്തെ അട്ടിമറിയ്ക്കാനുള്ള ബലംതന്ന ചരിത്രശക്തി താത്രിക്കുട്ടിയായിരുന്നു എന്ന് വി.ടി. ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്: 'കേരളത്തിലെ ചരിത്രാന്വേഷിയായ ഏതൊരെഴുത്തുകാരനേയും പോലെ താത്രിക്കുട്ടി എന്ന കഥാപാത്രം എന്നെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
അന്നത്തെ സമുദായിക സാംസ്‌കാരിക നിലനില്‍പ്പിനെ-വിപ്ലവം എന്നു ഞാന്‍ വിളിക്കുന്നില്ല-അകം പുറം മറിയ്ക്കാന്‍ സഹായിച്ച ആ സംഭവത്തിന്റെ പ്രേരകമൂല്യങ്ങളെപ്പറ്റി സത്യസന്ധമായി വിവരിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.'
ഈ തിരിച്ചറിവുകൊണ്ടു തന്നെയാണ് വി.ടി.യുടെ നേതൃത്വത്തില്‍ നടന്ന നമ്പൂതിരിയോഗക്ഷേമസഭയുടെ പുരോഗമന നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നമ്പൂതിരിയുടെ ബഹുഭാര്യാത്വം, സംബന്ധം, വിധവാ വിവാഹനിഷേധം എന്നിവ നിശിതമായി ചോദ്യംചെയ്യപ്പെട്ടത്.
വൃദ്ധവിവാഹങ്ങള്‍ക്കു വഴങ്ങാതിരിയ്ക്കാന്‍ നമ്പൂതിരിപ്പെണ്‍കുട്ടികള്‍ക്ക് ധൈര്യം നല്‍കുകയും ഘോഷ ബഹിഷ്‌ക്കരിച്ചു പുറത്തുകടക്കാനവരെ സഹായിക്കുകയും വിധവാ വിവാഹങ്ങള്‍ക്ക് തയ്യാറാവാന്‍ നമ്പൂതിരി യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണല്ലോ വി.ടി. പ്രസ്ഥാനം കേരളത്തിലെ ഉപരിവര്‍ഗ സമുദായത്തിലെ സ്ത്രീകളെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചത്. ഈ സ്ത്രീവിമോചന ചരിത്രമാണ് യഥാര്‍ത്ഥത്തില്‍ താത്രീകലാപത്തിന്റെ കാതലായ ശേഷിപ്പ്.
Content Highlights: Thathrikuttiyude smarthavicharam, Book by Alankode Leelakrishnan, Book excerpt, Mathrubhumi books
Published: 25 Jul 2023, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented