ഇന്ത്യ ഇതുവരെ വാർധക്യത്തിലേക്ക് കടന്നിട്ടില്ല. ജനസംഖ്യയുടെ പകുതിയിലധികംപേർ 25 വയസ്സിൽ താഴെയുള്ളവരും ഏകദേശം 65 ശതമാനം പേർ 35 വയസ്സിൽ താഴെയുള്ളവരുമായ ഒരു യുവരാജ്യമാണ് നമ്മുടേത്. എന്നാൽ, നമ്മുടെ ചില സംസ്ഥാനങ്ങൾക്ക് പ്രായമായിവരുകയാണ്. കേരളമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ.
കേരളത്തിലെ ജനസംഖ്യയുടെ പ്രായാധിക്യം ഒരു വിദൂരപ്രവചനമല്ല; മറിച്ച് അത് സംസ്ഥാനത്തിന്റെ സാമൂഹികഘടനയിൽ ഉടനടി പ്രതിഫലിക്കുന്ന വലിയൊരു മാറ്റമാണ്. 2026-ന്റെ അവസാനത്തോടെ കേരളത്തിലെ 60 വയസ്സും അതിനു മുകളിലുമുള്ളവരുടെ എണ്ണം 20 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈരുധ്യമെന്നു പറയട്ടെ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളുടെ ഫലമായി ആയുർദൈർഘ്യം കൂടുകയും ജനനനിരക്ക് കുറയുകയും ചെയ്തതിന്റെ ഉപോത്പന്നമാണ് ഈ മാറ്റം.
എന്നാൽ, ഈ പുരോഗതിക്ക് വഴിയൊരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ അഭൂതപൂർവമായ സമ്മർദത്തിലാണ്. പ്രായമായവരുടെ സാമ്പത്തിക ഭാരവും വർധിച്ചുവരുന്ന രോഗാവസ്ഥകളും കൈകാര്യംചെയ്യാൻ നിലവിലെ സാമൂഹിക-ആരോഗ്യ സംവിധാനങ്ങൾ അപര്യാപ്തമാണ്.
വെല്ലുവിളിയെ നേട്ടമാക്കാം
നാം നേരിടുന്ന ഈ വെല്ലുവിളിയെ സുസ്ഥിരമായ ഒരു സാമ്പത്തിക ചാലകശക്തിയാക്കി മാറ്റുന്നതിന്, സാമൂഹികനീതി ഉറപ്പാക്കിക്കൊണ്ടുതന്നെ സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന ബഹുതല നയരൂപവത്കരണം സംസ്ഥാനം നടപ്പാക്കേണ്ടതുണ്ട്.
ഇതിനായി പരമ്പരാഗത ക്ഷേമപദ്ധതികൾക്കപ്പുറം, വയോജന പരിചരണത്തെ ഒരു മൂല്യവർധിത സേവനമേഖലയായി കാണുന്ന 'സിൽവർ ഇക്കോണമി' മാതൃകയിലേക്ക് നാം മാറണം.
നമ്മുടെ മനോഹരമായ തീരപ്രദേശങ്ങളും പശ്ചിമഘട്ടത്തിലെ മഞ്ഞുപുതച്ചതും കാലാവസ്ഥാ സൗഹൃദവുമായ മലയോരമേഖലകളും ഈ കാഴ്ചപ്പാടിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് വാഗ്ദാനംചെയ്യുന്നത്.
ഇത്തരം ശാന്തമായ ചുറ്റുപാടുകളിൽ ലോകനിലവാരത്തിലുള്ള റിട്ടയർമെന്റ് വില്ലേജുകൾ വികസിപ്പിക്കുന്നതിലൂടെ, പ്രാദേശികസമൂഹത്തിനും ആഗോളജനതയ്ക്കും ഒരേപോലെ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ കേരളത്തിന് സാധിക്കും.
ഇവ കേവലം പാർപ്പിട സമുച്ചയങ്ങൾ മാത്രമാകരുത്, മറിച്ച് ശാരീരിക-പ്രായ പരിമിതികളുള്ളവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന (യൂണിവേഴ്‌സൽ ആക്‌സസിബിലിറ്റി) ആധുനിക ഹെൽത്ത് കെയർ മോണിറ്ററിങ് സംവിധാനങ്ങൾ ഉൾപ്പെട്ട സംയോജിത ആവാസവ്യവസ്ഥകളായിരിക്കണം. പ്രായമായവർക്ക് അന്തസ്സോടെ ജീവിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ കുടുംബങ്ങളുമായി ഡിജിറ്റൽ മാർഗങ്ങളിലൂടെ നിരന്തരം ബന്ധപ്പെടാനും അവസരമൊരുക്കണം.
നാം ചെയ്യേണ്ടതെന്ത്?
ആദ്യപടിയായി, 'റിട്ടയർമെന്റ് ടൗൺഷിപ്പ്' നിർമിക്കാൻ മുന്നോട്ടുവരുന്നവർക്ക് നാം സാമ്പത്തികാനുകൂല്യങ്ങൾ നൽകണം. ഇടുക്കി, വയനാട് തുടങ്ങിയ കാലാവസ്ഥാസൗഹൃദമായ മലയോര മേഖലകളിലുള്ള (ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഒഴികെ) റിട്ടയർമെന്റ് വില്ലേജുകൾക്ക് സർക്കാർ 'പ്രത്യേക റെസിഡൻഷ്യൽ സോൺ' പദവി നൽകണം. ഇത്തരം പദ്ധതികൾ കർശനമായ 'വയോജനസൗഹൃദ' ബിൽഡിങ് കോഡുകൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കി അവർക്ക് ഏകജാലക അനുമതിയും പത്തുവർഷത്തേക്ക് ഭൂമിതരംമാറ്റ നിരക്കുകളിൽ ഇളവും നൽകേണ്ടതാണ്.
ഇത്തരം വില്ലേജുകൾ സമ്പന്നർക്കുവേണ്ടി മാത്രമുള്ളതാകാതിരിക്കാൻ ഒരു 'മിശ്ര-വരുമാന' വ്യവസ്ഥ ഏർപ്പെടുത്താവുന്നതാണ്. ഇതിലൂടെ, വിദേശികളിൽനിന്നും പ്രവാസി മലയാളികളിൽനിന്നും ലഭിക്കുന്ന ഉയർന്നവരുമാനം ഉപയോഗപ്പെടുത്തിക്കൊണ്ട്, വിരമിച്ച സർക്കാർ സ്‌കൂൾ അധ്യാപകർ പോലുള്ളവർക്കായി 10 ശതമാനം യൂണിറ്റുകൾ സർക്കാർ സബ്സിഡിയോടെ മാറ്റിവെക്കാൻ നിർദേശിക്കാവുന്നതാണ്.
വാർധക്യകാലത്തെ സങ്കീർണവും ബഹുതലങ്ങളിലുള്ളതുമായ ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിലും ആരോഗ്യ സേവന സംവിധാനത്തിലും വരുത്തേണ്ട സമ്പൂർണ അഴിച്ചുപണിയാണ് ഈ പരിവർത്തനത്തിനാവശ്യമായ മറ്റൊരു നെടുംതൂൺ. എല്ലാരോഗങ്ങൾക്കും എല്ലാപ്രായക്കാർക്കും ഒരിടമെന്ന ഇന്നത്തെ രീതിയിൽനിന്ന് മാറി ജെറൊന്റോളജി (വാർധക്യകാലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ), വയോജന പരിചരണം എന്നിവയ്ക്കുമാത്രമായി പ്രത്യേക ആശുപത്രികൾ കേരളത്തിൽ ആവശ്യമാണ്.
മനുഷ്യവിഭവശേഷി വളർത്താം
ഇതിനായി മനുഷ്യവിഭവശേഷിയിൽ വലിയതോതിലുള്ള നിക്ഷേപം ആവശ്യമാണെന്ന യാഥാർഥ്യമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജെറിയാട്രിക് മെഡിസിൻ (വയോജന ചികിത്സ), പാലിയേറ്റീവ് കെയർ, വാർധക്യത്തിന്റെ മാനസികവശങ്ങൾ എന്നിവയിൽ പ്രത്യേകപരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സോഷ്യൽ വർക്കർമാരുടെയും ഒരു പുതിയ തലമുറയെ നാം വാർത്തെടുക്കണം.
2027-ഓടെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും വയോജന ചികിത്സാവിഭാഗം നിർബന്ധമാക്കണം. കൂടാതെ, വയോജനപരിചരണം, പാലിയേറ്റീവ് സഹായം, ഡിമെൻഷ്യ മാനേജ്‌മെന്റ് എന്നിവയിൽ പ്രതിവർഷം 10,000 നഴ്‌സുമാർക്ക് പരിശീലനം നൽകാൻകഴിയുന്ന ഒരു 'ജെറിയാട്രിക് നഴ്‌സിങ് സ്‌കോളർഷിപ്പ്' സംസ്ഥാനത്തിന് അവതരിപ്പിക്കാവുന്നതാണ്.
രോഗമില്ലാത്ത വർഷങ്ങളാണ് പ്രധാനം
അവസാനമായി, ആയുർവേദത്തിന്റെ പാരമ്പര്യവും ആധുനിക വയോജന ശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ട് 'ആരോഗ്യ സംരക്ഷണം' എന്നതിന് പുതിയൊരു നിർവചനം സംസ്ഥാനം നൽകേണ്ടതുണ്ട്. വെറും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനുപകരം, രോഗമില്ലാതെ ജീവിക്കുന്ന വർഷങ്ങളുടെ എണ്ണം പരമാവധി വർധിപ്പിക്കുക എന്നതാകണം ലക്ഷ്യം.
രോഗംകൊണ്ടുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനായി 'ഇന്റർജനറേഷണൽ കമ്യൂണിറ്റി ഹബ്ബുകൾ' സംസ്ഥാനത്തിന് അവതരിപ്പിക്കാവുന്നതാണ്.
ശിശുപരിചരണ കേന്ദ്രങ്ങളും വയോജനകേന്ദ്രങ്ങളും ഒരേ സ്ഥലത്തുതന്നെ ഒരുക്കുന്നവർക്ക് വസ്തു നികുതിയിൽ ഇളവുകൾനൽകാം. ഇത് പ്രായമായവരുടെ സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാനും ശരീരത്തിനെക്കൂടി വേഗത്തിൽ തളർത്തുന്ന 'ഒറ്റപ്പെടൽ' എന്ന മഹാമാരിയെ തടയാനും സഹായിക്കും.
പ്രായമാകുന്ന ഒരു സമൂഹത്തിന് എങ്ങനെ മാന്യതയോടും നവീനതയോടും സാമ്പത്തികഭദ്രതയോടുംകൂടി മുന്നേറാം എന്ന് ലോകത്തിനുമുന്നിൽ നിന്ന് കേരളം കാണിച്ചുകൊടുക്കേണ്ട സമയമാണിത്
വളർത്തിയെടുക്കാം ഒരു സിൽവർ ഇക്കോണമി
ഓരോ വയോധികനെയും വൃദ്ധസദനത്തിൽ പാർപ്പിക്കുക എന്നത് സാധ്യമായതോ അല്ലെങ്കിൽ ഒറ്റപ്പെടലിനെ അഭികാമ്യമോ ആയ വഴിയല്ല. അതിനാൽ, സ്വന്തം വീടുകളിൽത്തന്നെ സുരക്ഷിതമായി വാർധക്യം ചെലവഴിക്കാൻ സഹായിക്കുന്ന 'ഏജിങ് ഇൻ പ്ലേസ്' എന്ന രീതിയിൽ ശ്രദ്ധിക്കുന്നതാകണം കേരളത്തിന്റെ നയങ്ങൾ. വയോജനങ്ങളുടെ ആരോഗ്യനില നിരീക്ഷിക്കാൻ സാധിക്കുന്ന വെയറബിൾ ഹെൽത്ത് മോണിറ്ററുകളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനവ്യാപകമായ ഒരു ഡിജിറ്റൽ ഹെൽത്ത് സ്റ്റാക്ക് രൂപവത്കരിക്കാം. വീഴ്ചകൾ തിരിച്ചറിയുന്ന എ.ഐ. സാങ്കേതികവിദ്യയോ വിദൂര രോഗനിർണയ സംവിധാനങ്ങളോ പോലുള്ള 'ജെറിയാട്രിക്-ടെക്' വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവുകൾ നൽകുന്നതിലൂടെ പൊതുജനാരോഗ്യസംവിധാനത്തിന്റെ സാമ്പത്തികഭാരം കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിയും. സംസ്ഥാനം പ്രത്യേകം പരിശീലിപ്പിച്ച ആശാവർക്കർമാരുടെ 'സിൽവർ കെയർഗിവേഴ്‌സി'ന്റെ പിന്തുണയോടെ വീടുകളെ അത്യാധുനിക പരിചരണ യൂണിറ്റുകളാക്കി മാറ്റാൻ ഈ മാതൃക സഹായിക്കും.
Content Highlights: By late 2026, 20% of Kerala's population will be 60+ years old., Transitioning from traditional welfare to a 'Silver Economy' model., Promoting retirement townships in scenic regions with special residential status., Integrating AI and wearable health tech to support 'Aging in Place'., Mandating geriatric care units in all medical colleges by 2027.
Published: 03 May 2026, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented