
അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്ഐ പ്രസിഡന്റായിരുന്ന മുന്‍ സിപിഎം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് മാതൃഭൂമി പ്രതിനിധി സി. പി. ശ്രീഹര്‍ഷനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്
അടിയന്തരാവസ്ഥക്കാലത്ത് താങ്കള്‍ എസ്എഫ്ഐ പ്രസിഡന്റാണ്. ആ സമയത്തായിരുന്നു വിവാഹവും അക്കാലത്തെ അനുഭവങ്ങള്‍ ?
എസ്എഫ്ഐ വളരെ സജീവമായിരുന്നു അന്ന്. ഇന്ദിരഗാന്ധി സര്‍ക്കാരിന്റെ വര്‍ധിച്ചുവന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടി എസ്എഫ്ഐ സജീവമായി പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. എസ്എഫ്ഐക്ക് നേരെ ഭരണകൂട വേട്ടയാടലുണ്ടായി. എസ്എഫ്ഐയുടെ 9 ഭാരവാഹികളെയും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 60 എസ്എഫ്ഐ പ്രവര്‍ത്തകരെ വേറെയും മിസ പ്രകാരം തടങ്കലിലാക്കി. എസ്എഫ്ഐ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ നേതാക്കള്‍ വേണമല്ലോ. അതിനാല്‍ നാല് പേര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു. സുധീര്‍ എന്ന പേരില്‍ എനിക്ക് ഒളിവില്‍ കഴിയേണ്ടി വന്നു. 1975ല്‍, ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനമായ നവംബര്‍ 7നായിരുന്നു വിവാഹം. ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആണ് നിര്‍ദ്ദേശിച്ചത്. അടിയന്തരാവസ്ഥ കഴിഞ്ഞിട്ട് വിവാഹം കഴിക്കാമെന്നാണ് ഞങ്ങള്‍ (പ്രകാശും വൃന്ദ കാരാട്ടും) വിചാരിച്ചത്.അടിയന്തരാവസ്ഥ എപ്പോഴാണ് അവസാനിക്കുകയെന്നൊന്നും പറയാനാവില്ല, അതുകൊണ്ട് വിവാഹം മുടക്കേണ്ട എന്ന് അപ്പോള്‍ സുര്‍ജിത് പറഞ്ഞു,
അന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു. ഇന്നിപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്നാണ്. എങ്ങനെ വിലയിരുത്തുന്നു
പ്രഖ്യാപിത, അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലം എന്നത് ശരിയായ താരതമ്യമാവില്ല. ഇന്ദിരാഗാന്ധി അവരുടെ അധികാരത്തിന് ഭീഷണി നേരിട്ടപ്പോള്‍ പ്രഖ്യാപിച്ചതാണ് അന്നത്തെ അടിയന്തരാവസ്ഥ. അധികാരം തന്നിലേക്ക് കേന്ദ്രീകരിച്ച് അത് ഊട്ടിയുറപ്പിക്കാനാണ് ഇന്ദിര അടിയന്തരാവസ്ഥയെ ഉപയോഗിച്ചത്. അത് പക്ഷേ താല്‍ക്കാലികലക്ഷ്യമായിരുന്നു. 21 മാസമേ നീണ്ടുനിന്നുള്ളൂ. ഇന്നത്തെ സാഹചര്യം അതിനേക്കാള്‍ മോശമാണ്. അതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പറയുന്നത് അതിന്റെ തീവ്രത കുറച്ചുകാണലാവും. ജനാധിപത്യസംവിധാനത്തിനെതിരായ ആദ്യത്തെ പ്രത്യക്ഷആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്ന് പറയാം. ഇന്ദിരാഗാന്ധിയുടെയും ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ന് കൃത്യമായ പദ്ധതികളോടെ സ്വേച്ഛാധിപത്യത്തിന്റെ സ്ഥാപനവല്‍ക്കരണം ബിജെപിആര്‍എസ്എസ് സഖ്യം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു സ്ഥിരംസംവിധാനമാക്കുന്നു. ഒരു ദശാബ്ദം കൊണ്ട് അവര്‍ പൂര്‍ണതോതിലുള്ള സ്വേച്ഛാധിപത്യം യാഥാര്‍ഥ്യമാക്കി. സ്വേച്ഛാധിപത്യഭരണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഇന്ദിരഗാന്ധിയോട് നമ്മള്‍ പോരാടിയത്. ഇന്ദിര അതില്‍ വിജയിച്ചില്ല. അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകാനായില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകയുമുണ്ടായി. ആ 21 മാസത്തെ ആഭ്യന്തര അടിയന്തരാവസ്ഥയേക്കാള്‍ പലമടങ്ങ് അപകടമാണിന്നത്തെ അവസ്ഥ. അടിയന്തരാവസ്ഥയിലെ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഞാനിത് പറയുന്നത്.
അന്ന് ജനസംഘമുള്‍പ്പെടെ എല്ലാവരും ഒരുമിച്ച് പ്രക്ഷോഭരംഗത്തുണ്ടായിരുന്നില്ലേ ?
അന്ന് ജനതാപാര്‍ട്ടി ഇല്ലായിരുന്നു. സോഷ്യലിസ്റ്റ്പാര്‍ട്ടി, ജനസംഘ്, കോണ്‍ഗ്രസ്ഒ തുടങ്ങിയ ഇടതിതര പാര്‍ട്ടികളെല്ലാം ഒരുമിച്ചാണ് ജനതാപാര്‍ട്ടി ഉണ്ടാക്കി അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. 1977 മാര്‍ച്ചിലായിരുന്നു തിരഞ്ഞെടുപ്പ്. 1971ല്‍ ഗരീബി ഹഠാവോ മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്ദിരഗാന്ധി തിരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് വര്‍ഷത്തിനകം അവര്‍ക്കെതിരെ ജനരോഷം ശക്തമായിത്തുടങ്ങി. ഗുജറാത്തില്‍ നവനിര്‍മാണ്‍ പ്രസ്ഥാനം രൂപപ്പെട്ടു. ജെപി മൂവ്മെന്റ് ബിഹാറില്‍ തുടങ്ങി മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഇതിനെയെല്ലാം പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. നമ്മളും പിന്തുണച്ചെങ്കിലും നമ്മള്‍ സമാന്തരമായി തന്നെ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ജെപി പ്രസ്ഥാനത്തെ സഹായിക്കാനായി സംഘര്‍ഷസമിതി എന്നൊരു സമിതി അന്ന് രൂപീകരിച്ചെങ്കിലും നമ്മളതിലും പങ്കാളിയായില്ല. പക്ഷേ നമ്മുടേതായ പരിപാടികളിലൂടെ അതിനോട് സഹകരിച്ചു. 74ല്‍ രണ്ടാഴ്ച നീണ്ട വലിയൊരു റെയില്‍വേ സമരമുണ്ടായി. ആയിരക്കണക്കിന് തൊഴിലാളികളെ അറസ്റ്റ് ചെയ്താണ് സമരം അടിച്ചമര്‍ത്താന്‍ നോക്കിയത്. ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു സമരനേതാവ്. നമ്മളും അതിനോട് സഹകരിച്ചു.
അലഹബാദ് ഹൈക്കോടതിവിധിയെ മറികടക്കാന്‍ മാത്രമായിരുന്നോ, അതോ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് ഭയന്നാണോ ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
രണ്ടുമുണ്ടായിരുന്നു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിന്ന് അവര്‍ക്ക് ഭാഗികമായ ആശ്വാസം ലഭിക്കുകയുണ്ടായി. അയോഗ്യയാക്കിയ വിധിയില്‍ ചെറിയ ഇളവ്. പാര്‍ലമെന്റില്‍ പങ്കെടുക്കാം, പക്ഷേ വോട്ടവകാശമുണ്ടായിരിക്കില്ല എന്നോ മറ്റോ ഉള്ള വിധി വന്നു. അത് പോരായിരുന്നു. അലഹബാദ് ഹൈക്കോടതിവിധി പാടേ റദ്ദാക്കിയിട്ടില്ല. അപ്പോള്‍ അവര്‍ക്ക് പ്രതിപക്ഷനീക്കത്തെ മറികടക്കണമായിരുന്നു. വിദ്യാര്‍ഥി, തൊഴിലാളി പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്നു. അതവരെ വല്ലാതെ അസ്വസ്ഥയാക്കി. അധികാരം എങ്ങനെയും നിലനിര്‍ത്തി മുന്നോട്ട് പോകണമായിരുന്നു. വലത് പിന്തിരിപ്പന്‍ ശക്തികളുടെ പ്രക്ഷോഭത്തിനെതിരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നായിരുന്നു അവരുടെ വാദം. അങ്ങനെയെങ്കില്‍ എന്തിന് നിങ്ങള്‍ ഇടതുപക്ഷത്തെയും എസ്എഫ്ഐ പോലുള്ള വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെയും ആക്രമിക്കുന്നുവെന്ന് നമ്മളപ്പോള്‍ ചോദിച്ചു.
ഇന്നത്തെ രീതിയാണ് കൂടുതല്‍ അപകടകരമെന്ന് താങ്കള്‍ പറയുന്നു, അന്നത്തെ പോലെ പക്ഷേ പ്രതിപക്ഷഐക്യനിര അത്ര ശക്തമല്ലെന്നുണ്ടോ
അന്ന് പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. താഴെത്തട്ടില്‍ ജനങ്ങളാണ് പ്രക്ഷോഭമേറ്റെടുത്തത്. വിവിധ രൂപങ്ങളില്‍ ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന പ്രക്ഷോഭപരിപാടികളാണ് പ്രതിപക്ഷത്തെ രൂപപ്പെടുത്തിയത്. ഉദാഹരണത്തിന് ഗുജറാത്തിലെ നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിലൂടെ അവിടത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പുറത്താക്കാനായി. ബിഹാറില്‍ ജെപി പ്രസ്ഥാനത്തിന്റെ പോരാട്ടത്തിലൂടെ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. പെട്ടെന്ന് നാടകീയമായി അടിച്ചേല്‍പ്പിക്കപ്പെട്ട അടിയന്തരാവസ്ഥയല്ല പക്ഷേ ഇന്നുള്ളത്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ രൂപപ്പെട്ടുവരുന്ന സ്വേച്ഛാധിപത്യവല്‍ക്കരണമാണ്. അതിനെതിരായ പോരാട്ടം കൂടുതല്‍ ബുദ്ധിമുട്ടേറിയതാണ്. കാരണം ഇന്ന് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ കള്ളപ്പണംവെളുപ്പിക്കല്‍ നിരോധനനിയമവും യുഎപിഎയുമെല്ലാം അവരുടേതായ രീതിയില്‍ ഉപയോഗിക്കുകയാണ്. പ്രതിപക്ഷത്തെ തളര്‍ത്താന്‍ അറസ്റ്റും മറ്റും ആയുധമാക്കുമ്പോള്‍ തന്നെ മറ്റ് ജനാധിപത്യസ്ഥാപനങ്ങളെയും ഇല്ലാതാക്കുന്നു. അധികാരങ്ങളൊന്നുമില്ലായിരുന്നെങ്കിലും അന്നും പാര്‍ലമെന്റ് പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് ആ അവസ്ഥ ഒരു സ്ഥിരംശൈലിയായി മാറിയെന്നതാണ് വ്യത്യാസം. ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുന്നത് ഇന്ന് കൂടുതല്‍ വിശാലമായിരിക്കുന്നു.
ജനങ്ങള്‍ അന്നത്തെ പോലെ ഇതേക്കുറിച്ച് ബോധവാന്മാരാകുന്നില്ലെന്നാണോ
1977ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും പരാജയപ്പെട്ടെങ്കിലും ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് തിരിച്ചടിയേറ്റിരുന്നില്ല. ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും ബംഗാളിലും മറ്റുമാണ് തിരിച്ചടിയേറ്റത്. അന്ന് സഞ്ജയ്ഗാന്ധി ആസൂത്രണം ചെയ്ത ചേരിനിര്‍മാര്‍ജനത്തിന്റെ ഭാഗമായി വീടുകള്‍ ഇടിച്ചുനിരത്തലും എല്ലായിടത്തും പാവപ്പെട്ടവരെ ബാധിച്ചിട്ടുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണം ദക്ഷിണേന്ത്യയില്‍ അത്രകണ്ട് ബാധിച്ചില്ല. ഉത്തരേന്ത്യയില്‍ അത് ശക്തമായിരുന്നു. അതുയര്‍ത്തിയ ഭീതിയുടെ അന്തരീക്ഷം തിരഞ്ഞെടുപ്പ്ഫലത്തിലും സ്വാധീനിച്ചു.
അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടം കേരളത്തിലടക്കം സിപിഎമ്മിന്റെ ബഹുജനാടിത്തറയെ വിപുലപ്പെടുത്തി. ഉത്തരേന്ത്യയിലും പോരാട്ടം നയിച്ചെങ്കിലും അത്ര കണ്ട് മുന്നേറാനായില്ല
50 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയസാഹചര്യമാകെ മാറി. അക്കാലത്ത് ബിജെപി അടക്കമുള്ള വലതുപക്ഷ വര്‍ഗീയശക്തികള്‍ ഇത്ര കണ്ട് ശക്തമായിരുന്നില്ല ഉത്തരേന്ത്യയില്‍. 1977ന് ശേഷം, ജനാധിപത്യത്തിനായി നടത്തിയ പോരാട്ടത്തിന്റെയൊക്കെ ഫലമായി സിപിഎം കരുത്താര്‍ജിക്കുകയുണ്ടായി. അടിയന്തരാവസ്ഥയ്ക്കൊപ്പം നിന്ന സിപിഐക്ക് അതത്രകണ്ട് സാധിക്കാതെ പോയി. ആ നേട്ടം രണ്ട് പതിറ്റാണ്ടോളം നമുക്ക് നിലനിര്‍ത്താനായിട്ടുണ്ട്. 80കളിലും 90കളിലും. 90കളുടെ ആദ്യം നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആഗോളീകരണ, ഉദാരവല്‍ക്കരണ പാതയിലേക്ക് തിരിഞ്ഞു. ഒപ്പം തന്നെ ഹിന്ദുത്വശക്തികളുടെ ഉയര്‍ച്ചയുണ്ടായി. ഇത് രണ്ടും നമ്മുടെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചു. ഉത്തരേന്ത്യയില്‍ ഹരിയാന, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പലേടത്തും പാര്‍ട്ടിക്ക് പ്രവര്‍ത്തനമാരംഭിക്കാനായതു തന്നെ അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ്.അക്കാലത്ത് ഉത്തരേന്ത്യയില്‍ വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്എഫ്ഐ വളര്‍ച്ച കാട്ടിത്തുടങ്ങിയിരുന്നെങ്കിലും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കായിരുന്നു ശക്തി കൂടുതല്‍. സമാജ് വാദി യുവജന്‍ സമാജ് പോലുള്ളവ. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് 74ല്‍ സിപിഎമ്മും സമാജ് വാദിയും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ പിന്നീടുണ്ടായ മാറ്റങ്ങള്‍, പ്രത്യേകിച്ച് വലതുപക്ഷ വര്‍ഗീയശക്തികളുടെ വളര്‍ച്ച കാരണം നമ്മുടെ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ സജീവതയ്ക്ക് മങ്ങലേറ്റു. സോഷ്യലിസ്റ്റുകള്‍ക്കും അതുണ്ടായി. ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറുമടക്കം ബിജെപി സഖ്യകക്ഷികളായി. സോഷ്യലിസ്റ്റ് പ്രസ്ഥാനം വിഭജിച്ച് ദുര്‍ബലമായി.
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചുവെന്ന വാദം കേരളത്തില്‍ വിവാദമായി. വിവാദം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ഒരു ആശയക്കുഴപ്പമില്ലേ
ആര്‍എസ്എസുകാരും പല സ്ഥലത്തും അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. പക്ഷേ അവരുമായി ഒരിടത്തും നമ്മള്‍ ധാരണയുണ്ടാക്കുകയോ യോജിച്ച് പോരാട്ടത്തിലേര്‍പ്പെടുകയോ ഉണ്ടായിട്ടില്ല. എസ്എഫ്ഐ പ്രക്ഷോഭത്തെ തുടര്‍ന്ന് 600 പ്രവര്‍ത്തകരെയാണ് ഡിഐആര്‍ പ്രകാരം തടവിലിട്ടത്. അന്നൊന്നും നമ്മള്‍ എബിവിപിയുമായോ മറ്റാരെങ്കിലുമായോ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല.
Content Highlights: 50th year of emergency
Published: 24 Jun 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented