
കല്പറ്റ: ജയിലിലേക്കുപോകുമ്പോള്‍ ഭാര്യ ലീലാമ്മ ഗര്‍ഭിണിയായിരുന്നു, മകള്‍ ജനിക്കുമ്പോള്‍ ഞാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലായിരുന്നു. മകള്‍ക്ക് ഒന്നേകാല്‍വയസ്സായപ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ജയിലോര്‍മകളില്‍ എന്‍.പി. പൗലോസ് എന്ന അധ്യാപകനെ നോവിച്ചത് മകളെക്കാണാനുള്ള കാത്തിരിപ്പായിരുന്നു.
''അടിച്ചേല്‍പ്പിച്ച ചോദ്യങ്ങളുമായുള്ള ചോദ്യംചെയ്യലിനെക്കാളും മര്‍ദനങ്ങളെക്കാളും വേദന കാത്തിരിപ്പിനായിരുന്നു'' അടിയന്തരാവസ്ഥക്കാലം ഓര്‍ത്തെടുത്ത് 75-കാരനായ പൗലോസ് മാഷ് പറഞ്ഞു.
1975-ല്‍ ആനപ്പാറ ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നത്. നക്‌സല്‍ പ്രവര്‍ത്തകരായിരുന്ന മധുമാഷ് ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധവും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തതുമൊക്കെയാണ് പൗലോസ് മാഷിനെയും അഴിക്കുള്ളിലാക്കിയത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സഹായങ്ങള്‍ചെയ്തത് -പൗലോസ് മാഷിന്റെ വാക്കുകളില്‍ ഓര്‍മ്മകളുടെ വീര്യം നിറഞ്ഞു.
ഒളിവില്‍പ്പോയ മധുമാഷ് 1975 ഒക്ടോബറില്‍ തലയൊക്കെ മൊട്ടയടിച്ച് വേഷംമാറി സുല്‍ത്താന്‍ബത്തേരി ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. തൊട്ടടുത്തദിവസം പൗലോസ് മാഷിനെയും പിടികൂടി. പിന്നെ ബത്തേരി സ്റ്റേഷനിലും നടക്കാവ് പോലീസ് സ്റ്റേഷനിലും അവിടെനിന്ന് അജ്ഞാതകേന്ദ്രത്തിലേക്കുമെല്ലാം മാറ്റി.
മാറിമാറിയുള്ള ചോദ്യംചെയ്യലും ഭക്ഷണംപോലും തരാതെയുള്ള പീഡനങ്ങളും മര്‍ദനങ്ങളും അരങ്ങേറിക്കൊണ്ടേയിരുന്നു. ഒരുപാട് തടവുകാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അജ്ഞാതകേന്ദ്രത്തില്‍വെച്ച് ഞങ്ങളോട് തമ്മില്‍ത്തല്ലാന്‍വരെ പോലീസുകാര്‍ ആവശ്യപ്പെട്ടു. നിവൃത്തികേടുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ക്കതും ചെയ്യേണ്ടിവന്നു -പൗലോസ് മാഷ് പറഞ്ഞു.
ചെവിപൊട്ടുന്ന വേദനയുമായി സെന്‍ട്രല്‍ജയിലിലേക്ക്
നവംബര്‍ ഒന്നിന് ഞങ്ങളെ 'മിസ' തടവുകാരാക്കി കണ്ണൂര്‍ സെന്‍ട്രല്‍ജയിലേക്ക് കൊണ്ടുപോയി. രണ്ടുചെവിക്കും അസഹ്യമായ വേദനയുമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ എത്തുന്നത്. നടക്കാവിലെ അജ്ഞാതകേന്ദ്രത്തില്‍വെച്ച് കിട്ടിയ അടിയായിരുന്നു ചെവിവേദനയ്ക്ക് കാരണമായത്. പിന്നെ ഒന്നരവര്‍ഷം ജയിലില്‍ക്കഴിഞ്ഞു.
1977 മാര്‍ച്ചില്‍ ജനതാപാര്‍ട്ടിയുടെ ആഹ്വാനപ്രകരം ജയിലില്‍ നിരാഹാരമനുഷ്ഠിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പലര്‍ക്കും മര്‍ദനമേറ്റു. മുന്‍പ് ഭക്ഷണംതരാതെ മര്‍ദനം, പ്രതിഷേധിച്ചപ്പോള്‍ ഭക്ഷണംകഴിക്കാത്തതിന് മര്‍ദനം. ഓര്‍മ്മകളില്‍ പൗലോസ് മാഷ് ചിരിച്ചു. 1977 മാര്‍ച്ചില്‍ ജയില്‍മോചിതനായി. ഒന്നേകാല്‍ വയസ്സുകാരി മകള്‍ ലീനയെക്കണ്ടു. മാസങ്ങള്‍ക്കുശേഷം തിരികെ അധ്യാപകജോലിയില്‍ പ്രവേശിച്ചു.
മീനങ്ങാടി ഹൈസ്‌കൂള്‍, ചെറുമാട് സ്‌കൂള്‍, ചുള്ളിയോട് സ്‌കൂള്‍, വാരമ്പറ്റ സ്‌കൂള്‍, അമ്പലവയല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തശേഷം 2006-ല്‍ പ്രധാനാധ്യാപകനായി വിരമിച്ചു.
ഇപ്പോള്‍ അമ്പലവയല്‍ മാളികക്കുന്നിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് പൗലോസ് മാഷ്. 1947-ല്‍ മൂവാറ്റുപുഴയില്‍നിന്ന് വയനാട്ടിലേക്ക് കുടിയേറിയതാണ് പൗലോസിന്റെ കുടുംബം.
Content Highlights: India`s Emergency, the hardships and memories of a teacher
Published: 26 Jun 2025, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented