
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടന്‍ കേരളത്തില്‍ അറസ്റ്റിലായ ആദ്യനേതാക്കളില്‍ ഒരാളാണ് മുന്‍നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.വിജയകുമാര്‍. അടിയന്തരാവസ്ഥാ വേളയില്‍ നിയമവിദ്യാര്‍ഥിയും എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രതിധ്വനിയായി 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന ചരിത്രമുദ്രാവാക്യം പിറവിയെടുത്തത് വിജയകുമാറും ജി.സുധാകരനും നയിച്ച വിദ്യാര്‍ഥി പ്രകടനത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകള്‍ അദ്ദേഹം 'മാതൃഭൂമി'യുമായി പങ്കുവെയ്ക്കുന്നു.
ആദ്യത്തെ അറസ്റ്റ്
അന്ന് ഞാന്‍ ലോ കോളേജ് വിദ്യാര്‍ഥിയാണ്. എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംസ്ഥാന ജോ. സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. അന്ന് കോടിയേരി ബാലകൃഷ്ണനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. പ്രസിഡന്റ് എം.എ.ബേബി. ജൂണ്‍ 25ന് സംഘടനാപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞ് പതിവു പോലെ ഞങ്ങള്‍ ക്യാമ്പു ചെയ്യാറുള്ള എംഎല്‍എ ഹോസ്റ്റലിലെത്തി. എ.വി.കുഞ്ഞമ്പുവിന്റെ എട്ടാം നമ്പര്‍ മുറിയായിരുന്നു ക്യാമ്പ്. അദ്ദേഹത്തിന്റെ മകന്‍ വിജയന്‍ അവിടെ താമസിച്ചിരുന്നു. മിക്കവാറും ഞങ്ങളും. അന്നൊരു സിനിമയൊക്കെ കണ്ടു വന്ന് പതിവുപോലെ അവിടെ കിടന്നുറങ്ങി. പിറ്റേന്നു രാവിലെ ഞങ്ങള്‍ ചായ കുടിക്കാനിറങ്ങി. എംഎല്‍എ ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ തന്നെ റോഡില്‍ പോലീസ്. ഞങ്ങളോടു നില്‍ക്കാന്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാര്യം അറിയിച്ചു.
അതെന്താണെന്ന് അറിയാമോ എന്നു ചോദിച്ചു. ഇല്ലെന്നു മറുപടി നല്‍കി. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, നിങ്ങളെ കസ്റ്റഡിയിലെടുക്കുകയാണന്നും പോലീസ് വാനില്‍ കയറാനും പറഞ്ഞു. സാധാരണ സംഗതിയല്ലെന്നു മനസിലായതിനാല്‍ ഞങ്ങള്‍ തര്‍ക്കിക്കാനൊന്നും പോയില്ല. കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി. അവിടെ വന്‍പോലീസ് സന്നാഹം. എന്തോ വലിയ കുഴപ്പമുണ്ടെന്ന് അപ്പോള്‍ മനസിലായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീധരന്‍ നായര്‍ വന്നു പറഞ്ഞു.-'അടിയന്തരാവസ്ഥയാണ്. പഴയപോലെ ഒന്നും ചെയ്യാന്‍ പറ്റില്ല. പ്രവര്‍ത്തിക്കാനൊന്നും പറ്റില്ല. മിസയില്‍ ആരെയും അറസ്റ്റു ചെയ്യാം, ജയിലിലിടാം. കോടതിയില്‍ ജാമ്യമൊന്നും കിട്ടില്ല'
ഞങ്ങള്‍ അവിടെ നിന്നു. ഉച്ചയായപ്പോള്‍ ഇരിക്കാനൊരു ബെഞ്ചു തന്നു. കഴിക്കാന്‍ പൊതിച്ചോറും നല്‍കി. അന്നു രാത്രി മുഴുവന്‍ അവിടെ കിടന്നു. മര്‍ദ്ദനമോ മറ്റു പ്രശ്നങ്ങളോ ഒന്നുമുണ്ടായില്ല. പിറ്റേ ദിവസം രാവിലെ സിഐ വിളിച്ചു പറഞ്ഞു-അടിയന്തരാവസ്ഥക്കെതിരെ എസ്എഫ്ഐ പ്രക്ഷോഭം നടത്തുന്നുമെന്നാണ് റിപ്പോര്‍ട്ട്. അതാണ്, നിങ്ങളെ അറസ്റ്റു ചെയ്തതെന്ന് അറിയിച്ചു. ഇപ്പോ പൊയ്ക്കോ. കുഴപ്പമുണ്ടെങ്കില്‍ പിടിക്കുമെന്നു പറഞ്ഞ് വിട്ടയച്ചു. ഇതാണ് അടിയന്തരാവസ്ഥയിലെ എന്റെ ആദ്യത്തെ അനുഭവം.
ആ ചരിത്രമുദ്രാവാക്യത്തിന്റെ പിറവി
സെക്രട്ടറി കോടിയേരിയെ മിസ നിയമമനുസരിച്ച് തടവിലിട്ടു. പ്രസിഡന്റ് ബേബി കൊല്ലത്താണ്. തിരുവനന്തപുണ്ടായിരുന്നത് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജി.സുധാകരനാണ്. അദ്ദേഹവും ഞാനും മറ്റു ചിലരും കൂടിയാലോചിച്ച് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കണമെന്നു തീരുമാനിച്ചു. എസ്എഫ്ഐയുടെ രൂപവത്കരണം മുതല്‍ സ്‌കൂളും കോളേജും തുറക്കുന്ന ജൂലായ് ഒന്നിന് അവകാശദിനം ആചരിക്കാറുണ്ട്. അടിയന്തരാവസ്ഥ കൂടിയായതിനാല്‍ ജനാധിപത്യസംരക്ഷണത്തിനായി പ്രതിഷേധദിനം നടത്താന്‍ തീരുമാനിച്ചു. പറ്റുമെങ്കില്‍ ഞാനും വരാമെന്ന് ബേബി അറിയിച്ചു.
അതുവരെ ആരും ഒരു പ്രകടനം നടത്തിയിരുന്നില്ല.
കേരളത്തിലും ഇന്ത്യയിലും നടന്ന ആദ്യത്തെ വിദ്യാര്‍ഥി പ്രകടനമായിരുന്നു ജൂലായ് ഒന്നിന്റേത്. അന്ന് വലിയ പ്രചാരണമൊന്നും നടത്താനാവില്ല. തിരുവനന്തപുരത്ത് സംസ്‌കൃത കോളേജ്, ആര്‍ട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലൊക്കെയുള്ള വിദ്യാര്‍ഥികളെ വിവരമറിയിച്ചു. ജൂലായ് ഒന്നിന് രാവിലെ പത്തു മണിക്കു മുമ്പ് യൂണിവേഴ്സിറ്റി കോളേജില്‍ രഹസ്യമായി എത്താന്‍ പറഞ്ഞു. ഞാന്‍ ഒമ്പതു മണിക്കെത്തി. ബാക്കിയുള്ളവര്‍ ഓരോരുത്തരായി എത്തി യൂണിവേഴ്സിറ്റി കോളേജിന്റെ പിറകില്‍ തമ്പടിച്ചു. പത്തരയായപ്പോള്‍ പ്രകടനം തുടങ്ങി. 'അടിയന്തരാവസ്ഥ തുലയട്ടെ, ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ' എന്ന മുദ്രാവാക്യങ്ങളുമായി ഞങ്ങള്‍ നീങ്ങി.
അന്നു വിളിച്ച പ്രധാനപ്പെട്ട മുദ്രാവാക്യമാണ് 'അടിയന്തരാവസ്ഥ അറബിക്കടലില്‍'.. ആ മുദ്രാവാക്യം ആദ്യമുയര്‍ത്തിയതും ആ വിദ്യാര്‍ഥി പ്രകടനത്തിലായിരുന്നു. വായ്മൂടിക്കെട്ടിയതിനാല്‍ അന്നു പത്രങ്ങളിലൊന്നും വന്നില്ല. പക്ഷെ, പിന്നീട് തലസ്ഥാനത്തു തന്നെ നടന്ന അടിയന്തരാവസ്ഥാവിരുദ്ധ റാലിയില്‍ ഇഎംഎസ് പ്രസംഗത്തില്‍ അതു പറഞ്ഞതോടെ വലിയ വാര്‍ത്തയായി. അങ്ങനെ ആ മുദ്രാവാക്യം പോപ്പുലറായി. ആ മുദ്രാവാക്യം വിളിച്ചു കൊടുത്തത് ഞാനായിരുന്നു. അന്നൊരു ഇന്‍സ്റ്റന്റ് മുദ്രാവാക്യമായി അതു പിറവിയെടുക്കുകയായിരുന്നു.
ഞങ്ങള്‍ പ്രകടനം തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ ബേബി ബസില്‍ വന്നിറങ്ങി. അടിയന്തരാവസ്ഥക്കെതിരേയുള്ള പ്രതിഷേധം കണ്ട് ജനങ്ങള്‍ അന്തം വിട്ടു. റോഡില്‍ ബസുകളൊക്കെ നിശ്ചലമായി. പ്രകടനം സെക്രട്ടേറിയറ്റിലെ സമരഗേറ്റിലെത്തുന്നതു വരെ പോലീസ് അറിഞ്ഞിരുന്നില്ല. പിന്നീട്, വേലുത്തമ്പി ദവളയുടെ പ്രതിമയ്ക്കു സമീപമെത്തിയപ്പോള്‍ പോലീസ് വളഞ്ഞു. അതിരൂക്ഷമായ ലാത്തിച്ചാര്‍ജ് നടന്നു. കുറെപ്പേര്‍ ചിതറിയോടി. ഞങ്ങള്‍ 24 പേരെ അറസ്റ്റു ചെയ്തു. ആദ്യത്തെ പ്രകടനവും തുടര്‍ന്നുള്ള അറസ്റ്റും അതായിരുന്നു.
വാഹനത്തില്‍ കയറ്റിയപ്പോഴും ഞങ്ങള്‍ അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം വിളിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാക്കി, ക്രൂരമായ മര്‍ദ്ദനം. ഓരോരുത്തരേയായി വിളിച്ചായിരുന്നു മര്‍ദ്ദനം. ആദ്യത്തെ തല്ല് ജി.സുധാകരനായിരുന്നു.
അദ്ദേഹത്തിന്റെ കണ്ണട രണ്ടായി പൊട്ടി. കമിഴ്ന്നു വീണപ്പോള്‍ ചവിട്ടു. എണീറ്റപ്പോള്‍ കുനിച്ചു നിര്‍ത്തി ഇടിച്ചു. അങ്ങനെ, ഓരോരുത്തരേയായി തല്ലി. എന്നെ തല്ലിയത് അവസാനമായിരുന്നു. ഇടയില്‍ ജെ.ബി.മോഹനന്‍ എന്നൊരു സഖാവ് രഹസ്യമായി എന്നോടൊരു കാര്യം പറഞ്ഞു. ഉള്ളിലിട്ട ബനിയനില്‍ നഷ്ടപ്പെടാന്‍ വിലങ്ങുകള്‍, നേടാനുള്ളതു വലിയൊരു ലോകം എന്നെഴുതിയിട്ടുണ്ട്. ഞാന്‍ ഉപദേശിച്ചു- മോഹനൊരു കാര്യം ചെയ്യൂ, ഷര്‍ട്ടൂരുമ്പോള്‍ ബനിയനും കൂട്ടി ഊരിയാല്‍ മതി. പക്ഷെ, അയാള്‍ക്കതു ചെയ്യാനായില്ല. മോഹനു കൂടുതല്‍ അടി കിട്ടി. അങ്ങനെ, പോലീസ് മൂന്നു മണിക്കൂര്‍ സമയമെടുത്ത് ഞങ്ങള്‍ ഓരോരുത്തരെയായി മര്‍ദ്ദിച്ചവശരാക്കി.
പോലീസ് സ്റ്റേഷനില്‍ വന്നത് വര്‍ക്കല രാധാകൃഷ്ണനായിരുന്നു. വക്കീലായതിനാല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല. ഞങ്ങളെ റിമാന്‍ഡ് ചെയ്തു. ആദ്യം അട്ടക്കുളങ്ങര സബ്ജയിലില്‍. കെ.അനിരുദ്ധന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവിടെയുണ്ടായിരുന്നു. ഇന്ത്യയില്‍ പട്ടാളഭരണം എന്ന വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ 'ഹോംഗാര്‍ഡ്' എന്ന സായാഹ്നപത്രത്തിന്റെ ആളുകളും അവിടെയുണ്ടായിരുന്നു. അട്ടക്കുളങ്ങരയിലും പൂജപ്പുരയിലുമായി ഞങ്ങള്‍ നാലു മാസം ജയിലില്‍ കിടന്നു. പൂജപ്പുരയില്‍ എകെജിയും ഇഎംഎസും ഞങ്ങളെ കാണാന്‍ വന്നു. അതു വലിയ ആവേശമായി.
കേസ് കോടതിയിലെത്തിയപ്പോള്‍ ആദ്യമൊക്കെ ജാമ്യം നിഷേധിച്ചു. നാലു മാസത്തിനു ശേഷം വിദ്യാര്‍ഥികളായതിനാല്‍ ജാമ്യം കിട്ടി. എനിക്കു വ്യക്തിപരമായി മറ്റൊരനുഭവമുണ്ട്. ജയിലില്‍ കിടന്നു കൊണ്ട് ഞാന്‍ കേരള സെനറ്റിലേക്കു മത്സരിച്ചു. എസ്ആര്‍പി ഒരാളുടെ കൈയില്‍ പത്രിക കൊടുത്തയച്ചു. അങ്ങനെ, മത്സരിച്ച് ഞാന്‍ സെനറ്റംഗമായി.
അതു വര്‍ക്കല വിജയനായിരുന്നു; ഞാനാണ് സാക്ഷി
സംഘടനാപ്രവര്‍ത്തനം മുഴുവന്‍ ഒളിവിലായിരുന്നു. അന്ന് കോളേജുകളില്‍ കെഎസ് യുവാണ് ഏറ്റവും വലിയ സംഘടന. അവര്‍ അടിയന്തരാവസ്ഥക്ക് അനുകൂലമായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായി അടിയന്തരാവസ്ഥക്കെതിരെ പ്രചാരണം നടത്തി. ഈ പ്രചാരണം, പ്രക്ഷോഭം, പോലീസ് മര്‍ദ്ദനം തുടങ്ങിയവയുടെയൊക്കെ ഭാഗമായി അടിയന്തരാവസ്ഥക്കു ശേഷമുള്ള സ്‌കൂള്‍-കോളേജ് തിരഞ്ഞെടുപ്പുകളില്‍ കെഎസ് യുവിനെ പരാജയപ്പെടുത്തി എസ്എഫ്ഐ വിജയിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം കെഎസ് യു ആധിപത്യം ഇല്ലാതാക്കി എസ്എഫ്ഐക്കു വലിയ മുന്നേറ്റം കേരളത്തിലുണ്ടായി.
കോടിയേരി ജയിലിലായതിനാല്‍ ഞാനായിരുന്നു ആക്ടിങ് സെക്രട്ടറി. ഒളിവുകാലത്ത് തൃശൂരില്‍ വെച്ച് രഹസ്യമായി, എസ്എഫ്ഐ സംസ്ഥാന സമ്മേളനം വരെ ഞങ്ങള്‍ നടത്തി. ഇഎംഎസൊക്കെ സമ്മേളനത്തിനു വന്നിരുന്നു. ഇതിനിടയില്‍ തിരുവനന്തപുരത്ത് മറ്റൊരു സംഭവമുണ്ടായി. പഠന ക്യാമ്പുകള്‍ എസ്എഫ്ഐ നടത്താറുണ്ട്. തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ഒരു വീട്ടില്‍ രഹസ്യമായിട്ടായിരുന്നു ക്യാമ്പ്. കാട്ടാക്കടയ്ക്കടുത്ത് തൂങ്ങാംപാറയില്‍ രാഗിണി-പത്മിനിമാരുടെ കുടുംബവീട്ടില്‍. അതിലൊരാള്‍ എസ്എഫ്ഐയിലുണ്ടായിരുന്നു. രണ്ടു ദിവസത്തെ ക്യാമ്പായിരുന്നു.
ആളുകള്‍ വന്നതും പോവുന്നതുമൊക്കെ കണ്ട് അടുത്തുള്ള ചിലര്‍ നക്സലൈറ്റുകളുടെ ക്ലാസ് നടക്കുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചു. ക്യാമ്പിലെ ആദ്യദിനത്തിനു ശേഷം ഞങ്ങള്‍ കിടന്നുറങ്ങിയപ്പോള്‍ രാത്രി രണ്ടു മണിക്ക് പോലീസ് വളഞ്ഞു. അന്ന് നക്സലൈറ്റ് വേട്ട നടക്കുന്ന കാലമായിരുന്നല്ലോ. ഞങ്ങളെ അറസ്റ്റു ചെയ്തു. ക്ലാസെടുക്കാന്‍ വന്ന ആളായിരുന്നു പിരപ്പന്‍കോട് മുരളി. അദ്ദേഹത്തിനു മിസ വാറന്റുണ്ടായിരുന്നു. പോലീസ് പിടിച്ചാല്‍ പിന്നെ വിടില്ല. ഒളിവില്‍ ക്ലാസെടുക്കാന്‍ വന്നതാണ് അദ്ദേഹം. വീടിന്റെ പിന്നില്‍ നെയ്യാര്‍ ഡാമില്‍ നിന്നു വരുന്ന ഒരു കനാലുണ്ട്. സംഘാടകസമിതിയിലുള്ള കാട്ടാക്കട ശശി കനാല്‍ വഴി പിരപ്പന്‍കോടിനെ രക്ഷപ്പെടുത്തി.
ഞങ്ങളെയെല്ലാം അറസ്റ്റു ചെയ്തു. കാട്ടാക്കട സ്റ്റേഷനിലെ ലോക്കപ്പിലിട്ടു. നക്സലൈറ്റാണോ എന്നു ചോദിച്ചപ്പോള്‍ എസ്എഫ്ഐ ആണെന്നു പറഞ്ഞു. ക്ലാസെടുത്തത് ഞാന്‍ തന്നെയെന്നു പറഞ്ഞു. പിരപ്പന്‍കോടിന്റെ പേരു പറഞ്ഞില്ല. നക്സലൈറ്റുകാരല്ലെന്നു മനസിലായപ്പോള്‍ കൂടെയുണ്ടായിരുന്നവരെ വിട്ടു. എന്നെ വിട്ടില്ല. പിറ്റേദിവസം ഉച്ചയോടെ, മറ്റൊരു പോലീസ് സംഘം എന്നെ കാട്ടാക്കടയില്‍ നിന്നും വണ്ടിയില്‍ കയറ്റി ചോദ്യം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിച്ചു.
ശാസ്തമംഗലത്തെ പോലീസ് ക്യാമ്പിലെത്തിച്ചു. തിരുവനന്തപുരത്തെ കക്കയം ക്യാമ്പ്! അവിടെ വലിയൊരു ഹാള്‍. നടുവില്‍ ഒരു കട്ടില്‍. അതിന്റെ ഒരു കാലില്‍ ചങ്ങലയ്ക്കിട്ട് ഒരു ചെറുപ്പക്കാരനെ കിടത്തിയിരിക്കുന്നു. കൊടിയ മര്‍ദ്ദനമേറ്റ് അവശനായിരുന്നു അയാള്‍. ഒരു മേശയ്ക്കു മുകളില്‍ കാലിന്മേല്‍ കാലുവെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇരിക്കുന്നു. അതു ജയറാം പടിക്കലാണെന്ന് പിന്നീടു ഞാന്‍ മനസിലാക്കി. അദ്ദേഹം എന്നെയും ചോദ്യം ചെയ്തു. ഞാന്‍ നക്സലൈറ്റല്ലെന്നു മനസിലാക്കി. എന്നോടു പൊയ്ക്കോളാന്‍ പറഞ്ഞു. ചങ്ങലയ്ക്കിട്ട് ഇരിക്കുന്നതാരെന്ന് ഒരു പോലീസുകാരനോടു ഞാന്‍ ചോദിച്ചു. അതു വര്‍ക്കലക്കാരന്‍ പയ്യനാണെന്നു മറുപടി.
പിന്നീട് ഞാന്‍ മനസിലാക്കിയത്, രാജനെപ്പോലെ കൊല്ലപ്പെട്ട ചെറുപ്പക്കാരനായ വര്‍ക്കല വിജയനായിരുന്നു അത്. അയാളെ തല്ലിച്ചതച്ച് അവിടെ ചങ്ങലയ്ക്കിട്ടതിനു ഞാന്‍ ദൃക്സാക്ഷിയാണ്. അയാളെ പിന്നീട് തല്ലിക്കൊന്നു. വിദ്യാര്‍ഥിയായിരുന്നു. അയാളുടെ മൃതദേഹം പോലും കണ്ടില്ല. രാജനു വേണ്ടി പോരാടാന്‍ ഈച്ചര വാര്യരുണ്ടായി. വര്‍ക്കല വിജയനു വേണ്ടി പറയാന്‍ ആരുമുണ്ടായില്ല. ഞാനും അതിനൊരു ദൃക്സാക്ഷിയാണ്. അയാള്‍ക്കു വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ ഞങ്ങള്‍ക്കും കുറ്റബോധമുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞിട്ടെങ്കിലും ആ പ്രശ്നം ഏറ്റെടുക്കണമായിരുന്നു.
കേരള സമൂഹം വര്‍ക്കല വിജയനോട് നീതി പുലര്‍ത്തിയില്ല. അടിയന്തരാവസ്ഥയിലെ രക്തസാക്ഷിയായ വര്‍ക്കല വിജയനെ കേരളം മറന്നു!
അരനൂറ്റാണ്ടായിട്ടും അനീതി
ആദ്യപ്രകടനത്തിന്റെ ഓര്‍മ്മ പുതുക്കി എല്ലാ വര്‍ഷവും ജൂലായ് ഒന്നിന് യൂണിവേഴ്സിറ്റി കോളേജില്‍ അവകാശദിനം ആചരിക്കാറുണ്ട്. അടിയന്തരാവസ്ഥക്കെതിരേ പോരാടിയ ഒട്ടേറെ പേരുണ്ട്. എന്നാല്‍, സര്‍ക്കാര്‍ അടിയന്തരാവസ്ഥാ പോരാളികളെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനാധിപത്യസംരക്ഷണത്തിനായി ത്യാഗം ചെയ്ത, പോരാടിയ സമരഭടന്മാരെ ആ രൂപത്തില്‍ തന്നെ അംഗീകരിക്കണം. രക്തസാക്ഷികള്‍ വരെയുണ്ട്. ഇതൊരു രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നു. അവരെയും സ്വാതന്ത്ര്യ സമര ഭടന്മാരായി അംഗീകരിക്കണം. സംരക്ഷണം ആവശ്യമുള്ള ഒരു വിഭാഗമാണ്. സംരക്ഷിക്കേണ്ട വരെ സര്‍ക്കാര്‍ സംരക്ഷിക്കണം. അന്നത്തേത് ഒരു രാഷ്ട്രീയപ്പോരാട്ടമായിരുന്നു. അതിനാല്‍ ആനുകൂല്യം വേണമെന്ന അഭിപ്രായമില്ല.
Content Highlights: M.Vijayakumar recounts his arrest during the Emergency, the birth of the iconic slogan
Published: 25 Jun 2025, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented