
കൊച്ചി: ഉരുകിയൊലിക്കുന്ന ഈ വേനൽ കെ.എസ്.ഇ.ബി.ക്ക് ഭാവിയിലേക്കുള്ള വലിയ പാഠമാണ്. ഇത്രയും ഉയർന്ന താപനിലയിലുള്ള വേനലിനെ നേരിടാൻ കേരളത്തിന്റെ വൈദ്യുതിമേഖല സജ്ജമായിരുന്നില്ല എന്നതാണ് ഇതിൽ പ്രധാനം.
ട്രാൻസ്ഫോർമറുകളുടെ ‘ലൈവ്’ ലോഡ് കണ്ടെത്താനുള്ള സംവിധാനം ഇപ്പോഴും കെ.എസ്.ഇ.ബി.ക്കില്ല. അന്തഃസംസ്ഥാന ലൈനുകളിലൂടെ കേരളത്തിനുപുറമേനിന്നു കൊണ്ടുവരാവുന്ന വൈദ്യുതിയുടെ അളവ് അധികൃതർ പറയുന്നതുപോലെ 4200 മെഗാവാട്ട് അല്ല, അത് 6193 മെഗാവാട്ടാണ്. ആ ശേഷിയിലേക്ക് കേരളം എത്തിയിട്ടുമില്ല.
പ്രശ്നങ്ങൾ
- ഉയരുന്ന ഉപഭോഗം- ഈ വർഷം ഓരോദിവസവും വൈദ്യുതി ഉപയോഗം ഉയർന്ന് പുതിയ റെക്കോഡ് തൊടുകയാണ്. ശനിയാഴ്ച രാത്രിയിൽ സംസ്ഥാനത്തിനു വേണ്ടിവന്നത് 5754 മെഗാവാട്ട് വൈദ്യുതിയായിരുന്നു. 2023 ജനുവരിയിൽ 3900 മെഗാവാട്ട് ആയിരുന്നു ആവശ്യം. ഈ ജനുവരിയിൽ ഇത് 4200 മെഗാവാട്ടായി.
- ഓവർലോഡ് ട്രാൻസ്‌ഫോർമർ- വൈദ്യുതിമുടക്കത്തിന്റെ യഥാർഥപ്രശ്നം ട്രാൻസ്ഫോർമറുകൾ ഓവർലോഡാകുന്നതാണ്. നിലവിൽ 100, 160, 250 കിലോ വോൾട്ട് ആംപിയർ (കെ.വി.എ.) ട്രാൻസ്ഫോർമറുകളാണ് ഉപയോഗിക്കുന്നത്. ഒരു ട്രാൻസ്ഫോർമറിനുകീഴിൽ 100 മുതൽ 400 അല്ലെങ്കിൽ അതിലേറെ വീടുകളുണ്ടാകും. ഇതു കുറച്ചുകൊണ്ടുവരാൻ ഇപ്പോൾ 100 കെ.വി.എ. ട്രാൻസ്ഫോർമറുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ വലിയ ഒരുമേഖലയിൽ വൈദ്യുതിതടസ്സമുണ്ടാകുന്നത് ഒഴിവാകും.
- ജീവനക്കാരില്ല- വൈദ്യുതി സെക്‌ഷൻ ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചതുമൂലം രാത്രിഡ്യൂട്ടിക്ക് രണ്ടുപേർ മാത്രമാണുണ്ടാവുക. ചില സെക്‌ഷനുകളിൽ മൂന്നുപേരും.
പരിഹാരങ്ങൾ
- വേണം സ്മാർട്ട് മീറ്റർ- പ്രദേശത്തെ യഥാർഥ വൈദ്യുതി ഉപഭോഗം അറിഞ്ഞ് നടപടികൾ സ്വീകരിക്കാൻ സ്മാർട്ട് മീറ്റർ സ്ഥാപിക്കണം. ഇതിലൂടെ ഓരോ പ്രദേശത്തെയും വൈദ്യുതി ആവശ്യവും ഓവർലോഡ് സാധ്യതയുള്ള ട്രാൻസ്ഫോർമറുകളും ലൈനുകളും വ്യക്തമാകും.
- കൂടുതൽ എത്തിക്കാം- പുഗലൂർ-തൃശ്ശൂർ അന്തഃസംസ്ഥാന ലൈനിലൂടെ 2000 മെഗാവാട്ട് വൈദ്യുതികൂടി എത്തിക്കാനാകും. കൊച്ചി കാക്കനാട് പള്ളിക്കരയിലെ പവർഗ്രിഡിന്റെ 400 കെ.വി. സബ്‌സ്റ്റേഷനിൽ ഈ വൈദ്യുതി സ്വീകരിച്ച് വിതരണം ചെയ്യാനാകും.
- രാത്രിയിൽ ആളുണ്ടാകണം- ഓരോ സെക്‌ഷൻ ഓഫീസിലും രാത്രിയിൽ ആറോ ഏഴോ പേരെങ്കിലും ഉണ്ടാകണം. പരാതികൾ പരിഹരിക്കാൻ നേരത്തേ ട്രബിൾ കോൾ മാനേജ്‌മെന്റ് സിസ്റ്റം ഉണ്ടായിരുന്നു. ഇതിന് സമാനമായ സംവിധാനമുണ്ടാകണം.
- ട്രാൻസ്‌ഫോർമറുകൾ പ്രയോജനപ്പെടുത്താം- തിരുവനന്തപുരം, അങ്കമാലി, ഷൊർണൂർ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമർ ആൻഡ് മീറ്റർ റിപ്പയറിങ് യൂണിറ്റുകളിൽ 25 കെ.വി.എ.യുടെ 250 ട്രാൻസ്ഫോർമറുകൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. വൈദ്യുതിപ്രശ്നം രൂക്ഷമായ സ്ഥലങ്ങളിൽ ഇവയെത്തിച്ച് ശേഷികൂട്ടാം.
- സിംഗിളിൽനിന്ന് ത്രീ ഫേസിലേക്ക്- ഭൂരിഭാഗം ഗാർഹിക ഉപഭോക്താക്കളും സിംഗിൾ ഫേസ് കണക്‌ഷനുള്ളവരാണ്. കണക്‌ഷനെടുത്തശേഷം ഇലക്‌ട്രിക് ഉപകരണങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടാകും. പ്രത്യേകിച്ച് എ.സി. പോലുള്ളവ. എ.സി. ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ത്രീഫേസിലേക്ക് മാറ്റിയാൽ ലോഡ് ഒരു ലൈനിലേക്കുമാത്രം പോകാതെ വിഭജിക്കാനാകും.
Content Highlights: live load reading lacks in the state
Published: 06 May 2024, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented