
A type of holiday or visit in which you stay in the home of a person you don't know- ഹോംസ്റ്റേയ്ക്ക് കേംബ്രിഡ്ജ് നിഘണ്ടുവിലെ നിര്‍വചനം.
മെറിയം വെബ്സ്റ്റര്‍ ഒന്നു കൂടി വ്യക്തമാക്കുന്നു: Stay at a residence by a traveler and especially by a visiting foreign student who is 'hosted by a local family'.
ഇനി ChatGPT : A homestay is a type of accommodation where travelers stay in the home of a local host, often as part of a cultural exchange. It can be a paid service or an informal arrangement, and it typically offers a more personal and immersive experience than hotels or hostels.
Homestays are popular with students, tourists, and volunteers who want to experience local life, language, and customs firsthand. Some hosts provide meals, guidance, and activities, making it a great way to connect with the local community.
അന്യസംസ്ഥാനത്തു നിന്നോ അന്യ രാജ്യത്ത് നിന്നോ ഒരു സഞ്ചാരി നമ്മുടെ വീട്ടില്‍ വന്ന് നമ്മുടെ കുടുംബത്തോടൊപ്പം താമസിക്കുക, നമ്മുടെ ഭക്ഷണ ശീലങ്ങള്‍, ചുറ്റുപാടുകള്‍, ജീവിത രീതികളുടെയും സംസ്‌കാരത്തിന്റെയും ചില വശങ്ങള്‍ തുടങ്ങിയവ കണ്ടും അനുഭവിച്ചും അറിയുക, ഒരു ഗൃഹാന്തരീക്ഷം ആസ്വദിച്ചതിന്റെ സംതൃപ്തിയോടെ തിരിച്ചു പോവുക. ഇതാണ് കേരളത്തെ സംബന്ധിച്ചെങ്കിലും ചുരുക്കത്തില്‍ 'ഹോംസ്റ്റേ ' ( Homestay) എന്ന സങ്കല്‍പ്പം. അനുഭവവേദ്യ ടൂറിസത്തിന്റെ ( Experiential Tourism) ഒരു രൂപം എന്നു തന്നെ വിശേഷിപ്പിക്കാം. കേവലം താമസം മാത്രമല്ല അവിടെ സംഭവിക്കുന്നതെന്നത് വ്യക്തം.
ഇവിടെ അതിഥി നമ്മുടെ സ്വകാര്യതയില്‍ കടന്നു കയറുകയോ നമുക്ക് യാതൊരു വിധത്തിലും ശല്യമാവുകയോ ചെയ്യുന്നില്ല. ഈ സങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാവാര് അല്ലെങ്കില്‍ ഈ നിര്‍വചനം കൊണ്ടുവന്നതാര് എന്ന ചോദ്യത്തിന് ഉത്തരം തേടിയിട്ട് കാര്യമില്ല. കാരണം വളരെ ലളിതമാണ്. വെറുതേ നാം പൂട്ടിയിട്ടിരിക്കുന്ന ഒരു വീട്ടില്‍ അടുക്കള ഉള്‍പ്പെടെ എല്ലാവിധ താമസ സൗകര്യങ്ങളുമൊരുക്കി ഒരു ഷെഫിനെയും കെയര്‍ടേക്കറെയും ഏര്‍പ്പാടാക്കി എന്നു കരുതുക. അവിടെ ആതിഥേയ സ്പര്‍ശത്തില്‍ കേവലം ജീവനക്കാരുടെ സേവനം മാത്രമേ വരുന്നുള്ളൂ. ഒരു കുടുംബത്തിന്റെ സാന്നിധ്യമോ പരിചരണമോ അതിഥിയ്ക്ക് അവിടെ ലഭിക്കുന്നില്ല. മേല്‍പ്പറഞ്ഞ ഒരനുഭവവും ലഭിക്കുന്നുമില്ല. അതൊരു ലോഡ്ജ് പോലെയോ ഒരു മിനി ഹോട്ടല്‍ പോലെയോ മാത്രം വര്‍ത്തിക്കുന്നു. 'ഹോംസ്റ്റേ' ആകുന്നില്ല.
കേരളത്തില്‍ അക്കോമഡേഷന്‍ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍ ഹോംസ്റ്റേ എന്നത് ഒരു ടൂറിസം ഉത്പന്നം ആകയാല്‍ ഒരു ഘട്ടത്തില്‍ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ഹോംസ്റ്റേകള്‍ക്ക് ക്ലാസ്സിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹോംസ്റ്റേകള്‍ നിര്‍ബന്ധമായും ക്ലാസ്സിഫിക്കേഷന്‍ എടുത്തിരിക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചെങ്കിലും അതിന് നിയമപരമായ സാധുതയില്ലാത്തതിനാല്‍ ഒരിക്കലും നിര്‍ബന്ധമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നും കഴിയുന്നില്ല. മാത്രമല്ല ഈയടുത്ത കാലം വരെയും ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷന്‍ ലഭിക്കണമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം (No Objection Certificate ) വേണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു.
ഈ നിരാക്ഷേപപത്രത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ ലൈസന്‍സ് എടുക്കാന്‍ ആവശ്യപ്പെടും. സംരംഭകനെ അവര്‍ പരമാവധി നടത്തിക്കും. പലരും പിന്തിരിയും. തദ്ദേശഭരണ ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പലരും ടൂറിസം ക്ലാസ്സിഫിക്കേഷന് പോകാനും മടിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഹോസ്പിറ്റാലിറ്റി / ടൂറിസം വീക്ഷണകോണില്‍ അല്ല ലൈസന്‍സ് നല്‍കുന്നത് എന്നതിനാല്‍ ഗുണനിലവാരം എന്നതിന്റെ കാര്യത്തില്‍ യാതൊരു ഉറപ്പും ഉണ്ടാവില്ല. ഈ സാഹചര്യത്തിലൊക്കെയാണ് ഈയടുത്ത കാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപപത്രം വേണ്ട എന്ന സര്‍ക്കാര്‍ ഉത്തരവ് വന്നത്.
പക്ഷേ അത് പഞ്ചായത്ത് റൂളുകളിലും മറ്റും ഇപ്പോഴും ഉള്‍പ്പെടുത്താത്തതിനാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ ചിലയിടത്തെങ്കിലും സംരംഭകര്‍ അനുഭവിക്കേണ്ടി വരുന്നു. എങ്കിലും ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ആര്‍ക്കെങ്കിലും ഹോംസ്റ്റേ തുടങ്ങണം എങ്കില്‍ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്താല്‍ മതി. ചില രേഖകള്‍ അതിനൊപ്പം അപ്ലോഡ് ചെയ്യുകയും നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. അപേക്ഷ പരിശോധിക്കുന്ന , ടൂറിസം വകുപ്പിന്റെ ജില്ല ഓഫീസ് പരിശോധനയ്ക്ക് നിശ്ചിത തീയതി നിശ്ചയിച്ച് അപേക്ഷനെ അറിയിച്ച് പരിശോധന നടത്തി അവരുടെ ശുപാര്‍ശ ടൂറിസം ഡയറക്ടര്‍ക്ക് ( തിരുവനന്തപുരത്തേയ്ക്ക് ) അയയ്ക്കുന്നു .അവിടെ നിന്നാണ് ക്ലാസ്സിഫിക്കേഷന്‍ ഉത്തരവും സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കുക. സില്‍വര്‍, ഗോള്‍ഡ് , ഡയമണ്ട് എന്നീ മൂന്നു വിഭാഗങ്ങളിലാണ് മൂന്നു വര്‍ഷത്തേയ്ക്ക് ഇപ്രകാരം ക്ലാസ്സിഫിക്കേഷന്‍ നല്‍കുക. അതു തീരും മുമ്പ് പുനര്‍ ക്ലാസ്സിഫിക്കേഷന്‍ ആവശ്യമുണ്ടെങ്കില്‍ അപേക്ഷിക്കുകയും വേണം. ഇതിത്രയും വിശദീകരിക്കാന്‍ കാരണം, ഈയടുത്ത ദിവസം മുരളി തുമ്മാരുകുടി കേരളത്തിലെ ഹോംസ്റ്റേകളെ സംബന്ധിച്ചും അവ അനുവദിക്കുന്നതിനെക്കുറിച്ചും എഴുതിയ ഏറെക്കുറെ തെറ്റിദ്ധാരണാജനകമായ ഒരു എഫ്.ബി. പോസ്റ്റാണ്.
അദ്ദേഹം പറയുന്നത് 'ഹോംസ്റ്റേ 'കളെ നിയന്ത്രിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറി നില്‍ക്കണം എന്നാണ്!. തെറ്റായ അറിവാണിത്. ഹോംസ്റ്റേകളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതേയില്ല എന്ന് മേല്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമാണല്ലോ. നിയന്ത്രണം എന്നാല്‍ ലൈസന്‍സിംഗ് ആണല്ലോ ! ലൈസന്‍സിംഗ് ഇല്ല എന്നു മാത്രമല്ല നിര്‍ബന്ധം എന്നു പറയുന്നുവെങ്കിലും അനധികൃതമായി നടത്തിയാല്‍പ്പോലും കടുത്ത നടപടികള്‍ ഒന്നും തന്നെ എടുക്കാന്‍ കഴിയാത്ത ഒരു ക്ലാസ്സിഫിക്കേഷന്‍ സംവിധാനം മാത്രമേ ഇവിടെയുള്ളൂ താനും. അതുകൊണ്ടാണ് നിരവധി അനധികൃത ഹോംസ്റ്റേകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ! ആ ക്ലാസ്സിഫിക്കേഷന്‍ എടുക്കാത്തവരെ നിയന്ത്രിക്കാന്‍ ഇവിടെ ഒരു 'ടൂറിസം ട്രേഡ് ആക്ട്' നടപ്പാക്കുകയോ 'ടൂറിസം റഗുലേറ്റേറി അതോറിറ്റി' രൂപീകരിക്കുകയോ ചെയ്തിട്ടില്ല. വേണമെങ്കില്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അനധികൃത ഹോംസ്റ്റേകള്‍ക്ക് ഒരു നോട്ടീസ് / സ്റ്റോപ്പ് മെമ്മോ കൊടുക്കാം. നിര്‍ത്തി എന്ന് അവര്‍ മറുപടി നല്‍കിയാലും പിന്നെയും അവരത് തുടര്‍ന്നാല്‍ ജയിലില്‍ ഇടാനുള്ള വകുപ്പൊന്നും അത്രത്തോളം ഇവിടെ ഇല്ല താനും.
തുമ്മാരുകുടി പറയുന്നത് ഹോം സ്റ്റേയ്ക്ക് മറ്റ് നിരവധി വകുപ്പുകളുടെ അനുമതി വേണം എന്നാണ്. അതും തെറ്റാണ്. ചില രേഖകള്‍ മാത്രം മതി. കൃത്യമായി പറഞ്ഞാല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ( 0wnership Certificate), സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (Residence Certificate) ,Police Clearance Certificate ഉള്‍പ്പെടെ എട്ട് രേഖകള്‍ മാത്രം. ഫുഡ് സേഫ്റ്റിയുടെ പോലും ലൈസന്‍സ് വേണ്ട , രജിസ്‌ട്രേഷന്‍ മതി. അതുപോലുമില്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുന്നവന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ ! ആ ന്യായം അനുസരിച്ചാണെങ്കില്‍ നമ്മുടെ നാട്ടിലെ ചായക്കടകള്‍ എല്ലാം വെറുതേ ഫുഡ് സേഫ്റ്റിക്കാരെ ഓണ്‍ലൈനില്‍ അറിയിച്ചിട്ട് തുടങ്ങിയാല്‍ മതിയല്ലോ !
സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തന്നെ വച്ചിരിക്കുന്നത് ഉടമ തന്നെയാണ് അവിടെ താമസം എന്നുറപ്പാക്കുന്നതിന് വേണ്ടിയാണ്. റേഷന്‍ കാര്‍ഡോ, പാസ്‌പോര്‍ട്ടോ, വൈദ്യുതി / നികുതി രസീതുകളോ അതിന് പകരമാകുന്നില്ല എന്നത് നമുക്ക് ഊഹിക്കാവുന്നതേയുളളൂ. ഇതിലൊക്കെ പേരുണ്ടെങ്കില്‍ത്തന്നെയും ഉടമ തന്നെ അവിടെ താമസം ഉണ്ടാകണം എന്നില്ലല്ലോ ! പക്ഷേ ഇവിടെ സര്‍ക്കാരിന് ചെയ്യാവുന്നത് ടൂറിസം വകുപ്പിന്റെ ഇത്തരം അംഗീകാരങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ അവയ്ക്ക് മുന്‍ഗണന നല്‍കി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ത്തന്നെ അപേക്ഷന് ലഭ്യമാകുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്താം എന്നതാണ്.
ഹോംസ്റ്റേയില്‍ ഉടമസ്ഥന്‍ താമസിക്കണം എന്ന വ്യവസ്ഥയൊക്കെ എടുത്തു മാറ്റണം എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദ്ദേശം. അപ്പോള്‍ ഒരു ലോഡ്ജും /ഹോട്ടലും ഹോംസ്റ്റേയും തമ്മിലെന്താണ് വ്യത്യാസം? ആള്‍താമസം ഉള്ളതും ഇല്ലാത്തതുമായ വീടുകളിലെല്ലാം ടൂറിസ്റ്റുകള്‍ക്ക് സ്റ്റേ അനുവദിക്കുക എന്നതാവരുത് ഹോംസ്റ്റേ എന്നതു കൊണ്ടു തന്നെ അതിന് സംസ്ഥാന ടൂറിസം വകുപ്പ് മറ്റൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്, 'സര്‍വീസ്ഡ് വില്ല' ( Serviced Villa). അവിടെ ഉടമസ്ഥന്‍ താമസിക്കേണ്ട ആവശ്യമില്ല. അതൊരു വാടക വീടോ ലീസിന് എടുത്ത വീടോ ആകാം. ഒരു കെയര്‍ടേക്കേറും ഷെഫും മതി. തുമ്മാരുകുടി പറയുന്ന ആളൊഴിഞ്ഞു കിടക്കുന്ന വീടുകളെയല്ലാം ഈ വിഭാഗത്തില്‍ കൊണ്ടു വരാവുന്നതാണ്.
പക്ഷേ കേരള ടൂറിസത്തിന്റെ ഈ ക്ലാസ്സിഫിക്കേഷനില്‍ ഒരു വലിയ ന്യൂനതയുണ്ട്. ഒരു Google Search ല്‍ നമുക്ക് പെട്ടെന്ന് കിട്ടുന്ന വാക്കാണ് Homestay. എന്നാല്‍ Serviced Villa എന്നത് എം. ശിവശങ്കര്‍ IAS ടൂറിസം ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ കോയിന്‍ ചെയ്‌തെടുത്ത പദം ആണ്. അതുകൊണ്ടു തന്നെ ഒരു ഗൂഗിള്‍ സേര്‍ച്ചില്‍ അത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു എന്നു വരില്ല. Serviced Villa എന്നതിനു പകരം Serviced Homestay എന്ന് മാറ്റിയാല്‍ അത് കൊണ്ടു വരാന്‍ പോകുന്ന മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ചില്ലറയാവില്ല. Serviced Villa എന്നതും Homestay എന്നതും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്നത് ഉടമസ്ഥന്‍ കുടുംബ സമേതം homestay ല്‍ താമസമായിരിക്കണം എന്നതു മാത്രമാണ്. അതുകൊണ്ടു തന്നെ ഈ പേരു മാറ്റത്തില്‍ യാതൊരു തെറ്റുമില്ല.
സര്‍വ്വീസ്ഡ് വില്ലകളുടെ കാര്യത്തില്‍ ടൂറിസം വകുപ്പ് ഇപ്പോഴും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് നിഷ്‌കര്‍ഷിക്കുന്നത് തീര്‍ച്ചയായും ഈ വിഭാഗത്തില്‍ വരാനാഗ്രഹിക്കുന്ന സംരംഭകരെ നിരാശപ്പെടുത്തുന്ന ഒന്നാണ്. അത്തരമൊരു ടൂറിസം ഉത്പന്നത്തെപ്പറ്റി എല്ലാ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും മതിയായ അറിവില്ല എന്നത് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് അവരുടെ ലൈസന്‍സ് കിട്ടുകയാണെങ്കില്‍ പിന്നെ ടൂറിസം വകുപ്പിന്റെ മറ്റൊരു അംഗീകാരത്തിന്റെ ആവശ്യമെന്ത് എന്ന സംരംഭകന്റെ ചിന്ത. കേരള ടൂറിസം വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു എന്നതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള മാര്‍ക്കറ്റിംഗ് സഹായമോ സാമ്പത്തിക സഹായമോ ഹോംസ്റ്റേകള്‍ക്കോ സര്‍വീസ്ഡ് വില്ലകള്‍ക്കോ കിട്ടുന്നുമില്ല.
ക്ലാസ്സിഫൈഡ് ഹോംസ്റ്റേകള്‍ക്കും സര്‍വീസ്ഡ് വില്ലകള്‍ക്കും എന്തെങ്കിലും തരത്തിലുള്ള ഒരു മാര്‍ക്കറ്റിംഗ്/ സാമ്പത്തിക സഹായം ഇനിയെങ്കിലും ടൂറിസം വകുപ്പിന് പരിഗണിക്കാവുന്നതാണ്.ഹോം സ്റ്റേകള്‍ക്കും സര്‍വീസ്ഡ് വില്ലകള്‍ക്കും മാത്രമായി മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേക BtoB ( ബിസിനസ്സ് ടു ബിസിനസ്സ് ) , B toC ( ബിസിനസ്സ് ടു കണ്‍സ്യൂമര്‍ ) മീറ്റുകള്‍ നടത്താം.ലോകമെമ്പാടുമായി 51 ലക്ഷം ഫോളോവേഴ്‌സ് ഉള്ള കേരള ടൂറിസം FB പേജില്‍ നിശ്ചിത തുക ഹോംസ്റ്റേകളില്‍ നിന്നും ഈടാക്കി പ്രൊമോഷന്‍ പാക്കേജ് തന്നെ അവതരിപ്പിക്കാം. കേവലം ആയിരമോ രണ്ടായിരമോ നല്‍കിയാലും ഒരു ഹോംസ്റ്റേയ്ക്ക് അതിലൂടെ ലഭിക്കുന്ന വിസിബിലിറ്റി ( Visibility ) എന്നത് സങ്കല്‍പ്പത്തിനുമപ്പുറം ആയിരിക്കും.
എയര്‍ ബിഎന്‍ ബി (Airbnb) യുമായി ടൂറിസം വകുപ്പ് നേരിട്ട് ചര്‍ച്ചകള്‍ നടത്തിയാല്‍ ഇവര്‍ക്കായി പ്രത്യേക ടൈ അപ്പ് (tie up) തന്നെ സാദ്ധ്യമാകും. ടൂറിസം വകുപ്പ് പങ്കെടുക്കുന്ന ആഭ്യന്തര ടൂറിസം മേളകളില്‍ നിലവില്‍ ഈടാക്കി വരുന്നതിലും കുറച്ച് നാമമാത്രമായ വാടക ഈടാക്കി ടേബിളുകള്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിയും.
ടൂറിസം ജില്ല ഓഫീസുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ജില്ല ഡപ്യൂട്ടി ഡയറക്ടര്‍ക്കു തന്നെ നല്‍കാവുന്ന 'ക്ലാസ്സിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് ' ശുപാര്‍ശ തിരുവനന്തപുരത്തേയ്ക്കയച്ച് മാസങ്ങളോളം കാലതാമസം വരുത്തുന്ന രീതിയ്ക്കും മാറ്റം വരണം. പ്രത്യേകിച്ചൊന്നും തന്നെ ടൂറിസം ഡയറക്ടറേറ്റില്‍ ഈ ശുപാര്‍ശയിന്‍മേല്‍ സംഭവിക്കുന്നില്ല. ഇത് സര്‍ക്കാരിന്റെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ്സ് ( Ease of doing business) നയത്തിന് എതിരാണു താനും. രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാവുന്ന ഒരു അംഗീകാരം ഈ ഒരു കാരണം കൊണ്ടു മാത്രം മാസങ്ങളാണ് എടുക്കുന്നത്! ക്ലാസ്സിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ തലത്തില്‍ തന്നെ നല്‍കുവാനുള്ള സംവിധാനം വരണം.
മറ്റൊരു കാര്യം ഹോംസ്റ്റേകള്‍ക്കും സര്‍വീസ്ഡ് വില്ലകള്‍ക്കും അതിഥികള്‍ക്ക് നല്‍കാന്‍ കുറഞ്ഞത് ഒരു മുറി, പരമാവധി ആറ് മുറികള്‍ എന്നാണ് ടൂറിസം വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അതും കുളിമുറികള്‍ ബന്ധപ്പെടുത്തിയിട്ടുള്ള മുറികള്‍. എത്ര വീടുകള്‍ക്കുണ്ടാവും ഇങ്ങനെ ആറു മുറികള്‍ അതിഥികള്‍ക്ക് നല്‍കാന്‍? അപ്പോള്‍ ഉടമയുടെ മുറി ഉള്‍പ്പെടെ ഏഴു മുറികള്‍ വേണം! പഴയ വലിയ തറവാടുകള്‍ ഒഴിച്ചാല്‍ സാധാരണ ഒരു വീട്ടില്‍ പരമാവധി നാല് മുറികള്‍ കാണും. അല്ലെങ്കില്‍ ഈ നിഷ്‌കര്‍ഷയിന്മേല്‍ പുതുതായി വീടുകള്‍ വയ്‌ക്കേണ്ടി വരും.
അവിടെ മറ്റൊരു കാര്യം ചിന്തിക്കാവുന്നതാണ്. സ്വകാര്യ മുറി കൂടാതെ രണ്ട് അറ്റാച്ച്ഡ് മുറികളേ അതിഥികള്‍ക്കായി കൊടുക്കാന്‍ ഉള്ളൂ കരുതുക. നാല് മുറികള്‍ കൂടി ആകാമല്ലോ? അത് ആ വീട് നില്‍ക്കുന്ന സര്‍വേ നമ്പറില്‍ ആറ് കോട്ടേജുകളായി നടത്താന്‍ അനുവാദം കൊടുക്കാം എന്നതാണ്. അതേ പറമ്പിലാണ്, ഉടമസ്ഥന്‍ കുടുംബ സമേതം അവിടെത്തന്നെയുണ്ട്,അവരുടെ ജീവിത രീതികളും സംസ്‌കാരവും ഭക്ഷണ രീതികളും അപ്പോഴും അതിഥികള്‍ക്ക് ലഭ്യമാണ്. ഇത് തീര്‍ത്തും പുതിയൊരു സങ്കല്‍പ്പമാണ്. നമ്മുടെ ഹോംസ്റ്റേകളെ അടുത്ത തലത്തിലേയ്ക്ക് കൊണ്ടു പോകുന്ന ഒരു നൂതന സങ്കല്പം. ഇനി കോട്ടേജല്ല , അതേ സര്‍വേ നമ്പരില്‍ ഉടമസ്ഥന്റെ പേരിലോ പങ്കാളി / മക്കള്‍ എന്നിവരുടെ പേരിലോ ഒരു കെട്ടിടം ഉണ്ടെന്ന് കരുതുക. ആറ് എന്ന പരമാവധി നമ്പര്‍ പൂര്‍ത്തിയാക്കാന്‍ ആ കെട്ടിടത്തെക്കൂടി പരിഗണിച്ചാലും മതിയാവും. നിലവില്‍ അത് അനുവദനീയമല്ല.
ടൂറിസം വകുപ്പിന്റെ മറ്റൊരു ക്ലാസ്സിഫിക്കേഷന്‍ സമ്പ്രദായമാണ് ' ഗൃഹസ്ഥലി'. കേരളീയ പരമ്പരാഗത വാസ്തുശില്പ ശൈലിയില്‍ നിര്‍മ്മിച്ചതും 50 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ കെട്ടിടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം കെട്ടിടങ്ങളെ അക്കോമഡേഷന്‍ യൂണിറ്റുകളായി മാറ്റാം.
ഗൃഹസ്ഥലിയുടെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പരമാവധി പതിനായിരം രൂപ വരെ സബ്‌സിഡിയും അത്തരം കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപ സബ്‌സിഡിയും ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കെ.എഫ്. സി / ബാങ്കുകള്‍ മുഖേനയുള്ള ലോണുകളും.
എന്നാല്‍ 'ഗൃഹസ്ഥലി' എന്നതും കേരള ടൂറിസം കോയിന്‍ ചെയ്ത വാക്കാണ്. കേരളത്തിന് പുറത്തു നിന്നു വരുന്ന ഒരു ടൂറിസ്റ്റ് ഈ ഒരു വാക്കിനായി ഗൂഗിളില്‍ തിരയാന്‍ ഒരു സാധ്യതയുമില്ല. Heritage Homestay എന്നും Heritage Serviced Homestay എന്നും രണ്ടു വിഭാഗങ്ങളായി ഇതിനെയും പുനര്‍നാമകരണം ചെയ്താല്‍ അതും ഗുണപരമായ മാറ്റത്തിന് കാരണമാകും.
ഹോംസ്റ്റേയെപ്പറ്റിയുള്ള കുറിപ്പില്‍ കേരളത്തില്‍ ഇപ്പോള്‍ വരുന്ന പതിനഞ്ചോ ഇരുപതോ ലക്ഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 300 ലക്ഷത്തിന് മുകളില്‍ ( ഏകദേശം കേരള ജനസംഖ്യ ) എത്തിക്കണം എന്നും അത് സാധ്യമാണെന്നും ആണ് തുമ്മാരുകുടി പറയുന്നത്. ഇത്രയും ശുഷ്‌ക്കാന്തിയോടെ മാര്‍ക്കറ്റിംഗ് നടത്തിയിട്ടും കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കെടുത്താല്‍പ്പോലും ഒരു വര്‍ഷം കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം 12 ലക്ഷം കഴിഞ്ഞിട്ടില്ല. എയര്‍ കണക്ടിവിറ്റി, ശ്രീലങ്ക പോലുള്ള ചെലവ് കുറഞ്ഞ മറ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയ നിരവധി തടസ്സങ്ങള്‍ മുന്നില്‍ നിരന്നു നില്‍ക്കുമ്പോള്‍ വര്‍ഷം 300 ലക്ഷം വിദേശ ടൂറിസ്റ്റുകള്‍ എന്നത് കിനാശ്ശേരി തന്നെയാണ്. ഇന്‍ബൗണ്ട് ടൂറിസം ( Inbound Tourism - മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളം ഉള്‍പ്പെടെ ഇന്ത്യയിലേയ്ക്കുള്ള ടൂറിസം ) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൈകാലിട്ടടിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
മാത്രമല്ല മാസ് ടൂറിസം സംഭവിക്കരുതെന്ന് ആഗ്രഹിച്ച് കാരിയിംഗ് കപ്പാസിറ്റി (carrying capacity ) പഠനത്തിന് ഹൈക്കോടതി പോലും ഉത്തരവിട്ടിരിക്കുമ്പോഴാണ് ഒരു വര്‍ഷം 300 ലക്ഷം വിദേശ ടൂറിസ്റ്റുകളുടെ മാത്രം കാര്യം അദ്ദേഹം പറയുന്നത്! കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ക്വാളിറ്റി ടൂറിസത്തിനു ( Quality Tourism ) വേണ്ടിയാണ് നാം വാദിച്ചു കൊണ്ടിരിക്കുന്നത്. അതും മാസ് ടൂറിസവും ഓവര്‍ ടൂറിസവും ( രണ്ടും രണ്ടാണ് ) സംഭവിക്കാതിരിക്കാനും അതിലൂടെ നമ്മുടെ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം തടയാനും. അപ്പോഴാണ് ഈ കണക്കും പറഞ്ഞ് ദുരന്ത നിവാരണ വിദഗ്ധനായ അദ്ദേഹം തന്നെ വരുന്നത് ! ഇത്രയും പേര്‍ കേരളത്തില്‍ ഒരു വര്‍ഷം വരുമ്പോള്‍ എത്രത്തോളം പ്രകൃതി വിഭവങ്ങളാണ് അനിയന്ത്രിത ചൂഷണത്തിന് വിധേയമാകേണ്ടി വരിക ? വേമ്പനാടിനും പുന്നമടയ്ക്കും താങ്ങാനാകുന്നില്ല ഹൗസ് ബോട്ടുകളുടെ എണ്ണം ! മലീമസമായ കായലുകള്‍ ! നാളെ വലിയ പറമ്പയും കവ്വായിയും ഉത്തര കേരളത്തിലെ വളപട്ടണം പോലുള്ള നദികളും അതുപോലെ ആയാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ! അതു പോലെ തന്നെയാണ് മറ്റ് ടൂറിസം ഉത്പന്നങ്ങളുടെ സ്ഥിതിയും !
പക്ഷേ പത്തോ ഇരുപതോ കേന്ദ്രങ്ങളില്‍ ഓവര്‍ ടൂറിസം സംഭവിച്ചിട്ട് അല്ല ഈ 300 ലക്ഷത്തിന്റെ കണക്കെന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം പറയുന്നത്. കേരളത്തിലെ ആയിരം ഗ്രാമങ്ങളും ടൂറിസം സാധ്യതയുളളതാണെന്നും അവിടെയൊക്കെ ആയിരം വീടുകള്‍ എങ്കിലും ഒഴിഞ്ഞു കിടക്കുന്നുവെന്നതുമാണ്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 11,89,144 വീടുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട് എന്നത് ശരിയാണ്. 5,85,998 എണ്ണം ഗ്രാമീണ മേഖലയിലും 6,03,146 എണ്ണം നഗര പ്രദേശങ്ങളിലും. 2024ല്‍ പുറത്തു വന്ന ഒരു മാധ്യമ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം 17.9 ലക്ഷം ആയിട്ടുണ്ട്! അപ്പോള്‍ ഒരു വര്‍ഷം 300,00,000 ലക്ഷം വിദേശ ടൂറിസ്റ്റുകള്‍ എന്ന കണക്കിലെത്താന്‍ പ്രയാസമില്ല. അതിന്റെ ഇരട്ടിയും പറ്റും.പക്ഷേ വിദേശികളെ സംബന്ധിച്ചിടത്തോളം നമ്മുടെ സീസണ്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ മാത്രമാണ്. മണ്‍സൂണ്‍ ടൂറിസം വിപണനം ചെയ്യാന്‍ നാം ശ്രമിച്ചിട്ടും അതത്ര കണ്ട് വിജയിച്ചില്ല. അപ്പോള്‍ 5 മാസം കൊണ്ടാണ് കേരളം 300 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളേണ്ടത് ! അത് ഓവര്‍ ടൂറിസം തന്നെയാണ്. നമ്മുടെ സീസണ്‍ നീട്ടുക എന്നത് മാര്‍ക്കറ്റിംഗിന്റെ സാമ്പത്തിക വശം ഉള്‍പ്പെടെ പരിഗണിച്ചാല്‍ത്തന്നെ ക്ഷിപ്രസാധ്യവുമാണ്.
മറ്റൊന്ന് എന്തു കണ്ടിട്ടാണ് ഓരോ വര്‍ഷവും നമ്മുടെ പഞ്ചായത്തുകളില്‍ വിദേശികള്‍ വന്നു താമസിക്കേണ്ടത്? നമ്മുടെ പ്രധാനപ്പെട്ട ടൂറിസം ഉത്പന്നങ്ങളായ ബീച്ച്, ഹില്‍ സ്റ്റേഷന്‍, ബാക്ക് വാട്ടര്‍ എന്നിവ എത്ര പഞ്ചായത്തുകളില്‍ ഉണ്ട് ? നമ്മുടെ ഗ്രാമസംസ്‌കാരവും ഗ്രാമീണക്കാഴ്ചകളും അനുഭവിക്കാന്‍ വിദേശികള്‍ ഇങ്ങനെ 'കൂട്ട'ത്തോടെ പറന്നെത്തുമെന്നാണോ? നമ്മുടെ പൈതൃകസമ്പത്ത് എന്നത് എത്രത്തോളം എന്നതും അവ നമ്മള്‍ എത്രത്തോളം സംരക്ഷിക്കുന്നു എന്നതും മറ്റൊരു വിഷയമാണ്. ഈ ആകര്‍ഷണങ്ങള്‍ തേടിയെത്തുന്നത് വിദേശ ടൂറിസ്റ്റുകളിലെ ഒരു ചെറിയ വിഭാഗം മാത്രമാണ്. പത്തു ലക്ഷം വീടുകള്‍ യാതൊരു ലൈസന്‍സുമില്ലാതെ ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കാന്‍ അവയുടെ ഉടമകള്‍ തയ്യാറായാല്‍ത്തന്നെ ഈ 'മുറി നിറയ്ക്കല്‍ മാര്‍ക്കറ്റിംഗ് ' ആരാണ് ചെയ്യുക? സംരംഭകരോ അതോ അവര്‍ക്കായി സര്‍ക്കാരോ ?
മാത്രമല്ല നമ്മള്‍ എത്ര പ്രോത്സാഹിപ്പിച്ചാലും ഹോംസ്റ്റേ/ സര്‍വീസ്ഡ് വില്ല / ഗൃഹസ്ഥലി എന്നൊക്കെയുള്ള സംവിധാനങ്ങളില്‍ അതില്‍ താത്പര്യം ഉള്ള ഒരു വിഭാഗം സംരംഭകര്‍ മാത്രമേ കടന്നു വരൂ എന്നതാണ് വാസ്തവം. ഒരു മുറുക്കാന്‍ കടയ്ക്ക് പോലും ലൈസന്‍സ് വേണ്ട നമ്മുടെ നാട്ടില്‍ ഗുണനിലവാരം ഉറപ്പാക്കേണ്ട ഹോസ്പിറ്റാലിറ്റി മേഖലയില്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ നിയന്ത്രണം ഉണ്ടാവണം. ആ നിയന്ത്രണം ടൂറിസം മേഖലയില്‍ വേണ്ട എന്ന് നാം പറഞ്ഞ ഘട്ടം കഴിഞ്ഞു പോയിരിക്കുന്നു. എന്നാല്‍ സംരംഭകന് ആ രംഗത്തേയ്ക്ക് കടന്നു വരാന്‍ ഏറ്റവും സുഗമവും വ്യക്തവുമായ പാത തെളിച്ചു കൊടുക്കുകയും നിക്ഷേപിച്ചു കഴിഞ്ഞാല്‍ പരമാവധി മാര്‍ക്കറ്റിംഗ് പിന്തുണ നല്‍കുകയും സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടു താനും. അല്ലാത്തതെന്തും അരാജകത്വത്തിലേക്കേ നയിക്കൂ. അത്തരം 'അരാജക ലോക മാതൃക'കള്‍ മുന്നിലുണ്ടെങ്കില്‍ത്തന്നെ നാമത് ഗൗനിക്കേണ്ട കാര്യമില്ല.
ഹോംസ്റ്റേ തുടങ്ങാനുള്ള ലൈസന്‍സ് അല്ല ടൂറിസം വകുപ്പ് നല്‍കുന്നത്. നടത്തിക്കൊണ്ടിരിക്കുന്ന ( operational ) ഹോംസ്റ്റേകളും പുതുതായി തുടങ്ങുന്നവയും നിര്‍ബന്ധമായും ( mandatory) എടുക്കേണ്ട ക്ലാസ്സിഫിക്കേഷന്‍ ആണ് . അപ്പോള്‍ അങ്ങനെ operational ആക്കാന്‍ ആരാണ് അനുവാദം കൊടുക്കുന്നത് എന്നൊരു ചോദ്യമുണ്ട്. Approval with Classification ( ക്ലാസ്സിഫിക്കേഷനോടു കൂടിയുളള അംഗീകാരം ) എന്ന രീതിയില്‍ മാറ്റിയാല്‍ ആ പ്രശ്‌നവും ഒഴിവാകും.
തുമ്മാരുകുടിയുടെ നിര്‍ദേശത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ടൂറിസം രംഗത്തെ ഈസ് ഓഫ് ഡുയിംഗ് (Ease of Doing Business) ബിസിനസ്സിന്റെ പ്രാധാന്യമാണ്.
(കേരള വിനോദസഞ്ചാരവകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)
Content Highlights: Kerala Homestays: Guide and Regulations
Published: 05 Feb 2025, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented