കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പുണെയിലെ താമസസ്ഥലത്തുവച്ച് കുഴഞ്ഞുവീണു മരിച്ചത് ജൂലായ് 20-നാണ്. ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിക്കു കയറിയിട്ട് നാലുമാസം മാത്രമേ ആയിരുന്നുള്ളൂ അപ്പോള്‍.

To advertise here,

മകള്‍ മരിച്ചത് അമിത ജോലിഭാരത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്ക് അയച്ച കത്ത് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പ്രമുഖ മനഃശാസ്ത്രജ്ഞര്‍ സംസാരിക്കുന്നു.


placeholder
ഡോ. വിപിന്‍ റോള്‍ഡന്റ്

പഴയകാലത്തെ തൊഴില്‍സംസ്‌കാരം മാറിയിരിക്കുന്നു. ദിവസം ഒമ്പതും പത്തും മണിക്കൂര്‍ ജോലി ചെയ്തിരുന്നിടത്ത് പതിനാലും പതിനഞ്ചും മണിക്കൂറൊക്കെ പതിവായിരിക്കുന്നു. ഇത് വ്യത്യസ്തമായ ടൈം സോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രശ്നമാകും. അസമയത്ത് ജോലി ചെയ്യുന്നു, അതു തീരുമ്പോള്‍ വീണ്ടും പുതിയ ജോലികള്‍ വരുന്നു. ഇതിനിടയ്ക്ക് വിശ്രമിക്കാനും വിനോദത്തില്‍ ഏര്‍പ്പെടാനുമൊന്നും സമയമില്ല.

അസമയത്ത് ജോലിചെയ്ത് അസമയത്തുണര്‍ന്ന് അല്‍പം കഴിയുമ്പോള്‍ തന്നെ വീണ്ടും ജോലി തുടങ്ങുന്ന അവസ്ഥ. ഏറ്റവും കുറച്ച് മാന്‍പവര്‍ ഉപയോഗിച്ചുകൊണ്ട് പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. പല കമ്പനികള്‍ക്കും വ്യക്തികള്‍ ഒരു പ്രശ്നമേ ആകുന്നില്ല; കമ്പനിയുടെ ലാഭവും മുന്നോട്ടുള്ള പോക്കും മാത്രമേ അവര്‍ നോക്കുന്നുള്ളൂ. കമ്പനികളുടെ തൊഴില്‍സംസ്‌കാരം മാറേണ്ടിയിരിക്കുന്നു. ജീവനക്കാര്‍ക്ക് പേഴ്സണല്‍ ടൈം വേണം, അത് ക്വാളിറ്റി ടൈം ആയിരിക്കണം.

എടുത്താല്‍ പൊങ്ങാത്ത ടാര്‍ഗറ്റുകള്‍ അടുപ്പിച്ചു കൊടുക്കുക, പത്തുദിവസം കൊണ്ട് തീരേണ്ട ജോലി ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാന്‍ പറയുക- അത്തരത്തില്‍ ജീവനക്കാരെ അമിതസമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യമുണ്ട് പലയിടത്തും. കീഴ്ജീവനക്കാരന്‍, മേല്‍ ജീവനക്കാരന്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന സാഹചര്യം. മനുഷ്യന്‍ എന്ന നിലയ്ക്കുള്ള യാതൊരു തരത്തിലുള്ള കരുതലും ഇല്ലാതെ ജീവനക്കാരെ പിഴിഞ്ഞെടുക്കുകയാണ്.. എന്തെങ്കിലും പ്രതികരിച്ചാല്‍ പീഡിപ്പിക്കപ്പെടാം. എടുക്കാന്‍ വയ്യാത്ത ഭാരമാണ് എന്നു പറഞ്ഞാല്‍ പരിഹസിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. അന്നയുടെ മരണം വാര്‍ത്തയായില്ലെങ്കില്‍ മാനേജ്മെന്റ് തിരിഞ്ഞുനോക്കില്ലായിരുന്നു എന്നു തോന്നുന്നു.

ജോലി സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാന്‍ ആവാതെ, ഒട്ടും തന്നെ വിശ്രമിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ മയക്കുമരുന്നുകളിലേക്ക് തിരിയുന്ന അവസ്ഥയുമുണ്ട്. ഒരു വിഭാഗം കമ്പനികളില്‍ ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിഗണിക്കുന്ന രീതികള്‍ തീരെയില്ല, എല്ലാം കടലാസില്‍ മാത്രമേ കാണൂ. അമേരിക്കയില്‍ ചിലയിടങ്ങളില്‍ ഫ്ലെക്സി ടൈം കൊടുക്കുന്നുണ്ട്. പറഞ്ഞിട്ടുള്ള എട്ടോ ഒമ്പതോ മണിക്കൂര്‍ ജോലി സൗകര്യമുള്ളപ്പോള്‍ ചെയ്തുതീര്‍ത്താല്‍ മതി; ഇടയ്ക്ക് വേണമെങ്കില്‍ വിശ്രമിക്കാം. ജോലി ചെയ്തുതീര്‍ത്താല്‍ പിന്നെ അധിക ജോലി കൊടുക്കുകയുമില്ല. അത് നമ്മുടെ നാട്ടില്‍ നടപ്പാക്കാന്‍ പറ്റുമോ എന്നുള്ള കാര്യം അറിയില്ല. എന്തായാലും അത് ഇവിടെയും പരീക്ഷിക്കേണ്ടതാണ്.

ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് കൃത്യമായ ഇടവേളകളില്‍ ചെക്കപ്പും വിശ്രമവും വിനോദവും ഒക്കെ വേണ്ടതാണ്. ജീവനക്കാര്‍ മാനസികവും ശാരീരികവും ആയ ആരോഗ്യമുള്ളവരാണെങ്കില്‍ കൂടുതല്‍ ഗുണം കമ്പനിക്കാണ്- അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കും.

ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനു പരിമിതികളുണ്ട്. ഹോട്ടലുകളിലെ ഭക്ഷ്യസുരക്ഷാ ചെക്കപ്പ് പോലെയാണത്. വല്ലപ്പോഴും പരിശോധന നടത്തും, കുറ്റം ചെയ്ത ഹോട്ടലുകളെ ശിക്ഷിക്കും. കുറച്ചു കഴിയുമ്പോള്‍ ഹോട്ടലുകള്‍ പഴയരീതിയിലേക്ക് പോകും. അങ്ങനെ ഉണ്ടാകാന്‍ പാടില്ല കമ്പനികളെയും ജീവനക്കാരെയും തുടര്‍ന്നും നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാവണം-

ഡോ. വിപിന്‍ റോള്‍ഡന്റ്,
റോള്‍ഡന്റ് റിജ്യൂവനേഷന്‍
മൈന്‍ഡ്-ബിഹേവിയര്‍ സ്റ്റുഡിയോ, കൊച്ചി.


placeholder
ഡോ.മോഹന്‍ റോയി : Photo: Instagram/drmohanroyg

നമ്മുടെ കുട്ടികള്‍ക്ക് മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ അവബോധം ഉണ്ടെങ്കിലും മാനസിക പ്രശ്നങ്ങള്‍ വരുമ്പോള്‍ സഹായം തേടാനും അത് പുറത്തു പറയാനും മടിക്കുന്ന ഒരു സാഹചര്യം ഇപ്പോഴുമുണ്ട്. ഇതൊക്കെ മറ്റൊരാളോട് പറയുന്നത് ദൗര്‍ബല്യത്തിന്റെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടും എന്ന സാഹചര്യവും ഉണ്ട്. കോവിഡിന് ശേഷം ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ പൊതുവേ കൂടിയിട്ടുണ്ട്.

ഇതിനെ നേരിടാന്‍ നാം വേണ്ടത്ര സജ്ജമല്ല. പരിക്കുകള്‍ വകവെക്കാതെ താല്‍ക്കാലിക നേട്ടത്തിനായി മത്സരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അത്ലറ്റുകളെ പോലെയാണ് ചെറുപ്പക്കാര്‍.

മനസ്സിലേറ്റ ഗുരുതരമായ പരിക്കുകള്‍ വകവെക്കാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും അവനവന്റെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ അവര്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദങ്ങള്‍ സഹിക്കുന്നു.

ഒരു വ്യക്തിയുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ സന്തുലനം ഉണ്ടെങ്കില്‍ മാത്രമേ  ജീവിതം ഭംഗിയായി മുന്നോട്ടു പോവുകയുള്ളൂ. ഇത് കോര്‍പ്പറേറ്റ് കമ്പനികളും മനസ്സിലാക്കേണ്ടതാണ്. അമിതമായ ജോലിഭാരവും ജോലി സമ്മര്‍ദ്ദവും കാരണം മിടുക്കരെ നഷ്ടമാവുന്നത് കമ്പനികള്‍ക്ക് തന്നെയാണ് ദോഷം. അത് ഒരുതരത്തിലുള്ള കോര്‍പ്പറേറ്റ് കൊലപാതകമാണ്.

ജീവനക്കാരുടെ മേല്‍ കടുത്ത ജോലിസമ്മര്‍ദ്ദം ഏല്‍പ്പിക്കാന്‍ ആരെയും അനുവദിക്കരുത്. തൊഴില്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുകയും മാനസികാരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കോര്‍പ്പറേറ്റ് ലോകത്ത് ഇത്തരം മരണങ്ങള്‍ ഒട്ടും പുതുമയല്ല. നിയമം കര്‍ശനമായി നടപ്പാക്കി ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും-

ഡോ.മോഹന്‍ റോയി
മനശാസ്ത്രവിഭാഗം മേധാവി,
കൊല്ലം മെഡിക്കല്‍ കോളജ്


placeholder
ഡോ. എല്‍സി ഉമ്മന്‍

ഒരു കുട്ടി പുതിയൊരു ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അതിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം- അത് സ്ഥാപനത്തില്‍ നിന്നാവാം, സഹപ്രവര്‍ത്തകരില്‍ നിന്നാവാം, അല്ലെങ്കില്‍ സ്വന്തം നിലയ്ക്കുള്ള പ്രശ്നങ്ങളും ആകാം. പുതിയ ഭാഷ, പുതിയ തരത്തിലുള്ള ഭക്ഷണം, പുതിയ രീതികള്‍, വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നത് കൊണ്ടുള്ള സമ്മര്‍ദ്ദം, പിന്നെ ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍. ഇതിന് പുറമെയാണ് ചില കമ്പനികള്‍ ഏല്‍പ്പിക്കുന്ന യാഥാര്‍ഥ്യവുമായിട്ട് ഒട്ടും പൊരുത്തപ്പെടാത്ത ടാര്‍ഗറ്റുകളും .ജീവനക്കാരില്‍ നിന്നും അവരെക്കൊണ്ട് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്ന മേലുദ്യോഗസ്ഥരുമൊക്കെ. ചിലയിടത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും പ്രശ്നമുണ്ടാകാം. ടീം വര്‍ക്ക് ആണെങ്കില്‍ ജീവനക്കാര്‍ക്കിടയില്‍ മത്സരം ഉണ്ടാവാം. പ്രൊബേഷന്‍ കാലഘട്ടം ആണെങ്കില്‍ അവരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നുണ്ടാവും. കൂടുതല്‍ പെര്‍ഫോം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചം ഉണ്ടാകും. അതിനാല്‍ കൂടുതല്‍ ജോലി, കൂടുതല്‍ നേരം ചെയ്യേണ്ടിവരും, അത് സ്വാഭാവികവുമാണ്.

പലപ്പോഴും സഹപ്രവര്‍ത്തകരും മുതിര്‍ന്ന ജീവനക്കാരും തുടക്കക്കാര്‍ക്ക് വേണ്ട പിന്തുണ കൊടുക്കണമെന്നില്ല. പുതിയ ജീവനക്കാരെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുകയും ടാര്‍ഗറ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. കാരണം പുതിയ കുട്ടികള്‍ മിക്കവാറും അവരുടെ സീനിയേഴ്സിനേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമോ കഴിവുകളോ കൂടുതലുള്ളവര്‍ ആയിരിക്കും. അവര്‍ തങ്ങളെ മറികടന്നു പോകേണ്ട എന്ന് ഈ സീനിയര്‍മാര്‍ തീരുമാനിച്ചേക്കാം. അത് ഒരുതരത്തിലുള്ള ടോക്സിക് വര്‍ക്ക് കള്‍ച്ചര്‍ ഉണ്ടാക്കുന്നു. അതിനു ഇരയാവുന്നവരും ഉണ്ട്. സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള ചില കമ്പനികളില്‍ ഹരാസ്മെന്റ് വളരെ കൂടുതലാണ്. സീനിയേഴ്സ് അല്ലെങ്കില്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ചെറിയ പിശകുകള്‍ക്ക് പോലും തെറിവിളിക്കുന്ന സാഹചര്യമുണ്ട്. പഠിത്തത്തില്‍ വളരെ മിടുക്കരായ, ബൗദ്ധികമായി വളരെ മുന്നില്‍ നില്‍ക്കുന്ന ഈ കുട്ടികള്‍ക്ക് ഇത്തരം ഹരാസ്മെന്റിന് നേരിടാനുള്ള മാനസിക കരുത്ത് ഉണ്ടാവണമെന്നില്ല.

പരാതി പറഞ്ഞാല്‍ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് പലയിടത്തും ഉള്ളത്. അവര്‍ക്ക് പക്ഷേ വിട്ടുപോരാന്‍ പറ്റുകയില്ല. കാരണം നല്ലൊരു ജോലി വേറെ കിട്ടാനുള്ള സാധ്യത ഇല്ല. ചെറുപ്പക്കാരുടെ അരക്ഷിതാവസ്ഥ കമ്പനികള്‍ ചൂഷണം ചെയ്യുന്നു. ഈ കുട്ടികള്‍ എന്തായാലും വിട്ടു പോകില്ല, വേറെ ജോലി കിട്ടാന്‍ സാധ്യതയില്ല എന്ന് അവര്‍ക്കറിയാം. അതിനാല്‍ എല്ലാം സഹിച്ച് കടിച്ചുപിടിച്ചു നില്‍ക്കുന്ന കുട്ടികളാണ് കൂടുതല്‍. മാനസിക സമ്മര്‍ദ്ദം മൂന്നു തരത്തിലാണ് വെളിപ്പെടുക- ദേഷ്യം, ഭയം, വിഷാദം എന്നിങ്ങനെ. ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും. പക്ഷേ ഭയവും വിഷാദവും വന്നാല്‍ ഇവര്‍ സഹിച്ച് സഹിച്ച്, കടിച്ചുപിടിച്ച് മുന്നോട്ടുപോകുന്ന അവസ്ഥയുണ്ടാകും. അത് ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം, ശാരീരികാസ്വസ്ഥതകള്‍ എന്നീ രീതികളിലൊക്കെ പുറത്തുവരാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മനശാസ്ത്രപരമായ പ്രഥമശുശ്രൂഷ കൊടുക്കണം. ജീവനക്കാരുടെ മാനസിക ആരോഗ്യത്തിന്റെ പരിരക്ഷ ഓരോ സ്ഥാപനത്തിന്റെയും ഉത്തരവാദിത്തമാണ് മിക്കവാറും സ്ഥാപനങ്ങളില്‍ ശരീരത്തിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും മാനസികാരോഗ്യത്തിന് ഇല്ല. അത് ക്ലെയിം ചെയ്താല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം കൊടുക്കുകയും ഇല്ല.

നമ്മുടെ നാട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി ചെറുപ്പക്കാരുടെ അരക്ഷിതാവസ്ഥക്കും അനിശ്ചിതാവസ്ഥക്കും ഉണ്ടാക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കമ്പനികള്‍ മാനസികാരോഗ്യ പരിരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഇന്‍ഷുറന്‍സ് പരിരക്ഷ കൊടുക്കണം. എല്ലാ കമ്പനികളിലും മാനസികാരോഗ്യത്തിന് ഉള്ള സെല്ലുകള്‍ വേണം, അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.

ഡോ. എല്‍സി ഉമ്മന്‍,
കണ്‍സള്‍ട്ടന്റ് സൈക്യാര്‍ട്ടിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കൊച്ചി