തിനാറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2023 ലാണ് ജെയ്ക്ക് ഫഹ്രി എന്ന യുവാവ് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയായ ജെയ്ക്ക് ആ പരോള്‍ ജീവിതത്തിനിടെ അറിയപ്പെടുന്ന ഡ്രില്‍ ആര്‍ട്ടിസ്റ്റ് ആയി മാറി. ഹിപ്പ് ഹോപ്പ് സംഗീതത്തിന്റെ ഉപവിഭാഗമായ ഡ്രില്‍ റാപ്പ് കലാകാരന്മാരെയാണ് ഡ്രില്‍ ആര്‍ട്ടിസ്റ്റ് എന്ന് വിളിക്കുന്നത്. ടെന്‍ (TEN) എന്ന പേരില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ജെയ്ക്ക് ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു. ബിബിസി റേഡിയോയുടെ വണ്‍ എകസ്ട്രാ എന്ന പരിപാടിയില്‍ ടെന്നിന്റെ രണ്ട് പാട്ടുകള്‍ പ്രക്ഷേപണം ചെയ്തു. ഈ നിലയില്‍ പ്രശസ്തി നേടിയിരിക്കവേയാണ് ജെയ്ക്ക് വീണ്ടും അഴികള്‍ക്കുള്ളിലാവുന്നത്. പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനായിരുന്നു ജയിലിലേക്കുള്ള ആ തിരിച്ചുപോക്ക്. അതിന് കാരണമായതാവട്ടെ അയാളുടെ ഡ്രില്‍ റാപ്പിലെ അതിക്രൂരമെന്ന് വിശേഷിപ്പിക്കാവുന്ന വരികളും. 

To advertise here,

ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത് ഒരു കുറ്റകൃത്യത്തെ കുറിച്ചല്ലെന്ന് പറയട്ടെ, മറിച്ച് ഒരു സമൂഹത്തെയാകെ ദോഷകരമായി സ്വാധീനിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നൊരു കലാരൂപത്തെ കുറിച്ചാണ്. 

ജിമ്മി മൈസന്‍ കൊലപാതകക്കേസ്

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 2008 മെയ് പത്തിന് തന്റെ പതിനാറാം ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേ ദിവസം ജിമ്മി മൈസന്‍ എന്ന കൗമാരക്കാരന്‍ കൊല്ലപ്പെടുന്നത്. അന്ന് 19 വയസുണ്ടായിരുന്ന ജെയ്ക്ക് ഫഹ്രിയായിരുന്നു കൊലപാതകി. പ്രദേശത്തെ നിരന്തര ശല്യക്കാരനായ ജെയ്ക്ക് ജിമ്മിയെയും സഹോദരനേയും നിരന്തരം ശല്യം ചെയ്തിരുന്നു. പണം പിടിച്ചുപറിക്കുന്നതും കത്തിക്കുത്തും ഉള്‍പ്പടെ പലവിധ പരിപാടികള്‍ ആ ചെറുപ്രായത്തിനിടെ ജെയ്ക്കിനുണ്ടായിരുന്നു. 

കൊലപാതകം നടന്ന ദിവസം, തെക്കന്‍ ലണ്ടനിലെ ബണ്‍ട് ആഷ് ഹില്ലിലെ ത്രീ കുക്‌സ് ബേക്കറിയില്‍ വെച്ച് ജിമ്മിയും ജെയ്ക്കും തമ്മില്‍ തര്‍ക്കമുണ്ടായി. അതൊരു സംഘട്ടനത്തിൽ കലാശിച്ചു. ബേക്കറിയിലുണ്ടായിരുന്ന വെള്ളം നിറച്ച രണ്ട് പ്ലാസ്റ്റിക് കുപ്പികള്‍ എടുത്ത് ജെയ്ക്ക് ജിമ്മിയുടെ തലക്കടിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജിമ്മിയുടെ സഹായത്തിനെത്തി. മല്‍പ്പിടുത്തത്തിനിടയില്‍ മൂവരും ബേക്കറിയുടെ ചില്ലുകൂട് തകര്‍ത്ത് കടയുടെ പുറത്തേക്ക് വീണു. 

പിന്നാലെ കടയിലേക്ക് തിരികെ കയറി അവിടെയുണ്ടായിരുന്ന ലോഹംകൊണ്ടുള്ള സൈന്‍ ബോര്‍ഡെടുത്ത് ജിമ്മിയെ തല്ലി. എന്നാല്‍ ജിമ്മി ബോര്‍ഡ് കൈക്കലാക്കി. പിന്നാലെ ബേക്കറിയിലെ കൗണ്ടറിലുണ്ടായിരുന്ന ഒരു ചില്ലുപാത്രം ജെയ്ക്ക് ജിമ്മിക്ക് നേരെ വലിച്ചെറിഞ്ഞു. ആ പാത്രം തകര്‍ന്ന് ചിതറിത്തെറിച്ച കഷ്ണങ്ങളിലൊന്ന് ജിമ്മിയുടെ കഴുത്തിലെ രക്തധമനി മുറിച്ചുകൊണ്ടാണ് പോയത്. അതുവരെ പൊരുതിനിന്ന ജിമ്മിക്ക്, പക്ഷെ, ആ അപകടത്തെ അതിജീവിക്കാന്‍ സാധിച്ചില്ല. 

പിടിച്ചുപറിയും കത്തിക്കുത്തും ഉള്‍പ്പെടെ ആ ചുരുങ്ങിയ പ്രായത്തിനിടെ കുറ്റകൃത്യങ്ങളുടെ വലിയൊരു പട്ടിക തന്നെ തന്റെ പേരിലാക്കിയ ജെയ്ക്ക് ഫഹ്രി അങ്ങനെ 2009 ല്‍ അങ്ങനെ ഒരു കൊലപാതകക്കേസില്‍ ജയിലിലായി. ചുരുങ്ങിയത് 14 വര്‍ഷമെങ്കിലും ജയില്‍വാസം ഉറപ്പാക്കിയ ജീവപര്യന്ത ശിക്ഷയാണ് ജെയ്ക്കിന് ലഭിച്ചത്.  

വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ജൂണിലാണ് ജെയ്ക്ക് തന്റെ 35-ാം വയസില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്. അതിന് ശേഷമാണ് 'ടെന്‍' എന്ന പേരില്‍ ജെയ്ക്ക് ശ്രദ്ധേയനാകുന്നത്. ബിബിസി റേഡിയോയുടെ പരിപാടിയില്‍ വരെ ഇയാളുടെ റാപ്പ് സോങ് എത്തി. എന്നാല്‍, ജെയ്ക്കിന്റെയും ആത്മാവില്‍ അടങ്ങിയ ക്രൂരത വിളയാടുന്നതായിരുന്നു അയാളുടെ ഡ്രില്‍ റാപ്പിലെ വരികള്‍. 

placeholder
Jimmy Mizen | Photo : By Georgemizen - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=132678684

ഒരാളുടെ കണ്ണില്‍ നിന്ന് അയാളുടെ ആത്മാവ് പറന്നുപോവുന്നതും അയാളുടെ ശ്വാസം നിലയ്ക്കുന്നതും തനിക്ക് കണ്ടുകൊണ്ടിരിക്കണം എന്നും അവന്‍ പോയ നിലത്ത് ചോര തെറിക്കുന്നത് ഇനിയും കാണണമെന്നും അയാള്‍ പാടി. അങ്ങനെ ക്രൂരമായ പലതും അയാളുടെ വരികളില്‍ നിറഞ്ഞു.

ജിമ്മിയുടെ കൊലപാതകത്തെയാണ് അയാളിവിടെ വീമ്പ് പറഞ്ഞതെന്ന ആരോപണം ശക്തമായി. ഒടുവില്‍ അത് ജെയ്ക്കിനെ വീണ്ടും ജയിലിലാക്കി.

ജെയ്ക്കിലെ കുറ്റവാളിയില്‍ ആര്‍ക്കും സംശയമില്ല. ചര്‍ച്ചയാകുന്നത് അയാളെ ശ്രദ്ധേയനാക്കിയ ഡ്രില്‍ റാപ്പ് എന്ന സംഗീത ശാഖയാണ്. ഡ്രില്‍ റാപ്പിന്റെ സ്വാധീനം സമൂഹത്തെ വിപരീത ദിശയില്‍ സ്വാധീനിക്കുന്നുവെന്നും അത് സമൂഹത്തില്‍ അരാജകത്വവും കുറ്റകൃത്യമനോഭാവവും വളര്‍ത്തുന്നുവെന്നുമാണ് വിമര്‍ശനം. എങ്ങനെയാണ് ഒരു സംഗീത ശാഖയ്ക്ക് ഇതിനൊക്കെ സാധിക്കുന്നത്?

എന്താണ് ഡ്രില്‍ റാപ്പ്?

അധികം പ്രായമില്ലാത്ത ഹിപ്പ് ഹോപ്പ് സംഗീത ശാഖയാണ് ഡ്രില്‍. 2010 ന് ശേഷമാണ് ഇതിന് പ്രചാരം ലഭിക്കുന്നത്. ട്രാപ്പ് മ്യൂസിക്, ഗാങ്സ്റ്റർ മ്യൂസിക് എന്നിവയുടെയെല്ലാം സ്വാധീനമുണ്ട് ഇതിന്. റാപ്പിന്റെ ഒരു വകഭേദമാണ് ട്രാപ്പ് മ്യൂസിക് കള്ളപ്പണമിടപാടുകളും മയക്കുമരുന്ന് കടത്തും അക്രമങ്ങളുമെല്ലാം അടങ്ങുന്ന അധോലോക പശ്ചാത്തലമാണ് ട്രാപ്പ് മ്യൂസികിന് ഇതിവൃത്തമാകാറ്. ഗാങ്‌സറ്റർ മ്യൂസിക് ആവട്ടെ, ഗുണ്ടാ-മാഫിയാ ജീവിതശൈലിയെ മഹത്വവത്കരിക്കുകയും അക്രമം, വംശീയത, സത്രീകളോടുള്ള ലൈംഗികത നിറഞ്ഞ സമീപനം ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് വാഴ്ത്തപ്പെടാറ്. 

ഈ രണ്ട് ശൈലിയുടെയും അടിസ്ഥാന സ്വഭാവം ഉണ്ടെങ്കിലും ഡ്രില്ലിന് അതിന്റേതായ വശമുണ്ട്. ഏതൊരു റാപ്പിനെയും പോലെ പരുക്കന്‍ ഭാഷയും താളവും ഡ്രില്‍ റാപ്പിനെ വേറിട്ടതാക്കുന്നു. ഷിക്കാഗോയിലാണ് ഇതിന്റെ ആരംഭം. തെരുവോരങ്ങളില്‍ യുവാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനതകളും, അവിടുത്തെ ജീവിതവും അതിജീവനവും പരുക്കന്‍ ജീവിത പശ്ചാത്തലവുമെല്ലാമാണ് ഡ്രില്‍ റാപ്പിലെ വരികള്‍. എന്നാല്‍ അക്രമങ്ങള്‍, കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, വെടിവെപ്പ്, മരണം പോലുള്ളവ മഹത്വത്തോടെ വര്‍ണിക്കുന്ന വിശദമായ വരികളായിരിക്കും അവയില്‍ പലതിനും. 

തന്റെ റാപ്പ് ഒരു ഡ്രില്‍ ആണെന്ന് അവകാശപ്പെട്ടെത്തിയ ആദ്യ റാപ്പര്‍ പാക്മാന്‍ (PACMAN) ആണ്. 2011 ല്‍ പുറത്തിറക്കിയ 'ഇറ്റ്‌സ് എ ഡ്രില്‍' ആയിരുന്നു അത്. 2012 ല്‍ പാക്മാന്‍ മരിച്ചു. പിന്നീട് ചീഫ് കീഫ്, ലില്‍ ഡര്‍ക്ക്, കിങ് ലൂയി എന്നിവരെ പോലുള്ള ശ്രദ്ധേയരായ കലാകാരന്മാര്‍ ഈ രംഗത്ത് ശ്രദ്ധേയരായി. ചീഫ് കീഫിന്റെ 'ഐ ഡോണ്ട് ലൈക്ക്' എന്ന ട്രാക്ക് പിന്നീട് ഹിപ്പ് ഹോപ്പ് താരമായ കെയ്ന്‍ വെസ്റ്റ് റീമിക്‌സ് ചെയ്തിരുന്നു. ഇതോടെ ഡ്രില്ലിന് ആഗോളതലത്തില്‍ പ്രചാരം നേടാന്‍ സാധിച്ചു. ചീഫ് കീഫിന്റെ 'ലവ് സോസ', ഹോള്‍ഡ് മൈ ലിക്കര്‍ എന്നിവയും ആഗോള തലത്തില്‍ സ്വീകാര്യത നേടി. ഷിക്കാഗോയില്‍ നിന്നുടലെടുത്ത ഡ്രില്‍ റാപ്പിന് ഓസ്ട്രേലിയ, ന്യൂയോര്‍ക്ക്, യുകെ പോലുള്ള രാജ്യങ്ങളിലും സ്വീകാര്യത ലഭിച്ചുതുടങ്ങി.

placeholder
ജെയ്ക്ക് ഫഹ്രി | Photo: Metropolitan Police

യുകെയില്‍ സൗത്ത് ലണ്ടനിലാണ് ഡ്രില്ലിന്റെ ആരംഭം. യുഎസിലെ ഡ്രില്‍ റാപ്പര്‍മാര്‍ യുകെയിലും താരങ്ങളായി. വെസ്റ്റ് ആഫ്രിക്കന്‍ അല്ലെങ്കില്‍ കരീബിയന്‍ വംശജരായ ആളുകളായിരുന്നു യുകെയിലെ ഡ്രില്‍ കലാകാരന്മാരില്‍ കൂടുതലും. അതുകൊണ്ട് തന്നെ സമ്മിശ്രമായ ബ്രിട്ടീഷ്, സൊമാലി, അറബിക്, ജമൈക്കന്‍ ഭാഷാ ശൈലിയിലായിരുന്നു യുകെയില്‍ നിന്നുള്ള ഡ്രില്‍ റാപ്പ്. ഡ്രില്‍ റാപ്പ് എത്തിയ ഇടങ്ങളിലെല്ലാം അതിന് തനത് ഭാഷാശൈലിയും രൂപപ്പെട്ടു. അധികം വൈകാതെ തന്നെ യുകെയിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനവിനെ ഡ്രില്‍ റാപ്പുമായി ബന്ധിപ്പിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ഡ്രില്ലിന് സ്വീകാര്യതയുള്ള ഇടങ്ങളിലെല്ലാം മരണനിരക്കും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുവെന്നാണ് ആരോപണം. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഡ്രില്‍ റാപ്പിന്റെ വരികളുടെ പ്രമേയങ്ങളാണ്. ഡ്രില്‍ കലാകാരന്മാര്‍ പലപ്പോഴും ദാരിദ്ര്യവും കുറ്റകൃത്യങ്ങള്‍ നിറഞ്ഞതുമായ തങ്ങളുടെ ചുറ്റുപാടുകളുടെ ജീവിതങ്ങളെ കുറിച്ചാണ് റാപ്പ് ചെയ്യാറ്. ആ വരികളില്‍ പലപ്പോഴും അക്രമം, ഗുണ്ടായിസം, മയക്കുമരുന്ന് ഉപയോഗം എന്നിവയെ വര്‍ണിക്കുകയും ചെയ്യാറുണ്ട്. ഇവയെ കുറിച്ചുള്ള ജാഗ്രതയല്ല ഡ്രില്‍ ശ്രോതാക്കളില്‍ സൃഷ്ടിക്കുന്നതെന്നും ആ ജീവിതത്തോടുള്ള അഭിലാഷമാണ് അതിലെ വരികള്‍ തോന്നിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ഒരാളെ വെടിവെച്ച് കൊല്ലുന്നതിന്റെയും മറ്റ് ക്രൂര കുറ്റകൃത്യങ്ങളുടെയും വിശദമായ വിവരണങ്ങള്‍ അഭിമാനത്തോടെയും ആവേശത്തോടെയും ഒരു റാപ്പര്‍ പാടുന്നത് ചിന്തിച്ച് നോക്കൂ.

ആദ്യം സൂചിപ്പിച്ച ജെയ്ക്ക് ഫഹ്രിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. കൊലപാതകക്കേസില്‍ ജയിലിലായി പിന്നീട് പരോള്‍ കിട്ട് തിരികെയെത്തിയ ജെയ്ക്ക് അതിവേഗമാണ് ഡ്രില്‍ റാപ്പര്‍ എന്ന നിലയില്‍ അത്യാവശ്യം മെച്ചപ്പെട്ട പ്രസിദ്ധി നേടിയെടുത്തത്. തന്റെ ജയില്‍ ജീവിതവും താന്‍ നടത്തിയ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമാണ് ജെയ്ക്കിന്റെ വരികളില്‍ വര്‍ണിക്കപ്പെട്ടത്. താന്‍ നടത്തിയ കൊലപാതകം അഭിമാനത്തോടെ വരികളില്‍ വീമ്പായി പാടിയ ഫഹ്രിയുടെ മനോനിലയാണ് ഡ്രില്‍ സംഗീതം എത്രത്തോളം അപകടകാരിയാണെന്ന് നമ്മോട് വിളിച്ചു പറയുന്നത്. 

ഇരയാക്കപ്പെട്ടയാളുടെ ജീവന്‍ ശരീരം വിട്ടുപോകുന്നതിലും അയാളുടെ ചോര നിലത്തൊഴുകി പരക്കുന്നതിലും ആനന്ദം കണ്ടെത്തുന്നതായും അത് അയാള്‍ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായും ആവേശത്തോടെ പാടുന്ന വരികളായിരുന്നു ഫഹ്രിയുടേത്. ഡ്രില്ലിന്റെ ഈ അപകടമാണ് വിമര്‍ശകര്‍ നിരന്തരം ചൂണ്ടിക്കാണിക്കുന്നത്. 

ഇത് യുവാക്കളെയാണ് ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നതെന്ന് വിമര്‍ശകര്‍ ആശങ്കപ്പെടുന്നു. അക്രമവും കുറ്റകൃത്യങ്ങളും നിറഞ്ഞ ഉള്ളടക്കങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം അക്രമങ്ങളോടുള്ള യുവാക്കളുടെ സംവേദനക്ഷമത കുറയ്ക്കുകയാണ്. കുറ്റകൃത്യങ്ങളും അക്രമങ്ങളും അവരുടെ മനസില്‍ സാധാരണമാക്കപ്പെടുന്നു, പലപ്പോഴും പാട്ടുകളില്‍ വിവരിച്ചിരിക്കുന്ന പ്രവൃത്തികള്‍ അനുകരിക്കാന്‍ അത് ചിലരെയെങ്കിലും പ്രചോദിപ്പിക്കുന്നു. 

ടിക ടോക്ക്, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഡ്രില്‍ സംഗീതത്തിന്റെ പ്രചാരം സമീപകാലത്ത് അതുണ്ടാക്കുന്ന സ്വാധീനത്തിന്റെ വ്യാപ്തിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ യുവാക്കള്‍ക്കിടയില്‍ ഇത് വിപരീത സ്വാധീനമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലം

തീര്‍ച്ചയായായും എതൊരു വിഷയത്തിലും നിഷ്‌കളങ്കമായ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നവരുണ്ട്. ഡ്രില്ലിന്റെ വരികള്‍ തീര്‍ത്തും കലാപരമായ ആവിഷ്‌കാരമാണെന്നും കലാകാരന്മാര്‍ നേരിടുന്ന കഠിനമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമാണതെന്നും ഈ പക്ഷം വാദിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ശബ്ദമാവാന്‍ അതിന് സാധിക്കുന്നുണ്ടെന്നും അസമത്വം, ദാരിദ്ര്യം, പോലീസില്‍ നിന്ന് നേരിടുന്ന ക്രൂരതകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡ്രില്ലിന്റെ വരികള്‍ വെളിച്ചം വീശുന്നു. ഡില്ലിനെ സെന്‍സര്‍ ചെയ്യുന്നത് ശരിയല്ല. തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പ്രതിഫലിക്കുന്നതിനാലും, തങ്ങളുടെ നിരാശയും അസ്വസ്ഥതയുമെല്ലാം അഭിസംബോധന ചെയ്യുന്നതിനാലുമാണ് ഡ്രില്ലിനോട് യുവാക്കള്‍ക്ക് ആകര്‍ഷണം തോന്നുന്നതെന്നും അവര്‍ വാദിക്കുന്നു. 

ദാരിദ്ര്യവും അവസരമില്ലായ്മയും ഉള്‍പ്പടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ ഡ്രില്‍ റാപ്പിന് അഭിസംബോധന ചെയ്യുന്നുവെന്നും ഡ്രില്ലിന്റെ ദോഷങ്ങളിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്നവര്‍, അത് കൈകാര്യം ചെയ്യുന്ന അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയാണെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഡ്രില്‍ റാപ്പ് അധഃസ്ഥിത ജനതയുടെ പ്രശ്‌നങ്ങളുടെ കണ്ണാടിയായി പ്രവര്‍ത്തിക്കുകയാണോ അതോ ആ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാവുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ആത്യന്തികമായി കല, സമൂഹം, സാമൂഹിക ഉത്തരവാദിത്തം എന്നിവ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധമാണ് ഡ്രില്‍ റാപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഉള്ളടക്കം. ഡ്രില്‍ റാപ്പിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് അതിന്റെ കലാപരമായ മൂല്യവും അത് ആവിഷ്‌കരിക്കുന്ന സാമൂഹിക സാഹചര്യങ്ങളും ഒപ്പം അവ സൃഷ്ടിക്കുന്ന സാമൂഹിക ആഘാതവും ഒരുപോലെ പരിഗണിക്കുന്ന ഒരു സൂക്ഷ്മമായ സമീപനം ആവശ്യമാണ്.