ജൂലൈ 23 മുതല്‍ 29 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department) അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മഴ സാധ്യത മുന്നറിയിപ്പ് പങ്കുവെച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂഖ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. ഒരു കാലാവസ്ഥ മോഡലിനും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന അതിതീവ്ര മഴയാണ് വയനാട്ടില്‍ പെയ്തത്. 48 മണിക്കൂറില്‍ 500 മില്ലി മീറ്ററിന്‌ മുകളില്‍ മഴ ലഭിച്ച ഇടങ്ങള്‍ മേപ്പാടിക്കടുത്തുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു 

To advertise here,

ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും  അമിത് ഷാ ആരോപിച്ചിരുന്നു. എന്നാല്‍ അമിത് ഷാ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമാണ് വസ്തുതകള്‍ എന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. 

സംസ്ഥാനത്ത് 20 സെന്റീ മീറ്ററില്‍ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23, 24, 25, 26 തീയതികളില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് അമിത് ഷാ രാജ്യസഭയില്‍ അറിയിച്ചത്. മുന്നറിയിപ്പ് കേരളം എന്തിന് അവഗണിച്ചെന്നു ചോദിച്ച അമിത് ഷാ, ജനങ്ങളെ എന്തുകൊണ്ട്  മാറ്റിപാര്‍പ്പിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും വിമര്‍ശിച്ചു. 

എന്നാല്‍, ജൂലൈ 23 മുതല്‍ 29 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department) അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മഴ സാധ്യത മുന്നറിയിപ്പ് അമിത് ഷാ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ വിവരമാണ് നല്‍കിയിരിക്കുന്നത്. 23 മുതൽ നൽകിയ കാലാവസ്ഥാ മുന്നറിയിപ്പിൽ ഒരിടത്തും 30-ന് വയനാട്ടിൽ അതിതീവ്ര മഴ ഉണ്ടാവുമെന്ന റെഡ് അലേർട്ട് നൽകിയിരുന്നില്ലെന്ന് ഫഹദ് ഇട്ട പോസ്റ്റിൽനിന്ന് സൂചിപ്പിക്കുന്നു.

ഗ്രീന്‍ അലേര്‍ട്ട്- മുന്നറിയിപ്പില്ല, യെല്ലോ അലെര്‍ട്ട്: ശ്രദ്ധിക്കണം, ഓറഞ്ച്: തയ്യാറാവണം, റെഡ്: നടപടി എടുക്കണം എന്നാണ് ഐ.എം.ഡി. കളര്‍ കോഡിന്റെ അര്‍ത്ഥം

ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസങ്ങളിൽ റെഡ് അലേര്‍ട്ടോ ഓറഞ്ച് അലേര്‍ട്ടോ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്നില്ല