ആ മൂന്നു പേരില്ലായിരുന്നെങ്കിൽ യൂറോപ്പെന്ന ഭൂഖണ്ഡം മുഴുവനും വാസയോഗ്യമല്ലാതായേനെ | ചെർണോബിൽ


സി. എ ജേക്കബ്

വന്‍ ദുരന്തത്തിന് തൊട്ടുപിന്നാലെ ചെര്‍ണോബില്‍ നിലയത്തില്‍ മറ്റൊരു ഉഗ്ര സ്‌ഫോടനംകൂടി നടക്കേണ്ടതായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കില്‍ യൂറോപ്പ് മുഴുവന്‍ പതിറ്റാണ്ടുകളോളം മനുഷ്യവാസ യോഗ്യമല്ലാതായി മാറിയേനെ. അതില്ലാതാക്കിയത് മൂന്ന് പേരുടെ നിസ്സ്വാർഥ സേവനമാണ് .

ചെർണോബിൽ ദുരന്തത്തിന്റെ മുപ്പതാം വാർഷികമായിരുന്ന 2016 ഏപ്രിസലിൽ ദുരത്തിൽ മരണപ്പെട്ടവർക്ക് പുഷ്പാഞ്ജലി അർപ്പിക്കുന്നവർ |Getty file Photo

theirstory
ലോകത്തെ നാശങ്ങളിൽ നിന്ന് രക്ഷിച്ചെടുത്ത, നല്ല നാളെകൾ നമുക്കായി സൃഷ്ടിച്ച ചില മനുഷ്യരെ പരിചയപ്പെടുത്തുന്നു- TheirStory യിലൂടെ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമാണ് 1986 ഏപ്രില്‍ 26 ന് ചെര്‍ണോബിലില്‍ നടന്നത്. ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബ് വിതച്ചതിനെക്കാള്‍ 400 മടങ്ങ് അധിക റേഡിയേഷനാണ് ചെര്‍ണോബില്‍ ദുരന്തം ഉണ്ടാക്കിയത്. നിലയം നിലനിന്നിരുന്ന പ്രദേശം അടുത്ത 20,000 വര്‍ഷത്തേക്ക് മനുഷ്യവാസ യോഗ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്‍ ദുരന്തത്തിന് തൊട്ടുപിന്നാലെ ചെര്‍ണോബില്‍ നിലയത്തില്‍ മറ്റൊരു ഉഗ്ര സ്‌ഫോടനംകൂടി നടക്കേണ്ടതായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കില്‍ യൂറോപ്പ് മുഴുവന്‍ പതിറ്റാണ്ടുകളോളം മനുഷ്യവാസ യോഗ്യമല്ലാതായി മാറിയേനെ. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത നാശനഷ്ടം വിതക്കുമായിരുന്ന രണ്ടാമത്തെ സ്‌ഫോടനം ഒഴിവാക്കിയത് ചെര്‍ണോബില്‍ നിലയത്തിലെ ജീവനക്കാരായ മൂന്നുപേര്‍ ജീവന്‍ പണയപ്പെടുത്തി നടത്തിയ ദൗത്യമാണ്.

Chernobyl
ചെർണോബിലിലെ തകർന്ന ആണവ റിയാക്ടർ പരിസരം | 1998 AP File Photo

വലിയ ദുരന്തത്തിലേക്ക് നയിച്ചത് പാളിപ്പോയ പരീക്ഷണം

അന്ന് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു ഇന്ന് വടക്കന്‍ യുക്രെയ്‌നിലുള്ള ചെര്‍ണോബില്‍. 1986 ഏപ്രില്‍ 25 ന് വി.ഐ ലെനിന്‍ ആണവ വൈദ്യുത നിലയത്തിലെ നാലാമത്തെ റിയാക്ടറില്‍ അറ്റകുറ്റപ്പണി നടത്താന്‍ നിശ്ചയിച്ചിരുന്നു. നിലയത്തിലെ വൈദ്യുതി നിലച്ചാലും റിയാക്ടര്‍ തണുപ്പിക്കാന്‍ കഴിയുമോ എന്ന പരീക്ഷണവും അന്ന് നടത്താനായിരുന്നു തീരുമാനം. പരീക്ഷണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. ഇതോടെ റിയാക്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രണാതീതമായി. റിയാക്ടര്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനുള്ളില്‍ ചെയിന്‍ റിയാക്ഷനും സ്‌ഫോടനവുമുണ്ടായി. റിയാക്ടറിലെ കോര്‍ തന്നെ പൊട്ടിത്തെറിച്ചു. ഉഗ്ര ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

റിയാക്ടറില്‍ തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്നുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നന്നേ പണിപ്പെട്ടു. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് റിയാക്ടറിനുമേല്‍ മണല്‍ വിതറി. സ്ഫോടനത്തില്‍ രണ്ടുപേർ തത്ക്ഷണം മരിച്ചു. ആണവ നിലയത്തിലെ ചില ജീവനക്കാരെയും ഏതാനും അഗ്‌നിശമന സേനാംഗങ്ങളെയും പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിലയത്തിലെ ജീവനക്കാര്‍ക്കുവേണ്ടി 1970 ല്‍ നിര്‍മ്മിച്ച, തൊട്ടടുത്ത് തന്നെയുള്ള പ്രിപ്യാറ്റ് നഗരത്തിലെ താമസക്കാര്‍ അടക്കമുള്ള സമീപവാസികളെ അധികൃതര്‍ ഒഴിപ്പിച്ചത് ദുരന്തം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇതിനിടെ, തകര്‍ന്ന ആണവ നിലയത്തില്‍നിന്നുള്ള ആണവ വികിരണം സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വരെ എത്തി. സ്വീഡനിലെ ആണവ നിലയങ്ങളില്‍ റേഡിയേഷന്റെ സാന്നിധ്യം വ്യക്തമായതോടെ യുഎസ്എസ്ആറില്‍ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം സ്വീഡനിലെ വിദഗ്ധര്‍ ഉന്നയിച്ചു.

വന്‍ ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്ന് ലോകം മനസിലാക്കി തുടങ്ങിയപ്പോഴേക്കും ചെര്‍ണോബില്‍ നിലയത്തില്‍ ഉണ്ടായിരുന്ന 190 മെട്രിക് ടണ്‍ യൂറേനിയത്തിന്റെ 30 ശതമാനവും അന്തരീക്ഷത്തില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഒഴിപ്പിച്ചത് മൂന്നര ലക്ഷത്തിധികം പേരെ

Chernobyl
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ഡയറക്ടര്‍
ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി(നടുവില്‍)
2021 ഏപ്രില്‍ 27 ചൊവ്വാഴ്ച ചെര്‍ണോബിലിലെ പൊട്ടിത്തെറിച്ച
റിയാക്ടര്‍ പരിശോധിക്കുന്നു. |ഫോട്ടോ : AP

റിയാക്ടറിന് ചുറ്റുമുള്ള 19 മൈല്‍ (30ലധികം കിലോമീറ്റര്‍) പ്രദേശം സോവിയറ്റ് യൂണിയന്‍ എക്സ്‌ക്ലൂഷന്‍ സോണായി പ്രക്യാപിക്കുകയും ഇവിടെനിന്ന് 3.35 ലധിത്തിലധികം പേരെ ഒഴിപ്പിക്കുയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് 28 പേരാണ് ആദ്യം മരിച്ചത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും കൗമാരക്കാരും അടക്കമുള്ള 6000 പേര്‍ക്ക് റേഡിയേഷന്‍ ഏറ്റതുമൂലമുള്ള തൈറോയ്ഡ് ക്യാന്‍സര്‍ ബാധിച്ചുവെന്നാണ് ആണവ വികിരണത്തിന്റെ പ്രത്യാഖാതങ്ങളെപ്പറ്റി പഠിച്ച യുഎന്‍ സമിതി റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പലരും തര്‍ക്കം ഉന്നയിക്കുന്നുണ്ട്. ഉയര്‍ന്ന തോതില്‍ റേഡിയേഷന്‍ ബാധിക്കാനിടയായ 4000 ത്തോളം പേരും കുറഞ്ഞ ആളവില്‍ റേഡിയേഷന്‍ ബാധിച്ച 5000 ത്തോളം പേരും ക്യാന്‍സര്‍ ബാധിച്ചു മരിച്ചുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പഠനം ഇപ്പോഴും തുടരുകയാണ്. റേഡിയേഷന്‍ ഏറ്റവരുടെ വരും തലമുറയ്ക്കുവരെ എന്തെല്ലാം തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു എന്നത് അടക്കമുള്ളവയാണ് ഇപ്പോഴും പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നത്.

ഇതിലും വലുതാകുമായിരുന്നു ദുരന്തം; ഒഴിവാക്കിയത് മൂന്നുപേര്‍ നടത്തിയ ദൗത്യം

ചെര്‍ണോബില്‍ ആണവ നിലയത്തിലെ ജീവനക്കാരായ മൂന്നുപേര്‍ ജീവന്‍ പണയംവച്ച് നടത്തിയ ദൗത്യം ഇല്ലായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. റിയാക്ടര്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന വാല്‍വുകള്‍ തുറന്ന് അവിടെ കെട്ടിനിന്നിരുന്ന ജലം പുറത്തേക്ക് ഒഴിക്കിക്കളയുക എന്നതായിരുന്നു ആ ദൗത്യം. റിയാക്ടര്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന പമ്പുചെയ്ത വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍ താഴത്തെ നില. റേഡിയോ ആക്ടീവ് ജലം നിറഞ്ഞ ഭാഗത്തുള്ള വാല്‍വുകള്‍ ആയിരുന്നു തുറക്കേണ്ടിയിരുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയര്‍ അലക്സി അനനെങ്കോ, സീനിയര്‍ എന്‍ജിനിയര്‍ വലേറി ബെസ്പലോവ്, ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ ബോറിസ് ബാരണോവ് എന്നിവരാണ് ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ആ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. ദൗത്യം അവരുടെ ജീവനെടുത്താല്‍ കുടുംബങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.

chernobyl
ലക്ഷക്കണക്കിന് മനുഷ്യരുടെ ഭാവിയെതന്നെ നിര്‍ണയിക്കുന്ന ദൗത്യമാണ് അവര്‍ പൂര്‍ത്തിയാത്തിത്. ചരിത്രത്തിലെതന്നെ സമാനതകളില്ലാത്ത ദൗത്യങ്ങളിലൊന്നായി അത് മാറി.

വാല്‍വുകള്‍ തുറന്നില്ലായിരുന്നുവെങ്കില്‍

ആണവ ദുരന്തം നടന്ന ദിവസം തീകെടുത്തുന്നതിനായി അഗ്‌നിശമന സേന റിയാക്ടറിലേക്ക് വന്‍തോതില്‍ വെള്ളം പമ്പുചെയ്തിരുന്നു. വന്‍തോതില്‍ റേഡിയോ ആക്ടീവ് ജലം റിയാക്ടര്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കെട്ടിക്കിടക്കാന്‍ ഇത് ഇടയാക്കി. റിയാക്ടറിന് തൊട്ടുതാഴെയുള്ള ബബ്ലര്‍ പൂളുകളില്‍നിന്ന് കൂളന്റ് ഒഴുക്കിക്കളയുന്നതിനുള്ള വാല്‍വുകള്‍ റിയാക്ടറിന് തൊട്ടുതാഴെയുള്ള ഈ നിലയിലാണ് സ്ഥാപിച്ചിരുന്നത്. ആണവ റിയാക്ടറിലെ ഫ്യുവല്‍ റോഡുകള്‍, കെയ്സ്, കോര്‍കണ്‍ടെയ്ന്‍മെന്റ് വെസല്‍ എന്നീഭാഗങ്ങളും സമീപത്തുണ്ടായിരുന്ന മറ്റെല്ലാ വസ്തുക്കളും ഉരുകിയൊലിക്കാന്‍ പ്രാപ്തമായിരുന്നു ന്യൂക്ലിയര്‍ ഫിഷനെ തുടര്‍ന്നുണ്ടായ ചൂട്. ഇത്തരത്തില്‍ രൂപപ്പെട്ട റേഡിയോ ആക്ടീവ് ലാവ നിലയത്തിന്റെ കോണ്‍ക്രീറ്റ് തറയിലൂടെ ഒഴുകി താഴെയുള്ള പൂളുകളിലേക്ക് നീങ്ങുകയാണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. ലാവപോലെയുള്ള വസ്തു ഒഴുകി താഴത്തെ നിലയില്‍ കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ മറ്റൊരു ഉഗ്ര സ്ഫോടനത്തിന് അത് ഇടയാക്കുമായിരുന്നു. ആണവ നിലയത്തിലെ മറ്റ് മൂന്ന് റിയാക്ടറുകള്‍കൂടി തകരാന്‍ ഇത് ഇടയാക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ മാനവരാശിക്ക് കരകയറാനാകാത്ത വന്‍ ദുരന്തമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. റിയാക്ടര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കെട്ടിക്കിടക്കുന്ന 20 കോടി ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയുക എന്നത് മാത്രമായിരുന്നു വന്‍ദുരന്തം ഒഴിവാക്കാനുള്ള ഏക പോംവഴി. തീകെടുത്താനായി പമ്പുചെയ്ത വെള്ളം കെട്ടിനില്‍ക്കുന്ന റിയാക്ടര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാല്‍വുകള്‍ തുറന്നാല്‍ മാത്രമെ വെള്ളം ഒഴുക്കിക്കളയാന്‍ സാധിക്കുമായിരുന്നുള്ളൂ. ആ ദൗത്യത്തിനാണ് മൂന്ന് ജീവനക്കാര്‍ നിയോഗിക്കപ്പെട്ടത്.

ഇവരുടെ ദൗത്യം വിജയിച്ചില്ലായിരുന്നുവെങ്കില്‍, രണ്ടാമത്തെ സ്ഫോടനംമൂലം ഉണ്ടാകുമായിരുന്ന മരണസംഖ്യ ലക്ഷങ്ങള്‍ കടന്നേനെ. ഇതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷം വര്‍ഷത്തേക്ക് യൂറോപ്പ് മുഴുവന്‍ ജനവാസ യോഗ്യമല്ലാത്ത ഭൂപ്രദേശമായി മാറിയേനേയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

നിറംപിടിപ്പിച്ച കഥകള്‍

PRIPYAT chernobyl
ചെര്‍ണോബില്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്ക് താമസിക്കാനായി
സോവിയറ്റ് മാതൃകയില്‍ നിര്‍മ്മിച്ച നഗരം. ഫ്ലാറ്റുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവ
എല്ലാം ഉൾപ്പെടുന്ന പ്രദേശമാണിത്. ഏതാണ്ട് 43000 പേരെയാണ് പ്രിപ്പ്യാറ്റില്‍ നിന്ന്
ദുരന്തത്തോടനുബന്ധിച്ച ഒഴിപ്പിച്ചത്. നിലവില്‍ എക്‌സക്ലൂഷണ്‍ സോണിലാണ്
ഈ പ്രദേശം പെടുന്നത്. | Getty images

മൂവരുടെയും രക്ഷാദൗത്യം ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചുവെങ്കിലും അനേകം നിറംപിടിപ്പിച്ച കഥകളാണ് അതേക്കുറിച്ച് പിന്നീട് പ്രചരിച്ചത്. കൂരിരുട്ടില്‍ മൂന്നുപേരും റേഡിയോ ആക്ടീവ് ജലത്തിലൂടെ നീന്തി. ഫ്‌ളാഷ്‌ലൈറ്റ് പ്രവര്‍ത്തന രഹിതമായെങ്കിലും സാഹസികമായി അവര്‍ വാല്‍വ് കണ്ടെത്തി. വാല്‍വ് തുറന്ന് അവര്‍ വീണ്ടും നീന്തി പുറത്തെത്തി എങ്കിലും മാരകമായ റേഡിയേഷനേറ്റ അവര്‍ തൊട്ടുപിന്നാലെ മരിച്ചു. തുടര്‍ന്ന് ഈയംകൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടികളില്‍ അവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു എന്നിങ്ങനെ ആയിരുന്നു ആ കഥകള്‍. എന്നാല്‍ 'ചെര്‍ണോബില്‍ 01:23:40' എന്ന പുസ്തകത്തില്‍ ആന്‍ഡ്രൂ ലീതര്‍ബറോ മറ്റൊരു തരത്തിലാണ് സംഭവം വിവരിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നില റേഡിയോ ആക്ടീവ് ജലംകൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ കുറേയധികം ജലം അഗ്നിശമന സേനാംഗങ്ങള്‍ പമ്പുചെയ്ത് നീക്കി. അതിനാല്‍ മുട്ടറ്റംവരെ മാത്രമുള്ള റേഡിയോ ആക്ടീവ് ജലത്തിലൂടെ പോയാണ് മൂന്നുപേരും വാല്‍വ് തുറന്നത്. ഇവരെക്കൂടാതെ മറ്റു പലരും കെട്ടിടത്തിന്റെ വെള്ളം നിറഞ്ഞ താഴത്തെ നിലയിലേക്ക് പോയിരുന്നു. എന്നാല്‍ അവരെക്കുറിച്ചോ അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല. അഞ്ചു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിനൊടുവില്‍ കണ്ടെത്തിയ വിവരങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ സാഹസിക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തെത്തിയ മൂന്നുപേര്‍ക്കും വന്‍ സ്വീകണമാണ് ലഭിച്ചത്.

chernobyl
മൂന്നുപേരും ആഴ്ചകള്‍ക്കകം മരിച്ചുവെന്നതും കെട്ടുകഥ ആയിരുന്നു. അവര്‍ ദീര്‍ഘകാലം ജീവിച്ചു. ബോറിസ് ബാരനോവ് 2005 ലാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. മറ്റുരണ്ടുപേരും യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ജീവിച്ചു.

സംഭവത്തെപ്പറ്റി അനകെങ്കോ പിന്നീട് സോവിയറ്റ് മാധ്യമങ്ങളോട് വിവരിച്ചിട്ടുണ്ട്. ചെര്‍ണോബില്‍ ആണവ നിലയത്തിലെ ജീവനക്കാര്‍ തങ്ങളുടെ ദൗത്യത്തിന് സാക്ഷിയായിരുന്നു. താഴത്തെ നിലയിലെ ഒരുകൂട്ടം പൈപ്പുകളാണ് വാല്‍വിലേക്ക് തങ്ങളെ നയിച്ചത്. പൈപ്പുകളില്‍ സെര്‍ച്ച് ലൈറ്റിന്റെ പ്രകാശം പതിച്ചതോടെ ഞങ്ങള്‍ക്ക് വലിയ ആശ്വാസം തോന്നി. വാല്‍വ് തുറന്നതോടെ ജലം പുറത്തേക്ക് ഒഴുകുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. തിരിച്ചെത്തിയ തങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണ് സഹപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ചത്. എല്ലാവരും തങ്ങളെ അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

PRIPYAT chernobyl
ദുരന്തത്തിൽ നശിച്ച പ്രിപ്പ്യാറ്റിലെ കെട്ടിടത്തിനുൾഭാഗം.
| Getty images

ചെര്‍ണോബില്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ആയിരുന്നുവെന്ന് ഇനിയും കൃത്യമായി വിലയിരുത്തിയിട്ടില്ല. സങ്കല്‍പ്പിക്കാനാവാത്ത വന്‍ ദുരന്തം ഒഴിവാക്കിയ മൂന്നുപേരുടെയും ദൗത്യം സംബന്ധിച്ച പല കഥകളും നിറംപിടിപ്പിച്ചവ ആണെങ്കിലും മറ്റുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി എന്തും നേരിടാന്‍ തയ്യാറായി മുന്നിട്ടിറങ്ങി എന്നതാണ് അവരെ ഹീറോകളാക്കുന്നത്. പിന്നീട് ദുരന്തം നടന്ന പ്രദേശം അപകടവിമുക്തമാക്കാന്‍ ആറ് ലക്ഷത്തോളം പേര്‍ അവിടെ പ്രവര്‍ത്തിച്ചു. അവരുടെ പ്രവര്‍ത്തനവും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനും റേഡിയേഷന്‍ നിയന്ത്രണ വിധേയമാക്കുന്നതിനും ഉപകരിച്ചു.

chernobyl
ആണവ വികിരണം ഒഴിവാക്കാൻ 2016ൽ റിയാക്ടർ ഉരുക്ക് കവചത്തിൽ പൊതിഞ്ഞപ്പോൾ |AFP file Photo

നിലവില്‍ ഒരു ഉരുക്ക് കവചത്തിനുള്ളിലാണ് അന്ന് പൊട്ടിത്തെറിച്ച റിയാക്ടര്‍ ഉള്ളത്. 2016-ലാണ് ഉരുക്ക് കവചം സ്ഥാപിച്ചത്. പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളും റേഡിയേഷന്‍ നിയന്ത്രിക്കാനുള്ള നീക്കങ്ങളും ഇപ്പോഴും തുടരുകയാണ്. 2065 വരെ അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിവരും. നിലവില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശംകൂടിയാണ് ചെര്‍ണോബിലിലെ ദുരന്തഭൂമി. ഇരുമ്പ് ചട്ടക്കൂടിനുള്ളിലുള്ള പൊട്ടിത്തെറിച്ച റിയാക്ടറും കാടുകയറിക്കിടക്കുന്ന ആണവ നിലയവും ആളൊഴിച്ച പ്രിപ്യാറ്റ് നഗരവും നേരില്‍ക്കണ്ട് സഞ്ചാരികള്‍ ഇന്നും അമ്പരക്കുന്നു.

അവലംബം: www.histrory.co.uk, nationalgeographic.com, nytimes.com,chernobyladventure.com

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented