സിവില്‍ സ്റ്റേഷന്‍ പരിസരം എന്നത്തെയും പോലെ തിരക്കിലാണ്. പാലക്കാടിന്റെ പല ഇടങ്ങളില്‍ നിന്നും വന്നെത്തിയ മനുഷ്യര്‍, പലവഴിക്കായി പിരിഞ്ഞു പോകുന്നവര്‍. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഗേറ്റിന് പുറത്ത് ഓരം ചേര്‍ന്ന് മണ്ണില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിലാണ് ആ മനുഷ്യന്‍, ബാനറുകളോ കൊടിതോരണങ്ങളോ ഒന്നുമില്ല. ആധുനിക കാലത്തിന്റെ സമരരീതികളും അദ്ദേഹത്തിനറിയില്ല. സ്വന്തം കൈപ്പടയില്‍ അക്ഷരത്തെറ്റോടെ നിരാഹാര സമരം എന്ന് എഴുതിയ ഒരു കടലാസ്സ് മാത്രമാണുള്ളത്. കണ്ണുകളിലെ നിസ്സഹായത ദുര്‍ബലമായ ആ ശരീരത്തിലാകെ കാണാം. അലസമായി പാറുന്ന വെളുത്ത മുടിയിഴകള്‍. നിരാശ വന്നടിഞ്ഞ ഒട്ടിയ കവിള്‍ തടം. ദേഹത്തോട് ചേര്‍ന്നൊട്ടിയ അസ്ഥികള്‍ തെളിഞ്ഞ് നില്‍ക്കുന്നു. വയറിലൂടെ ഒരുട്യൂബ് തറയിലെ യൂറിന്‍ ബാഗിലേക്ക്, പത്തു വര്‍ഷമായി അതും ശരീരത്തിന്റെ ഭാഗമാണ്. ജീവിയ്ക്കാന്‍ ഒരു മാര്‍ഗ്ഗം വേണമെന്ന അപേക്ഷയും ചുളിവുവീണ കയ്യില്‍ മുറുകെപ്പിടിച്ചിട്ടുണ്ട്.

To advertise here,

വിണ്ടുകീറിയ കാല്‍പ്പാദങ്ങളിലൂടെ ചോണനുറുമ്പ് നിരയിട്ടു പോകുന്നു. അത് കാണാത്തവണ്ണം ചിദംബരന്‍ അനക്കമില്ലാതെ ഇരുന്നു. ഇരതേടുന്ന ഉറുമ്പുകളെപ്പോലെ അന്നത്തിനുള്ള വഴിതിരഞ്ഞാണ് ആ മനുഷ്യനും തെരുവിലെത്തിയത്. ശനിയാഴ്ച്ചമുതലാണ് വെറും മണ്ണിലുള്ള ഇരിപ്പ് തുടങ്ങിയത്. മുന്നിലെ കളക്റ്ററേറ്റ് കെട്ടിടത്തിന്റെ നിഴലുപോലും ഇന്നേവരെ ചിദംബരന് തണലേകിയില്ല.

പുറംപോക്കിലെ ജീവിതം

പൊന്നമ്മയുടെയും നടരാജന്റെയും മകനായാണ് ജീവിതം പിച്ചവച്ചുതുടങ്ങിയത്. കൂലിപ്പണിക്കാരനായ അച്ഛന്‍ ജീവിതവഴിയില്‍ തനിച്ചാക്കി കടന്നുപോയി.തിരുനെല്ലായ് കനാല്‍പുറംപോക്കിലെ ഷെഡ്ഡാണ് അവശേഷിച്ച അഭയം. വിശപ്പിന്റെ വേദന കൂടിയപ്പോള്‍ ആറാംക്ലാസ്സില്‍ പഠനംഉപേക്ഷിച്ചു. അമ്മയ്ക്കൊപ്പം ഈര്‍ക്കില്‍ ചൂല് ഉണ്ടാക്കി വിറ്റാണ് അന്നത്തിനുള്ള വഴി കണ്ടെത്തിയത്.

സന്ധ്യവരെ ചൂലുംകെട്ടുമായി നടന്നാല്‍ പരമാവധി 200 രൂപകിട്ടും. ഇരുട്ട് പടര്‍ന്ന വഴിയോരത്ത് മണ്ണെണ്ണ വിളക്കിന്റെ ചുവന്ന വെട്ടത്തില്‍ വീണ്ടും ചൂലുകളുണ്ടാക്കും. ഒരേ ജീവിത ദിശയില്‍ കാലങ്ങള്‍ കടന്നുപോയി. പത്തുവര്‍ഷം മുന്‍പ് പ്രാണനെ വെല്ലുവിളിച്ചെത്തിയ അപകടം ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടാക്കി, മൂത്ര സഞ്ചി തകര്‍ന്നു. വേദനയുടെ തുടര്‍ച്ചകള്‍ മാത്രമുണ്ടായ ദിനരാത്രങ്ങള്‍.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വാക്കുകള്‍കൊണ്ട് അടയാളപ്പെടുത്താനാവാത്തവിധം ചിദംബരന്റെ പ്രാണനുവേണ്ടി അമ്മ പോരടിച്ചു. മുറിവുകള്‍ ഉണങ്ങിയെങ്കിലും ജീവിതമാകെ താളംതെറ്റി. യൂറിന്‍ബാഗ് ശരീരത്തിന്റെ ഭാഗമായി. ഭാരമുള്ള ഒരു പണിയും ചെയ്യാന്‍ സാധിക്കില്ല. വൃക്കരോഗം അമ്മയെയും അവശയാക്കി. കടം വാങ്ങിയ ലോട്ടറി ടിക്കറ്റുകളുമായി ചിദംബരന്‍ തെരുവിലേക്കിറങ്ങി. വഴിയോരത്ത് രാവന്തിയാവുന്നത് വരെ ലോട്ടറിയുമായി നില്‍ക്കും. വിറ്റുകിട്ടുന്നതില്‍ അവശേഷിക്കുന്ന നൂറുരൂപ വരുമാനംകൊണ്ട് രണ്ടുവയര്‍ നിറയ്ക്കണം.

നവകേരളത്തിന്റെ കനിവ് കാത്ത്

അമ്മയുടെ ചികിത്സ വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിക്കാതെ വന്നു. വൃക്കരോഗം മൂര്‍ച്ഛിച്ച് പൊന്നമ്മ ജില്ലാശുപത്രിയില്‍ മിഴിയടച്ചു.'അമ്മ ഇനി ഇല്ല'എന്ന്ഡോക്റ്റര്‍ പറഞ്ഞത് ഇപ്പോഴും ചിദംബരന്റെ കാതിലുണ്ട്. ആ ഓര്‍മ്മ കണ്ണാഴങ്ങളില്‍ വേദന പടര്‍ത്തി. വിശന്നൊട്ടിയ വയറിലേക്ക് കണ്ണീരിറ്റിവീണു. നിരാശയുടെ നിഴല്‍ മുഖമാകെ പടര്‍ന്നു, അയാള്‍ നിശ്ശബ്ദനായി.ഭൂമിയില്‍ തനിച്ചായ ഒരുവനെപ്പോലെ ഏറെനാള്‍ തള്ളിനീക്കി. അപകടത്തില്‍ ശരീരത്തിനേറ്റ പരിക്ക് പലപ്പോഴും പ്രാണനെത്തന്നെ വെല്ലുവിളിച്ചു. അപ്പോഴും യൂറിന്‍ബാഗ് വയറിനോട് ചേര്‍ത്ത് കെട്ടി ലോട്ടറിയുമായി ഇറങ്ങും. വേദനകരണം അധികസമയം നില്‍ക്കാന്‍ കഴിയില്ല. പലപ്പോഴും ലോട്ടറികള്‍ വില്‍ക്കാന്‍ സാധിക്കാതെ തിരിച്ചുപോകും. അന്നത്തെ അന്നം പച്ചവെള്ളമാണ്. വീഴാതെ കാത്തത് സാമൂഹ്യ ക്ഷേമ പെന്‍ഷനാണ്. മൂന്നുമാസമായി പെന്‍ഷന്‍ മുടങ്ങിയതോടെയാണ് ജീവിതം ഇത്രമേല്‍ പ്രതിസന്ധിയിലായത്.

തുടര്‍ച്ചയായി കച്ചവടം മുടങ്ങിയതോടെവലിയ നഷ്ട്ടം സംഭവിച്ചു. പുതിയ ലോട്ടറി എടുക്കാന്‍ പൈസയില്ലാതായി. വേദനകള്‍ക്കിടയില്‍ പട്ടിണിയും തുടര്‍ച്ചയായി. ആ ഇടക്കാണ് നവകേരള സദസ്സ് ചിദംബരന്റെ നാട്ടിലുമെത്തിയത്. വയറ്റില്‍ യൂറിന്‍ബാഗ് കെട്ടി ചിദംബരനും അവിടെച്ചെന്നു. കനിവിനായി അപേക്ഷിച്ചുകൊണ്ട് പരാതി കൊടുത്തു. ജീവന മാര്‍ഗ്ഗത്തിന് വേണ്ടി സഹായിക്കണമെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

അന്നത്തിനായുള്ള സമരം

സഹജീവികള്‍ അറിഞ്ഞ് കൊടുക്കുന്ന ചെറിയ സഹായങ്ങളാണ് വീഴാതെ കാക്കുന്നത്. ലോട്ടറിവിറ്റു ജീവിക്കണമെന്നാണ് ചിദംബരന്റെ ആഗ്രഹം. 25 ടിക്കറ്റ് വീതം ഒരാഴ്ച്ചത്തെ ലോട്ടറി വാങ്ങിക്കാന്‍ 7000 രൂപയോളം വരും. കീശകാലിയായ ചിദംബരന് ആ തുകയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അധ്വാനിച്ച് ജീവിക്കാന്‍ സഹായിക്കണമെന്നാണ് പ്രധാന ആവശ്യം. ഒപ്പം മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷനും കിട്ടണം.

പോയ കാലത്തേയ്ക്ക് ചികഞ്ഞാല്‍ കളക്ട്രേറ്റ് ആകെ നിശ്ചലമാക്കി നടത്തിയ പല സമരങ്ങളും അവിടെക്കാണാം. ആ ചരിത്രം വേരാഴ്ത്തിയ മണ്ണിലാണ് ചിദംബരന്‍ നിശബ്ദമായി ഇരിക്കുന്നത്. പ്രാണനറ്റു പോകാതിരിക്കാന്‍ യാചിക്കുന്നത്. ജീവിതം തീര്‍ത്തും അസാധ്യമായപ്പോഴാണ് ഈ ഇരുപ്പ് തീരുമാനിച്ചത്. ജീവിതത്തിലെ അവസാന പ്രതീക്ഷയാണിത്. 'തിരിച്ചുപോയി പട്ടിണികിടക്കാന്‍ ഇനിയാവില്ല വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമായെന്നാണ് ' ഒടുവിലായി അദ്ദേഹം പറഞ്ഞത്.

ഉച്ച വെയില്‍ കനക്കുന്നുണ്ട്. നിഴലുപോലുമില്ല മാറിയിരിക്കാന്‍, അദ്ദേഹമതിന് ഒരുക്കവുമല്ല. ജീവിതത്തിന് വെളിച്ചവുമായി ഒരാള്‍ ആ വലിയ കെട്ടിടത്തില്‍ നിന്നും ഇറങ്ങിവരുമെന്ന പ്രതീക്ഷയിലാണ് അവിടെത്തന്നെ തുടരുന്നത്. നിരാശയുടെ പടുകുഴിയില്‍ കിടക്കുമ്പോഴും ആ ചിന്തയാണ് വീഴാതെ കാക്കുന്നത്. അധികാര ബോധത്തിന്റെ അവഗണനയുടെ പരിധി കഴിഞ്ഞെങ്കില്‍ ആ മനുഷ്യനെ ഒന്ന് പരിഗണിക്കണം. വിശന്നൊട്ടിയ വയറുമായി അയാള്‍ തെരുവില്‍ത്തന്നെയുണ്ട്.