
വിലക്കുകളെയും കുത്തുവാക്കുകളേയും ഭയന്ന് സ്വന്തം സ്വത്വത്തെ കൊട്ടാരത്തില്‍ തളച്ചിടാതെ സ്വവര്‍ഗാനുരാഗിയാണ് താനെന്ന് ധൈര്യത്തോടെ വിളിച്ചു പറഞ്ഞ ഒരു രാജകുമാരനുണ്ട് ഇന്ത്യയിൽ. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ രാജ്പിപ്ല എന്ന പ്രദേശത്തെ രാജകുമാരനായ മാനവേന്ദ്ര സിങ് ഗോഹില്‍. തന്റെ തുറന്നു പറച്ചിൽ കൊട്ടാരത്തില്‍ നിന്ന് പടിയിറക്കിയപ്പോഴും മാനവേന്ദ്ര തളര്‍ന്നില്ല. ദുരഭിമാനത്തോടും വെറുപ്പിനുമെതിരെയുള്ള പോരാട്ടം അയാൾ തുടർന്നു.
ഗേ ആണെന്ന് തുറന്നു പറഞ്ഞതിന്റെ പേരില്‍ മാനവേന്ദ്ര സിംഗ് ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട്. തന്റെ കോലം കത്തിച്ചും കൊട്ടാരത്തില്‍ നിന്ന് ഇറക്കിവിട്ടുമൊക്കെ മാനവേന്ദ്ര സിംഗിനോട് ചെയ്ത ക്രൂരതകള്‍ക്ക് കണക്കില്ലായിരുന്നു. പൊരുതാവുന്നതിലധികം പൊരുതിയാണ് മാനവേന്ദ്ര തന്റെ വ്യക്തിത്വം എന്താണെന്ന് ലോകത്തെ അറിയിച്ചത്. സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ രക്ഷിതാക്കളുടെ പ്രതികരണമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. മകന്‍ ബുദ്ധിയില്ലാതെ എന്തൊക്കെയോ വിളിച്ചുപറയുകയാണ് എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. തലച്ചോര്‍ ശസ്ത്രക്രിയ ചെയ്യണമെന്നും ഇലക്ട്രോ ഷോക്ക് തെറാപ്പി കൊടുത്താല്‍ നല്ല ബുദ്ധി വരുമെന്നൊക്കെ പറഞ്ഞ് അവര്‍ അദ്ദേഹത്തെ തളര്‍ത്താന്‍ ശ്രമിച്ചു. അപമാനവും വെറുപ്പും മാനവേന്ദ്രയെ പിന്തുടര്‍ന്നെങ്കിലും ധൈര്യം കൈവിടാതെ പൊരുതാൻ തന്നെ അയാൾ തീരുമാനിച്ചു.
ഗേ ആണെന്ന് അറിഞ്ഞപ്പോള്‍ ആളുകള്‍ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെന്ന് പറയുന്നു മാനവേന്ദ്ര. "ധൈര്യം കൈവിട്ടില്ല. ഒരു രാജകുടുംബത്തില്‍ ജനിച്ചതുകൊണ്ടുതന്നെ കഠിനമായ ചിട്ടവട്ടങ്ങളില്‍പ്പെട്ട് ഉഴലുകയായിരുന്നു ജീവിതം. മനസ് തുറന്ന് ഒന്ന് സംസാരിക്കാന്‍ പോലും കൊട്ടാരത്തില്‍ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെ സംസാരിക്കാനും ആരുമുണ്ടായിരുന്നില്ല. കുറേയധികം ജോലിക്കാര്‍ മാത്രമാണ് ചുറ്റുമുണ്ടായിരുന്നത്. എന്നെ ചെറുപ്പം മുതലേ നോക്കിയിരുന്ന സ്ത്രീ എന്റെ യഥാര്‍ഥ അമ്മയല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നത് തന്നെ കുറേ കാലങ്ങള്‍ക്ക് ശേഷമാണ്. അതുകൊണ്ട് എന്റെ വ്യക്തിത്വം ഇതാണെന്ന് തുറന്നുപറയാന്‍ ഭയമായിരുന്നു. പക്ഷേ, ഞാനെന്ന വ്യക്തിയോട് ആത്മാര്‍ത്ഥത പുലര്‍ത്തണ്ടേത് അനിവാര്യമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ എന്റെ സ്വത്വം തുറന്നുകാണിച്ചു. അതിന് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഗേ ആക്ടിവിസ്റ്റായ അശോക് റാവോ കവിയാണ്. അദ്ദേഹത്തെ ഞാന്‍ എന്റെ മാര്‍ഗദര്‍ശിയായാണ് കാണുന്നത്", മാനവേന്ദ്ര മാതൃഭൂമി ഡോട്ടകോമിനോട് പ്രതികരിച്ചു. എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഇന്ത്യ കെയേഴ്‌സ് എന്ന ഓര്‍ഗനൈസേഷനിലും മാനവേന്ദ്ര സിംഗ് പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തില്‍ എച്ച്.ഐ.വി അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനാണ് ഇന്ത്യ കെയേഴ്‌സ്. മാതൃഭൂമിയുടെ കപ്പ കള്‍ച്ചര്‍ ഫെസ്റ്റില്‍ മാനവേന്ദ്ര സിംഗും ഡോ.സാം പ്രസാദും ഇന്ത്യ കെയേഴ്‌സിന്റെ ഭാഗമായി എച്ച്.ഐ.വി അവബോധ കാമ്പയ്ൻ നടത്തിയിരുന്നു.

2006ലാണ് മാനവേന്ദ്രയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. സ്വന്തം ഗേ സ്വത്വം ലോകത്തെ അറിയിച്ചതോടെ എതിര്‍പ്പുകള്‍ വന്നെങ്കിലും അത് പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ നല്ല വാക്കുകളും നല്ല ആളുകളും മാനവേന്ദ്രയെ ശക്തിപ്പെടുത്തി. ലോകത്തെ ആദ്യത്തെ ഗേ പ്രിന്‍സ് എന്ന വെളിപ്പെടൽ അദ്ദേഹത്തെ സമൂഹം അംഗീകരിക്കാനുള്ള വലിയ കാരണങ്ങളിലൊന്നായിരുന്നു. മാധ്യമങ്ങളും ജനങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കൂടെ നിന്നതോടെ കുടുംബവും അംഗീകരിക്കാന്‍ തുടങ്ങി. 2007 ല്‍ ഒപ്രാ വിന്‍ഫ്രേയുടെ പരിപാടിയില്‍ പങ്കെടുത്തതോടെ ലോകത്തെ പല കോണുകളില്‍ നിന്നും ആളുകള്‍ അഭിനന്ദനങ്ങളുമായി വന്നു. പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. 2011ലും 2014ലും ഒപ്രാ വിന്‍ഫ്രേ പരിപാടിയിലേക്ക് ക്ഷണിച്ചു. അങ്ങനെ പല അന്താരാഷ്ട്ര പരിപാടികളിലും അദ്ദേഹം വിശിഷ്ടാതിഥിയായി മാറി.
മരണം വരെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്ക് വേണ്ടി യുദ്ധം ചെയ്യുക എന്നതാണ് മാനവേന്ദ്രയുടെ ലക്ഷ്യം. പാരമ്പര്യമായി കൈമാറിവന്ന കൊട്ടാരം എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ് അദ്ദേഹം.
അവര്‍ക്കുവേണ്ടി ലക്ഷ്യ ട്രസ്റ്റ് എന്ന ഓര്‍ഗനൈസേഷനിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഗേ ആയിട്ടുള്ള ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും അത് തുറന്നുപറയാനുള്ള ചുറ്റുപാട് ഇന്ത്യയിലില്ലെന്നാണ് മാനവേന്ദ്ര സിംഗ് പറയുന്നത്. "ഇന്ത്യയിലെ 80 ശതമാനത്തോളം വരുന്ന സ്വവര്‍ഗാനുരാഗികള്‍ എതിര്‍ലിംഗക്കാരെയാണ് വിവാഹം ചെയ്തിട്ടുള്ളത്. അതിന് കാരണം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദമാണ്. ഭീഷണിപ്പെടുത്തി അവരെ ഒതുക്കിനിര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. നിര്‍ബന്ധപൂര്‍വവും അല്ലാതെയും എതിര്‍ലിംഗക്കാരെ വിവാഹം കഴിക്കുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുവിധത്തിലും ജീവിതത്തില്‍ മനസ്സമാധാനമുണ്ടാകില്ല. ആരുടേയും നിര്‍ബന്ധപൂര്‍വമല്ലാതെയാണ് ഞാന്‍ വിവാഹം കഴിച്ചത്. പക്ഷേ വിവാഹം കഴിഞ്ഞ് 15 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിഞ്ഞു. എനിക്കൊരിക്കലും ആ വിവാഹബന്ധത്തില്‍ നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. പക്ഷേ, വേര്‍പിരിയാന്‍ പോലും കഴിയാതെ സമൂഹത്തിന്റെ കാപട്യമാര്‍ന്ന തത്വങ്ങളില്‍ അകപ്പെട്ട ഒരുപാട് പേര്‍ ഇന്നും വീര്‍പ്പുമുട്ടി ജീവിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം" മാനവേന്ദ്ര പറഞ്ഞു.
അപ്പോഴും സാധാരണ ഇന്ത്യന്‍ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും സ്വവര്‍ഗാനുരാഗികളായ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് വളരെ വേദനയോടെയാണ് മാനവേന്ദ്ര പറയുന്നത്. കുഞ്ഞുങ്ങളെ ദത്തെടുക്കാനും ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങാനും ഒരു സ്വവര്‍ഗാനുരാഗിക്ക് കഴിയുന്നില്ല. ആശുപത്രി സൗകര്യങ്ങള്‍ പോലും ലഭ്യമാകുന്നില്ല. സ്വവര്‍ഗാനുരാഗികളെ വിചിത്രജീവികളായി കാണാതെ സാധാരണ മനുഷ്യരായി കണ്ട് തുല്യത ഉറപ്പിക്കുക എന്നതാണ് അധികാരികള്‍ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗാനുരാഗം എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ നാണിക്കേണ്ട കാര്യമില്ല. കാരണം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ സ്വവര്‍ഗാനുരാഗികള്‍. മധ്യപ്രദേശിലെ ഖജുരാവോ ക്ഷേത്രത്തിലുള്ള ശില്‍പ്പങ്ങള്‍ അതിന് ഉദാഹരണമാണ്. ഹോമോ ഇറോട്ടിക് ആയിട്ടുള്ള ശില്‍പ്പങ്ങള്‍ നമുക്ക് അവിടെ കാണാന്‍ സാധിക്കും. അങ്ങനെയുള്ള ഒരു രാജ്യത്ത് എപ്പോഴാണ് സ്വവര്‍ഗാനുരാഗികള്‍ അപമാനമായി മാറിയതെന്നാണ് മാനവേന്ദ്രയ്ക്ക് ചോദിക്കാനുള്ളത്.
രാജ്പിപ്ലയുടെ പ്രതിനിധിയായ മാനവേന്ദ്രയ്ക്ക് പരസ്യമായി ഗേ ആണെന്ന് പറയാന്‍ കഴിഞ്ഞെങ്കില്‍ മറ്റുള്ളവര്‍ക്കും അത് പറയാന്‍ കഴിയണം. പക്ഷേ അതിന് വേണ്ടത് സൗഹാര്‍ദപരമായ ചുറ്റുപാടാണ്. സ്വവര്‍ഗാനുരാഗികളും മനുഷ്യരാണെന്ന കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞു നിർത്തി.
Content Highlights: Prince Manvendra Singh Gohil the world first openly gay prince
Published: 27 Mar 2024, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented