നാടും നിലനില്‍പ്പും കവര്‍ന്ന വെള്ളക്കാരെ തുരത്താന്‍ ഉയിരും ഉടലും മറന്നൊരു ജനത നിണച്ചാലൊഴുക്കിയ കാലം. തമിഴ്‌നാട്ടിലെ ശിവഗംഗ കോട്ട നടുങ്ങുമാറ് ഒരു പോര്‍വിളി മുഴങ്ങി. 'വീരവേല്‍ വെട്രിവേല്‍' എന്നാക്രോശിച്ചു കൊണ്ട് ഒരു അഗ്നിഗോളം ബ്രിട്ടീഷുകാരുടെ ആയുധപ്പുരയ്ക്ക് നേരെ കുതിച്ചു. തീ തുപ്പിയും പീരങ്കിയുമുള്‍പ്പടെ വെടിക്കോപ്പുകള്‍ നിറഞ്ഞ ആ ആയുധശാല നിമിഷനേരം കൊണ്ടു വെന്തുവെണ്ണീറായി. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഒരുപക്ഷെ ആദ്യ ചാവേറാക്രമണം ആയിരുന്നിരിക്കണം അത്. ആഘോഷിക്കപ്പെട്ടവരുടേത് മാത്രമല്ല, വാഴ്ത്തപ്പെടാതെ പോയ അനേകം പേരുടേതു കൂടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം. വീരത്തിര്‍ക്ക് പുകള്‍ പെട്ര തമിഴ് മക്കളിന്‍ വീരമങ്കൈ, വീരത്തായ് വേലു നാച്ചിയാരിന്‍ തലമൈ തലപതി കുയിലി അവരിലൊരാളാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ വാഴ്ത്തപ്പെടാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലും കുയിലിയുടെ പേരുണ്ടായിരുന്നു. കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്ന കലഹപ്രിയരെ കുറിച്ചുള്ള പംക്തിയായ The Rebelsൽ ഇത്തവണ ബ്രിട്ടീഷുകാർക്കെതിരേയുള്ള പോരാട്ടത്തിൽ ജന്മനാടിനു വേണ്ടി ജീവൻ സമർപ്പിച്ച കുയിലിയുടെ കഥയാണ്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ശിവഗംഗ കോട്ട കാത്ത വേലു നാച്ചിയാര്‍

തമിഴ്നാട്ടില്‍ മധുരയ്ക്കടുത്തുള്ള ശിവഗംഗയിലെ രാജ്ഞി വേലു നാച്ചിയാരാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ആദ്യരാജ്ഞി. വേലു നാച്ചിയാരുടെ സൈനികവിഭാഗങ്ങളിലൊന്നായ ഉദൈയാള്‍ പടയുടെ സര്‍വസൈന്യാധിപ. കുയിലിയുടെ കഥ പറയും മുമ്പ് ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക് എന്നറിയപ്പെട്ടിരുന്ന വേലു നാച്ചിയാരുടെ ചരിത്രവും അറിയേണ്ടതുണ്ട്. രാമനാഥപുരം രാജാവ് ചെല്ലമുത്തു സേതുപതിയുടെയും റാണി സാഗന്ധിയുടെയും മകളാണ് വേലു നാച്ചിയാര്‍. 1730 ജനുവരി മൂന്നിനാണ്‌ വേലു നാച്ചിയാര്‍ ജനിച്ചതായി കരുതപ്പെടുന്നത്. സേതുപതിയുടെ ഏകസന്തതിയായതിനാല്‍ വേലു നാച്ചിയാരെ രാജാവ് രാമനാഥപുരത്തിന്റെ അനന്തരവകാശിയായി പ്രഖ്യാപിച്ചു. 

ചെറുപ്പത്തില്‍ തന്നെ യുദ്ധമുറകളും ആയുധപരിശീലനവും സിലമ്പാട്ടവും കുതിരസവാരിയും അമ്പെയ്ത്തുമുള്‍പ്പടെയുള്ള ആയോധനകലകളും സായത്തമാക്കിയ വേലു ഇംഗ്ലിഷ്, ഫ്രഞ്ച്, ഉറുദു എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു. 

placeholder
Imaginary  Photo: AI

1746-ല്‍ തന്റെ പതിനാറാം വയസ്സില്‍ ശിവഗംഗയിലെ രാജാവായിരുന്ന മുത്തു വടുകനാഥ ഉദയതേവരെ വേലു നാച്ചിയാര്‍ വിവാഹം ചെയ്തു. ഇരുവര്‍ക്കും വെള്ളച്ചി നാച്ചിയാരെന്ന മകളും പിറന്നു.1772-ല്‍ കേണല്‍ ജോസഫ് സ്മിത്തിന്റെയും ക്യാപ്റ്റന്‍ ബോണ്‍ചോവിന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ശിവഗംഗ ആക്രമിച്ചു. ഇവര്‍ക്ക് സഹായം നല്‍കിയത് അന്നത്തെ ആര്‍ക്കോട്ട് നവാബായിരുന്ന സാദത്തുള്ള ഖാനായിരുന്നു. ഉദയതേവരും സഹോദരങ്ങളായ മരുതു പാണ്ഡ്യര്‍ എന്നറിയപ്പെടുന്ന പെരിയ മരുതും ചിന്ന മരുതും രാജ്യം പിടിച്ചെടുക്കാനുള്ള ശ്രമത്തെ ആവുന്നത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാളയാര്‍ കോവില്‍ യുദ്ധം എന്നറിയപ്പെടുന്ന ആ പോരാട്ടത്തില്‍ മുത്തു വടുകനാഥന് ജീവന്‍ നഷ്ടമായി. പിന്നാലെ മകള്‍ വെള്ളച്ചിക്കും മന്ത്രി താണ്ഡവരായപിള്ളയ്ക്കും മരുതു പാണ്ഡ്യര്‍ക്കുമൊപ്പം വേലു നാച്ചിയാര്‍ ഡിണ്ഡിഗലിലെ വിരുപാക്ഷിയിലേക്ക് രക്ഷപ്പെട്ടു. 


പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

വിരുപാക്ഷിയില്‍ വേലു നാച്ചിയാര്‍ക്കും സംഘത്തിനും സംരക്ഷണം നല്‍കിയത് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലിയായിരുന്നു. വേലു നാച്ചിയാര്‍ ഹൈദരലിക്കൊപ്പം ചേര്‍ന്നത് ആര്‍ക്കോട്ട് നവാബിനെ ചൊടിപ്പിച്ചു. നവാബിന് നികുതി അടയ്ക്കുമെങ്കില്‍ റാണിക്കും സംഘത്തിനും തിരികെ ശിവഗംഗയിലേക്ക് വരാമെന്ന് ഒരു ഔദാര്യം നവാബ് വേലു നച്ചിയാര്‍ക്ക് മുന്നില്‍ വെച്ചു. റാണിയും സംഘവും അത് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അത് ഒരു ഭീരുവിന്റെ ദയനീയതയുടെ പുറത്തുണ്ടായ സമ്മതം മൂളലായിരുന്നില്ല മറിച്ച്, കൃത്യമായ ആസൂത്രണങ്ങളോടെയുള്ള ഒരു ധീരാംഗനയുടെ പദ്ധതിയായിരുന്നു. 

അങ്ങനെ ശിവഗംഗയിൽ തിരിച്ചെത്തിയ വേലു നാച്ചിയാർ ഭരണമാരംഭിച്ചു. പെരിയ മരുതിനെ പ്രധാനമന്ത്രിയായും ചിന്ന മരുതിനെ സൈന്യാധിപനായും നിയമിച്ചു. അന്നുമുതൽ ശിവഗംഗയുടെ അധികാരം ബ്രിട്ടീഷുകാരിൽനിന്ന് പിടിച്ചെടുക്കാനുള്ള പദ്ധതികൾക്ക് റാണി രൂപം കൊടുത്തു. അതിശക്തമായ  സൈന്യത്തെ ഉണ്ടാക്കിയെടുക്കലായിരുന്നു റാണി ആദ്യം ചെയ്തത്. ചിന്നമരുതിൻ്റെ നേതൃത്വത്തിൽ ബൂമറാങ്ങ് പോലെയുള്ള ആയുധമായ വളരിയിൽ വിദഗ്ധരായ ഒരു സംഘത്തെ ഉണ്ടാക്കി. പെരിയ മരുത് അതികായരായ ഒരു വാൾപ്പടയ്ക്കും നേതൃത്വം നൽകി. 

ഉദൈയാൾപ്പടയെന്ന പേരിൽ കരുത്തരായ സ്ത്രീകൾ മാത്രമുള്ള ഒരു സൈന്യം വേലു നാച്ചിയാർ രൂപീകരിച്ചിരുന്നു. വാൾപയറ്റിലും സിലമ്പാട്ടത്തിലും അമ്പെയ്ത്തിലും ഒക്കെ പ്രാഗത്ഭ്യം തെളിയിച്ച ആ പെൺപോരാളികൾ വേലു നാച്ചിയാരുടെ ആൺസൈന്യത്തെക്കാൾ യുദ്ധത്തിൽ മികച്ചുനിന്നു. 

ഉയിരും ഉടലും റാണിക്കു നൽകിയ കുയിലി

ശിവഗംഗയില്‍ റാണി വേലു നാച്ചിയാരുടെ കൈയ്യാളായി നിന്നത് കുയിലിയായിരുന്നു. ശിവഗംഗ നാട്ടുരാജ്യത്തിന്റെ ചാരന്‍ പെരിയമുതവന്റെ മകളായിരുന്നു കുയിലി. ശിവഗംഗയ്ക്ക് അടുത്ത് കുടവന്‍ചാവടിയിലായിരുന്നു കുയിലിയുടെ ജനനം. ധൈര്യത്തിനു പേരു കേട്ടവളായിരുന്നു കുയിലിയുടെ അമ്മ രാക്കു. കൃഷി നശിപ്പിക്കാനെത്തിയ ഒരു കാട്ടുപോത്തിനോട് മല്ലിടവെയാണ് രാക്കുവിന് ജീവന്‍ നഷ്ടമാകുന്നത്. രാക്കുവിന്റെ മരണത്തിനു പിന്നാലെ പെരിയമുതവന്‍ കുയിലിക്കൊപ്പം ശിവഗംഗയിലെത്തി. അമ്മയുടെ വീരകഥകൾ കേട്ടുവളർന്ന കുയിലിക്ക് വളർന്നു വലുതാകുമ്പോൾ താൻ അമ്മയെ വെല്ലുന്ന വീരാംഗന ആകണമെന്നായിരുന്നു ആഗ്രഹം. 

അങ്ങനെയിരിക്കെ പെരിയ മുതവന് വേലു നാച്ചിയാരുടെ കൊട്ടാരത്തിൽ ചാരനായി ജോലി ലഭിച്ചു. ബ്രിട്ടീഷുകാരുടെ നീക്കങ്ങൾ റാണിയെ അറിയിക്കുകയായിരുന്നു പെരിയ മുതവൻ്റെ ദൗത്യം. പെരിയ മുതവനൊപ്പം കൊട്ടാരത്തിലെത്തിയ കുയിലി പതിയെ റാണിയുടെ വിശ്വസ്തയായി. ഊണിലും ഉറക്കത്തിലും റാണിയുടെ സംരക്ഷകയായി കുയിലി നിലകൊണ്ടു. ഒരിക്കൽ റാണിയെ സിലമ്പാട്ടം പഠിപ്പിക്കാനെത്തിയ ആൾ ബ്രിട്ടീഷുകാരുടെ ചാരനാണെന്ന് തിരിച്ചറിഞ്ഞ കുയിലി സ്വന്തം ജീവൻ പണയപ്പെടുത്തി അയാളെ വധിച്ചു. അതോടെ വേലു നാച്ചിയാരുടെ ഹൃദയത്തിൽ കുയിലിയുടെ സ്ഥാനം ഇരട്ടിച്ചു. കുയിലിയെ ഉദൈയാൾപ്പടയുടെ സർവസൈന്യാധിപയായി നിയമിച്ചു.

placeholder
Imaginary Photo: AI

വർഷങ്ങൾ പിന്നെയും കടന്നു പോയി, വേലു നാച്ചിയാരുടെ സൈനികബലവും വർദ്ധിച്ചുകൊണ്ടിരുന്നു.  പ്രത്യാക്രമണത്തിനുള്ള സമയം ആഗതമായെന്ന് മനസ്സിലാക്കിയ വേലു നാച്ചിയാർ യുദ്ധത്തിനുള്ള കോപ്പു കൂട്ടി. ശിവഗംഗ കോട്ട വളഞ്ഞ് രാജ്യം കൈയിലാക്കിയ ബ്രിട്ടീഷുകാരെ ആക്രമിക്കാൻ റാണി തീരുമാനിച്ചു. റാണിയുടെ നിർബന്ധത്തിനു വഴങ്ങി മൈസൂർ സുൽത്താൻ ഹൈദർ അലി 5000 പടയാളികളെ യുദ്ധത്തിനു വിട്ടുകൊടുത്തു. അയൽരാജ്യത്തെ രാജാക്കന്മാരും നാട്ടുപ്രമാണിമാരും റാണിയുടെ സഹായത്തിനെത്തി. ടിപ്പു സുൽത്താനും യുദ്ധസഹായങ്ങൾ വാഗ്ദാനം ചെയ്ത് റാണിക്കൊപ്പം നിന്നു. അങ്ങനെ 1780-ൽ ബ്രിട്ടീഷ് അധീനതയിലുളള ശിവഗംഗ കോട്ട ആക്രമിക്കാൻ റാണി പദ്ധതിയിട്ടു. വേലു നാച്ചിയാരുടെ സൈന്യം വിദാച്ചി പാളയത്തുനിന്ന് ശിവഗംഗയിലേക്ക് പുറപ്പെട്ടു. ഉദൈയാൾപ്പടയെ നയിച്ചു കൊണ്ട് കുയിലിയും. തൻ്റെ ഭർത്താവ് ഉദയതേവരുടെ  വധത്തിൽ മുഖ്യപങ്ക് വഹിച്ച ബ്രിട്ടീഷ് ചാരനായ മല്ലരി രായനാണ് മധുര കൊച്ചടൈയിൽ വേലുനാച്ചിയാരുടെ സൈന്യത്തെ ആദ്യം എതിർത്തത്. പോരാട്ടത്തിനൊടുവിൽ ഒരു മണിക്കൂറിനുള്ളിൽ മല്ലാരി റയാൻ കുത്തേറ്റു മരിച്ചു. പിന്നാലെ ഉദയതേവരെ വധിച്ച ഇംഗ്ലീഷ് ജനറൽ ജോസഫ് സ്മിത്ത് വേലു നാച്ചിയാരുടെ സൈന്യത്തെ കാളയാർ ക്ഷേത്രത്തിൽ നേരിട്ടു. അവിടെയും തമിഴ് സൈന്യം വിജയക്കൊടി ഉയർത്തി. ജോസഫ് സ്മിത്തിനെ റാണി വകവരുത്തി. പിന്നാലെ ശിവഗംഗ കോട്ട കീഴടക്കാനുള്ള ആസൂത്രണമാരംഭിച്ചു.

സ്വയം വെന്തുമരിച്ച് രാജ്യം കാത്ത കുയിലി

ശിവഗംഗ കോട്ട കീഴടക്കുക അത്ര എളുപ്പമല്ല. അസംഖ്യം ബ്രിട്ടീഷ് സൈനികരാണ് കോട്ടയ്ക്ക് കാവൽ. കൂടാതെ തോക്കും പീരങ്കിയും വെടിമരുന്നുമുൾപ്പടെയുള്ള ബ്രിട്ടീഷുകാരുടെ ആയുധപ്പുര ശിവഗംഗ കോട്ടയ്ക്കകത്തുള്ള രാജരാജേശ്വരി ക്ഷേത്രത്തിലെ രഹസ്യഅറയ്ക്കുള്ളിലായിരുന്നു. പൊതുജനങ്ങൾക്ക് കോട്ടയ്ക്കുള്ളിലും ക്ഷേത്രത്തിലും പ്രവേശനവും നിഷിദ്ധമായിരുന്നു. പക്ഷേ വർഷത്തിലൊരിക്കൽ വിജയദശമി നാളിൽ സ്ത്രീകൾക്ക് കോട്ടയ്ക്കുള്ളിലും ക്ഷേത്രത്തിനുള്ളിലും പ്രവേശിക്കാൻ അനുമതിയുണ്ട്. ആ അവസരം മുതലാക്കി കോട്ടയ്ക്കുള്ളിൽ കടക്കാൻ കുയിലിയും ഉദൈയാൾപ്പടയിലെ മറ്റംഗങ്ങളും തീരുമാനിച്ചു. പൂജാസാമഗ്രികളുമായി മറ്റു സ്ത്രീകളെ പോലെ കുയിലിയും സംഘവും കോട്ടയ്ക്കുള്ളിൽ കടന്നു. വസ്ത്രത്തിനുള്ളിൽ അവരൊളിപ്പിച്ച ആയുധങ്ങൾ കാവൽക്കാരുടെ കണ്ണിലുടക്കിയില്ല. കോട്ടയ്ക്കുള്ളിൽ കടക്കേണ്ട താമസം ആയുധങ്ങൾ പുറത്തെടുത്ത് ഉദൈയാൾപ്പടെ ബ്രിട്ടീഷുകാരെ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ നിലതെറ്റിയ ബ്രിട്ടീഷ് സൈന്യം അന്ധാളിച്ചു നിന്നു. എന്നാൽ സമനില വീണ്ടെടുത്ത പടയാളികൾ തോക്കും പീരങ്കിയുമുപയോഗിച്ച് പ്രത്യാക്രമണം തുടങ്ങി. അതോടെ തോക്കും പീരങ്കിയും വെടിമരുന്നും സൂക്ഷിക്കുന്ന ആയുധപ്പുര നശിപ്പിക്കാതെ ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് കുയിലി തിരിച്ചറിഞ്ഞു.

placeholder
Imaginary Photo: AI

രണ്ടാമതൊന്ന് ആലോചിക്കാതെ പൂജയ്ക്ക് എത്തിച്ച നെയ്യും എണ്ണയും തൻ്റെ ദേഹത്തേക്കൊഴിക്കാൻ കുയിലി സഹപോരാളികളോട് ആവശ്യപ്പെട്ടു. കോട്ടയ്ക്ക് പുറത്തു കാത്തുനിന്ന വേലു നാച്ചിയാരുടെ സൈന്യത്തിന് അകത്തു കടക്കാൻ സമയമായെന്ന് അറിയിക്കാൻ കുയിലി പോർശംഖ് മുഴക്കി. പിന്നാലെ സ്വയം ദേഹത്ത് തീകൊളുത്തി ആയുധപ്പുരയിലേക്ക് പാഞ്ഞുകയറി. ആയുധങ്ങൾക്കൊപ്പം കുയിലിയും കത്തിയെരിഞ്ഞു. അടയാളം കേട്ട വേലു നാച്ചിയാരും സംഘവും കോട്ടയ്ക്കുള്ളിലേക്ക് ഇരച്ചുപാഞ്ഞു. ആയുധം നഷ്ടപ്പെട്ട ബ്രിട്ടീഷുകാരെ നിഷ്പ്രയാസം സൈന്യം കീഴടക്കി. കോട്ട തിരിച്ചെടുത്തു. കുയിലിയെ തിരക്കിയ റാണിയ്ക്ക് മുന്നിൽ ഒരു പിടി ചാരം ഉദൈയാൾപ്പട നീട്ടി. ആർക്ക് മുന്നിലും കുലുങ്ങാത്ത ഉദൈയാൾപ്പട അന്നാദ്യമായി കണ്ണീർപൊഴിച്ചു. ഉദയതേവരുടെ മരണത്തിനു മുന്നിലും കുലുങ്ങാതെ നിന്ന വേലു നാച്ചിയാരുടെ കണ്ണിൽ ഒരു തുള്ളി തിളങ്ങി. കുയിലിയുടെ ത്യാഗം പ്രതിഫലിച്ച ഒരു തുളളി കണ്ണീർ.