
രാമനാഥപുരത്ത് നിന്ന് 10 കിലോമീറ്റർ അകലെ ബോഗലൂർ ബ്ലോക്കിലാണ് കറുത്തനേന്തൽ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള രാഷ്ട്രീയ ഗൗരവ് ഗ്രാമ സേവാ അവാർഡ് വാങ്ങിയ ഗ്രാമം എന്ന് വായിച്ചപ്പോൾ കറുത്തനേന്തൽ കാണാൻ പോകാൻ തീരുമാനിക്കുകയായിരുന്നു. പരാധീനതകൾക്കും പരിമിതികൾക്കും ഇടയിലും സ്വയംതിളങ്ങുന്ന ചിലരും ചിലയിടങ്ങളും ഉണ്ടാകും. അവിടേക്കുള്ള യാത്രകൾ മുന്നോട്ടുള്ള വഴിയിൽ വെളിച്ചം പകരും. കറുത്തനേന്തൽ അത്തരം ഒരു യാത്രയായിരുന്നു.
സത്തിരക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ കറുത്തനേന്തൽ ഗ്രാമത്തിലെത്താം. സ്റ്റേഷനു മുന്നിൽ രാമനാഥപുരം ഡെപ്യൂട്ടി ബി ഡി ഒ വാസു കാത്തു നിന്നിരുന്നു. വാസുവാണ് വഴികാട്ടിയായി ഒപ്പമുണ്ടായിരുന്നത്. കറുത്തനേന്തൽ ഗ്രാമത്തെക്കുറിച്ചു പറയുമ്പോൾ വാസുവിന് വിശേഷണങ്ങൾ കൊണ്ട് വീർപ്പുമുട്ടി. 100 നാൾ വേല (തൊഴിലുറപ്പ് പദ്ധതി) വഴി കുഴൽക്കിണറുകൾ കുഴിച്ച് കുടിവെള്ള പ്രശ്നം പരിഹരിച്ചതിനെക്കുറിച്ച് വാസു വാചാലനായി. ഈ ഭാഗങ്ങളിലെ യാത്രകളിൽ കണ്ടെത്തുന്ന മനുഷ്യർ ഏറ്റവും സംസാരിക്കുക വെള്ളത്തിന്റെ ലഭ്യതയെ കുറിച്ചായിരിക്കുമെന്നത് അനുഭവം നൽകിയ അറിവാണ്. വെള്ളം കൊണ്ടുവരാനുള്ള ശ്രമങ്ങൾ, വെള്ളം ശേഖരിക്കാനുള്ള മാർഗങ്ങൾ, വെള്ളത്തിന്റെ സാന്നിദ്ധ്യം നല്കുന്ന സാന്ത്വനം ഇതൊക്കെ മിക്കവരുടെയും സംസാരത്തിൽ നിറയും.
ഗ്രാമവഴിയിൽ കറുത്തനേന്തൽ പഞ്ചായത്തിൻറെ തലൈവി രാജ സെൽവി കാത്തു നിന്നിരുന്നു. പ്രസന്നമായ മുഖവും നിശ്ചയ ദാർഢ്യവുമുള്ള രാജ സെൽവി ആദ്യമായാണ് അധികാരത്തിലെത്തുന്നത്. മുമ്പ് രണ്ടുപ്രാവശ്യം ഭർത്താവ് കറുപ്പയ്യ ആയിരുന്നു പഞ്ചായത്ത് പ്രസിഡൻറ് . സംവരണം വഴിയാണ് രാജ സെൽവി പ്രഡിഡന്റ് ആയത്. പട്ടികജാതിക്കാരിയായ രാജ സെൽവി പത്തു വരെ പഠിച്ചിട്ടുണ്ട് . ഗ്രാമത്തിൽ 9000 മരങ്ങൾ വച്ചു പിടിപ്പിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഞാൻ കാണുമ്പോൾ രാജ സെൽവി. ഉങ്ങ്, പുളി ,നിലമലയ് പേസ്, തീപ്പെട്ടി ഉണ്ടാക്കാനുള്ള മരങ്ങൾ ഒക്കെ വച്ചു പിടിപ്പിച്ചിട്ടുണ്ട് ."മരം ഇരുന്താൽ അന്ത ഊരേ മുതൽ" എന്നാണ് രാജസെൽവി യുടെ മുദ്രാവാക്യം.

കമ്മ്യൂണിറ്റി ഹാളുകൾ, സ്കൂളുകൾ, സ്ത്രീകൾക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകൾ, മഴ കിണറുകൾ ഒക്കെ നിർമ്മിച്ച കഥ പറയുമ്പോൾ രാജസെൽവി യുടെ മുഖത്ത് അഭിമാനം നിറഞ്ഞു.
ആദി ദ്രാവിഡർ, പല്ലർ, പറയർ, തേവർ, വണ്ണാൻ, അകമുടയാർ (മറവർ)ആണ്ടി പണ്ടാരം, വെള്ളാളർ, ചെട്ടിയാർ തുടങ്ങി നിരവധി ജാതി വിഭാഗങ്ങൾ ഇവിടുണ്ട്. വെള്ളാട്, ചെമ്മരിയാട് വളർത്തലാണ് ഗ്രാമത്തിൽ മുഖ്യജീവിതമാർഗ്ഗം. ഗ്രാമത്തിലെ ആളുകൾക്ക് ആടുമാടുകളെ വളർത്താൻ കൊടുക്കുക, സ്ത്രീകൾക്ക് തയ്യൽ മെഷീൻ നൽകുക, ആൺകുട്ടികളെ ഡ്രൈവിങ് പഠിപ്പിച്ച് ലൈസൻസ് എടുത്തു നൽകുക തുടങ്ങിയ പദ്ധതികളൊക്കെ തലൈവി നടപ്പാക്കിയിട്ടുണ്ട് . ഗ്രാമത്തിൽ ചാരായവും കള്ളും ഒന്നുമില്ലെങ്കിലും ആണുങ്ങൾ പുറത്തു പോയി കള്ളു കുടിച്ചിട്ട് വന്ന് ബഹളം ഉണ്ടാക്കുന്നതിൽ അസംതൃപ്തയാണ് രാജ സെൽവി."ഗവൺമെൻറ് ആണ് മദ്യം വിൽക്കുന്നത് നമ്മൾ എന്ത് ചെയ്യും"? അവർ എന്നോട് ചോദിച്ചു.
ഗ്രാമത്തിലെ കാവൽ ദൈവം അയ്യനാർ ആണ്. അയ്യനാർ ,മാരി, മുരുകൻ ,പിള്ളയാർ കോവിലുകൾ ഇവിടെയുണ്ട്. കറുപ്പണ്ണസ്വാമിയുടെ കോവിലിൽ ആടുവെട്ടിപൂജയും ആടിൻ കറി വയ്ക്കലും ഉണ്ട് . ഏത് കോവിലിലും ആർക്കും പോകാം. അയിത്തം ഒന്നുമില്ല. അതുകൊണ്ട് സമ്മാനമായി 10 ലക്ഷം രൂപ ജില്ലാ കളക്ടർ നൽകിയെന്ന് രാജ സെൽവി സന്തോഷത്തോടെ പറഞ്ഞു. അയിത്തത്തിനെതിരേ നിൽക്കുന്ന ഗ്രാമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള സമ്മാനം ആണ് 10 ലക്ഷം രൂപ.
" തീണ്ടാതെ കടെ പിടിക്കാതെ മാതനല്ലിനക്ക് ഗ്രാമം ". പഞ്ചായത്ത് പ്രസിഡന്റ് ആയ ശേഷം തനിക്കുണ്ടായ മാറ്റങ്ങൾ രാജ സെൽവി ഓർത്തെടുത്തു ."മുമ്പ് പുറംലോകം കണ്ടാൽ വിറക്കുമായിരുന്നു . ഇപ്പോൾ ഏത് ആൾക്കൂട്ടത്തിനു മുന്നിലും പ്രസംഗിക്കാം. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവുണ്ട്"

ഏറ്റവും നല്ല പഞ്ചായത്തിനുള്ള രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ അവാർഡ് (2014 )വാങ്ങുവാൻ രാജസെൽവി ന്യൂഡൽഹിയിൽ പോയിരുന്നു. ഊരുക്ക് മുഴുവൻ കുടി തണ്ണി കൊടുക്കാനായതിന്റെ സന്തോഷം രാജ സെൽവി എടുത്തുപറഞ്ഞു.ടോയ്‌ലെറ്റ് ഉണ്ടാക്കിയതാണ് മറ്റൊരു വിജയം. ടോയ്‌ലെറ്റ് ഉപയോഗിക്കാൻ മടിയുള്ളവരെ അത് പരിശീലിപ്പിക്കാൻ പരിശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും അവർ പറഞ്ഞു.
കറുത്തനേന്തൽ ഗ്രാമം മുഴുവൻ രാജസെൽവി കൊണ്ടു നടന്നു കാണിച്ചു. പുരോഗമനത്തിലേക്ക് നടന്നടുക്കുന്ന ഗ്രാമവും നാട്ടുകാർക്ക് വേണ്ടി ആത്മാർഥതയോടെ പണിയെടുക്കുന്ന പഞ്ചായത്ത് പ്രഡിഡന്റും മനസ്സിന് നൽകിയ ആവേശം ചെറുതല്ല
Content Highlights: Karutha nenthal village indian village travel
Published: 07 Apr 2022, 02:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented