
സ്വന്തം പിന്നാക്കാവസ്ഥയെ നേരിടാന്‍, ജീവിതത്തെ സുഗമമാക്കാന്‍ മനുഷ്യന് കണ്ടെത്തുന്ന വഴികള്‍ വിചിത്രമാണ്. പലപ്പോഴും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് അടരുകള്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ഓരോ മനുഷ്യനും ഓരോ സമൂഹവും ഒളിച്ചു വച്ചിട്ടുണ്ടാവും.
പുതുക്കോട്ടയിലെ സ്ത്രീകൾ മുന്നോട്ടുള്ള ഗതിവേഗം കൂട്ടിയത് അത്തരമൊരു കഥയാണ്. സൈക്കിള്‍ ചവിട്ടാന്‍ പഠിച്ച് സാമൂഹിക മുന്നേറ്റമുണ്ടാക്കിയ പുതുക്കോട്ടയിലെ സ്ത്രീകളെക്കുറിച്ച് അറിഞ്ഞത് പി സായ്നാഥിന്റെ 'Where there is a wheel 'എന്ന ലേഖനത്തിലൂടെ ആണ്. 1991 ല്‍ സായിനാഥ് പുതുക്കോട്ടയില്‍ എത്തുമ്പോള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു സ്വാതന്ത്ര്യവും സുഖവും സന്തോഷവും നേടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ കാണാന്‍ കഴിഞ്ഞുവെന്ന് എഴുതിയിട്ടുണ്ട്. ആ സ്ത്രീകളെ, ആ നാടിനെയും നാടിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും അറിയണം എന്ന് വല്ലാത്തൊരു ആഗ്രഹം എനിക്കുണ്ടായി. അങ്ങനെയാണ് പുതുക്കോട്ടയ്ക്ക് പോയത്. സായിനാഥ് ചെന്നതിന് ശേഷം 25 ഓളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനവിടെ എത്തുന്നത്.
സായിനാഥ് പുതുകോട്ടയിലെ സ്ത്രീകളുടെ സൈക്കിള്‍ പഠനത്തെ കുറിച്ച് എഴുതിയതിങ്ങനെ,
'സൈക്കിള്‍ ചവിട്ടല്‍ ഒരു സാമൂഹ്യ മുന്നേറ്റ പ്രസ്ഥാനം ആക്കി മാറ്റാന്‍ കഴിയുമോ എന്നാണ് പുതുകോട്ടയില്‍ എത്തിയപ്പോള്‍ ഞാനാദ്യം ചിന്തിച്ചത്.മനുഷ്യന് പിന്നോക്കാവസ്ഥകളെ നേരിടാന്‍ അസാധാരണമായി പലതും ചെയ്യും എന്ന് അന്നെനിക്ക് മനസ്സിലായി. ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്ക ജില്ലകളില്‍ ഒന്നില്‍ ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ (ഏറെയും നിരക്ഷരര്‍) സൈക്കിള്‍ പഠിച്ച് ആത്മവിശ്വാസം നേടുന്ന അത്ഭുത കാഴ്ചയാണ് ഞാന്‍ പുതുക്കോട്ടയില്‍ കണ്ടത് .'
കടുത്ത യാഥാസ്ഥിതിക ചുറ്റുപാടുകളില്‍ നിന്നുള്ള മുസ്ലിം യുവതികള്‍ വരെ അക്കാലത്ത് സൈക്കിള്‍ പഠിക്കാനെത്തുന്ന കാഴ്ച അദ്ദേഹം വിവരിച്ചിട്ടുണ്ട് . 'ഇത് ഞങ്ങളുടെ അവകാശമാണ്. സൈക്കിള്‍ ഞങ്ങളെ സ്വതന്ത്രരാക്കി. ഇപ്പോള്‍ ഞങ്ങള്‍ക്ക് എവിടെയും പോകാന്‍ ബസ് കാത്തു നില്‍ക്കണ്ട. എങ്ങോട്ടെങ്കിലും പോകാന്‍ മറ്റുള്ളവരുടെ സഹായം വേണ്ട. ആദ്യകാലത്ത് ഞങ്ങളുടെ സൈക്കിള്‍ പഠനത്തെ കുറിച്ച് പരിഹാസം ആയിരുന്നു നാട്ടുകാര്‍ക്ക് . ഞങ്ങള്‍ ഒന്നും കാര്യമാക്കിയില്ല ' എന്ന് അന്നവര്‍ കൂട്ടത്തോടെ സായ്നാഥിനോട് പറഞ്ഞു.
പുതുക്കോട്ടയിലെ സ്ത്രീകളെ ചക്രം ചവിട്ടിച്ചു വീട്ടിന് പുറത്തേക്ക് കൊണ്ട് വരാമെന്നുള്ള ആശയം അന്നത്തെ കളക്ടര്‍ ഷീലാറാണി ചുങ്കത്തിന്റേതായിരുന്നു. നാട്ടില്‍ മുഴുവന്‍ സൈക്കിള്‍ ജ്വരം ബാധിച്ചത് 'അറിവൊളി ഇയക്കം' എന്ന സാക്ഷരത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തോടെയാണ്.
'കര്‍ഷകത്തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ , അംഗന്‍വാടി പ്രവര്‍ത്തകര്‍ , ഗ്രാമത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും സൈക്കിളിനു പിന്നാലെയാണ്. ബാലവാടി പ്രവര്‍ത്തകരും സ്കൂള്‍ ടീച്ചര്‍മാരും ഗ്രാമസേവികമാരും ഒന്നും പിന്നിലല്ല. ഏറ്റവും പ്രധാനം ഇതില്‍ മിക്കവാറും പേര് നിരക്ഷരരാണ് എന്നതാണ്'.
പുതിയ സാക്ഷരരെ സൈക്കിള്‍ സാക്ഷരര്‍ കൂടി ആക്കിമാറ്റി അതുവഴി സ്ത്രീ സ്വാതന്ത്ര്യം ഉറപ്പാക്കുകയായിരുന്നു ഈ പഠന പരിപാടിയുടെ ലക്ഷ്യം. സാക്ഷരതാ പ്രവര്‍ത്തകയും സ്ത്രീകളെ സൈക്കിള്‍ പഠിപ്പിക്കുന്നതിന്റെ പ്രധാന കോര്‍ഡിനേറ്ററുമായ കണ്ണമ്മാള്‍ അന്ന് സായ്നാഥിനോട് പറഞ്ഞത് 'സൈക്കിളിങ് പഠനം സ്ത്രീകള്‍ക്ക് നല്കുന്ന ആത്മവിശ്വാസം ആണ് ഏറ്റവും പ്രധാനം എന്നാണ്. അതുമാത്രമല്ല ഓരോ ചെറിയ കാര്യത്തിനും പുരുഷന്മാരെ ആശ്രയിച്ചു നില്‍ക്കുന്നത് കുറഞ്ഞു. ഇപ്പോള്‍ നാല് കിലോമീറ്റര്‍ അകലെ നിന്ന് പോലും വെള്ളം കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കാന്‍ പറ്റുന്നുണ്ട്. പലരും കുട്ടികളെ മുന്നിലിരുത്തിയാണ് വെള്ളം കൊണ്ട് വരാന്‍ പോകുന്നത്. കുട്ടികളെ സ്കൂളില്‍ ആക്കാനും , സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഒക്കെ സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാരായി സ്ത്രീകള്‍ മാറുന്ന കാഴ്ച അഭിമാനത്തോടെ ഞാന്‍ കാണുന്നു.. ഇവിടുത്തെ സ്ത്രീകളുടെ ജീവിതത്തെ ഇത് എത്രയാണ് മാറ്റിയത് എന്ന് പറയാന്‍ പറ്റില്ല .'
ആദ്യം സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചത് കണ്ണമ്മാള്‍ ആയിരുന്നു. കണ്ണമ്മാളിനു തന്നെ സൈക്കിള്‍ ഓടിക്കാന്‍ പറ്റുമെന്ന് ധൈര്യം ഉണ്ടായിരുന്നില്ല. 'സാരിയൊക്കെ ഉടുത്തു സൈക്കിള്‍ ഓടിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ആണ് ആദ്യം എല്ലാവരും കരുതിയത്. പക്ഷേ പിന്നീട് അതെല്ലാം മാറി. സൈക്കിള്‍ ട്രെയിനിങ് ക്യാമ്പുകള്‍ പുതുക്കോട്ടയിലെ സ്ഥിരം സംഭവമായി മാറി. ഞായറാഴ്ച കിലാകുറിച്ചി ഗ്രാമത്തില്‍ സമൂഹ സൈക്ലിംഗിന് വരുന്ന സ്ത്രീകള്‍ ധാരാളമുണ്ടായിരുന്നു. ഇതെല്ലാം അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. പുരുഷന്മാര് ഏര്‍പ്പെടുത്തിയിരുന്ന ജീവിതത്തിന്റെ വിരസമായ പകലുകള്‍ അവര്‍ അതിജീവിച്ചു. അവരുടെ പക്കല്‍ ഒരുപാട് സന്തോഷം ബാക്കിയുണ്ടെന്നു അവര്‍ തിരിച്ചറിഞ്ഞു. സൈക്കിള്‍ പുതുക്കോട്ടയ്ക്ക് പുതിയ ജീവിതം നല്‍കിയതായി ഒരുപാട് സ്ത്രീകളെ സൈക്കിള്‍ പഠിപ്പിച്ച കണ്ണമ്മാള്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാട്ടുകള്‍ വരെ അന്ന് ഉണ്ടാക്കിയിരുന്നു . ആ പാട്ടുകളും പാടിയാണ് അവര്‍ അന്ന് സൈക്കിള്‍ ചവിട്ടി ആ ഗ്രാമത്തില്‍ നടന്നത് .
'ഈ മായികതകളെ ഒഴിവാക്കുക,
നിങ്ങള്‍ക്കെതിരെ അവര്‍ കൊണ്ടുവരുന്ന
ദുരിതങ്ങള്‍ക്ക് മേല്‍ തീ കോരിയിടുക. ചിറകുകള് അരിയപ്പെട്ട പക്ഷികളെപ്പോലെ
സമൂഹം നിങ്ങളെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുകയായിരുന്നു .
ശക്തി സംഭരിക്കുന്ന കൊടുങ്കാറ്റിനെ പോലെ പുറത്തുവരിക,
അല്ലയോ സഹോദരി , വരൂ, സൈക്കിള്‍ സവാരി പഠിക്കൂ,
എന്നിട്ട് കാലത്തിന്റെ ചക്രങ്ങളില്‍ യാത്രയാകൂ .'
പുതുക്കോട്ടയിലെ കവികളായ ജയചന്ദറും മുത്തു ഭാസ്കരനും സൈക്കിള്‍ സവാരിക്കാരായ സ്ത്രീകള്‍ക്ക് വേണ്ടി അന്ന് എഴുതിയ നിരവധി പാട്ടുകളില്‍ ഒന്നായിരുന്നു ഇത്.

സൈക്കിൾ വിപ്ലവം വരുന്നതിന്
മുമ്പ് ഗ്രാമത്തിലെ പെൺകുട്ടികളിൽ പലരും
ദൂരക്കൂടുതൽ കാരണം പഠനം ഉപേക്ഷിച്ചവരായിരുന്നു.
പുതുക്കോട്ടയിലേക്കുള്ള യാത്രയിൽ കണ്ടത്
2015 ല്‍ ആണ് ഞാന്‍ പുതുക്കോട്ടയില്‍ പോയത്. രാവിലെ തന്നെ റോഡിലേക്കിറങ്ങുമ്പോള്‍ ചലനസ്വാതന്ത്ര്യമനുഭവിക്കുന്ന സ്ത്രീസമൂഹത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിഞ്ഞു. കോളേജുകളിലും സ്കൂളുകളിലും പോകുന്ന പെണ്‍കുട്ടികളുടെ നിരവധി കൂട്ടങ്ങള്‍ കണ്ടു . സൈക്കിളുകള്‍, പെണ്‍കുട്ടികള്‍.. നഗരത്തിരക്കില്‍ എങ്ങും അവരുണ്ട്. സൈക്കിളുകളിലും സ്കൂട്ടറുകളിലും സ്ത്രീകള്‍ തലങ്ങും വിലങ്ങും പായുന്നത് പുതുക്കോട്ടയില്‍ ഞാന്‍ കണ്ടു .
ആദ്യം പോയത് അന്നവാസല് പഞ്ചായത്ത് യൂണിയന് ഓഫീസിലേക്ക് ആയിരുന്നു .അവിടത്തെ സെക്ഷന്‍ ഓഫീസര്‍ ഇളവരശി വസന്തന് സൈക്കിളുകള്‍ മാറ്റിയെടുത്ത സ്ത്രീകളുടെ ഇന്നത്തെ കഥ പറഞ്ഞു .
'പുതുക്കോട്ടയിലെ സ്ത്രീകള്‍ മറ്റിടങ്ങളിലെ പോലെ അല്ല . എന്ത് കാര്യം നടത്താനും അവര്‍ തന്നെ വരും. ആണുങ്ങളെ പുറത്ത് പറഞ്ഞു വിട്ട് വീട്ടിലിരിക്കുന്ന രീതി ഇവിടെ ഇല്ല. പഞ്ചായത്ത് ഓഫീസിലും മറ്റിടങ്ങളിലും ഒക്കെ ധൈര്യത്തോടെ കടന്നുവന്ന് കാര്യങ്ങള്‍ അന്വേഷിക്കാനും നടത്തിയെടുക്കാന്‍ ഉള്ള പ്രാപ്തി അവര്‍ക്കുണ്ട്. കുടുംബത്തിലും സമൂഹത്തിലും അവര്‍ ശക്തി തെളിയിച്ചു കഴിഞ്ഞു . ഏറ്റവും വലിയ കാര്യം സൈക്കിളില്‍ തന്നെയാണ് അവര്‍ ഇപ്പോഴുംസഞ്ചരിക്കുന്നത് എന്നതാണ്. '
'ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സൈക്കിളിങ് എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് മനസ്സിലാക്കാന്‍ ആളുകള്‍ ആദ്യം പരാജയപ്പെട്ടു 'എന്ന് പണ്ട് സായ്നാഥ് എഴുതി . സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതു വിമാനം പറപ്പിക്കുന്നതു പോലെയും ഹിമാലയം കയറുന്നത് പോലെയും ഉള്ള നേട്ടമാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ടായിരുന്നു. സൈക്കിള്‍ പഠനം പുതുക്കോട്ടയിലെ സ്ത്രീകളെ എവിടെ എത്തിച്ചു എന്ന് അറിയാനുള്ള കൗതുകം കൊണ്ടാണ് ഞാന്‍ അവിടെ ചെന്നത് .
ദിശാ ബോധം ഉണ്ടാക്കിക്കിയ ഇളവരശി വസന്തന്റെ വാക്കുകള്‍
പണ്ട് പണ്ട് എന്നുപറഞ്ഞാല്‍ ഏതാണ്ട് 25 വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ പെണ്ണുങ്ങള് വീട്ടില്‍ ആരെങ്കിലും വന്നാല്‍ അടുക്കളയില്‍ ഒതുങ്ങുന്ന, വീടിനു പുറത്തിറങ്ങാന്‍ മടിക്കുന്നവരായിരുന്നു. നാട്ടിലെ സ്ത്രീകളെയും പുരുഷന്മാരെയും പുരോഗതിയുടെ വഴിയിലേക്ക് കൊണ്ടുവരാനായിട്ടാണ് അറിവൊളി ഇയക്കമെന്ന സാക്ഷരതാ പ്രസ്ഥാനം അവിടെ ഉണ്ടായത്. സാക്ഷരത ക്ലാസ്സുകളില്‍ പുരുഷന്മാര് താത്പര്യത്തോടെ അക്ഷരാഭ്യാസം നടത്താന്‍ എത്തി . പക്ഷേ അപ്പോഴും സ്ത്രീകള്‍ അടുക്കളയില്‍ തന്നെ ഇരുന്നു. അന്നത്തെ പുതുക്കോട്ട കലക്ടര്‍ ഷീലാറാണി ചുങ്കത്ത് സ്ത്രീകളെ പുറത്തുകൊണ്ടുവരാനും സാക്ഷരര്‍ ആക്കാനും എന്ത് ചെയ്യണം എന്ന് തല പുകഞ്ഞ് ആലോചിച്ചു . അവര്‍ കണ്ടെത്തിയ നിരവധി പ്രതിവിധികളില്‍ ഒന്നായിരുന്നു സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കല്‍. സൈക്കിള്‍ ഓടിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും സൂചകമായി അറിവൊളി ഇയക്കം എടുത്തുകാട്ടി. സ്ത്രീകള്‍ക്ക് സൈക്കിള്‍ ഓടിക്കുന്നതിനു പ്രോത്സാഹനം നല്കാന് നിരവധി പരിപാടികള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കി . അതിന്റെയൊക്കെ ഫലമായിട്ടാണ് ലക്ഷക്കണക്കിന് സ്ത്രീകള്‍ അന്ന് സൈക്കിള്‍ പഠിക്കാന്‍ എത്തിയത്. പുതുക്കോട്ടയിലെ സ്ത്രീകള്‍ വീട്ടിനുള്ളില്‍ നിന്ന്, അടുക്കളയില്‍നിന്ന് സൈക്കിളിലൂടെയാണ് ശരിക്കും സമൂഹത്തിലേക്ക് കുതിച്ചെത്തിയത്. അന്ന് സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച സ്ത്രീകളേയും അന്ന് അറിവൊളി ഇയക്കവുമായി പങ്കെടുത്ത് പ്രവര്‍ത്തിച്ച ആളുകളെയും കണ്ടെത്തുക എന്നതിലൂടെയാണ് ഞാന്‍ ഈ മാറ്റം എങ്ങനെയാണ് ഉണ്ടായത് എന്ന് അറിയാന്‍ ശ്രമിച്ചത്. 1991 ല്‍ അറിവൊളി ഇയക്കം അക്ഷരവെളിച്ചവും ആയി എത്തുമ്പോള്‍ വോളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ച പാണ്ഡ്യന് ഓര്‍മ്മകള്‍ പങ്കു വച്ചു.
അന്ന് പെണ്ണുങ്ങള് വെളിയില്‍ ഇറങ്ങാത്ത കാലത്ത് 'പാട്ടും ആട്ടവും' വഴി അവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച കഥ പാണ്ഡ്യന് എന്നോട് പറഞ്ഞു .
'ജാതിമതചിന്തകള്ക്കെതിരെയാണ് ഞങ്ങള്‍ അന്ന് പൊരുതിയത് . ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു. അറിവൊളി പ്രവര്‍ത്തകര്‍ ജാതി നോക്കാതെ എല്ലാവരുടെയും വീടുകളില്‍ പോയി ആഹാരം കഴിച്ചു കാണിച്ചുകൊടുത്തു. എത്രമാത്രം സ്ത്രീകളാണ് ഇരുചക്ര വണ്ടികള്‍ ഓടിക്കുന്നത് എന്ന് കാണുന്നില്ലേ?'
സെക്കന്‍ഡറി സ്കൂള്‍ ടീച്ചറായ ഫാത്തിമ പറഞ്ഞത് ഇങ്ങനെയാണ്. 'സൈക്കിള്‍ പഠിക്കുമ്പോള്‍ കരുതിയില്ല അത് ഇത്രത്തോളം സ്വാതന്ത്ര്യം നല്‍കുമെന്ന് . ഇപ്പോള്‍ ആരെയും ആശ്രയിക്കേണ്ട . ഇതെന്റെ ജീവിതം തന്നെ മാറ്റി കളഞ്ഞു.'
സൈക്കിള്‍ പഠിക്കാന്‍ തുടങ്ങിയ കാലത്തെ അനുഭവങ്ങളാണ് അംഗന്‍വാടി ടീച്ചര്‍ ആയ സരള പറഞ്ഞത്.
'എന്തൊരു പുകിലായിരുന്നു അന്ന്. പുരുഷന്മാര് ക്രൂരമായി തന്നെ മുന്നേറ്റത്തെ നേരിട്ടു. ഒരുപാട് അപവാദം പറഞ്ഞു. അറിവൊളി പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്നു. ഒരുപാട് സ്ത്രീകള്‍ പഠിക്കാന്‍ വന്നു കഴിഞ്ഞപ്പോള്‍ പിന്നെ ഈ പുരുഷന്മാര്ക്ക് അവിടെ ഇരുന്ന് പറഞ്ഞുകൊണ്ടിരിക്കുവാനെ പറ്റുള്ളൂ എന്നായി. സമൂഹം ഞങ്ങളെ അംഗീകരിച്ചു.'
തുടക്കകാലത്ത് സൈക്ലിംഗ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ കണ്ണമ്മാള്‍ എവിടെയാണ് എന്ന് തിരക്കി പുതുക്കോട്ടയിലെ പല സ്ഥലത്തും പോയി . ഒരുപാട് അന്വേഷിച്ചെങ്കിലും അവരെ വളരെ ബുദ്ധിമുട്ടിയാണ് കണ്ടെത്താന്‍ കഴിഞ്ഞത് . എല്‍ ഐ സിയുടെ പുതുക്കോട്ട ബ്രാഞ്ചില്‍ അസിസ്റ്റന്റ് ആയിട്ടാണ് ഇപ്പോള്‍ കണ്ണമ്മാള്‍ പ്രവര്‍ത്തിക്കുന്നത് . സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ച സ്ത്രീ എന്ന നിലയില്‍ തന്നെ
തേടി കേരളത്തില്‍നിന്ന് ഞാന്‍ അവിടെ വരെ ചെന്നു എന്നുള്ളത് കണ്ണമ്മാളെ അത്ഭുതപ്പെടുത്തി .
'അമ്മ, അന്ന് ഇതൊന്നുമല്ല ഇവിടത്തെ അവസ്ഥ .4,5 ക്ലാസിനപ്പുറം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വിടൂല. അടുത്തൊന്നും സ്കൂള്‍ ഉണ്ടാവില്ല. സ്കൂളുകള്‍ വളരെ ദൂരെയായിരിക്കും. മെന്‍സസ് ആയി കഴിയുമ്പോള്‍ കുട്ടികള്‍ക്ക് അത്രയും ദൂരം നടന്നു പോകാന്‍ പറ്റില്ല .പെണ്‍കുട്ടികള്‍ അതോടെ പഠിത്തം നിര്‍ത്തും. ഇതിന് ബദലായി 1991 ല്‍ അറിവൊളി ഇയക്കം ദേശീയതലത്തില്‍ തന്നെ ഒരു തുല്യതാ പരീക്ഷ നടത്തി. ലക്ഷക്കണക്കിന് ആളുകള്‍ പഠിക്കാന്‍ വന്നു .പക്ഷേ അതില്‍ സ്ത്രീകള്‍ വളരെ കുറവായിരുന്നു . അങ്ങനെയാണ് ഷീല റാണി ചുങ്കത്ത് മാഡം സൈക്കിള്‍ പദ്ധതി ആവിഷ്കരിച്ചത് . ആദ്യം സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച സ്ത്രീ ഞാന്‍ ആയിരുന്നു . പെണ്ണുങ്ങള് സൈക്കിള്‍ ചവിട്ടിയാല്‍ കലികാലമാവും, മഴ പെയ്യില്ല എന്നൊക്കെ ആയിരുന്നു അന്നിവിടെ വിമര്‍ശനം ഉണ്ടായത്. പക്ഷേ ഷീലാമാഡം അതിനെ എല്ലാത്തിനേയും കര്‍ശനമായി നേരിട്ടു. എല്ലാത്തിനും എതിരെ കടുത്ത ആത്മ വിശ്വാസത്തോടെ നില്ക്കാന് മാഡം എനിക്ക് ശക്തി നല്കി. ഞാന്‍ ഒരുപാട് പേരെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചു. എനിക്ക് പിന്നാലെ വന്ന സ്ത്രീകള്‍ക്കും ആത്മവിശ്വാസം നല്കി . പരീക്ഷണം എന്നുള്ള നിലയില്‍ വളരെ ശക്തമായി തന്നെ സര്‍ക്കാര്‍ കൂടെ നിന്നു. ഞങ്ങളെ പഠിപ്പിക്കണമെന്ന് സര്‍ക്കാരിനും ഞങ്ങള്‍ പഠിക്കണമെന്ന് ഞങ്ങള്‍ക്കും ഞങ്ങളെ അംഗീകരിക്കണമെന്ന് സമൂഹത്തിനും പറഞ്ഞുകൊടുത്തു .
അക്കാലത്ത് സര്‍ക്കാരില്‍നിന്ന് എന്ത് കാര്യം നേടിയെടുക്കണമെങ്കിലും വീട്ടിലുള്ള സ്ത്രീകള്‍ സൈക്കിള്‍ ഓടിച്ചു കാണിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഒരു ഓഫീസില്‍ നിന്ന് ഒരു പേപ്പര്‍ കിട്ടണം എങ്കില്‍ ആ വീട്ടിലെത്തി ഒന്ന് സൈക്കിള്‍ ഓടിച്ചു കാണിക്കാമോ എന്ന് സ്ത്രീയോട് ചോദിക്കുമ്പോള്‍ പുരുഷന്മാര്ക്ക് സ്ത്രീകളെ പഠിപ്പിക്കാന്‍ വിടാന്‍ പറ്റാതെ ആയിപ്പോയി .അങ്ങനെയാണ് ആ പദ്ധതിക്ക് സാമൂഹികാംഗീകാരം കിട്ടിയത്. ശരിക്കും ഈ സൈക്കിള്‍ പദ്ധതി എന്ന് പറയുന്നത് ഒരു സാമൂഹിക വിപ്ലവം പോലെ പടര്‍ന്നു പിടിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി സൈക്കിള്‍ പരിശീലന കേന്ദ്രങ്ങള്‍, സൈക്കിള്‍ ഓടിക്കല്‍ മത്സരങ്ങള്‍, സൈക്കിള്‍ യാത്ര പ്രദര്‍ശനങ്ങള്‍, പ്രകടനങ്ങള്‍ ലക്കി ടിപ്പുകള്‍ ,സമ്മാനങ്ങള്‍ -അങ്ങനെ പല പല പല പരിപാടികളും നടപ്പാക്കി.
സമ്മാനം കിട്ടാന്‍ വേണ്ടി മാത്രം സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച് ഒടുവില്‍ അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആയിരക്കണക്കിന് സ്ത്രീകള്‍ ഇവിടെ ഉണ്ട് .
അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് അന്ന് സൈക്കിള്‍ പഠനം നിര്‍ബന്ധമാക്കി. ഇപ്പോള്‍ ഇവിടെ പിറന്ന് വീഴുമ്പോള്‍ നടക്കാന്‍ പഠിക്കു മ്പോലെയാണ് ഒരു പ്രായമെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത്. അതുപോലെതന്നെ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യം ആയിട്ട് സൈക്കിളും നല്‍കുന്നുണ്ട് .'
കണ്ണമ്മാളിന്റെ വാക്കുകള്‍ കേട്ടപ്പോഴും പുതുക്കോട്ടയിലെ തെളിവുകള്‍ കണ്ടപ്പോഴും ഒരു കാര്യം മനസ്സിലായി ശരിക്കും സ്ത്രീക്ക് ആത്മവിശ്വാസം എന്നുള്ളതിന് ഏറ്റവും അടിസ്ഥാനം സഞ്ചാരസ്വാതന്ത്ര്യം തന്നെയാണ്. എല്ലാ സ്ത്രീകളും സൈക്കിള്‍ പഠിക്കാന്‍ മുന്നോട്ടുവന്ന കാലത്ത് സൈക്കിളിനു ഭയങ്കര ക്ഷാമം ആയിരുന്നുവെന്ന് കണ്ണമ്മാള്‍ പറഞ്ഞു. പുരുഷന്മാര്ക്കുള്ള സൈക്കിളുകള്‍ എടുത്താണ് അന്ന് സ്ത്രീകള്‍ പഠിച്ചത്. ഒരു കാര്യത്തില്‍ ഇത് വലിയ ഗുണമായി. കുട്ടികളെ മുന്നിലിരുത്തി പോകാന്‍ പുരുഷന്മാരുടെ സൈക്കിള്‍ നല്ലതായിരുന്നു. പിന്നെ പുറകിലുള്ള സ്റ്റാന്‍ഡില്‍ കുടങ്ങള്‍ ഒക്കെ വെച്ച് കിലോമീറ്ററുകളോളം അകലെ നിന്ന് കുടിവെള്ളം കൊണ്ടുവരാന്‍ സൈക്കിളുകള്‍ സഹായമായി.
ഇത്രയും ദൂരം ദിവസം നടന്നാണ് അതുവരെ വെള്ളം കൊണ്ടുവന്നിരുന്നത്. സൈക്കിള്‍ പഠിച്ചതോടെ കുടി വെള്ളത്തിനു വേണ്ടിയുള്ള നടപ്പ് കുറയ്ക്കാന്‍ പറ്റി. അതുപോലെതന്നെ തങ്ങള്‍ ഉണ്ടാക്കുന്ന സാധനങ്ങളും കാര്‍ഷിക ഉല്പന്നങ്ങളും ചന്തയില്‍ കൊണ്ടുപോയി വില്‍
ക്കാന്‍ എളുപ്പമായി. ഇന്ന് ഇതൊക്കെ സാധാരണകാര്യങ്ങള്‍ ആയി മാറിക്കഴിഞ്ഞു. അന്ന് അടുക്കളയില്‍ മാത്രം കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് പൊതുരംഗത്ത് വാഹനത്തില്‍ വരുക എന്നതൊക്കെ അവരുടെ സാമൂഹിക നില ഉയര്‍ത്തുന്നതായിരുന്നു. അവരുടെ സൗഹൃദബന്ധങ്ങള്‍ വിശാലമായി. സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞു.
ശരിക്കും പറഞ്ഞാല്‍ സാമ്പത്തികമായി മാത്രമല്ല ആത്മാഭിമാനം ,സ്വാതന്ത്ര്യം ,സംതൃപ്തി അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള്‍ക്ക് സൈക്കിള്‍ പഠനംസഹായിച്ചു .1991 ല്‍ സായിനാഥ് പോയി കാണുമ്പോള്‍ ഉണ്ടായിരുന്നത് സൈക്കിള്‍ പഠിക്കുന്ന ആദ്യ കാലത്തെ അവസ്ഥയാണ്.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കാണുന്ന അവസ്ഥ വീടിനകത്തുനിന്ന് സ്ത്രീകള്‍ ഒരു പൊതുധാരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. സ്ത്രീകളെ ആത്മാര്‍ത്ഥമായി മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഗ്രാമങ്ങളില്‍ ആണെങ്കിലും നഗരത്തില്‍ ആണെങ്കിലും അതിന് ഏറ്റവും പെട്ടെന്ന് തന്നെ സ്ത്രീകള്‍ പ്രതികരിക്കുമെന്നും അതിനു ഫലം കിട്ടും എന്ന് പുതുക്കോട്ടയിലെ സൈക്കിള്‍ ചരിത്രം നമ്മോട് പറയുന്നു.
1992 ലെ വിമന്‍സ് ഡേയെ കുറിച്ച് കണ്ണമ്മാള്‍ പറയുകയായിരുന്നു .
' ആ വര്‍ഷത്തെ വിമന്‍സ് ഡേക്ക് പുതുക്കോട്ട ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് പോലെയായിരുന്നു. 1500ഓളം സ്ത്രീകള്‍ അവരുടെ സൈക്കിളുകളുടെ ഹാന്‍ഡില്‍ ബാറുകളില്‍ ഇന്ത്യയുടെ പതാക കെട്ടി വച്ചുകൊണ്ട് സൈക്കിള്‍ റാലി നടത്തി നഗരത്തെ ഞെട്ടിച്ചു. അതുപോലെ ആത്മവിശ്വാസത്തിന്റെ ഒരു പ്രകടനം ഞാന്‍ കണ്ടിട്ടില്ല.'
സ്ത്രീകളുടെ പൊതുവേയുള്ള ജീവിതനിലവാരത്തെ മാറ്റുക മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ പുറത്തോട്ട് വരാനും പുരുഷന്മാര്ക്കൊപ്പം തന്നെ ജീവിക്കാനും ഒക്കെ സൈക്കിള്‍ പ്രാപ്തി നല്കി. സ്ത്രീകളുടെ പ്രസ്ഥാനങ്ങള്‍ , സ്ത്രീകളുടെ പ്രശ്നങ്ങള്‍ ശരിയായി അറിയുന്ന ഒരാള്‍
ഭരണ രംഗത്ത് ഉണ്ടെങ്കില്‍, അവര്‍ക്ക് പിന്നില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കുറച്ചു പേരുണ്ടെങ്കില്‍ എങ്ങനെയാണ് സ്ത്രീജീവിതങ്ങള്‍ മാറുന്നത് എന്നാണ് ഞാന്‍ പുതുക്കോട്ടയില്‍ കണ്ടത്.
മടങ്ങുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ജയചന്ദര് നേരത്തെ എഴുതിയ മറ്റൊരു പാട്ടാണ്.
' അതേ സഹോദരാ ഞാന്‍ സൈക്കിള്‍ സവാരി പഠിച്ചു കഴിഞ്ഞു . ഞാന്‍ കാലത്തിന്റെ ചക്രങ്ങള്‍ക്കൊപ്പം ചലിക്കുകയാണ്..'
കാലത്തിന്റെ ചക്രങ്ങള്‍ക്ക് ഒപ്പം ചലിക്കാത്ത കോടാനുകോടി സ്ത്രീകള്‍ ഉള്ള ഇന്ത്യയിലെ ഒരു ചെറിയ തമിഴ്നാടന്‍ ഗ്രാമത്തിലെ സ്ത്രീകള്‍ സൈക്കിളിന്റെ രണ്ടു ചക്രങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ചതിലൂടെ സ്വാതന്ത്ര്യത്തിലേക്കും ആത്മവിശ്വാസത്തിലും സാമ്പത്തികമായ ഉയര്‍ച്ചയിലേക്കും ഒക്കെ ചക്രം ചവിട്ടി വന്ന കഥ വളരെ സന്തോഷം തരുന്ന ഒന്നാണ് . പുതുക്കോട്ടയിലെ സ്ത്രീകളെ കാണുമ്പോള്‍ , സൈക്കിളുകളില്‍ പാറി പറന്നു പോകുന്ന അവരുടെ ആത്മവിശ്വാസം കാണുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക?
Content Highlights: Puthukkotta women and their bicycle revolution, social,Mathrubhumi latest, P. Sainath, Rurral india
Published: 30 Mar 2022, 10:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented