
ഉസിലാംപെട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് പാപ്പാപ്പെട്ടി ഗ്രാമം. ഒരു കുഗ്രാമം എന്ന് തന്നെ പറയേണ്ടി വരും. ഓലയും മണ്ണും കൊണ്ടുള്ള ചെറിയ ചെറിയ വീടുകള്‍ . ആടുകള്‍.. ചേല ചുറ്റിയ സ്ത്രീകളും പെണ്‍കുഞ്ഞുങ്ങളും. പെരിയ കറുപ്പന്റെ ഒറ്റമുറി ഓല വീടിനടുത്ത് ഒരു ഒന്നാന്തരം ടെറസ് വീടുണ്ട്.
ഒരു മുറിയേ ഉള്ളുവെങ്കിലും നല്ല സ്‌റ്റൈലൻ വീട്. ഒരു പാട്ടി അമ്മ അതില്‍ നിന്ന് ഇറങ്ങി വന്നു. മുറ്റത്ത് പായയില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന വേപ്പിന്‍ കുരുക്കള്‍ ചിക്കിയിട്ടു. ആ വീടും പെരിയ കറുപ്പന്റെ വീടും പാട്ടി അമ്മയും പെരിയ കറുപ്പനും ഭാര്യ അഴക് റാണിയും ഒക്കെ കൂടി ഒരു സർറിയലിസ്റ്റിക് ചിത്രം വരച്ചിട്ടു. പെരിയ കറുപ്പന്‍ ആ ചിത്രത്തെ റിയലിസ്റ്റിക് ആക്കി തന്നു .
'ആ വീട് പോലീസിന് താമസിക്കാന്‍ കെട്ടിയതാണ് അമ്മാ'.

പെരിയ കറുപ്പന്‍ ഇപ്പോള്‍ കൃഷിക്കാരനാണ്. പക്ഷേ മുന്‍പ് പാപ്പാപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു 2005 -2010 കാലഘട്ടത്തില്‍. അന്ന് സുരക്ഷയും പോലീസും സന്നാഹവും ഒക്കെ ഉണ്ടായിരുന്നു. ചോദിച്ചു വാങ്ങിയതല്ല. സര്‍ക്കാര്‍ ബലമായി തന്നെ കൊടുത്തതാണ്, പോലീസും സംരക്ഷണവും ഒക്കെ . പാപ്പാ പെട്ടിയിലെ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിനിടയില്‍ പൊലീസുകാര്‍ കൂടി എത്തിയപ്പോള്‍ പെരിയ കറുപ്പന് സംഭ്രമം ആയി.
ഓലകൊണ്ട് ചുവരുകള്‍ ഉണ്ടാക്കിയ ഒറ്റമുറി വീട്ടില്‍ ഭാര്യയും മക്കളും അമ്മയുമൊത്തു കഴിഞ്ഞിരുന്ന പെരിയകറുപ്പന്‍ മൂന്ന് പോലീസുകാരെകൂടി എവിടെയാണ് താമസിപ്പിക്കുക? ഒരു സൗകര്യവും ഇല്ലാത്ത ആ ഉള്‍നാടന്‍ തമിഴ് ഗ്രാമത്തില്‍ പോലീസുകാര്‍ക്ക് അഞ്ചുവര്‍ഷം താമസിക്കാന്‍ വേണ്ടി സൗകര്യമൊരുക്കണമെന്ന് പെരിയ കറുപ്പന് സുരക്ഷിതത്വം ഏര്‍പ്പാടാക്കിയ സര്‍ക്കാരിന് ആലോചന ഉണ്ടായില്ല. തന്നെ സംരക്ഷിക്കാന്‍ എത്തിയ
പോലീസുകാര്‍ എവിടെ കിടക്കുമെന്ന് ഓര്‍ത്തു തലപുകഞ്ഞ് പെരിയ കറുപ്പന്‍ ഒടുവില്‍ അവര്‍ക്കായി ഒരു വീടുണ്ടാക്കി. മണ്ണുകൊണ്ടുള്ളതല്ല. കോണ്‍ക്രീറ്റ് വീട് തന്നെ. പോലീസ് സാറന്മാര്‍ക്ക് ഗെറ്റപ്പായി താമസിക്കണ്ടേ?

കൊല്ലുമെന്ന കല്ലാർമാരുടെ ഭീഷണി, രാജി ശ്രമം, ഒടുവിൽ പ്രസിഡന്റ് പദവി
'അന്ന് ഞാന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നല്ലോ. കല്ലാര്‍മാരുടെ സ്ഥാനാര്‍ത്ഥി ആയിട്ടാണ് ഞാന്‍ മത്സരിച്ചത്. അവര്‍ പറഞ്ഞു. മത്സരിച്ചു. ജയിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു രാജി വയ്ക്കാന്‍. രാജി വയ്ക്കാന്‍ ചെന്നപ്പോള്‍ കളക്ടര്‍ സമ്മതിച്ചില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയേ പറ്റൂ എന്ന് പറഞ്ഞു. രാജി വച്ചില്ലെങ്കില്‍ കല്ലാര്‍മാര്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞു. എനിക്കെന്തു ചെയ്യണം എന്ന് അറിയാതെയായി.. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞു സര്‍ക്കാര്‍ പോലീസിനെ വിട്ടു .
രാജിവെക്കാന്‍ എനിക്ക് പറ്റാതായി. കല്ലാര്‍മാര്‍ പോലീസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വന്നു ചീത്ത പറയുമായിരുന്നു . അഞ്ചുവര്‍ഷം എനിക്ക് വീട്ടുകാര്യം ഒന്നും നോക്കാന്‍ പറ്റിയില്ല. പഞ്ചായത്ത് ജോലി കാരണം സമയം കിട്ടിയില്ല. ഇപ്പോള്‍ കടം കയറി ആകെ നശിച്ചു കിടക്കുകയാണ്. പോലീസുകാര്‍ക്ക് വീടുണ്ടാക്കിയ കടം ഒരു വശത്ത്.. മോളുടെ കല്യാണത്തിന് എടുത്ത കടം മറ്റൊരു വശത്ത്. അന്ന് കടം തരാന്‍ ധാരാളം ആളുണ്ടായിരുന്നു. കൊള്ള പലിശയ്ക്ക് പണം എടുത്തിട്ടൊക്കെയാണ് പോലീസുകാര്‍ക്ക് വീട് കെട്ടിയത് .
വീട് കെട്ടി ,പോലീസ് താമസിച്ചു. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വന്നു. പെരിയ കറുപ്പന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കല്ലാര്‍മാര്‍ കൂടെ നിന്നില്ല. തോറ്റു. പണത്തിന് കടക്കാര്‍ കഴുത്തില്‍ പിടിക്കാന്‍ തുടങ്ങി .അങ്ങനെ ആകെ പാപ്പരായി ജീവിതത്തിന്റെ പെരുവഴിയിലാണ് ഈ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്..

'അഞ്ചുവര്‍ഷം പെരിയ കറുപ്പന് പണിക്കു പോകാന്‍ പറ്റിയില്ലല്ലോ.. ഇല്ലെങ്കില്‍ ഇത്ര കടംകയറില്ലായിരുന്നു' ഭാര്യ അഴക് റാണി
കാര്യങ്ങള്‍ വിശദമായി പറയാന്‍ തുടങ്ങി . പെരിയ കറുപ്പന്‍ മിണ്ടാതെ ഇരിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് വേണ്ടി സിമന്റ് റോഡുകളും ഓടകളും ബോര്‍ഡുകളും കമ്മ്യൂണിറ്റി ഹാളുകളും ഒക്കെ നിര്‍മിച്ചതിന്റെ കണക്കുകള്‍ പറഞ്ഞതു അഴക്‌റാണിയാണ്. ആദ്യത്തെ ദളിത് പഞ്ചായത്ത് പ്രസിഡന്റ് എന്നുള്ള ഗമ ഒന്നും പെരിയകറുപ്പനില്ല ..സദാവിധേയത്തഭാവം .
'അന്ന് കാര്യങ്ങളൊക്കെ ചെയ്യാന്‍ പോലീസ് പറഞ്ഞു തന്നിരുന്നു.' പോലീസുകാരായിരുന്നു നിയമം, ഭരണരീതികള്‍ ഒക്കെ പെരിയകറുപ്പന് പറഞ്ഞു കൊടുത്തിരുന്നത്. അവര് പറഞ്ഞത് അനുസരിച്ച് പഞ്ചായത്ത് ഭരിക്കുകയായിരുന്നു പെരിയ കറുപ്പന്‍ ചെയ്തതെന്ന് അഴക് റാണി സാക്ഷ്യപ്പെടുത്തി.
'ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ദളിതര്‍ക്ക് വീടുവച്ചു കൊടുക്കുന്നതിന് കോണ്‍ട്രാക്ട് നേരിട്ടെടുക്കുകയാണ്' എന്നും അഴക് റാണി പറഞ്ഞു. 'കല്ലാര്‍മാരുടെ പിന്തുണയും അയാള്‍ക്കുണ്ട്,' അഴക് റാണി കൂട്ടിച്ചേര്‍ത്തു .
'ദളിതര്‍ക്ക് വീട് കെട്ടി കൊടുക്കുന്നത് ഒരു മലമ്പ്രദേശതതാണ്. നമുക്ക് അത് പോയി കണ്ടു വരാം' എന്നു പറഞ്ഞ് പെരിയ കറുപ്പന്‍ എഴുന്നേറ്റു.
വലിയൊരു മലയുടെ താഴെ നിരനിരയായി ഒറ്റമുറി വീടുകള്‍.. നിന്നുതിരിയാന്‍ ഇടമില്ലാത്ത കോഴിക്കൂടുകള്‍ പോലെയുള്ള വീടുകള്‍..
'പഞ്ചായത്തിലെ ദളിതര്‍ക്ക് ആണ് ഈ സമൂഹവീട് നിര്‍മ്മാണം വഴി വീട് ലഭിക്കുന്നത് . 120 ഓളം വീടുകള്‍ ഉണ്ടാക്കുന്നുണ്ട്.. സഹിക്കാന്‍ കഴിയാത്ത ചൂടില്‍ കോഴിക്കൂടുകള്‍ പോലെയുള്ള ആ വീടുകളില്‍ കഴിയുന്നതിലും ഭേദം അത് തൊഴുത്തോ വിറകുപുരയോ ആക്കുകയാണ് എന്ന് ആരെങ്കിലും ചിന്തിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല' പെരിയ കറുപ്പന്‍ പറഞ്ഞു .

തിരിച്ചു പെരിയ കറുപ്പന്റെ വീട്ടില്‍ ചെന്നപ്പോള്‍ അഴക്‌റാണിയോട് ടോയ്ലറ്റിനെ കുറിച്ച് ചോദിച്ചു. ഓരോ വീടിനും ടോയ്ലെറ്റ് ഒന്നും അവിടെയില്ല .40 വീടുകള്‍ക്കായി ഒറ്റ ടോയ്‌ലറ്റ് മാത്രമേ ഉള്ളൂ. മേല്‍ക്കൂരയില്ലാത്ത നാലു ചുവരുകൾ ചേർന്നതാണ് അവരുടെ ടോയ്‌ലറ്റ് .മറവിന് വേണ്ടി ഒരു സാരി തുണ്ട് കര്‍ട്ടന്‍ പോലെ ഇട്ടിരിക്കുന്നു . അഴക് റാണി എവിടുന്നോ കുറച്ചു വെള്ളം കൊണ്ടുവന്നു എനിക്ക് തന്നു.
ജാതിഭ്രാന്തുള്ള നാടെന്ന ചീത്തപ്പേരിൽ നിന്നുള്ള പാപ്പപ്പെട്ടിയുടെ മാറ്റം
2021ലെ ഗാന്ധി ജയന്തിക്ക് പാപ്പാപ്പെട്ടി ഗ്രാമസഭ കൂടിയത് ഒച്ചാണ്ടമ്മന്‍ കോവിലിന് മുന്നിലായിരുന്നു എന്ന പത്ര വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ പഴയ പാപ്പാപ്പെട്ടി യാത്ര ഓര്‍ത്തു. പത്രത്തിലെ ഫോട്ടോയില്‍ നാട്ടുകാര്‍ പായയില്‍ തറയില്‍ ഇരിക്കുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ പ്ലാറ്റ്‌ഫോമില്‍ കസേരയില്‍.
പാപ്പാപ്പെട്ടി ഗ്രാമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുത്തത് ചരിത്രപരമായ ഒരു നിയോഗമായി എനിക്ക് തോന്നി . ഒരു കാലത്ത് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയിരുന്ന മൂന്നു പഞ്ചായത്തുകള്‍ ആയിരുന്നു മധുരയിലെ പാപ്പാപ്പെട്ടി, കീരിപ്പെട്ടി , നാട്ടാമംഗലം പഞ്ചായത്തുകള്‍.. ജാതി ഭ്രാന്തന്മാര്‍ സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തിയ പഞ്ചായത്തുകള്‍ ആയിരുന്നു അവ. ഈ മൂന്ന് പഞ്ചായത്തുകളുടെയും പ്രസിഡന്റുമാര്‍ ദളിതരായിരിക്കണം എന്ന് സംവരണമേര്‍പ്പെടുത്തപ്പെട്ട പഞ്ചായത്തുകളാണ്. ഇവിടെ ദളിതരെ പ്രസിഡന്റാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കില്ല എന്ന് പ്രബലരായ കല്ലര്‍മാര്‍ തീരുമാനിച്ചു .

കല്ലാർമാരെ തോല്‍പ്പിക്കാന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും അന്ന് മന്ത്രിയായിരുന്ന സ്റ്റാലിനും സ്വന്തം ജോലിയോട് കൂറുള്ള കുറെ ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ വിജയിച്ച കഥ കേട്ടാണ് ഞാന്‍ ആ പഞ്ചായത്തുകളിലേക്ക് 2016 ല്‍ പോയത്. 1996 -2006 വര്‍ഷങ്ങള്‍ക്കിടയില്‍ പത്തുവര്‍ഷം ഈ മൂന്നു ഗ്രാമപഞ്ചായത്തുകളിലും ഒരു പഞ്ചായത്ത് പ്രസിഡന്റും എന്തിന് പഞ്ചായത്ത് തന്നെയും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോള്‍ പ്രബലരായ കല്ലാര്‍ ജാതിക്കാര്‍ പത്രിക നല്‍കാന്‍ ആരെയും അനുവദിക്കില്ല. ഇതറിഞ്ഞ ദളിത് പാര്‍ട്ടികള്‍ ഇടപെട്ട് ചില നോമിനേഷനുകള്‍ ഒക്കെ കൊടുത്തെങ്കിലും അതൊക്കെ കല്ലാര്‍മാര്‍ പിന്‍വലിപ്പിക്കുകയാണ് ചെയ്തത്. അഥവാ ആരെങ്കിലും വിജയിച്ചിട്ടുണ്ട് എങ്കില്‍ അവരെ രാജി വെപ്പിക്കുകയും ചെയ്തു. രണ്ടുമൂന്നു പ്രാവശ്യം ചിലര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയെങ്കിലും മൂന്നു ദിവസം മുതല്‍ അഞ്ചു ദിവസം വരെ കാലാവധിയേ അവര്‍ക്ക് കിട്ടിയുള്ളു. അവര്‍ രാജിവച്ചു പോവുകയാണ് ചെയ്തത്. ദേശീയതലത്തില്‍തന്നെ ഈ പഞ്ചായത്തുകള്‍ നാണക്കേടായി മാറിയപ്പോഴാണ് ഗവണ്‍മെന്റ് ഇടപെട്ടത്. മധുരയിലെ കളക്ടര്‍ ഉദയ ചന്ദ്രന്‍ ,വിരുദുനഗര്‍കളക്ടര്‍ എസ് എസ് ജവഹര്‍ എന്നിവരും അന്നത്തെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് വകുപ്പ് സെക്രട്ടറി എ അശോക് വര്‍ധന്‍ ഷെട്ടിയും ചേര്‍ന്നാണ് ഈ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ദളിത് പഞ്ചായത്ത് പ്രസിഡന്റ്മാരെ അവരോധിക്കുകയും ചെയ്തത്. അവര്‍ ആദ്യം ചെയ്തത് ജാതിബോധമുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ് . ജാതിബോധം കുറവുള്ള അല്ലെങ്കില്‍ ജാതി ബോധം തീരെ ഇല്ലാത്ത ആളുകളെ അവര്‍ക്ക് പകരം പോസ്റ്റ് ചെയ്തു. അതിനുശേഷം പ്രശ്‌നമുണ്ടാക്കുന്ന സമുദായ നേതാക്കളെ നേരില്‍ കാണുകയും ഓരോരുത്തരെയായി പല മാര്‍ഗ്ഗങ്ങളിലൂടെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. പല വഴിയിലും വെല്ലുവിളി ഉയര്‍ത്തിയിരുന്ന പ്രബല സമുദായക്കാര്‍ ഈ സമയമായപ്പോള്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു .ഈ പഞ്ചായത്തുകളില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്കാര്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടുള്ളൂ എന്നും അതുകൊണ്ടുതന്നെ ആ പഞ്ചായത്തുകളിലെ ദളിത് സംവരണം റദ്ദാക്കണം എന്നുമായിരുന്നു അവരുടെ വാദം. അഡ്വക്കേറ്റ് ജനറല്‍ കോടതിയോട് രണ്ടു ദിവസത്തെ സമയം ചോദിച്ചു . അദ്ദേഹം പഞ്ചായത്ത് സെക്രട്ടറിയോട് മറുപടി എന്ത് പറയണം എന്ന് ചോദിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഭരണഘടന അനുസരിച്ചു സംവരണകാലാവധി തുടങ്ങുന്നത് പഞ്ചായത്ത് കൗണ്‍സിലിന്റെ ആദ്യയോഗം മുതലാണെന്ന് കണ്ടെത്തി അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചു. മൂന്നിടത്തും പഞ്ചായത്ത് യോഗം അതുവരെ നടന്നിരുന്നില്ല . ആ വാദം കോടതി അംഗീകരിച്ചു . സംവരണം തുടരാന്‍ കോടതി ഉത്തരവിട്ടു .തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഗവണ്‍മെന്റ് പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് മറ്റു മെമ്പര്‍മാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയും അതിലുണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരാമെന്ന് അവരില്‍ നിന്ന് മുഖ്യമന്ത്രി ഉറപ്പു വാങ്ങി. 20 ലക്ഷം രൂപ വീതം പഞ്ചായത്ത് കള്‍ക്ക് ധനസഹായം നല്‍കി .കൗണ്‍സില്‍ മീറ്റിംഗുകളില്‍ ദളിത്പ്രസിഡന്റ് മാരെ അപമാനിക്കാതിരിക്കാന്‍ തഹസീല്‍ദാരുമാരും ബീ ഡി ഓ മാരും നിശ്ചയമായും മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ഉത്തരവിട്ടു .
തിരഞ്ഞെടുക്കപ്പെട്ട ദളിത് പ്രസിഡന്റുമാരെ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാത്തത് മറ്റൊരു പ്രശ്‌നം ആയി ഉയര്‍ന്നു വന്നു. .ഇക്കാര്യത്തിലും കളക്ടര്‍മാര്‍ ശക്തമായി ഇടപെട്ടു. ആദ്യപടിയായി ദളിത് പ്രസിഡന്റുമാരോട് നിലത്ത് ഇരിക്കാന്‍ ആവശ്യപ്പെടുന്ന വൈസ് പ്രസിഡന്റ് മാര്‍ക്ക് വാക്കാല്‍ താക്കീത് നല്‍കി. രണ്ടാമത്തെ പടിയായി അവര്‍ക്ക് കുറ്റപത്രം എഴുതി കൊടുത്തു. അവസാനഘട്ടത്തില്‍ അറസ്റ്റായിരുന്നു സ്വീകരിച്ച മാര്‍ഗം . അങ്ങനെ ഇന്ത്യയുടെ തന്നെ നാണക്കേട് ആയി മാറിയ മൂന്ന് പഞ്ചായത്തുകള്‍ക്ക് ദളിത് പ്രസിഡന്റുമാര്‍ ഉണ്ടായി.
കാലമിത്രയും കഴിഞ്ഞിട്ടും ഇപ്പോഴും പഞ്ചായത്ത് മീറ്റിങ്ങുകളില്‍ ദളിത് പ്രസിഡന്റുമാരെ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാത്ത കഥകള്‍ തമിഴ്‌നാട്ടില്‍നിന്ന് പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവില്‍ 2020 ഒക്ടോബര്‍ 31ലെ വാര്‍ത്തയാണ് ഈ വിഷയത്തെ സജീവമാക്കിയത്. കൂടല്ലൂര്‍ ജില്ലയിലെ തേര്‍ക്കുതിട്ട
പഞ്ചായത്തില്‍ ആദിദ്രാവിഡവിഭാഗത്തില്‍ പെട്ട സ്ത്രീ പഞ്ചായത്ത് പ്രസിഡന്റ് തറയില്‍ ഇരിക്കുന്ന ഫോട്ടോ വൈറലായി സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും വന്നു. പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യല്‍, വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യല്‍ ഒക്കെ ഇക്കാര്യത്തില്‍ നടക്കുകയുണ്ടായി.
നിയമത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന പല പ്രവര്‍ത്തനങ്ങളും ഇന്നും പല ഗ്രാമങ്ങളിലും അരങ്ങേറുന്നു എന്നതാണ് വാസ്തവം .തമിഴ്‌നാട്ടിലെ പലസ്ഥലങ്ങളിലും താഴ്ന്ന ജാതിക്കാര്‍ക്ക് ചെരിപ്പിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട് ...ആ ഗ്രാമങ്ങളിലൂടെയൊക്കെ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും സ്വയം ചോദിച്ചു പോകാറുണ്ട്.. ഇതിനൊക്കെ ഒരവസാനം ഈ ജീവിത കാലത്ത് ഉണ്ടാവുമോ?
Content Highlights: pappapatti village of Tamilnadu, Rural India story, Indian gramayathrakal, social,mathrubhumi latest
Published: 23 Mar 2022, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented