
തൃശ്ശൂർ: പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം വളപ്പിൽ ‘ഗാന്ധിസ്മൃതി’യുണ്ട്. 1934 ജനുവരി 16-നാണ് ഗാന്ധിജി ആശ്രമത്തിലെത്തിയത്. അന്ന് രാത്രി തങ്ങിയ സ്‌കൂൾ കെട്ടിടമായ ഓലപ്പുര ഗാന്ധിയുടെ ഓർമയ്ക്ക് ‘ആനന്ദകുടീര’മായി. പിന്നീട് നവീകരിച്ച് ‘ഗാന്ധിസ്മൃതി’യാക്കി.
ഗാന്ധിജി അന്ന് ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും ഗുരുകുലത്തിന്റെയും ശിലാസ്ഥാപനം നടത്തി. ഗാന്ധി സന്ദർശനത്തിന്റെ ഓർമയ്ക്ക് ഗാന്ധിസ്മൃതിക്ക് മുമ്പിൽ പിച്ചളയിൽ തീർത്ത ചർക്ക സ്ഥാപിച്ചിട്ടുണ്ട്.
എൺപത്തിയെട്ട് വർഷം മുമ്പ് ഗാന്ധിജിയുടെ വരവ് ഉത്സവം തന്നെയായിരുന്നു. രാത്രിയിൽ ചൂരക്കാട്ടുകര സ്‌കൂൾ മുതൽ പുറനാട്ടുകര സ്‌കൂൾ വരെ നിശ്ചിത അകലം പാലിച്ച് കുട്ടികൾ കമ്പിറാന്തലുകൾ പിടിച്ച് വരവേൽക്കാൻ നിന്നു. അന്നത്തെ ആശ്രമം അധ്യക്ഷൻ സ്വാമി ത്യാഗീശാനന്ദ, ഗാന്ധിജിക്ക് ഒരു ഓലക്കുടയും നാണയവും ദക്ഷിണയായി നൽകിയിരുന്നു. ആശ്രമം, ഗുരുകുലം, നെയ്ത്തുശാല, അടുക്കള, തേനെടുക്കൽ കേന്ദ്രം തുടങ്ങി ആശ്രമത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ഗാന്ധിജി സന്ദർശിച്ചു. രാവിലെ ഗാന്ധിജിക്ക് കുടിക്കാനുള്ള ആട്ടിൻപാലിനായി രണ്ട് ആടുകളെ ആശ്രമം പരിസരത്ത് കെട്ടിയിരുന്നെന്ന് ഇപ്പോഴത്തെ അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ പറഞ്ഞു. ഗാന്ധിസ്മൃതി വിപുലീകരിച്ച് മ്യൂസിയം ആക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ.
അഞ്ചുവയസ്സായിരുന്നു അന്ന്
പുറനാട്ടുകര ശ്രീശാരദാമഠം അധ്യക്ഷ പ്രവ്രാജിക വിമലപ്രാണയ്ക്ക് 1934-ൽ ഗാന്ധിജിയെത്തുമ്പോൾ വയസ്സ് അഞ്ച്. അഞ്ചുവയസ്സുമുതൽ ശാരദാമഠത്തിൽ വളർന്ന് പിന്നീട് മഠം അധ്യക്ഷയായി മാറുകയായിരുന്നു. ആ ചെറുപ്രായത്തിൽ ഗാന്ധിജിയെ കണ്ട ഓർമയൊന്നുമില്ല. പക്ഷേ, അന്ന് മഠത്തിൽ മറ്റ് കുട്ടികൾക്കൊപ്പം മാതാജിയുമുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനങ്ങൾക്കൊപ്പം കൊടിപിടിച്ച് ആഹ്ലാദത്തോടെ അടാട്ട് പ്രകടനം നടത്തിയതിന്നും ഓർക്കുന്നു.
Content Highlights: about gandhismrithi in puranattukara
Published: 06 Aug 2022, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented