
വാഷിങ്ടൺ: ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് നാസ. ഇതോടെ നാസയുടെ ഒസൈറിസ് റെക്സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്.
ഞായറാഴ്ച രാത്രി 8.12-ന് ആണ് സാമ്പിള്‍ റിട്ടേണ്‍ കാപ്സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18-ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്.
2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018 ലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തിയത്. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു. ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ഒസൈറിസ് റെക്സ്.
2020-ലാണ് ഒക്ടോബറിലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ തൊട്ടത്. ഛിന്നഗ്രഹത്തെ സ്പര്‍ശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പറന്നുയരുന്ന 'ടച്ച് ആന്‍ഡ് ഗോ' ശൈലിയിലാണ് ദൗത്യം രൂപകല്പ ചെയ്ത്. പേടകം ബെന്നുവിന്റെ ഉപരിതലത്തില്‍ സ്പര്‍ശിച്ച ഉടന്‍ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ ഉപരിതലം ചിതറിത്തെറിച്ചത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പേടകം സാമ്പിളുകള്‍ ശേഖരിച്ചത്.
പ്രധാന പേടകത്തിന് മുകളിലായി ഘടിപ്പിച്ച ചെറിയൊരു കാപ്സ്യൂളിലാണ് സാമ്പിളുകള്‍ സൂക്ഷിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബെന്നുവില്‍ നിന്ന് പുറപ്പെട്ട ഒസൈറിസ് റെക്സ് എന്ന പ്രധാന പേടകം. ഇന്ന് ഭൂമിയോട് അടുക്കുകയും സാമ്പിള്‍ ശേഖരിച്ച കാപ്സ്യൂള്‍ അതില്‍ നിന്ന് വേര്‍പെടുകയും ചെയ്തു.
ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.
ഹെലികോപ്ടറിലെത്തിയ റിക്കവറി സംഘം വിശദമായ പരിശോധനകൾക്ക് ശേഷം കാപ്സ്യൂൾ യൂട്ടായിലെ സൈനിക കേന്ദ്രത്തിലെത്തിച്ചു. ഹെലികോപ്റ്ററിലാണ് കാപ്സയൂൾ കൊണ്ടുപോയത്. സൈനിക കേന്ദ്രത്തിലെ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ വെച്ച് പേടകം തുറക്കുകയും. ഭൂമിയിലെ അന്തരീക്ഷം സാമ്പിളുകളെ സ്വാധീനിക്കാത്ത വിധം അവ പുറത്തെടുത്തശേഷം ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്സണ് സ്പേസ് സെന്ററിലെത്തിക്കും. അവിടെ നിന്നും പ്രാഥമിക വിവര ശേഖരണങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് ഗവേഷണ പഠനങ്ങള്‍ക്കായി സാമ്പിളുകള്‍ വിതരണം ചെയ്യും.
ഒസൈറിസ് റെക്സ് ദൗത്യത്തെ കുറിച്ച് വിശദമായറിയാം - ക്ലിക്ക് ചെയ്യൂ
Content Highlights: osiris rex nasa asteroid sample return mission successful
Published: 24 Sept 2023, 08:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented