വീണ്ടുമൊരു സൂര്യഗ്രഹണം കാണാന്‍ അവസരമൊരുങ്ങുന്നു. ഏപ്രില്‍ 20 നാണ് സൂര്യഗ്രഹണം. ഒരു സങ്കര സൂര്യഗ്രഹണമാണ് ഇത്തവണയുണ്ടാവുക. അതായത് ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹണം എന്ന് പറയുക. 

To advertise here,

നിംഗളൂ സോളാര്‍ എക്ലിപ്‌സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന് പേര്. ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണുക. 

അതസമയം ഭാഗിക സൂര്യഗ്രഹണമോ, പൂര്‍ണ സൂര്യഗ്രഹണമോ ഒന്നും തന്നെ ഇന്ത്യയിലുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ് ആണ് അതിനുള്ള ഏക ആശ്രയം. 

പശ്ചിമ ഓസ്‌ട്രേലിയന്‍ ഭരണകൂടം നല്‍കുന്ന വിവരം അനുസരിച്ച് എക്‌സ്മൗത്ത് നഗരത്തില്‍ മാത്രമാണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക. 

ഇവിടെ നിന്ന് ഏപ്രില്‍ 20 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.34 മുതല്‍ മൂന്ന് മണിക്കൂറോളം നേരം ഭാഗിക സൂര്യഗ്രഹണം കാണാം. രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ സമയത്തിനിടെ പൂര്‍ണ സൂര്യഗ്രഹണം കാണാം. രാവിലെ 6.32 ഓടുകൂടി സൂര്യഗ്രഹണം പൂര്‍ത്തിയാവും. 

പൂലര്‍ച്ചെ ആയതിനാല്‍ ഇന്ത്യയില്‍ തത്സമയം കാണാനിരിക്കുന്നവര്‍ കുറവായിരിക്കാം. ലൈവ് സ്ട്രീമിങ് വീഡിയോകള്‍ പിന്നീട് യൂട്യൂബില്‍ ലഭ്യമാവുന്നതായിരിക്കും.