2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും സൂര്യന്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ദൃശ്യമാകുകയും ചെയ്യുന്ന 'ആന്യുലാർ'അഥവാ 'അഗ്നിവലയ' സൂര്യഗ്രഹണമായിരിക്കും ഇത്. ഈ പ്രതിഭാസത്തിനിടെ സൂര്യന്റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും. ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ ഈ അപൂർവ്വ കാഴ്ച നീണ്ടുനിൽക്കും.
അന്റാർട്ടിക്കയിലെ ഉൾനാടുകളിൽ നിന്ന് മാത്രമേ ഈ സൂര്യഗ്രഹണം കാണാനാവൂ. അതുകൊണ്ടുതന്നെ ഫെബ്രുവരി 17-ലെ ഗ്രഹണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നേരിട്ട് കാണാൻ സാധിക്കൂ. എന്നാൽ, അടുത്ത രണ്ട് വർഷത്തിനിടെ, കൃത്യമായി പറഞ്ഞാൽ 708 ദിവസത്തിനുള്ളിൽ നടക്കാനിരിക്കുന്ന മൂന്ന് സൂര്യഗ്രഹണ പരമ്പരയിലെ ആദ്യത്തേതാണിത്.
അടുത്ത സൂര്യഗ്രഹണം അടുത്ത വർഷം ഫെബ്രുവരി ആറിന് നടക്കും ചിലി, അർജന്റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലുമാണ് ഇത് ദൃശ്യമാകുക.
മൂന്നാമത്തെ ഗ്രഹണം 2028 ജനുവരി 26-ന് നടക്കും. 10 മിനിറ്റ് 27 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഇത് ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽ ദൃശ്യമാവുകയും സ്പെയിനിൽ സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യും.
എന്താണ് അഗ്നിവലയ സൂര്യഗ്രഹണം ?
സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ ചന്ദ്രൻ കടന്നു പോവുമ്പോഴാണ്, സൂര്യഗ്രഹണം സംഭവിക്കുന്നത്. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ നേർ രേഖയിൽ വരുന്ന പ്രതിഭാസം. പൂർണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കുകയും ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീണ് വെളിച്ചം മറയുകയും ചെയ്യാറുണ്ട്. സൂര്യഗ്രഹണത്തിനിടെ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം വർധിക്കുമ്പോഴാണ് അഗ്നിവലയ സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ അകലത്തിലാവുമ്പോൾ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അത് സൂര്യനേക്കാൾ ചെറുതായി കാണപ്പെടും. അതിനാൽ ചന്ദ്രന് സൂര്യനെ പൂർണമായും മറക്കാനുമാവില്ല. തത്ഫലമായി ചന്ദ്രന് ചുറ്റുമായി സൂര്യന്റെ വശങ്ങൾ കാണുകയും അത് വലയം പോലെ ഭൂമിയിൽ നിന്ന് കാണപ്പെടുകയും ചെയ്യുന്നു.
Content Highlights: First Solar Eclipse of 2026 on February 17: How to Watch the Rare 'Ring of Fire'
Published: 16 Jan 2026, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented