വാഷിങ്ടണ്‍: ബഹിരാകാശത്ത് ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന അനേകം ഛിന്നഗ്രഹങ്ങളുണ്ട്. അവയില്‍ ഭൂമിയോട് അടുത്ത് നില്‍ക്കുന്ന വസ്തുക്കളെന്നും അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളെന്നും വേര്‍തിരിക്കപ്പെട്ടവയുമുണ്ട്. സാധാരണ ബഹിരാകാശ ശിലകള്‍ ഭൂമിയില്‍ പതിച്ച് കത്തിത്തീരുകയാണ് പതിവ്. അതില്‍ ചില കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കാറുമുണ്ട്. എന്നാല്‍ വലിയ ഛിന്നഗ്രങ്ങളെ പൂര്‍ണമായി തകര്‍ത്തുകളയാന്‍ ഭൂമിയുടെ അന്തരീക്ഷത്തിന് സാധിക്കണം എന്നില്ല. വലിയൊരു ഭാഗം ഭൂമിയില്‍ പതിച്ചേക്കാം. അതിന്റെ ആഘാതം പക്ഷെ, വീഴുന്ന ഇടത്ത് മാത്രമല്ല മുഴുവന്‍ ഭൂമിയിലും പ്രതിഫലിച്ചേക്കാം.
ഭയപ്പെടേണ്ടതില്ല, സമീപഭാവിയില്‍ ഒന്നും തന്നെ അത്തരം ഒരു ഭീഷണി ഭൂമി നേരിടുന്നില്ല. എന്നാല്‍ അങ്ങനെ ഒരു സാഹചര്യം അടുത്ത പത്ത് വര്‍ഷത്തിനിടെ സംഭവിച്ചാല്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയുണ്ടെന്നാണ് നാസ സംഘടിപ്പിച്ച അഞ്ചാമത് ദ്വിവത്സര പ്ലാനറ്ററി ഡിഫന്‍സ് ഇന്റര്‍ഏജന്‍സി ടേബിള്‍ ടോപ്പ് എക്‌സര്‍സൈസിലെ കണ്ടെത്തല്‍. ഒരു ഛിന്നഗ്രഹ പതനത്തെ നേരിടാന്‍ ഭൂമി എത്രത്തോളം പ്രാപ്തമാണെന്നും തയ്യാറെടുത്തിട്ടുണ്ടെന്നും വിലയിരുത്തുന്നതിന് വേണ്ടി ഒരു സാങ്കല്‍പ്പിക സാഹചര്യം സൃഷ്ടിച്ചെടുത്താണ് അത് പ്രതിരോധിക്കാനുള്ള ഭൂമിയുടെ കഴിവ് വിലയിരുത്തിയത്. ഇതിനായി 2038 ജൂലായ് 12 ന് ഒരു ഛിന്നഗ്രഹ പതന സാധ്യത സങ്കല്‍പ്പികമായി സൃഷ്ടിച്ചു.
ലോറല്‍ മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് പിസിക്‌സ് ലബോറട്ടറിയില്‍ നടന്ന കൂട്ടായ്മയില്‍ യുഎസിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും പ്ലാനറ്ററി ഡിഫന്‍സിലെ അന്തര്‍ദേശീയ പങ്കാളികളുടേയും നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള നയരൂപീകരണത്തിനുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാനും, രാജ്യാന്തരതലത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നാസ ഈ ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്.
നിലവില്‍ ഭൂമിയോട് താരതമ്യേന അടുത്ത് നില്‍ക്കുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടിക നാസയുടെ പക്കലുണ്ട്. അവയുടെ വ്യാസം, ഭാരം, ഭൂമിയില്‍ നിന്നുള്ള അകലം എന്നിവയുടെയെല്ലാം ഏകദേശ കണക്കുകളും നാസയുടെ പക്കലുണ്ട്. നിലവില്‍ ഭൂമിയില്‍ നിന്ന് 75 ലക്ഷം കിലോമീറ്ററിനുള്ളിലുള്ള ഛിന്നഗ്രഹങ്ങളെ നാസ നിരീക്ഷിക്കുന്നുണ്ട്.
മനുഷ്യന്റെ കൈവശമുള്ള സാങ്കേതിക വിദ്യയ്ക്ക് പ്രവചിക്കാനാകുന്ന ഏക പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായിരിക്കാം ഛിന്നഗ്രഹ പതനമെന്ന് നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസര്‍ എമറിറ്റസ് ലിന്റ്‌ലി ജോണ്‍സണ്‍ പറയുന്നു.
ഛിന്നഗ്രഹ ഭീഷണി നേരിടാന്‍ അത്യാവശ്യമായ അതിവേഗ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മനുഷ്യര്‍ തയ്യാറല്ല. അതിനു വേണ്ടിയുള്ള ആഗോള സഹകരണമോ പദ്ധതികളോ ഇല്ലെന്നും ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് കണ്ടെത്തി.
നിലവില്‍ താരതമ്യേന ഭൂമിയോട് അടുത്ത് നില്‍ക്കുന്നതായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങള്‍ അടുത്ത 100 വര്‍ഷക്കാലത്തേക്ക് ഭൂമിയ്ക്ക് ഭീഷണിയല്ല. എങ്കിലും അതില്‍ അപകടകരമെന്ന് കരുതുന്ന ഭൂമിയോട് അടുത്ത ഭ്രമണപഥമുള്ള ചില ഛിന്നഗ്രഹങ്ങളെ നാസ തുടര്‍ച്ചയായി നിരീക്ഷിച്ചുവരുന്നുണ്ട്.
ഛിന്നഗ്രഹ ഭീഷണി നേരിടാന്‍ ലക്ഷ്യമിട്ട് നടത്തിയ ആദ്യ ദൗത്യമായിരുന്നു നാസയുടെ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ്). ഇതിന് പുറമെ 'നിയോ സര്‍വേയര്‍' എന്ന ഇന്‍ഫ്രാറെഡ് ബഹിരാകാശ ദൂരദര്‍ശിനിയും നാസ വികസിപ്പിക്കുന്നുണ്ട്.
Content Highlights: NASA warns of potential asteroid impact 72 percent chance of Earth collision
Published: 24 Jun 2024, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented