ജീവികളുടെ ലിംഗം നിര്‍ണയിക്കുന്നത് ജനിതക ഘടകങ്ങളാണെന്നാണല്ലോ പൊതുധാരണ. എന്നാല്‍, ഗര്‍ഭകാലത്തെ ഇരുമ്പിന്റെ കുറവ് ആണ്‍ എലികളില്‍ പെണ്‍ അവയവങ്ങളുടെ രൂപവത്കരണത്തിന് കാരണമാകുമെന്ന് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു.

To advertise here,

പൊതുവേ രണ്ട് എക്‌സ് ക്രോമസോമുകളുള്ള ജീവികള്‍ക്ക് പെണ്‍ ലൈംഗികാവയവങ്ങളും എക്‌സ്, വൈ എന്നീ ക്രോമസോമുകള്‍ ഉള്ളവയ്ക്ക് ആണ്‍ ലൈംഗികാവയവങ്ങളുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍, ഗര്‍ഭിണിയായ എലിക്ക് ആവശ്യത്തിന് ഇരുമ്പ്(അയണ്‍) ലഭിച്ചില്ലെങ്കില്‍ അത് ആണ്‍ ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാനജീനുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡിലെ ശാസ്ത്രസംഘമാണ് കണ്ടുപിടിത്തത്തിനുപിന്നില്‍.

സംഭവിക്കുന്നതെന്ത്?

വൈ ക്രോമസോമിലുള്ള എസ്ആര്‍വൈ എന്ന ജീനാണ് സസ്തനികളിലെ പുരുഷ ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഈ ജീനിനെ പ്രവര്‍ത്തനസജ്ജമാക്കുന്നത് ജെഎംജെഡി1എ എന്ന എന്‍സൈമാണ്. ഈ എന്‍സൈമിന് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഇരുമ്പ് അത്യാവശ്യമാണ്. കുറഞ്ഞാല്‍ ഇത് എക്‌സ് വൈ ക്രോമസോമുള്ള എലിക്കുഞ്ഞില്‍ പുരുഷ ലൈംഗികാവയവത്തിനുപകരം അണ്ഡാശയങ്ങള്‍(ഓവറി) ഉണ്ടാവുകയും ചെയ്യും. ആണായി ജനിക്കേണ്ടിയിരുന്നത് പെണ്ണാവും.

പരീക്ഷണം ഇങ്ങനെ

ഗര്‍ഭിണികളായ എലികള്‍ക്ക് മരുന്നുകളും ഇരുമ്പിന്റെ അംശം കുറഞ്ഞ ഭക്ഷണവും നല്‍കിയാണ് പരീക്ഷണംനടത്തിയത്. ഇരുമ്പിന്റെ അളവ് കുറഞ്ഞ 39 എക്‌സ് വൈ ഭ്രൂണങ്ങളില്‍ ആറെണ്ണത്തിന് പെണ്‍ ലൈംഗികാവയങ്ങളുണ്ടായി. ഭ്രൂണങ്ങളിലെ ലൈംഗികാവയവങ്ങളായി വികസിക്കുന്ന എംബ്രിയോണിക് ഗൊണാഡുകള്‍ എന്ന ഘടകത്തെ ലാബില്‍ വളര്‍ത്തിയും പരീക്ഷണം നടത്തി.

ഇരുമ്പിന്റെ അളവ് സാധാരണനിലയെക്കാള്‍ 40 ശതമാനം കുറയുന്നത് എസ്ആര്‍വൈ ജീനിലെ ഹിസ്റ്റോണുകള്‍ എന്ന പ്രോട്ടീനിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി. ഡിഎന്‍എയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. പരീക്ഷണഫലങ്ങള്‍ മനുഷ്യനിലും ബാധകമാണോ എന്ന് കണ്ടെത്താനൊരുങ്ങുകയാണ് സംഘമിപ്പോള്‍. പഠനം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.