
മൊബൈൽ ഫോണും റോബോട്ടിക്സിനുമപ്പുറം ശാസ്ത്രത്തെ ഒരു ജ്ഞാന സമ്പാദനരീതിയായി പരിചയപ്പെടുത്തുന്ന കോളം ആരംഭിക്കുകയാണ്. നമുക്കു ചുറ്റുമുള്ള ജീവിതത്തിലെ സാഹചര്യങ്ങളെ ശാസ്ത്രദൃഷ്ടിയിലൂടെ, ശാസ്ത്രരീതി ഉപയോഗിച്ച് നോക്കിക്കാണാനും വിശകലനം ചെയ്യാനുമുള്ള ശ്രമം. ശാസ്ത്ര അറിവിനൊപ്പം ശാസ്ത്രബോധം കൂടി പങ്കുവെക്കുന്നതാണ് വൈശാഖൻ തമ്പി എഴുതുന്ന പുതിയ കോളം
അന്യഗ്രഹജീവികള്‍ മനുഷ്യനെ എല്ലാകാലത്തും ജിജ്ഞാസപ്പെടുത്തിയിരുന്ന ഒരു സാധ്യതയാണ്. യഥാര്‍ഥത്തില്‍ ഏതെങ്കിലും അന്യഗ്രഹജീവികളുമായി മനുഷ്യന്‍ എന്ന ജീവിക്ക് നേരിട്ടൊരു മുഖാമുഖം ഉണ്ടായിട്ടുണ്ടോ?
അത്തരമൊരു മുഖാമുഖം ഉണ്ടാകണമെങ്കില്‍ ഒന്നുകില്‍ മനുഷ്യന്‍ ഭൂമി വിട്ടുപോകണം, അല്ലെങ്കില്‍ അന്യഗ്രഹത്തില്‍നിന്ന് ജീവികള്‍ ഇങ്ങോട്ടുവരണം. ഇതില്‍ ആദ്യത്തെ വഴി പരിഗണിക്കാറായിട്ടില്ല. കാരണം, പന്ത്രണ്ട് അമേരിക്കക്കാര്‍ ഭൂമിയുടെ തന്നെ ഉപഗ്രഹമായ ചന്ദ്രനില്‍ കാലുകുത്തിയത് ഒഴിച്ചാല്‍ മനുഷ്യനെന്ന ജീവിയുടെ സകല പരാക്രമങ്ങളും ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ ഭൂമിയില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇനിയുള്ള രണ്ടാമത്തെ വഴിയെപ്പറ്റിയും ആദ്യമേ തന്നെ പറയട്ടെ, ഒട്ടേറെ 'വാര്‍ത്ത'കളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും കേള്‍ക്കാനുണ്ടെങ്കിലും വസ്തുനിഷ്ഠമായി ഉറപ്പിക്കപ്പെട്ട, തെളിവുകളുള്ള ഒറ്റ അന്യഗ്രഹജീവിസന്ദര്‍ശനവും നിലവിലില്ല. തോന്നലുകളും കിംവദന്തികളും കെട്ടുകഥകളും മാത്രമാണ് അവയെല്ലാം. ചുരുക്കത്തില്‍, അന്യഗ്രഹജീവികളുമായുള്ള മുഖാമുഖത്തെപ്പറ്റി നമുക്കിവിടെ ഒന്നും തന്നെ പറയാനില്ല. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍, അതേപ്പറ്റി നമുക്കൊന്നും പറയാനാവില്ല എന്നര്‍ഥമില്ല. നൂറ്റാണ്ടുകളുടെ ശാസ്ത്രീയാന്വേഷണത്തിന്റെ വെളിച്ചത്തില്‍ നാം ജീവിക്കുന്ന പ്രപഞ്ചത്തെപ്പറ്റി സാമാന്യം നല്ലൊരു ധാരണ നമുക്കുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്യഗ്രഹജീവികളെപ്പറ്റി സാമാന്യമായി നമുക്ക് ചിലത് പറയാനാകും.
അതിനുവേണ്ട സാഹചര്യം
നമ്മളൊരു അന്യഗ്രഹജീവി സന്ദര്‍ശനം പ്രതീക്ഷിക്കണമെങ്കില്‍ എന്തൊക്കെ സാഹചര്യങ്ങളാണ് അനുകൂലമാകേണ്ടത്? ഏറ്റവുമാദ്യം എവിടെയെങ്കിലും ജീവന്‍ ഉണ്ടായിരിക്കണം. പക്ഷേ, വെറുതേ ജീവന്‍ ഉദ്ഭവിച്ചതുകൊണ്ടായില്ല. ഒരു അന്യഗ്രഹത്തില്‍ ഭൂമിയിലെ മനുഷ്യരൊഴികെയുള്ള സകല ജീവികള്‍ക്കും സമാനമായ ജീവികള്‍ സുഭിക്ഷമായി ജീവിക്കുന്നു എന്ന് കരുതുക. നമ്മളത് എങ്ങനെ അറിയാനാണ് നമ്മള്‍ ആ ഗ്രഹത്തില്‍ ചെല്ലുന്നതുവരെ -കുറഞ്ഞത് അവരുടെ തൊട്ടടുത്ത ആകാശം വരെയെങ്കിലും- ആ ജീവികളെക്കുറിച്ച് നമുക്കൊന്നും അറിയാനാവില്ല. നമുക്കിവിടെനിന്ന് അറിയണമെങ്കില്‍ മനുഷ്യരെപ്പോലെ ബുദ്ധിവികാസം പ്രാപിച്ച ജീവികള്‍ ഉണ്ടാകുകയും ആ ബുദ്ധിവെച്ച് അവര്‍ ഗ്രഹാന്തരയാത്രകള്‍ക്ക് പറ്റിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും വേണം. കുറഞ്ഞത് നമ്മുടേതുപോലെ റേഡിയോതരംഗങ്ങള്‍ ഉപയോഗിച്ചുള്ള വിവരവിനിമയ സംവിധാനങ്ങളെങ്കിലും അവര്‍ സാധിച്ചെടുത്താല്‍, നേരിട്ട് കണ്ടില്ലെങ്കില്‍പ്പോലും അവരെപ്പറ്റി അറിയാനെങ്കിലും സാധിച്ചേക്കും. നക്ഷത്രാന്തരദൂരങ്ങളുടെ വലുപ്പം പരിഗണിക്കുമ്പോള്‍, നേരിട്ടിങ്ങെത്തണമെങ്കില്‍ ഈ വികസിതജീവികള്‍ സാമാന്യം നല്ല ആയുര്‍ദൈര്‍ഘ്യം ഉള്ളവര്‍ കൂടി ആയിരിക്കണം. കാരണം സൂര്യന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത നക്ഷത്രത്തില്‍ നിന്ന് പ്രകാശംപോലും ഇവിടെയെത്താന്‍ നാലരവര്‍ഷമെടുക്കും. തൊട്ടടുത്ത ഗാലക്‌സിയാണെങ്കില്‍ അത് ഇരുപത്തഞ്ച് ലക്ഷം വര്‍ഷമാണ്.
പിച്ചവെക്കുന്ന മനുഷ്യര്‍
ഇതേ സ്ഥാനത്ത് നാം നമ്മളെക്കുറിച്ച് കൂടി ചിന്തിക്കണം. നമ്മുടെ ഭൂമിക്ക് 450 കോടി വര്‍ഷത്തെ പഴക്കമുണ്ട്. ഇവിടെ ജീവനുണ്ടായിട്ട് കുറഞ്ഞത് 350 കോടി വര്‍ഷമെങ്കിലും ആയിട്ടുണ്ടെന്നാണ് തെളിവുകള്‍ പറയുന്നത്. പക്ഷേ, അത് ജീവന്റെ പ്രായമാണ്. അതിലളിതമായ ഏകകോശജീവിയില്‍നിന്ന് കോടിക്കണക്കിന് വര്‍ഷങ്ങളെടുത്ത് പടിപടിയായി പരിണാമം സംഭവിച്ചാണ് സങ്കീര്‍ണശരീരികളായ ജീവികള്‍ ഉണ്ടാകുന്നത്. അക്കൂട്ടത്തില്‍ മനുഷ്യനെന്ന ജീവി കഴിഞ്ഞ രണ്ടോ മൂന്നോ ലക്ഷം വര്‍ഷം മുമ്പ് മാത്രമാണ് ഉരുത്തിരിയുന്നത്. പക്ഷേ, ഇന്നത്തെ മനുഷ്യന്റെ അതേ ബുദ്ധിശക്തിയോടെ ഉണ്ടായിട്ടും റേഡിയോ വിവരവിനിമയം വികസിപ്പിക്കാന്‍ മനുഷ്യന്‍ എത്രയോ കാലമെടുത്തു. അത് നാം സ്വായത്തമാക്കിയിട്ട് കഷ്ടിച്ച് നൂറ്റമ്പത് വര്‍ഷമേ ആയിട്ടുള്ളൂവെന്നോര്‍ക്കണം. ബഹിരാകാശ യാത്രയാണെങ്കിലോ, വെറും എഴുപതുവര്‍ഷം മുമ്പ് മാത്രവും. എന്നിട്ടും നാമിനിയും മാതൃഗ്രഹത്തിന്റെ പരിധിക്ക് വെളിയിലേക്ക് പിച്ചവെച്ച് നടക്കാന്‍ പോലും പ്രാപ്തരായിട്ടില്ല.
ഇതൊക്കെയായിരിക്കുമ്പോഴും മനുഷ്യനെ പ്രപഞ്ചത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു രീതിയില്‍ കൂടി നോക്കിക്കാണണം. നാം ജനിച്ചുവളര്‍ന്ന ഭൂമി, സൂര്യന്‍ എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളില്‍ ഒന്നാണ്. സൂര്യനാണെങ്കിലോ, ക്ഷീരപഥം എന്ന നക്ഷത്രവ്യൂഹത്തിലെ (ഗാലക്‌സി) ഒരു ഇടത്തരം അംഗം മാത്രവും. ക്ഷീരപഥത്തില്‍ ഏതാണ്ട് നാല്പതിനായിരം കോടി നക്ഷത്രങ്ങളുണ്ടാകുമെന്നാണ് നാം കണക്കാക്കിയിരിക്കുന്നത്. മൊത്തം പ്രപഞ്ചമെടുത്താല്‍ ക്ഷീരപഥം പോലെ ഏതാണ്ട് ഇരുപതിനായിരം കോടി നക്ഷത്രവ്യൂഹങ്ങളുണ്ട്. ഇതെല്ലാം കൂടി പരിഗണിച്ചാല്‍ പ്രപഞ്ചത്തിലെ സൂര്യന്മാരുടെ എണ്ണം ഒന്ന് കഴിഞ്ഞ് 22 പൂജ്യങ്ങളുള്ളത്രയും വലിയൊരു സംഖ്യയാണ്. നമുക്കത് സങ്കല്പിക്കാന്‍ തന്നെ പ്രയാസമായിരിക്കും, ഭൂമിയിലെ മണല്‍ത്തരികളുടെ എണ്ണത്തിന്റെ എത്രയെങ്കിലും മടങ്ങ് വരുമത്. ഇതില്‍ ഒരു അഞ്ചുശതമാനം നക്ഷത്രങ്ങളെങ്കിലും സൂര്യനോട് സമാനമാണെന്നും അവയില്‍ 20 ശതമാനത്തിനെങ്കിലും ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടെന്നും കരുതിയാല്‍ തന്നെ പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ പത്തുലക്ഷം കോടി ഗ്രഹങ്ങളെങ്കിലുമുണ്ടാകണം. ആ ഗ്രഹങ്ങളില്‍ ഒരു ശതമാനത്തിലെങ്കിലും ജീവന്‍ ഉദ്ഭവിച്ചുവെന്നും അവയില്‍ത്തന്നെ 0.01 ശതമാനത്തിലെങ്കിലും മനുഷ്യരെപ്പോലെ വികസിതമായ ജീവിവര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞുവെന്നും കരുതിയാല്‍ത്തന്നെ, നമ്മുടെ ഗാലക്‌സിയില്‍ മാത്രം ആയിരം ഗ്രഹങ്ങളിലെങ്കിലും നമ്മളെപ്പോലെയുള്ള ജീവികള്‍ ഉണ്ടാകേണ്ടതാണ്.
പക്ഷേ, എന്നിട്ട് അവരൊക്കെ എവിടെയാണ്?
മേല്‍പ്പറഞ്ഞ ശതമാനക്കണക്കുകളൊക്കെ ചുമ്മാ വെറും ഭാവനയില്‍ ഉണ്ടാക്കിയതല്ല. ചില ശാസ്ത്രീയഅറിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഊഹമാണ്. അന്യഗ്രഹജീവികളുണ്ടാകാനുള്ള സാധ്യത ഇത്രത്തോളം ഉണ്ടായിട്ടും നമ്മള്‍ ഇതുവരെ അങ്ങനെയാരെയും കണ്ടിട്ടില്ല എന്നത് ഒരു വിരോധാഭാസമാണ്. ഫെര്‍മി വിരോധാഭാസം (Fermi paradox) എന്നാണ് അതറിയപ്പെടുന്നത്. ഇതിന് ഇപ്പോഴും കൃത്യമായ ഉത്തരം നമുക്കറിയില്ല. പക്ഷേ, നമ്മള്‍ ഇതുവരെ പിന്തുടര്‍ന്ന അഭ്യൂഹങ്ങളുടെ രീതിയില്‍ രണ്ട് വിശാലസാധ്യതകള്‍ ഇവിടെ തിരിച്ചറിയാന്‍ കഴിയും. ഓരോന്നായി നോക്കാം.
ഒന്ന്, മറ്റ് വികസിത അന്യഗ്രഹജീവികളെ നമ്മള്‍ കാണാത്തതിനുകാരണം അത്തരം ജീവികള്‍ മറ്റെങ്ങും നിലവിലില്ലാത്തതാണ്. നമ്മള്‍ നേരത്തേ പറഞ്ഞ സാധ്യതകളൊക്കെ ഉണ്ടായിട്ടും വികസിത ജീവികള്‍ എന്തുകൊണ്ട് ഉണ്ടായില്ല എന്നതിന് ഉത്തരമായി പൊതുവേ പറയപ്പെടുന്ന വിശദീകരണം ഒരു 'പ്രാപഞ്ചിക അരിപ്പ'യുടേതാണ് (Great Filter'). അതായത്, ഭൂമിയുടെ ഈ ചരിത്രത്തില്‍ അതിന്റെ ഉദ്ഭവം മുതല്‍ നമ്മളീ കാണുന്ന പരാക്രമിയായ മനുഷ്യന്‍ വരെയുള്ള പരിണാമത്തില്‍ ഏതോ ഒരു ഘട്ടം നമ്മള്‍ കരുതുന്നതിനെക്കാള്‍ നിര്‍ണായകവും അസാധാരണവും ആയിരുന്നു. നമ്മളാ അരിപ്പയിലൂടെ കടക്കാന്‍ കഴിഞ്ഞ അപൂര്‍വമായ ജീവികളാണ്. ആ അരിപ്പ ഒരുപക്ഷേ, ജീവന്റെ ഉദ്ഭവം തന്നെയാകാം, അതിലളിതമായ കോശത്തില്‍നിന്ന് ആന്തരഘടനയുള്ള സങ്കീര്‍ണ കോശമായതാകാം, അങ്ങനെ എന്തുമാകാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നമ്മള്‍ ഒരു അസാധാരണ സാധ്യതയാണെന്ന്. വേറൊരു സാധ്യതയുള്ളത്, നമ്മുടെ വികാസം അസാധാരണമല്ലെങ്കിലും ആദ്യത്തേതാണ് എന്നതാണ്. പ്രപഞ്ചത്തിന്റെ ഇത്രയും കാലത്തെ ചരിത്രത്തില്‍ വികസിതജീവികള്‍ ഉണ്ടാകാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ ഇപ്പോള്‍ മാത്രമാണ് ഉരുത്തിരിഞ്ഞതെന്നും ഇനി ഭാവിയില്‍ കൂടുതലിടങ്ങളില്‍ ഇത് ആവര്‍ത്തിക്കപ്പെടാമെന്നുമാണ് അതിനര്‍ഥം.
ഇനി രണ്ടാമത്തെ വിശാലസാധ്യത, അന്യഗ്രഹജീവികള്‍ മറ്റ് പലയിടങ്ങളിലും നിലവിലുണ്ടെങ്കിലും നമുക്കവരെ കാണാന്‍ കഴിയുന്നില്ല എന്നതുതന്നെ. അവിടെയും അസംഖ്യം ഉപസാധ്യതകള്‍ ഊഹിച്ചെടുക്കാം. 450 കോടി വര്‍ഷത്തെ പഴക്കമുള്ള ഭൂമിയില്‍ ഇക്കഴിഞ്ഞ മൂന്നുലക്ഷം വര്‍ഷത്തിനിടെ മാത്രം ഉണ്ടായ മനുഷ്യനെ സംബന്ധിച്ച് അതിന് മുമ്പെപ്പോഴെങ്കിലും അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നുപോയിട്ടുണ്ടോയെന്ന് എങ്ങനെയറിയാം! ഒരുപക്ഷേ, 'കമ്പനി'ക്ക് ആളെ കിട്ടാഞ്ഞതുകൊണ്ട് അവര്‍ നിരാശരായി മടങ്ങിക്കാണും. ഒരു രാജ്യത്തെ ഉള്‍ഗ്രാമത്തിലെ മനുഷ്യര്‍ മെട്രോ നഗരത്തിലെ പുകിലൊന്നും അറിയാത്തതുപോലെ, ഈ ഗാലക്‌സിയുടെ ഏതെങ്കിലും അവികസിത പ്രദേശത്തായതുകൊണ്ട് നമ്മളൊന്നും അറിയാത്തതായിക്കൂടെ? വേറൊരു കടന്ന ചിന്ത കൂടി സാധ്യമാണ്; ഈ പ്രപഞ്ചത്തിലെ ഏതോ ഒരു ജീവിവര്‍ഗം അതിശക്തരും അധിനിവേശസ്വഭാവമുള്ളവരുമായ 'കാലകേയന്‍മാരാ'ണ്. നമുക്കൊഴികെ ബാക്കിയെല്ലാ ജീവിവര്‍ഗങ്ങള്‍ക്കും അതറിയാം. കാലകേയന്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ 'ശബ്ദമുണ്ടാക്കാതെ' പതുങ്ങിയിരിക്കുകയാണെങ്കിലോ? അതോ നമ്മുടെ നിലവിലുള്ള വിവരവിനിമയ സാങ്കേതികവിദ്യകള്‍ തീര്‍ത്തും പ്രാകൃതമായതിനാല്‍, നമ്മളെക്കാള്‍ വികസിതമായ അന്യഗ്രഹജീവികളുടെ സന്ദേശങ്ങള്‍ നമുക്ക് സ്വീകരിക്കാന്‍ കഴിയാത്തതാണോ? നമുക്കറിയില്ല. ഏതെങ്കിലും അന്യഗ്രഹജീവികള്‍ക്ക് അറിയുമോ ആവോ!
(ശാസ്ത്ര പ്രചാരകനും ഭൗതികശാത്ര അധ്യാപകനുമാണ് ലേഖകന്‍)
Published: 16 Jan 2020, 12:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented