ഡോ. ഇ.കെ. ജാനകി അമ്മാള്‍; മലയാളികള്‍ ഇനിയും അറിയാത്ത ശാസ്ത്രപ്രതിഭ


ജോസഫ് ആന്റണിഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞയും തലശ്ശേരി സ്വദേശിയുമായ ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ 125-ാം ജന്മവാര്‍ഷികദിനം നവംബര്‍ അഞ്ചിന്‌

JANAKI AMMAL @125

ഡോ. ഇ. കെ. ജാനകിയമ്മാൾ

ലശ്ശേരി സ്വദേശിയായ ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ ഗവേഷണജീവിതം മനസ്സിലാക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നയാളെന്ന നിലയ്ക്ക് ഈ ലേഖകന് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന കാര്യം ഇതാണ്: ജാനകി അമ്മാളിന്റെ ജീവിതം മലയാളികള്‍ക്ക് ഇന്നും അപരിചിതമാണ്! ശാസ്ത്രഗവേഷക എന്നനിലയ്‌ക്കോ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയെന്നനിലയ്‌ക്കോ ഏതുവിശേഷണം വേണമെങ്കിലും നല്‍കിക്കോളൂ-അതിനൊക്കെ അപ്പുറത്തായിരിക്കും ജാനകിയുടെ സ്ഥാനം.

പറഞ്ഞുപഴകിത്തേഞ്ഞ ചില വിശേഷണങ്ങളുണ്ട്: ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ, ഇന്ത്യയില്‍ ബോട്ടണി പ്രൊഫസറായ ആദ്യ സ്ത്രീ, സ്വതന്ത്ര ഇന്ത്യയില്‍ 'ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ' (ബി.എസ്.ഐ.) പുനഃസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു നേരിട്ട് ക്ഷണിച്ചുകൊണ്ടുവന്ന ശാസ്ത്രജ്ഞ തുടങ്ങിയവ ഉദാഹരണം. അതിനപ്പുറത്തേക്ക് മിക്കവര്‍ക്കും ജാനകിയെ പരിചയമുണ്ടാകില്ല.വിശേഷണങ്ങള്‍ക്കുമപ്പുറം

ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തിച്ച ഗവേഷകയാണ് ജാനകി. സസ്യജാതികള്‍ക്കിടയില്‍ 'വര്‍ഗാന്തര സങ്കരണം' (ഇന്റര്‍ജനറിക് ഹൈബ്രിഡൈസേഷന്‍) സാധ്യമാണെന്ന് ആദ്യമായി തെളിയിച്ച ജാനകിയെ നമുക്കറിയാമോ? 1930-കളില്‍ കോയമ്പത്തൂരില്‍ ഇംപീരിയല്‍ ഷുഗര്‍കെയ്ന്‍ സ്റ്റേഷനില്‍ കരിമ്പുഗവേഷണത്തിനിടെ നടത്തിയ ആ മുന്നേറ്റം, ലോകത്തെ പ്രമുഖ ശാസ്ത്രജേണലായ 'നേച്ചറി'ലാണ് പ്രസിദ്ധീകരിച്ചത്.

തെക്കുകിഴക്കനേഷ്യന്‍ മേഖലയില്‍ ഇന്നും മധുരം പകരുന്ന വിശേഷയിനം കരിമ്പിനങ്ങളും യൂറോപ്പിനെ അലങ്കരിക്കുന്ന അതിവിശിഷ്ടമായ മഗ്‌നോളിയ പൂമരങ്ങളും വികസിപ്പിച്ച ജാനകിയെ നമുക്കത്ര പരിചയംകാണണമെന്നില്ല. വംശീയസസ്യശാസ്ത്രം (എത്നോബോട്ടണി) എന്ന പഠനശാഖയ്ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ച ശാസ്ത്രജ്ഞയെന്നനിലയ്ക്കും മിക്കവര്‍ക്കും അവരെ പരിചയമുണ്ടാകാനിടയില്ല.

കാര്‍ഷികസസ്യങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്‍പ്പെടെ ഭൂമുഖത്തെ പതിനായിരം പുഷ്പിതസസ്യങ്ങളുടെ ക്രോമസോം അറ്റ്ലസ് (ദി ക്രോമസോം അറ്റ്ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്സ്, 1945) ആദ്യമായി പ്രസിദ്ധീകരിച്ചതും ജാനകിയാണ്. ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോര്‍ട്ടിക്കള്‍ച്ചറര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സിറില്‍ ഡി. ഡാര്‍ലിങ്ടണുമായി ചേര്‍ന്നാണ് ആ ക്ലാസിക് ഗ്രന്ഥം പുറത്തിറക്കിയത്.

ജാനകി അമ്മാൾ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സഹപ്രവർത്തകർക്കൊപ്പം. കടപ്പാട്: ബി.എസ്‌.ഐ. കൊൽക്കത്ത

87 വര്‍ഷം നീണ്ട ജാനകിയുടെ ജീവിതത്തില്‍, അഞ്ചരപ്പതിറ്റാണ്ട് അവര്‍ ശാസ്ത്രഗവേഷണത്തിനാണ് ചെലവിട്ടത്. സസ്യഗവേഷണരംഗത്ത് സ്തുത്യര്‍ഹമായ എത്രയോ കണ്ടെത്തലുകള്‍ അവര്‍ നടത്തി. അസംഖ്യം ഗവേഷണപ്രബന്ധങ്ങള്‍ ദേശീയ, അന്തര്‍ദേശീയ ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, അവ എത്രയെണ്ണമെന്ന് ചോദിച്ചാല്‍ ആരുടെ പക്കലും ഉത്തരമില്ല.

തലശ്ശേരിയില്‍നിന്ന് ലോക ഭൂപടത്തിലേക്ക്

എന്തിന്, ഇത്രയും ശാസ്ത്രസംഭാവനകള്‍ നല്‍കിയ ജാനകി ജനിച്ചതെന്ന്, മരിച്ചതെന്ന് എന്നകാര്യത്തില്‍പ്പോലും വ്യക്തതയില്ല. ജാനകിയുടെ ജനനത്തീയതി 1897 നവംബര്‍ നാല് എന്നാണ് പലയിടത്തും കാണുന്നത്. ഇംഗ്ലണ്ടില്‍ സസക്‌സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രചരിത്രകാരി ഡോ. വിനിതാ ദാമോദരന്‍ 2013-ല്‍ 'സയന്‍സ് ഹിസ്റ്ററി' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍, ജാനകിയുടെ സഹോദരന്‍ ഇ.കെ. ദാമോദരന്റെ ഡയറിക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ട്, നവംബര്‍ അഞ്ചിന് പുലര്‍ച്ചെ രണ്ടുമണിക്കാണ് ജാനകി പിറന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ചെന്നൈയിലെ ആശുപത്രിയില്‍ 1984 ഫെബ്രുവരി നാലിനായിരുന്നു ജാനകിയുടെ അന്ത്യം എന്നാണ് പഴയകാല ലേഖനങ്ങളിലുള്ളത്. പക്ഷേ, മരണസമയത്ത് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി ഡോ. എബ്രഹാം സഖറിയ സ്ഥിരീകരിച്ചതുപ്രകാരം, ജാനകി മരിച്ചത് ഫെബ്രുവരി ഏഴിനാണ്. ഡോ. വിനിതാ ദാമോദരന്റെ റിപ്പോര്‍ട്ടിലും ഫെബ്രുവരി ഏഴ് എന്നാണുള്ളത്.

ജാനകിയുടെ പേരിലുള്ള പൂമരം- മഗ്നോളിയ കൊബുസ് ജാനകി അമ്മാള്‍.

തലശ്ശേരിയിലെ ചേറ്റംകുന്നിലെ പുരാതന തിയ്യകുടുംബത്തില്‍ ദിവാന്‍ ബഹദൂര്‍ ഇ.കെ. കൃഷ്ണന്റെയും ദേവി കൃഷ്ണന്റെയും മകളായാണ് ജാനകിയുടെ ജനനം. മദ്രാസ് സിവില്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചൈല്‍ഡ് ഹന്നിങ്ടണ്‍ ആണ് അമ്മവഴിക്ക് ജാനകിയുടെ മുത്തച്ഛന്‍ (999 വര്‍ഷത്തേക്കുള്ള മുല്ലപ്പെരിയാര്‍ കരാറില്‍ മദ്രാസ് സര്‍ക്കാരിനായി ഒപ്പുവെച്ചത് ഹന്നിങ്ടണ്‍ ആയിരുന്നു).

തലശ്ശേരി ഹൈക്കോടതിയില്‍ സബ്ജഡ്ജി ആയിരുന്ന കൃഷ്ണന്‍, ആദ്യഭാര്യ കല്യാണിയുടെ മരണശേഷം 42-ാം വയസ്സില്‍ ഹന്നിങ്ടന്റെ മകള്‍ ദേവിയെ വിവാഹംചെയ്തു. ഇരുവിവാഹത്തിലുമായി കൃഷ്ണന് 19 മക്കള്‍ പിറന്നു. കല്യാണിയില്‍ ആറും ദേവിയില്‍ പതിമ്മൂന്നും. കൃഷ്ണന്‍-ദേവി ബന്ധത്തില്‍ പിറന്ന പത്താമത്തെ സന്താനമാണ് ജാനകി.

തലശ്ശേരിയിലെ സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം മദ്രാസിലെ ക്യൂന്‍ മേരീസ് കോളേജില്‍ ബാച്ചിലേഴ്സ് ചെയ്ത ജാനകി, അവിടെത്തന്നെ പ്രസിഡന്‍സി കോളേജില്‍നിന്ന് സസ്യശാസ്ത്രത്തിലും (1921), ഭൗമശാസ്ത്രത്തിലും (1923) എം.എ. ബിരുദങ്ങള്‍ കരസ്ഥമാക്കി. 1924-ല്‍ ബാര്‍ബര്‍ സ്‌കോളര്‍ഷിപ്പ് നേടി യു.എസിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് പോയി. മിഷിഗണില്‍നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി 1926-ല്‍ തിരിച്ചെത്തിയ ജാനകി, വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ രണ്ടുവര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചു.

'ഓറിയന്റല്‍ ബാര്‍ബര്‍ ഫെലോഷിപ്പ്' നേടുന്ന ആദ്യവ്യക്തിയെന്നനിലയില്‍ ഗവേഷണവിദ്യാര്‍ഥിയായി 1928-ല്‍ ജാനകി വീണ്ടും മിഷിഗണിലെത്തി. ജീവകോശപഠനശാഖയായ സൈറ്റോളജിയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. 1931-ല്‍ ഇന്ത്യയിലാദ്യമായി ഒരു സ്ത്രീ ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടി.

ചരിത്രമായ യാത്രകള്‍

ശാസ്ത്രചരിത്രത്തില്‍ സ്ത്രീകള്‍ നേരിട്ട വിവേചനങ്ങള്‍ക്ക് കണക്കില്ല. 1660-ല്‍ നിലവില്‍വന്ന ലോകപ്രശസ്ത ശാസ്ത്രസ്ഥാപനമായ ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ ആദ്യമായി ഒരു സ്ത്രീക്ക് ഫെലോഷിപ്പ് നല്‍കുന്നത് 1945-ല്‍ മാത്രമാണ്. ക്രിസ്റ്റലോഗ്രാഫര്‍ കാതലീന്‍ ലോന്‍ഡെയല്‍ ആണ് റോയല്‍ സൊസൈറ്റി ഫെലോ ആയ ആദ്യ സ്ത്രീ. ഈ പശ്ചാത്തലത്തില്‍, 1920-കളില്‍ കേരളത്തില്‍നിന്നൊരു സ്ത്രീ, അതും താഴ്ന്നസമുദായത്തില്‍പ്പെട്ട ഒരാള്‍ അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ് നേടി എന്നത് ശരിക്കും വിപ്ലവാത്മകമായിരുന്നു.

1932-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് സയന്‍സില്‍ (ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കോളേജ്) സസ്യശാസ്ത്ര പ്രൊഫസറായി ചേര്‍ന്ന ജാനകി, 1934-ല്‍ അധ്യാപനം ഉപേക്ഷിച്ച് കോയമ്പത്തൂരിലെ കരിമ്പുഗവേഷണകേന്ദ്രത്തില്‍, അവിടത്തെ ആദ്യ ജനിതകശാസ്ത്രജ്ഞയായി ചേര്‍ന്നു. 1939-ല്‍ ഇന്ത്യവിട്ട ജാനകി ലണ്ടനിലെ ജോണ്‍ ഇന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകയായി ചേര്‍ന്നു. 1945-ല്‍ ജോണ്‍ ഇന്‍സ് വിട്ട് വൈസ്ലിയിലെ 'റോയല്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി'യില്‍ സൈറ്റോളജിസ്റ്റായി ജാനകി ചേര്‍ന്നു. ആ സ്ഥാപനത്തിലെ ശമ്പളം വാങ്ങുന്ന ആദ്യ ജീവനക്കാരിയായിരുന്നു ജാനകി.

1951 വരെ അവിടെ തുടര്‍ന്ന ജാനകി, പ്രധാനമന്ത്രി നെഹ്രുവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തി. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ബി.എസ്.ഐ.) പുനഃസംഘടിപ്പിക്കാനുള്ള ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി 1952 ഒക്ടോബര്‍ 14-ന് അവര്‍ നിയമിക്കപ്പെട്ടു. 1970 നവംബറില്‍, എഴുപത്തിമൂന്നാംവയസ്സില്‍ ജാനകി ഔദ്യോഗികപദവികള്‍ ഒഴിഞ്ഞു. മദ്രാസ് സര്‍വകലാശാലയിലെ 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ ബോട്ടണി'യിലെ എമിറൈറ്റസ് സയന്റിസ്റ്റ് എന്ന നിലയ്ക്ക്, സെന്ററിന്റെ മധുരവോയലിലെ ഫീല്‍ഡ് ലബോറട്ടറിയില്‍ അവര്‍ താമസമാക്കി. ശിഷ്ടകാലം അവിടെയാണ് കഴിഞ്ഞത്. റിട്ടയര്‍ചെയ്തശേഷമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഗോത്രവര്‍ഗക്കാരുടെ സസ്യശാസ്ത്ര വിജ്ഞാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ജാനകി ആരംഭിക്കുന്നത്. ഇന്ത്യയില്‍ വംശീയ സസ്യശാസ്ത്രപഠനം അങ്ങനെ ആരംഭിച്ചു.

1977-ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം ജാനകിയെ ആദരിച്ചു. ഒട്ടേറെ രാജ്യാന്തര ശാസ്ത്രസമിതികളില്‍ ഫെലോ ആയിരുന്നു ജാനകി. വര്‍ഗീകരണശാസ്ത്രത്തിന്റെ (ടാക്‌സോണമി) മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രൊഫ. ഇ.കെ. ജാനകി അമ്മാള്‍ മെമ്മോറിയല്‍ അവാര്‍ഡ്' 1999-ല്‍ നിലവില്‍വന്നു.

അടുത്ത ബന്ധുക്കള്‍ 'നാച്ചിയമ്മ' എന്ന് സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന വ്യക്തിയാണ് ജാനകി. അംഗീകാരങ്ങള്‍ക്കോ ബഹുമതികള്‍ക്കോ പിന്നാലെ പരക്കംപായാതെ, ശാസ്ത്രഗവേഷണം ജീവിതദൗത്യമായി സ്വീകരിച്ച അവര്‍, ഭാവി തലമുറകള്‍ക്കായി ഒട്ടേറെ പാഠങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് 1984 ഫെബ്രുവരി ഏഴിന് വൈകുന്നേരം 7.30-ന് ചെന്നൈയിലെ ആശുപത്രിയില്‍വെച്ച് വിടവാങ്ങി.

(മാതൃഭൂമി ദിനപ്പത്രം എഡിറ്റോറിയല്‍ പേജില്‍ 2022 ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിച്ചത്)

Content Highlights: dr. e k janaki ammal, botanist

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented