
പടിഞ്ഞാറന്‍ മാനത്ത് ഈയിടെയായി ഒരു വാല്‍നക്ഷത്രത്തെ കാണാം. ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയ സുചിന്‍ഷാന്‍ വാല്‍നക്ഷത്രമാണത്. ഇനി ഏതാനുദിവസംകൂടി പടിഞ്ഞാറന്‍ സാന്ധ്യാകാശത്ത് സുചിന്‍ഷാന്‍ വാല്‍നക്ഷത്രത്തെ കാണാനാവും. ഓരോ വര്‍ഷവും അനേകം വാല്‍ നക്ഷത്രങ്ങള്‍ സൗരയൂഥത്തിന്റെ വിദൂരതകളില്‍നിന്ന് സൂര്യന്റെ അടുത്തേക്ക് പാഞ്ഞടുക്കാറുണ്ടെങ്കിലും ഭൂമിയില്‍നിന്ന് വെറും കണ്ണുകൊണ്ട് കാണാനാവുന്നവ അപൂര്‍വമാണ്.
മഴക്കാറില്ലാത്ത ആകാശമാണെങ്കില്‍ സൂര്യാസ്തമയം കഴിഞ്ഞ് ഇരുട്ടാവുന്നതോടെ വെറും കണ്ണുകൊണ്ടുതന്നെ കഷ്ടിച്ച് കാണാനാവുമെന്ന് അമെച്ചര്‍ വാനനിരീക്ഷകനായ സുരേന്ദ്രന്‍ പുന്നശ്ശരി പറഞ്ഞു. ബൈനോക്കുലറില്‍ കാഴ്ച കൂടുതല്‍ മനോഹരമായിരിക്കും. ശരാശരി പത്തോ ഇരുപതോ വര്‍ഷത്തില്‍ ഒന്നോ രണ്ടോ എണ്ണത്തെ മാത്രമേ കാണാനാവൂ. കാഴ്ചയില്‍ വലുപ്പം തോന്നിക്കുമെങ്കിലും വാല്‍ നക്ഷത്രങ്ങളുടെ കേന്ദ്രഭാഗത്തിന് ഏതാനും കിലോമീറ്റര്‍ മാത്രമേ വലുപ്പമുണ്ടാവൂ.
സൗരയൂഥത്തിന്റെ വിദൂരതകളില്‍ ഹിമപിണ്ഡങ്ങളായി കിടക്കുന്നവയാണിവ. സൂര്യനെ സമീപിക്കുന്തോറും ഇവയിലെ ബാഷ്പശീലമുള്ള വസ്തുക്കള്‍ കേന്ദ്രത്തിനു ചുറ്റും ഒരു വലിയ വാതകത്തലയുണ്ടാക്കും. അതാണ് കോമ. സാന്ദ്രത തുച്ഛമാണെങ്കിലും ഈ കോമയ്ക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസം കാണും. സൂര്യനോട് കൂടുതലടുക്കുമ്പോള്‍ ബാഷ്പശീലമുള്ള കൂടുതല്‍ പദാര്‍ഥങ്ങള്‍ കൂടി വാതകരൂപം പ്രാപിക്കും. വാല്‍ രൂപപ്പെടുകയും ചെയ്യും. വാലിന് ചിലപ്പോള്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ നീളമുണ്ടാകും.
സുചിന്‍ഷാന്‍ വാല്‍നക്ഷത്രം ക്രമേണ ഭൂമിയില്‍നിന്ന് അകലുകയും പ്രകാശം കുറയുകയുമാണ് ചെയ്യുക. എങ്കിലും ഒരാഴ്ചയെങ്കിലും സന്ധ്യയോടെ പടിഞ്ഞാറന്‍ മാനത്ത് മങ്ങിയ പ്രകാശത്തുട്ടുപോലെ വെറും കണ്ണുകൊണ്ടുതന്നെ കാണാനാകുമെന്നാണ് വാനനിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ബൈനോക്കുലറിലും ചെറിയ ടെലിസ്‌കോപ്പിലും വാല്‍കൂടി കാണാനാവും.
സൂര്യാസ്തമയത്തോടെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഏറ്റവും പ്രകാശത്തില്‍ കാണപ്പെടുന്ന ശുക്ര ഗ്രഹത്തിന്റെ അല്പം വടക്ക് കിഴക്ക് ഭാഗത്തു കൂടി ആയിരിക്കും വാല്‍നക്ഷത്രത്തിന്റെ ഇനിയുള്ള സഞ്ചാരം. വാല്‍നക്ഷത്രങ്ങള്‍ കൊള്ളിമീനുകളെ പോെല വേഗത്തില്‍ സഞ്ചരിക്കുന്നതായി കാണപ്പെടില്ല. പശ്ചാത്തല നക്ഷത്രങ്ങളില്‍നിന്ന് ്ല്‍പാല്‍പം മാറുന്നതായേ കാണൂ.
കഴിഞ്ഞവര്‍ഷം ജനുവരി ഒമ്പതിന് ചൈനയിലെ പര്‍പ്പിള്‍ മൗണ്ടന്‍ വാനനിരീക്ഷണകേന്ദ്രത്തില്‍ വെച്ചാണ് ഈ വാല്‍നക്ഷത്രത്തെ ആദ്യമായി കണ്ടത്. സൂര്യനെ ചുറ്റിവരാന്‍ ഏതാണ്ട് എണ്‍പതിനായിരം വര്‍ഷമെടുക്കുന്നതിനാല്‍ മാനവരാശിക്ക് സമീപഭാവിയിലൊന്നും ഇതിനെ വീണ്ടും കാണാന്‍ പറ്റിയെന്നുവരില്ല. ഒരു എസ്.എല്‍.ആര്‍. ക്യാമറയിലും ലോ ലൈറ്റ് സംവിധാനമുള്ള മൊബൈല്‍ ഫോണിലും ഈ വാല്‍ നക്ഷത്രത്തിന്റെ ചിത്രം കിട്ടിയേക്കും. ഭംഗിയുള്ള ചിത്രങ്ങള്‍ക്ക് ടെലിസ്‌കോപിക് സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരും.
Content Highlights: comet tsuchinshan atlas in indian skies visible to human eyes
Published: 18 Oct 2024, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented