പടക്കങ്ങളിൽ കാണുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:

To advertise here,

ഇന്ധനം (Fuel): പടക്കം കത്താനാവശ്യമായ ഊർജം നൽകുന്നു. കരി (Charcoal), സൾഫർ എന്നിവയാണ് സാധാരണമായി ഉപയോഗിക്കുന്നത്.

ഓക്സിഡൈസർ (Oxidiser): ഇന്ധനം കത്താനാവശ്യമായ ഓക്‌സിജൻ നൽകുന്ന പദാർഥങ്ങളാണിവ. പൊട്ടാസ്യം നൈട്രേറ്റ്, ക്ലോറേറ്റുകൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു.

ബൈൻഡർ (Binder): പടക്കത്തിനുള്ളിലെ മിശ്രിതങ്ങളെ ഒട്ടിച്ചുനിർത്താൻ സഹായിക്കുന്നു (ഉദാഹരണത്തിന് ഡെക്‌സ്ട്രിൻ).

 

നിറങ്ങളുടെ രസതന്ത്രം

ആകാശത്ത് വെടിക്കെട്ട് വിരിയുമ്പോൾ കാണുന്ന ഓരോ നിറത്തിന് പിന്നിലും ഓരോ ലോഹലവണങ്ങളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ചുവപ്പ്: സ്‌ട്രോൺഷ്യം (Strontium)

പച്ച: ബേരിയം (Barium)

നീല: ചെമ്പ് (Copper)

മഞ്ഞ: സോഡിയം (Sodium)

ഓറഞ്ച്: കാൽസ്യം (Calcium)

വെള്ള/വെള്ളി: മഗ്‌നീഷ്യം, അലൂമിനിയം, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങൾ.

 

ശബ്ദവും പ്രകാശവും

തീ കൊളുത്തുമ്പോൾ പടക്കത്തിനുള്ളിലെ ലോഹലവണങ്ങൾ പെട്ടെന്ന് കത്തുകയും ഒരുപാട് ചൂടുള്ള വായു ഉണ്ടാവുകയും ചെയ്യും. ഈ വായുവിന് പടക്കത്തിന്റെ ഉള്ളിൽ നിൽക്കാൻ കഴിയില്ല. അത് ശക്തിയിൽ പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോഴാണ് 'ഠോ' എന്ന വലിയ ശബ്ദം ഉണ്ടാവുന്നത്. യഥാർഥത്തിൽ വായുവിലേക്ക് ഈ വാതകങ്ങൾ പെട്ടെന്ന് വികസിക്കുകയാണ് ചെയ്യുന്നത്. ചൂടുപിടിക്കുന്ന ലോഹലവണങ്ങളിലെ ഊർജവ്യത്യാസം കാരണം ശക്തമായ പ്രകാശം പുറത്തേക്ക് വരും. ലോഹങ്ങൾക്കനുസരിച്ച് ഈ നിറങ്ങൾക്ക് വ്യത്യാസമുണ്ടാകും.

 

ശ്രദ്ധിക്കുക

പടക്കങ്ങൾ പൊട്ടുമ്പോഴുണ്ടാകുന്ന വർണക്കാഴ്ചകൾ കാണാൻ നല്ല രസമാണെങ്കിലും അവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട്, വെടിക്കെട്ട് കാണുമ്പോൾ എപ്പോഴും കുറച്ച് അകലം പാലിച്ച് നിൽക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായിവേണം ആഘോഷങ്ങൾ ആസ്വദിക്കാൻ.