തമിഴ് സമൂഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. തനിക്ക് ലഭിച്ച ഒരു ഇ-മെയിലിനെ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തെ അവർ വിമർശിച്ചത്. തമിഴ് ജനതയോട് അവർ പരസ്യമായി മാപ്പപേക്ഷിക്കുകയുംചെയ്തു.

To advertise here,

ആരോടോ ഉള്ള ദേഷ്യം കൊണ്ട് തമിഴ് സമൂഹത്തെ അപമാനിക്കാതിരിക്കു. അഭിപ്രായം പറയുക എന്നാൽ തെറി വിളിക്കുക എന്ന് കരുതുന്ന ചില മനുഷ്യരുണ്ട് സോഷ്യൽ മീഡിയയിൽ. അവർ കാരണം ചീത്തപ്പേര് മലയാളി സമൂഹത്തിനും. തമിഴ് ജനതയോട് മാപ്പ് എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചത്. ഓഗസ്റ്റ് 27-നാണ് അബിനേഷ് എന്നയാൾ നടൻ ലാലു അലക്സ്, 'അമ്മ' സംഘടന, ഭാഗ്യലക്ഷ്മി എന്നിവർക്ക് ഒരു ഇമെയിൽ അയച്ചത്. 'ഫാന്റം' എന്ന സിനിമയിലെ ലാലു അലക്സിന്റെ കഥാപാത്രം പറയുന്ന ഡയലോഗിലെ ഒരു വാക്ക്, സോഷ്യൽ മീഡിയയിൽ തമിഴ് വംശജരെ അധിക്ഷേപിക്കാനും ലക്ഷ്യമിടാനും ചില മലയാളി പ്രേക്ഷകർ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം മെയിലിൽ ചൂണ്ടിക്കാണിച്ചത്.

തമിഴ് എന്ന വാക്കോ തമിഴുമായി ബന്ധപ്പെട്ട വിഷയങ്ങളോ കേൾക്കുമ്പോൾ മലയാളികൾ അവരെ മോശമായി അഭിസംബോധന ചെയ്യുന്നുവെന്ന വിഷമവും അദ്ദേഹം മെയിലിലൂടെ പങ്കുവെച്ചു. ഇതിനോടൊപ്പം നടൻ ജയറാമിന്റെ ഒരു അഭിമുഖത്തിന് താഴെ വന്ന അങ്ങേയറ്റം മോശമായ ചില കമന്റുകളുടെ സ്ക്രീൻഷോട്ടുകളും അയച്ചു നൽകിയിരുന്നുവെന്നും, ആ ഭാഷ പുറത്തുകാണിക്കാൻ പോലും കൊള്ളാത്തത്ര മോശമാണെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

"തമിഴ് എന്ന വാക്കോ തമിഴുമായ ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളോ കേൾക്കുമ്പോൾ നമ്മൾ മലയാളികൾ അവരെ വളരെ മോശമായ രീതിയിലാണ് അഭിസംബോധന ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം. ഇതിനോടൊപ്പം ചില സ്ക്രീൻഷോട്ടുകളും അദ്ദേഹം അയച്ചിട്ടുണ്ട്. പലരും ഇട്ടിരിക്കുന്ന കമന്റുകൾ വായിക്കാൻ പോലും കഴിയാത്തത്ര മോശമാണ്. നടൻ ജയറാമിന്റെ ഒരു അഭിമുഖത്തിന് താഴെ വന്ന കമന്റുകളാണ് ഇവയെന്നാണ് അദ്ദേഹം പറയുന്നത്. ആ സ്ക്രീൻഷോട്ടുകൾ എനിക്ക് ഇവിടെ കാണിക്കാൻ പോലും കഴിയില്ല, അത്രയധികം മോശം ഭാഷയാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. അയച്ചയാൾ തന്നെ ചില വാക്കുകൾ സെൻസർ ചെയ്തിട്ടുണ്ട്.

യഥാർഥത്തിൽ ഇത് വളരെ മോശമായ ഒരു കാര്യമല്ലേ? ഉയർന്ന സാംസ്കാരിക ബോധമുള്ളവരാണ് നമ്മൾ മലയാളികൾ എന്ന് നമ്മൾ എപ്പോഴും അഹങ്കരിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നമ്മുടെ ആ സംസ്കാരം വലിയ തോതിൽ താഴേക്ക് പതിക്കുകയാണെന്നാണ് ഏവരും നിരീക്ഷിക്കുന്നത്. അവർ നമ്മുടെ അയൽസംസ്ഥാനമല്ലേ? മലയാളി സമൂഹത്തോട് അവർക്ക് എപ്പോഴും വലിയ ബഹുമാനമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കുറച്ചുപേർ കാരണം ആ ബഹുമാനമാണ് നമുക്ക് നഷ്ടപ്പെടുന്നത്.

അദ്ദേഹം എന്തിനാണ് ഈ മെയിൽ എനിക്ക് അയച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ 'അമ്മ' സംഘടനയിലെ ഒരു അംഗമാണെന്ന് അദ്ദേഹം കരുതിയതാണോ എന്നും അറിയില്ല. എനിക്ക് അദ്ദേഹത്തിന് മറുപടി അയക്കാനും കഴിയില്ല, കാരണം അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു മറുപടി നൽകാൻ എനിക്ക് സാധിച്ചില്ല.

അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി ഞാൻ ഇത് നമ്മുടെ സമൂഹത്തോട്, മലയാളി സമൂഹത്തോട് സംസാരിക്കാം എന്ന് കരുതി. നമ്മൾ എന്തിനാണ് ഇങ്ങനെയുള്ള ഭാഷ ഉപയോഗിക്കുന്നത്? അവർ എന്ത് തെറ്റാണ് ചെയ്തത്? ലാലു അലക്സിന്റെ കാര്യം എടുത്താൽ, സിനിമയിൽ തനിക്ക് നൽകിയ ഡയലോഗുകൾ പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ട് സിനിമാ എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ എല്ലാവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അതോടൊപ്പം തന്നെ, സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്ന നമ്മളും ഈ വിഷയത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്ന് കരുതിയായിരിക്കും അദ്ദേഹം എനിക്ക് മെയിൽ അയച്ചത്, അതുകൊണ്ടാണ് ഞാൻ ഇത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്." ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ബിജു വർക്കി സംവിധാനംചെയ്ത് മമ്മൂട്ടി നായകനായി 2002-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫാന്റം. സ്റ്റണ്ട്മാനായ ഫാന്റം പൈലി എന്ന വേഷത്തിലായിരുന്നു മമ്മൂട്ടിയെത്തിയത്. ധിംധി മത്തായി എന്ന കഥാപാത്രമായാണ് ലാലു അലക്സ് എത്തിയത്. മനോജ് കെ. ജയൻ, നിഷാന്ത് സാഗർ, ഇന്നസെന്റ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മാളവിക, മോണിക്ക എന്നിവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്.