ഷാർജ: കടബാധ്യതയും കേസും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുംകൊണ്ട് പ്രതിസന്ധിയിലായ കൊല്ലം ശക്തികുളങ്ങര സ്വദേശിനി രമ്യ മോളിയുടെ ദുരിതജീവിതത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ള്യു.എം.സി.) ആശ്വാസ നടപടികൾ. ഷാർജയിൽ കഴിയുന്ന 36-കാരിയായ രമ്യയുടെ ദുരിതം പ്രവാസലോകത്തെ അറിയിച്ച ‘മാതൃഭൂമി’ വാർത്തയാണ് വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസിന്റെ സഹായത്തിന് നിമിത്തമായത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ബുധനാഴ്ച രമ്യയെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. തത്കാലാശ്വാസമായി സാമ്പത്തിക സഹായവും ഭക്ഷ്യവസ്തുക്കളും രമ്യയെയും സഹോദരി സൗമ്യയെയും ഏൽപ്പിച്ചു.

To advertise here,

രമ്യയുടെ പേരിൽ 22,000 ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് കേസ് നിലനിൽക്കുന്നുണ്ട്. നിയമനടപടികൾ അവസാനിപ്പിക്കാനുള്ള സഹായം വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് ജോൺ മത്തായിയും അജ്മാൻ പ്രോവിൻസ് പ്രസിഡന്റ് ഡയസ് ഇടിക്കുളയും അറിയിച്ചു.

നിയമനടപടികൾ പരിഹരിച്ചശേഷം രമ്യയുടെ താമസരേഖകൾ നിയമാനുസൃതമാക്കാനും രമ്യയ്ക്കും സഹോദരി സൗമ്യയ്ക്കും ഉചിതമായ ജോലി ഏർപ്പാടാക്കാനും ഡബ്ള്യു.എം.സി.യുടെ സഹായമുണ്ടാവും. രമ്യയ്ക്ക് പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. അതിനുള്ള നടപടികളും വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗത്തുനിന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. രമ്യയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ജോൺ മത്തായി പറഞ്ഞു. ജീവിതത്തിൽ ശുഭ പ്രതീക്ഷ കൈവന്നതായി രമ്യ മോളി പറഞ്ഞു.

ഡബ്ള്യു.എം.സി. മിഡിലീസ്റ്റ് റീജൺ വുമൻസ് ഫോറം പ്രസിഡന്റ് ബാവ റേച്ചൽ, ഡബ്ള്യു.എം.സി. അജ്മാൻ ചെയർമാൻ തോമസ് ഉമ്മൻ, സെക്രട്ടറി സപ്നാ ഡേവിഡ്, ഖജാൻജി ജെയിംസ് മാത്യു, യൂത്ത് ഫോറം ഭാരവാഹികളായ അബി ജേക്കബ്, ബെറ്റി ജെയിംസ്, ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ബിജു സോമൻ തുടങ്ങിയവരാണ് രമ്യമോളിയുടെ ദുരിതത്തിന് സഹായ വാഗ്ദാനവുമായെത്തിയത്.