ദുബായ്: യുഎഇയിൽ കൊടുംചൂട് ഈ മാസം അവസാനംവരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഓഗസ്റ്റ് 24-ന് സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നക്ഷത്രോദയത്തോടെ ചൂടിന്റെ തീവ്രത കുറയുകയും 'സുഫ്രിയ' സീസണിലേക്ക് മാറുകയും ചെയ്യും. സുഹൈൽ നക്ഷത്രം ഉദിച്ച് ഏകദേശം 40 ദിവസങ്ങൾ കഴിയുന്നതോടെ രാജ്യത്ത് ശൈത്യകാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
അത്യുഷ്ണത്തിന്റെ അവസാന പാദത്തിന് തുടക്കം കുറിക്കുന്നത് ഈ മാസം 11-ന് അൽ ഖ്വയ്സ് നക്ഷത്രം ഉദിക്കുന്നതോടെയാണ്. ഇത് സുഹൈൽ നക്ഷത്രം ഉദിക്കുന്നതുവരെ നീണ്ടുനിൽക്കും. രാജ്യത്തെ ശൈത്യകാലം ഇനി അധികം ദൂരെയല്ലെന്നും കുറച്ചു നാളുകൾകൂടി ജാഗ്രത പാലിക്കണമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവ്വാൻ അറിയിച്ചു.

To advertise here,

കണക്കുകൾ പ്രകാരം, ഓഗസ്റ്റ് അഞ്ചിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് യുഎഇയിൽ രേഖപ്പെടുത്തിയത്. അന്ന് അബുദാബിയിലെ അൽ ദഫ്രയിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. നിലവിൽ രാജ്യത്തെ ശരാശരി താപനില 51.2 ഡിഗ്രി സെൽഷ്യസിന് അടുത്താണ്. അത്യുഷ്ണം തുടരുന്നതിനിടയിലും ഷാർജയിലെ മലയോര മേഖലകളിലും അൽ മദാം ഭാഗത്തും ശക്തമായ മഴ ലഭിച്ചു.