
ദുബായ്: പ്രാദേശിക പിരിമുറുക്കങ്ങളും യുദ്ധസമാന സാഹചര്യങ്ങളും നിലനിൽക്കുന്ന നിർണ്ണായക സമയങ്ങളിൽ കൃത്യമായ ഔദ്യോഗിക വിവരങ്ങൾ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണെന്ന് അറബ് മന്ത്രിമാർ. ദുബായിൽ പുരോഗമിക്കുന്ന അറബ് മീഡിയ സമ്മിറ്റിൽ 'വ്യാജ സന്ദേശങ്ങളുടെ കുത്തൊഴുക്കും മാധ്യമങ്ങളുടെ പങ്കും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മന്ത്രിതല പാനൽ ചർച്ചയിലാണ് വർത്തമാനകാലത്തെ വിവര വിനിമയ വെല്ലുവിളികൾ ചർച്ചയായത്. മേഖലയിൽ അടുത്തിടെ ഇറാന്റെ സൈനിക നീക്കങ്ങൾ നടന്ന സമയത്ത് സോഷ്യൽ മീഡിയകളിൽ വലിയ തോതിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നതായി ബഹ്റൈൻ വിവരസാങ്കേതിക മന്ത്രി റംസാൻ അൽ നുഐമി ചൂണ്ടിക്കാട്ടി. രാജ്യങ്ങൾ അടിയന്തര ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾ ഔദ്യോഗിക വാർത്താ ഉറവിടങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത മന്ത്രിമാർ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളേക്കാൾ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറായ പ്രാദേശിക ഔദ്യോഗിക മാധ്യമങ്ങൾക്ക് ജനങ്ങളുടെ വിശ്വസ്തത നേടിയെടുക്കാൻ സാധിച്ചതായി ബഹ്റൈൻ മാധ്യമ മന്ത്രി പറഞ്ഞു. ചില അറബ് രാജ്യങ്ങളിൽ പരമ്പരാഗത മാധ്യമങ്ങൾ ദുർബലമായത് സോഷ്യൽ മീഡിയ പേജുകൾ വാർത്തകൾ വൻതോതിൽ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇടയാക്കിയെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ/സാംസ്‌കാരിക പ്രതിനിധി ദിയ റഷ്വാൻ വ്യക്തമാക്കി. ഇത് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പരക്കാൻ കാരണമായി. പരമ്പരാഗത വാർത്താ കുറിപ്പുകൾ മാത്രം പോരെന്നും, മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും വാർത്തകൾ ശരിയായ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനുമുള്ള ഇടം നൽകണമെന്നും ജോർദാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ഹുസൈൻ അൽ മൊമാനി അഭിപ്രായപ്പെട്ടു.
സിറിയയിലെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പുതിയ നിയമനിർമ്മാണങ്ങൾ നടത്തുകയാണെന്ന് സിറിയൻ വാർത്താവിതരണ മന്ത്രി ഖാലിദ് അൽ-ഷാർ അറിയിച്ചു. വാർത്തകൾ വേഗത്തിൽ പുറത്തുവിടുന്നതിനൊപ്പം അതിന്റെ വിശ്വാസ്യത ഉറപ്പാക്കലും പ്രധാനമാണ്. സാമ്പത്തികം, കായികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ പ്രത്യേക മാധ്യമ പ്രവർത്തനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരിയും യുദ്ധങ്ങളും ഉൾപ്പെടെയുള്ള വൻ പ്രതിസന്ധികളിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വിലയിരുത്തിയ പാനൽ, സോഷ്യൽ മീഡിയ യുഗത്തിൽ വ്യാജ പ്രചാരണങ്ങളെ ചെറുക്കാൻ ഔദ്യോഗിക സ്രോതസ്സുകൾ കൂടുതൽ വേഗതയും സുതാര്യതയും പുലർത്തണമെന്ന് ആഹ്വാനം ചെയ്തു.
Published: 18 Sept 2026, 08:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented