അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുകയും, ആഗോള ബിസിനസ്, ടൂറിസം, അന്താരാഷ്ട്ര ഇവന്റുകളുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ യു.എ.ഇയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ദുബായ്: സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ഉച്ചകോടികൾ, ഫെസ്റ്റിവലുകൾ തുടങ്ങി യു.എ.ഇയിൽ നടക്കുന്ന ദേശീയ, അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കുന്ന വിദേശ സന്ദർശകർക്കായി അനുവദിച്ച പ്രത്യേക ഇവന്റ്‌സ് വിസിറ്റ് വിസയുടെ (Events Visit visa) വിശദാംശങ്ങൾ വെളിപ്പെടുത്തി ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). ഏകദേശം ഒരുവർഷം മുൻപാണ് പ്രത്യേക വിസ വിഭാഗം അവതരിപ്പിക്കുന്നത്.
സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, മത, സാമൂഹിക മേഖലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോ വേദി സന്ദർശിക്കുന്നതിനോ വിദേശികൾക്ക് താൽക്കാലികമായി യു.എ.ഇയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റാണിത്.
അന്താരാഷ്ട്ര സമ്മേളനങ്ങൾ, ഉച്ചകോടികൾ, ട്രേഡ് എക്സിബിഷനുകൾ, ബിസിനസ് കൺവെൻഷനുകൾ, സാംസ്‌കാരിക-കായിക-വിനോദ ഫെസ്റ്റിവലുകൾ, വിദ്യാഭ്യാസ ഫോറങ്ങൾ, അക്കാദമിക് സമ്മേളനങ്ങൾ, സാമൂഹിക പരിപാടികൾ, പൊതുപരിപാടികൾ, മതപരവും സാമ്പത്തികവുമായ യോഗങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും പ്രദർശകർക്കും സന്ദർശകർക്കുമാണ് ഇവന്റ്‌സ് വിസിറ്റ് വിസ സംവിധാനം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കുന്നവരുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയും, ആഗോള ബിസിനസ്, ടൂറിസം, അന്താരാഷ്ട്ര ഇവന്റുകളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അംഗീകൃത പരിപാടികളുമായി ബന്ധിപ്പിച്ചാണ് 'ഇവന്റ്‌സ് വിസിറ്റ് വിസ അനുവദിക്കുന്നത്. അതിനാൽ പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടുകയും, പരിപാടിയുടെ വിശദാംശങ്ങൾക്കും പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ എണ്ണത്തിനും മുൻകൂർ അംഗീകാരം നേടുകയും വേണം. സർക്കാർ സ്ഥാപനങ്ങളും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികൾക്കാണ് വിസ ലഭ്യമാകുക. ഇതിനായി പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനം ആദ്യം പങ്കെടുക്കുന്നവർക്കുള്ള നിശ്ചിത ക്വാട്ടയ്ക്ക് അപേക്ഷ സമർപ്പിക്കണം. ഉദാഹരണത്തിന് 100 അല്ലെങ്കിൽ അതിലേറെ വിദേശ പങ്കാളികൾ പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ അതിനനുസരിച്ചുള്ള ക്വാട്ടയ്ക്ക് അംഗീകാരം നേടേണ്ടതുണ്ട്. ക്വാട്ട അംഗീകരിച്ച ശേഷം മാത്രമേ സംഘാടകർക്ക് ക്ഷണിക്കപ്പെട്ട വിദേശ അതിഥികൾക്കായി വിസ സ്‌പോൺസർ ചെയ്യാൻ കഴിയൂ. തുടർന്ന് അംഗീകൃത പരിപാടിയുടെ ഭാഗമായി യോഗ്യരായ വിദേശ പ്രതിനിധികൾക്ക് ഇവന്റ്‌സ് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം.
അപേക്ഷകർ പരിപാടിയുടെ സ്വഭാവവും ദൈർഘ്യവും വ്യക്തമാക്കുന്ന സംഘാടകരുടെ സ്‌പോൺസർഷിപ്പ് കത്തിനൊപ്പം ആവശ്യമായ മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കണം. പരിപാടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ഓപ്ഷനുകളോടെയാണ് ഇവന്റ്‌സ് വിസിറ്റ് വിസ ലഭ്യമാകുന്നത്. 30 ദിവസമോ 60 ദിവസമോ താമസിക്കാവുന്ന വിസ ലഭിക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നീ രണ്ട് പ്രവേശന സൗകര്യങ്ങളും ഇതിനുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ വിസ പുതുക്കാനും കാലാവധി ദീർഘിപ്പിക്കാനും കഴിയും. ഇതുവഴി പരമാവധി 120 ദിവസം വരെ യു.എ.ഇയിൽ തുടരാനുള്ള സൗകര്യവും ലഭിക്കും. പ്രത്യേകിച്ച് നിരവധി പരിപാടികളിലും ബിസിനസ് യോഗങ്ങളിലും പങ്കെടുക്കേണ്ട പ്രദർശകർ, ഇവന്റ് സംഘാടകർ, ബിസിനസ് പ്രൊഫഷണലുകൾ എന്നിവർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യം ഏറെ പ്രയോജനകരമാണെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.
Content Highlights: GDRFA Dubai has clarified the rules for the UAE Events Visit Visa, an entry permit allowing international delegates to attend government or approved private sector events with stay options extendable up to 120 days.
Published: 20 Jul 2026, 10:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented