അബുദാബി: യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സെന്ററുകള്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമകളും പാലിക്കേണ്ടതായ ചില ചട്ടങ്ങളും നിലവിലുണ്ട്. ശമ്പളം, ചികിത്സ, താമസം എന്നിവയുള്‍പ്പെടെ തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയാണ്. കൂടാതെ ഒരു തൊഴിലാളിയെ രാജ്യത്തേക്ക് എത്തിക്കുന്നതിന് മുന്‍പ് റിക്രൂട്ട്മെന്റ് സെന്ററുകളും ചിലപ്രധാനകാര്യങ്ങള്‍ ചെയ്തിരിക്കണം.

To advertise here,

യുഎഇയുടെ പാരമ്പര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കേണ്ടത് റിക്രൂട്ട്മെന്റ് സെന്ററുകളാണ്. രാജ്യത്ത് പരാതിനല്‍കുന്നതിനുള്ള ശരിയായനടപടിക്രമങ്ങളും അവരെ ബോധ്യപ്പെടുത്തണം. നിയമനം പരാജയപ്പെട്ടാല്‍ ബദലായി തൊഴിലാളികളെ നല്‍കുകയോ അല്ലെങ്കില്‍ റിക്രൂട്ട്മെന്റ് ഫീസ് തിരികെ നല്‍കുകയോവേണം.

യുഎഇയില്‍ പ്രവേശിച്ച് 30 ദിവസത്തിനകം എല്ലാ ഗാര്‍ഹികത്തൊഴിലാളികളും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ തൊഴിലാളിയെ കൈമാറുന്നതിന് മുന്‍പ് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കണമെന്നും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സെന്ററുകളെ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളി പ്രൊഫഷണലായോ പെരുമാറ്റത്തിലോ അയോഗ്യതയുണ്ടെന്ന് തെളിയുക, കാരണങ്ങളില്ലാതെ തൊഴിലാളി മടങ്ങിപ്പോകുന്ന സാഹചര്യങ്ങള്‍, നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുക, വൈദ്യപരിശോധനയില്‍ തൊഴിലാളി അയോഗ്യനാണെന്ന് കണ്ടെത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ റിക്രൂട്ട്മെന്റ് സെന്ററുകള്‍ പൂര്‍ണമായോ ഭാഗികമായോ റിക്രൂട്ട്മെന്റ് ഫീസുകള്‍ തിരികെനല്‍കേണ്ടിയുംവരും. ആറു മാസത്തെ പ്രൊബേഷണറി കാലയളവിനുള്ളില്‍ ഒരു ഗാര്‍ഹികത്തൊഴിലാളി വൈദ്യപരിശോധനയില്‍ അയോഗ്യനാണെന്ന് കണ്ടെത്തിയാല്‍ അധികം വൈകാതെ സര്‍ക്കാര്‍ഫീസ് ഉള്‍പ്പെടെ എല്ലാ റിക്രൂട്ട്മെന്റ് ഫീസുകളും തിരികെ നല്‍കണം. എല്ലാ റിക്രൂട്ട്മെന്റ് സെന്ററും സര്‍ക്കാര്‍ ഫീസുകള്‍ അടച്ചിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

തൊഴിലുടമകളും ചട്ടങ്ങള്‍ പാലിക്കണം

മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി തൊഴിലാളിയുമായി ധാരണയിലെത്തിയപ്രകാരമുള്ള ശമ്പളം തൊഴിലുടമകള്‍ നല്‍കണം. കൂടാതെ ജോലിചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും ഉചിതമായ താമസസൗകര്യം ഉറപ്പാക്കുന്നതും തൊഴിലുടമയുടെ കൂടി ഉത്തരവാദിത്വമാണ്. വീട്ടുജോലിക്കാര്‍ക്ക് ഓരോ സേവന വര്‍ഷത്തിനും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്.

അല്ലെങ്കില്‍ ആറു മാസത്തിനും ഒരു വര്‍ഷത്തിനും ഇടയിലുള്ള സേവനത്തിന് പ്രതിമാസം രണ്ടുദിവസം എന്ന വിധത്തില്‍ അവധി നല്‍കണം. ഉപയോഗിക്കാത്ത അവധിക്ക് തൊഴിലാളികള്‍ക്ക് പണമായി നഷ്ടപരിഹാരം നല്‍കാം. ഓരോ രണ്ട് വര്‍ഷത്തിലും അവധിക്കാലത്ത് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കണം.