അബുദാബി: ഡിജിറ്റല്‍ കറന്‍സി (ക്രിപ്റ്റോകറന്‍സി) നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നില്ലെന്ന് യുഎഇ. ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഡിജിറ്റല്‍ കറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ വെളിപ്പെടുത്തല്‍.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ് സി എ), വെര്‍ച്വല്‍ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (വിആര്‍എ) തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് ഗോള്‍ഡന്‍ വിസ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്തിയത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍, മുന്‍നിര പ്രവര്‍ത്തകര്‍,
സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങള്‍ക്കാണ് ദീര്‍ഘകാല റസിഡന്‍സിയുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ഡിജിറ്റല്‍ കറന്‍സി നിക്ഷേപങ്ങള്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളുണ്ട്. ഗോള്‍ഡന്‍ വിസാ യോഗ്യതയുമായി അവയ്ക്ക് ബന്ധമില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഐസിപി അധികൃതര്‍ നിക്ഷേപകരോട് ആവശ്യപ്പെട്ടു.
ഗുണനിലവാരമുള്ള മൂലധനം ആകര്‍ഷിക്കുക, സുസ്ഥിര നിക്ഷേപ അന്തരീക്ഷം വളര്‍ത്തുക, സുതാര്യത, വിശ്വാസ്യത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കുക എന്നീ യുഎഇയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് എസ്‌സിഎ അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത് സംബന്ധിച്ച എല്ലാ അവകാശവാദങ്ങളും വിആര്‍എ നിഷേധിച്ചു. ഡിജിറ്റല്‍ ആസ്തികളുമായി ബന്ധപ്പെട്ട സേവനങ്ങളിലും നിക്ഷേപങ്ങളിലും ഏര്‍പ്പെടുമ്പോള്‍ പൂര്‍ണ്ണമായും ലൈസന്‍സുള്ളതും നിയന്ത്രിതവുമായ കമ്പനികളുമായി മാത്രം ഇടപാടുകള്‍ നടത്തണം. വിആര്‍എ ലൈസന്‍സുള്ള കമ്പനികള്‍ ദുബായ് സര്‍ക്കാരും ബന്ധപ്പെട്ട ഫെഡറല്‍ അധികാരികളും വ്യക്തമാക്കുന്ന വിസാ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മൂന്ന് അതോറിറ്റികളും
മുന്നറിയിപ്പ് നല്‍കി.
ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് smartservices.icp.gov.ae സന്ദര്‍ശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസയില്‍ ഇളവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ യുഎഇയുടെ ഔദ്യോഗിക സ്ഥിരീകരണമില്ല.
Content Highlights: UAE Denies Golden Visa for Crypto Investors
Published: 07 Jul 2025, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented