
റാസല്‍ഖൈമ: എമിറേറ്റിലെ മികച്ച സ്‌കൂള്‍ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് റാസല്‍ഖൈമ വിജ്ഞാനവകുപ്പ് (റാക് ഡി.ഒ.കെ.) അധികൃതര്‍ അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍, സര്‍ക്കാര്‍-സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും.
ഏറ്റവും കുറഞ്ഞത് എമിറേറ്റില്‍ മൂന്നുവര്‍ഷമായി താമസിക്കുന്നതും ജോലിചെയ്യുന്നതുമായ ഉന്നതബിരുദധാരികളായ അധ്യാപകര്‍ക്ക് വിസയ്ക്കായി അപേക്ഷിക്കാം. കൂടാതെ സ്‌കൂളിന്റെ പ്രകടനനിലവാരം മെച്ചപ്പെടുത്തുന്നതില്‍ മികച്ചസംഭാവനകള്‍ നല്‍കിയ ആളുമായിരിക്കണം. ഇതിനുതെളിവായി സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഗവര്‍ണറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
വിദ്യാര്‍ഥികളുടെ പഠനനില മെച്ചപ്പെടുത്തുന്നതിലെ സംഭാവന, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍നിന്നുള്ള നല്ല അഭിപ്രായങ്ങള്‍, വിദ്യാഭ്യാസമേഖലയിലെ സംഭാവനകളിലൂടെ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ പുരസ്‌കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ ലഭിക്കുക, നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളില്‍ നല്ല സ്വാധീനംചെലുത്തുക, അധ്യാപനത്തില്‍ നൂതനരീതികളും സാങ്കേതികവിദ്യകളും ഫലപ്രദമായി കൈകാര്യംചെയ്യുക എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.
എമിറേറ്റിലെ വിദ്യാഭ്യാസനിലവാരം വര്‍ധിപ്പിക്കുന്നതിലെ അധ്യാപകരുടെ പങ്കിനെ ആദരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റാക് ഡി.ഒ.കെ. സമിതി അംഗം ഡോ. അബ്ദുള്‍റഹ്‌മാന്‍ അല്‍ നഖ്ബി പറഞ്ഞു. റാസല്‍ഖൈമയില്‍ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. മികച്ച അധ്യാപകര്‍ക്ക് ദീര്‍ഘകാലം എമിറേറ്റില്‍ താമസിക്കാനുള്ള അവസരംനല്‍കുന്നതിലൂടെ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കാന്‍ സാധിക്കുമെന്നും അല്‍ നഖ്ബി പറഞ്ഞു.
ഔദ്യോഗിക നിയമന ഉത്തരവ്, ബിരുദ സാക്ഷ്യപത്രങ്ങള്‍, താമസവിസയുടെയും ജോലിയുടെയും രേഖകള്‍, സ്‌കൂളിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അധ്യാപകരുടെ സംഭാവനകളുടെ തെളിവുകള്‍ എന്നിവസഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രേഖകള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വിശദമായി പരിശോധിച്ചതിനുശേഷം തുടര്‍നടപടികള്‍ക്കായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് പോര്‍ട്ട് സെക്യൂരിറ്റിക്ക് (ഐ.സി.പി.) കൈമാറും.
ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അപേക്ഷകന് അയക്കുകയും ചെയ്യും. സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കില്ല. നിലവില്‍ അധ്യാപകജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് പുതിയനയം ബാധകമാവുക. എല്ലാ ദേശീയതയിലുള്ള അധ്യാപകര്‍ക്കും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം. സേവനനിരക്ക് ബാധകമാണ്. നടപടിക്രമങ്ങള്‍ക്ക് പരമാവധി രണ്ടാഴ്ചവരെ സമയമെടുക്കും.
Content Highlights: Ras Al Khaimah announced golden visa for teachers
Published: 15 Nov 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented