
ദുബായ്: വളർത്തുപൂച്ചയോട് അതിക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യു.എ.ഇയിലെ മൃഗസംരക്ഷക സംഘടനകളും മൃഗസ്‌നേഹികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ചാരനിറത്തിലുള്ള പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തുകയും, അതിന് സമീപം കത്തി കാണിച്ച് ഭയപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വലിയ രീതിയിൽ പ്രചരിച്ചത്. അസഹ്യമായ വേദനയാൽ പൂച്ച നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
സംഭവം വൻ വിവാദമായതോടെ വീഡിയോ പങ്കുവെച്ച വ്യക്തി മാപ്പപേക്ഷയുമായി രംഗത്തെത്തി. താൻ സ്വന്തം പൂച്ചയോട് തമാശരൂപേണ ചെയ്ത കാര്യമാണിതെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും ഇനി ഇത്തരം വീഡിയോകൾ ചെയ്യില്ലെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ തമാശയുടെ പേരിലായാലും മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യുകെ അധിഷ്ഠിത സംഘടനയായ 'റിമോട്ട് റെസ്‌ക്യൂസും' യു.എ.ഇയിലെ സന്നദ്ധ സംഘടനയായ '@Uaeanimalcommunity'യും വ്യക്തമാക്കി. ദുബായ് പോലീസിന്റെ സൈബർ ക്രൈം വിഭാഗം വഴി ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതി യു.എ.ഇയിൽ ഉള്ളയാളാണോ അതോ വ്യാജ വിവരങ്ങൾ നൽകിയതാണോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.
യു.എ.ഇയിലെ മൃഗസംരക്ഷണ നിയമങ്ങളും ശിക്ഷകളും
മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് യു.എ.ഇയിൽ കടുത്ത നിയമങ്ങളാണ് നിലവിലുള്ളത്. 2021-ലെ 31-ാം നമ്പർ ഫെഡറൽ ഡിക്രി നിയമവും 2007-ലെ 16-ാം നമ്പർ ഫെഡറൽ നിയമവും അനുസരിച്ച് മൃഗങ്ങളെ ഉപദ്രവിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരമാണ്.
വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുകയോ, പീഡിപ്പിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ ചുമത്താം. മറ്റുളളവരുടെ വളർത്തുമൃഗങ്ങൾക്ക് അശ്രദ്ധമൂലം പരിക്കേൽപ്പിച്ചാൽ 3,000 ദിർഹം വരെയും, മൃഗം ചത്തുപോയാൽ 10,000 ദിർഹം വരെയും പിഴ ഈടാക്കും. മൃഗങ്ങളെ അനാഥമായി ഉപേക്ഷിക്കുന്നതിനും ആവശ്യത്തിന് ഭക്ഷണവും വെള്ളവും ചികിത്സയും നൽകാതിരിക്കുന്നതിനും തടവുശിക്ഷയും ഉയർന്ന പിഴയും നിയമം അനുശാസിക്കുന്നുണ്ട്.
2026-ൽ യു.എ.ഇ നടപ്പിലാക്കിയ പ്രധാന മൃഗക്ഷേമ പദ്ധതികൾ
മൃഗസംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് 2026-ൽ യു.എ.ഇ നടപ്പിലാക്കിയത്. ഫെബ്രുവരി മൂന്ന് മുതൽ അബുദാബിയിൽ എല്ലാ പൂച്ചകളെയും നായ്ക്കളെയും 'ആനിമൽ ഓണർ സിസ്റ്റം' വഴി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി. വീഴ്ച വരുത്തുന്ന ഉടമകൾക്ക് 1,000 ദിർഹം വരെ പിഴ ചുമത്തുന്നുണ്ട്.
ജൂലായ് മാസത്തിൽ ദുബായ് മുൻസിപ്പാലിറ്റി വർസാനിൽ തെരുവ് മൃഗങ്ങൾക്കായി അത്യാധുനിക മൃഗക്ഷേമ കേന്ദ്രം തുറന്നു. സൗജന്യ മൃഗചികിത്സ, പുനരധിവാസം, ദത്തെടുക്കൽ സൗകര്യങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. ഇതിനുപുറമേ തെരുവ് മൃഗങ്ങളുടെ പെരുപ്പം തടയാനായി ടി.എൻ.ആർ (Trap-Neuter-Return), ടി.എൻ.വി.ആർ (Trap-Neuter-Vaccinate-Return) പദ്ധതികളും ദുബായ് ശക്തമായി നടപ്പിലാക്കുന്നുണ്ട്. മാർച്ച് മാസത്തിൽ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാനായി 12 എ.ഐ കേന്ദ്രീകൃത ഫീഡിംഗ് സ്റ്റേഷനുകൾ ദുബായ് മുൻസിപ്പാലിറ്റി ആരംഭിച്ചിരുന്നു.
മന്ത്രാലയ തലത്തിലും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം 2026-ന്റെ ആദ്യ പകുതിയിൽ 269 സ്ഥാപനങ്ങളിൽ നടത്തിയ 30 സംയുക്ത പരിശോധനകളുടെ അടിസ്ഥാനത്തിൽ നിയമലംഘനം കണ്ടെത്തിയ 31 സ്ഥാപനങ്ങൾ അടപ്പിച്ചു. 16 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Published: 24 Sept 2026, 07:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented