ദുബായ്: പാര്‍ക്കിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ മാള്‍ ഓഫ് ദ എമിറേറ്റ്സ്, ദേര സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ക്കൂടി ജനുവരി ഒന്നുമുതല്‍ പാര്‍ക്കിങ്ങിന് പണംഈടാക്കും. എമിറേറ്റിലെ പൊതു പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്‍കിന്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. മാജിദ് അല്‍ ഫുത്തൈമിന്റെ (എം.എ.എഫ്.) സഹകരണത്തോടെയാണ് പെയ്ഡ് പാര്‍ക്കിങ് നിലവില്‍വരിക. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

To advertise here,

ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന മാളുകളിലെ വാഹന പാര്‍ക്കിങ് സംവിധാനം തടസ്സരഹിതവും കാര്യക്ഷമവുമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം പ്രാബല്യത്തിലാകുന്നതോടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പാര്‍കിന്‍ സി.ഇ.ഒ. മുഹമ്മദ് അബ്ദുല്ല അല്‍ അലി പറഞ്ഞു. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് തടസ്സമില്ലാത്ത പാര്‍ക്കിങ് സംവിധാനങ്ങള്‍ നല്‍കാനാണ് പാര്‍കിന്‍ ശ്രമിക്കുന്നത്.

മാളുകളിലെ പാര്‍ക്കിങ് പ്രദേശത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴും പുറത്തേക്ക് കടക്കുമ്പോഴും ഗേറ്റുകളിലെ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്തും. തുടര്‍ന്ന് വാഹനത്തിന്റെ പാര്‍ക്കിങ് സമയം കണക്കാക്കി നിരക്കുകള്‍ ഈടാക്കുകയും ചെയ്യും.

പാര്‍ക്കിങ് പ്രദേശത്ത് വാഹനമെത്തിയാല്‍ പെയ്ഡ് പാര്‍ക്കിങ്ങിനെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവാന്മാരാക്കാനായി ഒരു എസ്.എം.എസ്. നല്‍കും. പാര്‍കിന്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ നിരക്ക് അടയ്ക്കാനാകും. നിലവില്‍ മൂന്നു മാളുകളിലായി 21,000-ത്തിലേറെ പാര്‍ക്കിങ് സ്ഥലങ്ങളുണ്ട്.

സ്മാര്‍ട്ട് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിലൂടെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും കഴിയുമെന്നുമാണ് വിലയിരുത്തല്‍.

ഷോപ്പിങ് മാളുകള്‍, വിമാനത്താവളങ്ങള്‍ എന്നിങ്ങനെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലേക്ക് സേവനങ്ങള്‍ വിപുലീകരിക്കാനാണ് പാര്‍കിന്‍ ലക്ഷ്യമിടുന്നത്. ഇതാദ്യമായല്ല എമിറേറ്റിലെ സ്വകാര്യ പാര്‍ക്കിങ് സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നത്.

പാര്‍ക്കിങ് സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ ദുബായ് മാളില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ പെയ്ഡ് പാര്‍ക്കിങ് സേവനം പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ക്കിങ് ലഭ്യത വര്‍ധിപ്പിക്കാനും സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ മാള്‍ സന്ദര്‍ശനം ഉറപ്പാക്കാനുമാണ് തീരുമാനം. ഉപഭോക്താക്കളുടെ സാലിക് അക്കൗണ്ടില്‍നിന്നാണ് പണമീടാക്കുന്നത്.

മാള്‍ ഓഫ് ദ എമിറേറ്റ്സ്, ദേര സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ്‌